Current Date

Search
Close this search box.
Search
Close this search box.

കാശ്മീര്‍ മണ്ണിനെയല്ല, ജനതയെയാണ് ഒപ്പം നിര്‍ത്തേണ്ടത്

മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ ഊന്നിയാകും രണ്ടാം മോഡി സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്നത് മുമ്പേ തീരുമാനിച്ച കാര്യങ്ങളാണ്. കാശ്മീര്‍, ഏക സിവില്‍ കോഡ്, രാമക്ഷേത്രം എന്നിവയാണ് ആ മൂന്നു കാര്യങ്ങള്‍. ഇവ മൂന്നും പണ്ട് മുതലേ സംഘ പരിവാര്‍ അജണ്ടയാണ്. അത് നടപ്പാക്കാന്‍ സാധിക്കുന്ന സമയത്തു മോഡി സര്‍ക്കാര്‍ അതിനു തുനിയുന്നു എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.

ഈ പാര്‍ലിമെന്റ് സമ്മേളനത്തിനു മുന്നേ ആര്‍ എസ് എസും അമിത്ഷായും തമ്മില്‍ യോഗങ്ങള്‍ നടന്നിരുന്നു. മാത്രമല്ല അമര്‍നാഥ് യാത്രാ വിഷയം പറഞ്ഞു സംസ്ഥാനത്തു ആവശ്യത്തിന് സൈന്യത്തെയും നിറച്ചിരുന്നു. അന്ന് തന്നെ പലതും മണത്തു തുടങ്ങിയതാണ്. ഭരണഘടനയുടെ പ്രമുഖമായ ഒരു വകുപ്പ് വളരെ നിസാര രീതിയിലാണ് മോഡി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ദേശീയ മാധ്യമങ്ങള്‍ ഈ സംഭവത്തെ അതിമഹത്തരം എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്. പട്ടേലിന്റെ മറ്റൊരു അവതാരം എന്ന നിലയിലാണ് അമിത്ഷായെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും. പട്ടേല്‍ ബാക്കി വെച്ചത് ഷാ പൂര്‍ത്തിയാക്കി എന്ന രീതിയിലും വിശകലനം കാണാം. ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിനെ വെള്ള പൂശുന്ന വാര്‍ത്തകളും വിശകലനങ്ങളും കൊണ്ട് പത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു.

ഭീകരതയെ തടയുന്നതില്‍ സുപ്രധാന ചുവടുവെപ്പ് എന്നതാണ് ചില പത്രങ്ങളുടെ വിശകലനം. ഞാന്‍ വായിച്ച ഒരു പത്രവും കശ്മീരിന്റെ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുമായി ചേരാനുണ്ടായ കാരണം. പിന്നെ ഉണ്ടായ ഉടമ്പടികള്‍ ചരിത്ര രേഖകളാണ്. കാശ്മീര്‍ എന്നും ഒരു പ്രശ്‌നം തന്നെയായിരുന്നു. അപ്പുറത്തു ആസാദി കാശ്മീരും പാകിസ്ഥാനും എന്നത് തന്നെ വലിയ പ്രതിബന്ധം. മറ്റുള്ള സംസ്ഥാനക്കാര്‍ക്കു ഇന്ത്യ എന്നതിനോടുള്ള വികാരം കാശ്മീരികള്‍ക്കു ഉണ്ടാകണമെന്നില്ല. ആ രീതിയിലുള്ള കരാറിലാണ് അവര്‍ ഇന്ത്യയുടെ ഭാഗമായത്. 1957 ല്‍ ഇന്ത്യന്‍ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ ഭരണഘടന ഇന്ത്യയുടെ ഭാഗമായി നിര്‍വചിച്ചിരുന്നു. അതായത് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. ഇന്ന് ലോക്‌സഭയില്‍ പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ കൂടി ചേര്‍ന്നതാണ് ശരിയായ കാശ്മീര്‍ എന്നാണു അമിത്ഷാ പ്രതികരിച്ചത്.

കാശ്മീര്‍ എന്ന മണ്ണിനെ കൂടെ നിര്‍ത്താന്‍ നാം കാണിക്കുന്ന ഗൗരവം കാശ്മീര്‍ ജനതയെ ഒപ്പം നിര്‍ത്താന്‍ നാം ചെയ്തില്ല എന്ന വിശകലനവും പത്രങ്ങളില്‍ വായിക്കാം. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്നത് പോലെ തന്നെ പ്രസക്തമാണ് കാശ്മീരികള്‍ ഇന്ത്യക്കാരന് എന്നതും. പക്ഷെ പലപ്പോഴും ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ ഒരു ജനതയെ അകറ്റുന്ന സമീപനമാണ് നാം നടത്തിയത്. പ്രത്യേക പദവി എന്നത് ഒരു സ്ഥിരം ഏര്‍പ്പാടായി കാണാന്‍ കഴിയില്ല. ഇളവുകള്‍ എന്നും താല്‍ക്കാലികം മാത്രം. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് കാശ്മീരികളുടെ മനസ്സ് കീഴടക്കി അവരുടെ തന്നെ സഹായത്തോടെ അത് നടപ്പാക്കാമായിരുന്നു. ഒരു ജനതയെ ബന്ദിയാക്കി അവരുടെ മേല്‍ നിയമം നടപ്പാക്കുന്ന രീതി ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ല.

കാശ്മീര്‍ രീതിയില്‍ ബാക്കി രണ്ടു കാര്യങ്ങളും ബി ജെ പി സര്‍ക്കാര്‍ നടപ്പാകും എന്ന് തന്നെയാണ് പത്രങ്ങള്‍ നല്‍കുന്ന വിവരം. ലോക്‌സഭ അവര്‍ക്കു ഒരു വിഷയമല്ല. ഇപ്പോള്‍ രാജ്യ സഭയും അങ്ങിനെ തന്നെ. സംസ്ഥാന പദവിക്ക് വേണ്ടി വാദിക്കുന്ന കെജ്രിവാള്‍ ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനെ പിന്തുണച്ചു എന്നതാണ് അതിലെ വലിയ തമാശ. മൊത്തത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷം ഉപ്പുവെച്ച കലം പോലെയായി. അതാണ് മോഡി സര്‍ക്കാര്‍ മുതലെടുക്കുന്നതും. ബാബരി മസ്ജിദ് സ്ഥാനത്തു അമ്പലം പണിയുക എന്നത് മൂന്നാമത്തെ കാര്യമാണ്. കോടതിയില്‍ വാദം തുടങ്ങിയിരിക്കുന്നു. അവസാനം കോടതി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് കാര്യങ്ങള്‍ ഇട്ടു കൊടുത്തേക്കാം. ഒരു നിയമ നിര്‍മാണം കൊണ്ട് അതും മറികടക്കാന്‍ വേണമെങ്കില്‍ ബി ജെ പിക്ക് കഴിയും.

പ്രതികരണ ശേഷി കുറഞ്ഞ ജനതയായി ഇന്ത്യക്കാര്‍ മാറുന്നു. അതിന്റെ ഒന്നാം തരാം ഉദാഹരണമാണ് നോട്ടു നിരോധനം. മനുഷ്യന്റെ ജീവല്‍ മരണ വിഷയമായ നോട്ടു പോലും പ്രതികരണ ശേഷി ജനത്തില്‍ ഉണ്ടാക്കിയില്ല. ജനാധിപത്യത്തില്‍ പ്രതിഷേധത്തിന് വലിയ സ്ഥാനമുണ്ട്. അതില്ല എന്നത് തന്നെയാണ് പലപ്പോഴും വഴിവിട്ട് നിയമ നിര്‍മാണങ്ങള്‍ക്കു നാട് സാക്ഷിയാകേണ്ടി വരുന്നതും.

Related Articles