Current Date

Search
Close this search box.
Search
Close this search box.

അപ്രഖ്യാപിത അടിയന്തരാവസ്ഥയോ?

മോദിക്കു മുമ്പും പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. അതും പ്രഗത്ഭര്‍. അവരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രധാനമത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ നിരന്തരം നാട്ടില്‍ പ്രശനമുണ്ടാകുന്നു എന്നത് ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്ന കാര്യമാണ്. ജനാധിപത്യം എന്ന് പറഞ്ഞാല്‍ വിയോജിക്കാനുള്ള അവകാശം കൂടിയാണ്. തങ്ങള്‍ക്കു പ്രതികൂലമായ ഒന്നും ജനം പറയരുത് എന്നത് ശുദ്ധ ഫാഷിസമാണ്.

ജനാധിപത്യം ഒരു ജീവിത രീതിയാണ്. പറയുവാനുള്ള അവകാശവും കേള്‍ക്കാനുള്ള സഹിഷ്ണുതയും ചേര്‍ന്നതാണ് ജനാധിപത്യം. ജനാധിപത്യത്തിന്റെ തലസ്ഥാനമായ നമ്മുടെ നിയമ നിര്‍മാണ സഭകളില്‍ പോലും അത് കൃത്യമായി പാലിക്കപ്പെടുന്നില്ല. വിഷയങ്ങളുടെ കൃത്യമായ ചര്‍ച്ചകളും പഠനങ്ങളും ഇപ്പോള്‍ എവിടെയും നടക്കുന്നില്ല. പകരം പാര്‍ട്ടി ഓഫീസുകളില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഇടങ്ങളായി നിയമ നിര്‍മാണ സഭകള്‍ മാറുന്നു.

രാജാവിനെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിനു തുല്യം എന്നതാണ് രാജഭരണ നാടുകളിലെ നിയമം. അത് ജനാധിപത്യ നാടുകളില്‍ സാധ്യമല്ല. ആരെയും വിമര്‍ശിക്കാനുള്ള അവകാശം ജനത്തിന് ഭരണഘടന നല്‍കുന്നു. രാജ്യ ഭരണത്തില്‍ രാജാവാണ് ഒന്നാമത്. ജനാധിപത്യത്തില്‍ ഭരണഘടനയും.

രാജ്യത്തു അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന പ്രതീതിയാണ് നമുക്കു അനുഭവപ്പെടുന്നത്. കുറ്റവാളികളെ കുറ്റത്തിന്റെ പേരിലല്ലാതെ മറ്റു പലതിന്റെ പേരിലുമാണ് തരംതിരിക്കുന്നത്. പുണെയില്‍ ദലിതുകളും സവര്‍ണരും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ പ്രമുഖ അഭിഭാഷക സുധ ഭരദ്വാജ്, മാര്‍ക്‌സിസ്റ്റ് എഴുത്തുകാരനും കവിയുമായ വരവര റാവു, സാമൂഹിക പ്രവര്‍ത്തകരായ അരുണ്‍ ഫെറാറിയ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലഖ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ സംഘടിപ്പിച്ച ദലിതുകളുടെ മഹാസംഗമത്തിലാണ് സംഘര്‍ഷമുണ്ടായത്. മാവോവാദികളാണ് ദലിത് സംഗമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍ എന്നിവരെ പൊലീസ് വേട്ടയാടാന്‍ തുടങ്ങിയത്. ഇവര്‍ മാവോവാദികളാണെന്നും ഇവരില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയതായും പൊലീസ് അറിയിച്ചിരുന്നു.

ഒരു സംഘര്‍ഷം നടന്നാല്‍ ഇരു പക്ഷത്തും കുഴപ്പുണ്ടാകും എന്നതാണ് നാം മനസ്സിലാക്കിയ പാഠം. നമ്മുടെ നാട്ടില്‍ കുറെ കാലമായി ചിലര്‍ മാത്രമാണ് കുറ്റക്കാര്‍. പോലീസ് അകമ്പടിയോടെ പശുവിനെയും എരുമയുടെയും പേര് പറഞ്ഞു ജീവനുള്ള മനുഷ്യരെ വലിച്ചു കൊണ്ട് പോകുന്നവര്‍ സുരക്ഷിതരും ഇരകള്‍ കുറ്റക്കാരുമാകുന്ന സാമൂഹിക അവസ്ഥ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് ഒരു സത്യമാണ്.

ഫാസിസത്തെ എതിര്‍ക്കുന്നവരുടെ ജീവനെടുക്കുക എന്നതും നാം കണ്ടു വരുന്ന രീതിയാണ്. ജനാധിപത്യ വിശ്വാസികള്‍ രംഗത്തു വരേണ്ട സന്ദര്‍ഭം. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ കയ്യില്‍ നിന്നും നാടും വ്യവസ്ഥയും നഷ്ടമാകും. അടുത്തിടെ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്ന ജനദ്രോഹ നടപടികളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുന്നു. പറയുവാനും കേള്‍ക്കുവാനുമുള്ള അവകാശം അവസാനിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമാകും. എല്ലാത്തിന്റെയും അവസാന വാക്ക് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്നിടത്താണ് വന്നു നില്‍ക്കുന്നത്.

Related Articles