Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനേക്കാള്‍ മഹത്വമോ, അനുയായികള്‍ക്ക് ?

അലവിയെ കാണാനാണ് അവിടെ പോയത്. അന്നവിടെ ഒരു മരണം നടന്നിരുന്നു. അവന്റെ കൂടെ മരണ വീട്ടിലും പോയി. മരണപ്പെട്ടത് കാര്യമായ ആളാണെന്നു മനസ്സിലായി. കുട്ടം കൂടി നിന്നു ആളുകള്‍ അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ എടുത്തു പറയുന്നു. ‘പകലൊന്നും അദ്ദേഹത്തെ കണ്ടവരില്ല. പള്ളിയിലെ തന്റെ മുറിയില്‍ ആയിരുന്നു എപ്പോഴും. നല്ലതിലും മോശമായതിലും അദ്ദേഹം ഇടപെട്ടില്ല. ഇനി റോഡിലേക്കിറങ്ങിയാല്‍ ചുറ്റുഭാഗവും നോക്കാതെ തല താഴ്ത്തി ഒറ്റ നടത്തമാണ്. ആരെങ്കിലും കാണാന്‍ പോയാല്‍ കുറെ നേരം കാത്തു നില്‍ക്കണം. തസ്ബിഹ് നിന്നു പോകുമോ എന്നായിരുന്നു ഭയം….’ വിശേഷണങ്ങള്‍ നീണ്ടു പോയി.

ഞാന്‍ അവിടെ വെച്ചു പ്രവാചകനെ ഓര്‍ത്തു. മഹത്വത്തിന്റെ അടിസ്ഥാനം പ്രവാചകനാണല്ലോ. ഈ പറഞ്ഞ മഹത്വമൊന്നും പ്രവാചകനില്‍ ഞാന്‍ കണ്ടില്ല. അവിടുന്ന് എപ്പോഴും ജനങ്ങള്‍ക്ക് പ്രാപ്യമായിരുന്നു. ജനങ്ങളുടെ കൂടെ ജീവിച്ച പ്രവാചകന്‍. ജനങ്ങളോട് ഇഴകി ജീവിക്കുകയും അവരില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ ക്ഷമയോടെ നേരിടുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍’ എന്നു പഠിപ്പിച്ച പ്രവാചകന്‍.

ആളുകളുമായി ചേര്‍ന്നാലോ സംസാരിച്ചാലോ തീരുന്നതാണ് മഹത്വം എന്ന ധാരണ ഇസ്ലാമിനില്ല. ഇസ്ലാമിലെ മഹത്വം അപ്പോള്‍ വര്‍ധിക്കുകയാണ് ചെയ്യുക. ഇസ്ലാമിലെ പ്രവാചകര്‍ അങ്ങിനെയാണ്. അവര്‍ ജനത്തില്‍ നിന്നും ഒരു പാട് ദുരന്തങ്ങള്‍ നേരിട്ടു. ചിലരെ സമൂഹം കൊന്നു കളഞ്ഞു. എന്നിട്ടും അവരുടെ മഹത്വം കുറഞ്ഞില്ല. നല്ല മനുഷ്യര്‍ സമൂഹത്തിലേക്ക് ഇറങ്ങി വരും. തന്റെ കൂടെ ജീവിക്കുന്നവരുടെ വിഷയം പ്രവാചകന്റെയും വിഷയമായിരുന്നു. പ്രവാചകന്‍ സമൂഹത്തിന്റെ പരലോകത്തിനു മാത്രമല്ല ഈ ലോകത്തിനും ശ്രമിച്ചിരുന്നു.

പ്രവാചകനോട് ഒരു സ്ത്രീക്ക് തര്‍ക്കിക്കാന്‍ മാത്രം വിശാലമായിരുന്നു അവിടുത്തെ സ്വഭാവം. ഉസ്താദിനോട് ചോദ്യം ചോദിക്കല്‍ തെറ്റായി കാണുന്ന സാമൂഹിക ക്രമമായിരുന്നില്ല പ്രവാചക ചര്യ. പ്രവാചക തീരുമാനം വഹിയിന്റെ അടിസ്ഥാനത്തിലല്ല എന്നു ബോധ്യമായാല്‍ അതു തിരുത്തുന്നതില്‍ അനുചരന്മാര്‍ ഇടപെട്ടു. പ്രവാചകന്‍ ഒരു നീരസവും കാണിച്ചില്ല. ആരു പറയുന്നതും പ്രവാചകന്‍ കേള്‍ക്കുമായിരുന്നു.

നാമിന്ന് കാണുന്ന ആള്‍ ദൈവ സംസ്‌കാരത്തിലേക്ക് മനുഷ്യരെ കൊണ്ടു പോകുന്ന ഒന്നും പ്രവാചക ജീവിതത്തില്‍ നമുക്ക് കാണുക സാധ്യമല്ല. ഭക്തി അല്ലാഹു വിനോട് മാത്രമേ പാടുള്ളൂ. താന്‍ ഒരു മനുഷ്യന്‍ മാത്രം. നിങ്ങളും ഞാനും തമ്മിലുള്ള അന്തരം ദിവ്യബോധനം മാത്രമാണ് എന്ന് പഠിപ്പിച്ച പ്രവാചകന്‍. അവിടുന്ന് വളരെ ദൂരെയാണ് ആധുനിക സങ്കല്‍പ്പങ്ങളില്‍ പലതും.

ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവനോ പ്രവാചകന്‍ എന്ന ചോദ്യം ഉന്നയിച്ചത് പ്രവാചക കാലത്തെ അവിശ്വാസികളാണ്. അതിനു ഖുര്‍ആന്‍ നല്‍കിയ മറുപടി മനുഷ്യരുടെ ഭാരം ഇറക്കി വെക്കുന്ന പ്രവാചകന്‍ എന്നായിരുന്നു. അനുയായികളില്‍ ഒരുവനായി ജീവിച്ച പ്രവാചക മഹത്വമെവിടെ. ജനത്തില്‍ നിന്നും സ്വയം ഔന്നിത്യം ആഗ്രഹിക്കുന്നവരുടെ മഹത്വമെവിടെ. എന്റെ ചോദ്യത്തിന് അലിക്ക് മറുപടി ഉണ്ടായിരുന്നില്ല. മഹത്വം വളരുകയാണ് പടവലം പോലെ കീഴ്‌പ്പോട്ട്.

Related Articles