Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന് നിഴലുണ്ടായിരുന്നോ ?

പ്രവാചകന്‍ മക്കക്കാര്‍ക്ക് അബ്ദുല്ലയുടെ മകന്‍ മുഹമ്മദായിരുന്നു. തന്റെ നാല്പതു വയസ്സ് വരെ പ്രവാചകന്‍ അവര്‍ക്കിടയില്‍ ജീവിച്ചത് ആ പേരിലാണ്. തികച്ചും സാധാണക്കാരനായ ഒരു അറബി യുവാവ്. പൊതു സമൂഹത്തിന്റെ സ്വഭാവത്തില്‍ നിന്നും ഭിന്നമായി ഉന്നതമായ സാംസ്‌കാരിക ഔന്നിത്യം പ്രവാചകനുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം മുഹമ്മദ് ദൈവ ദൂതന്‍ എന്ന പദവിലയിലേക്ക് മാറുന്നു. തനിക്കു അല്ലാഹുവില്‍ നിന്നും ബോധനം ലഭിക്കുന്നു എന്ന വാര്‍ത്തക്ക് മക്കക്കാര്‍ പല തരത്തിലുള്ള എതിര്‍പ്പുകളും ഉന്നയിച്ചു. വിശുദ്ധ ഖുര്‍ആന്‍ ആ ആരോപണങ്ങള്‍ പലയിടത്തും ഉന്നയിക്കുന്നു. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയിലാണ് ആ ആരോപണങ്ങളില്‍ പലതും അവര്‍ ഉന്നയിച്ചത്. അവിടെ എവിടയും നിഴലില്ലാത്തവന്‍ എന്ന ഒരു പ്രയോഗവും നാം കണ്ടില്ല.

പ്രവാചകന് നിഴലുണ്ടായിരുന്നോ എന്നതാണ് ചോദ്യം. പ്രവാചകന്‍ മനുഷ്യനാണ്. ഒരു പരിപൂര്‍ണ മനുഷ്യന്‍ എന്നതാണ് ശരിയായ വിശകലനം. ഒരു മനുഷ്യന് ഉണ്ടാകേണ്ട എല്ലാ ഭൗതിക സ്വഭാവവും പ്രവാചകനും ഉണ്ടായിരുന്നു. ജനനം, മരണം, ജീവിതം, വിവാഹം, ഉറക്കം, ഭക്ഷണം, സ്‌നേഹം, സന്തോഷം, ദുഃഖം, രോഗം എന്നീ മാനുഷിക അവസ്ഥകള്‍ പ്രവാചകനില്‍ നാം കണ്ടിരുന്നു. നിഴല്‍ ഇല്ലാതിരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. എന്ന് മുതലാണ് പ്രവാചകന് നിഴല്‍ നഷ്ടമായത്. ജനനം മുതല്‍ അങ്ങിനെയാണെങ്കില്‍ അത് തന്നെ ആ സമൂഹത്തില്‍ ഒരു ചര്‍ച്ചയാകണം. അതല്ല പ്രവാചകത്വ ലബ്ധി മുതലാണ് എന്നുണ്ടെങ്കില്‍ പ്രവാചകത്വത്തിന്റെ അടയാളമായി അതെടുത്തു പറയണം. അങ്ങിനെ ഒന്നും നാം കണ്ടില്ല. അത് കൊണ്ട് തന്നെ പ്രവാചകന് നിഴലില്ല എന്ന പ്രയോഗം തെറ്റായ സന്ദേശമാണ്.

അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ക്രിസ്ത്യാനികള്‍ യേശുവിനെ അമിതമായി വാഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണ്” (ബുഖാരി). അന്നത്തെ സമൂഹം അത് പൂര്‍ണമായി കേള്‍ക്കുകയയും അംഗീകരിക്കുകയും ചെയ്തു. അവരുടെ പ്രവാചക സ്‌നേഹം പ്രവാചകന്‍ എന്ന വ്യക്തിയെ മനുഷ്യന്‍ എന്നതില്‍ നിന്നും ഉയര്‍ത്തുന്നതായിരുന്നില്ല. മനുഷ്യന്‍ എന്ന നിലയില്‍ നിന്നും മാറിപ്പോയാല്‍ പ്രവാചകന്‍ എന്നതിന്റെ അടിസ്ഥാനം മാറിപ്പോകും. കാരണം മനുഷ്യനായ പ്രവാചകന്‍ എന്നത് ഖുര്‍ആനിന്റെ ഒരു പ്രയോഗമാണ്. നിഴലില്ല എന്നത് പോലെയുള്ള പ്രയോഗങ്ങള്‍ മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്നും പ്രവാചകനെ മാറ്റുന്നു. സ്‌നേഹമാണ് ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനം. ഇന്നും തങ്ങളുടെ ശൈഖിന്റെ പ്രത്യേകതകള്‍ പലരും പറയുന്നത് കേള്‍ക്കാം. ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ശൈഖിന്റെ കറാമതായി പറഞ്ഞു നടക്കുന്നത് ഒരു സ്ഥിരം സ്വഭാവമാണ്.

പ്രവാചകന്‍ ആ സമൂഹത്തിനു ഒരു നേര്‍ അനുഭവമായിരുന്നു. അങ്ങിയാടിയിലൂടെ നടക്കുന്ന, ഭക്ഷണം കഴിക്കുന്ന പ്രവാകന്‍ എന്നാണ് എതിരാളികള്‍ ഉന്നയിച്ചു പോന്നിരുന്ന ആരോപണം. അതായത് ഒരു പച്ച മനുഷ്യനെ പ്രവാചകനായി അംഗീകരിക്കാന്‍ അവര്‍ സന്നദ്ധമായില്ല. അപ്പോഴൊക്കെ താനൊരു മനുഷ്യന്‍ മാത്രമെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ചു. ദൈവത്തില്‍ നിന്നും ബോധനം ലഭിക്കുന്നു എന്നത് മാത്രമാണ് തന്റെ വിശേഷണവുമായി ഖുര്‍ആന്‍ ഉന്നയിച്ചത്. ജീവിത വിശുദ്ധിയാണ് പ്രവാചകന്റെ അടിസ്ഥാനം. താന്‍ ഇടപെടുന്ന ലോകത്ത് സമൂഹത്തിനു മാതൃകയാകുക എന്നത് കൂടി അതിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ ഒരിക്കല്‍ കൂടി മനുഷ്യനായ പ്രവാചകന്‍ എന്നതില്‍ ഊന്നി നില്‍ക്കാനാണ് ഖുര്‍ആന്‍ പറയുന്നതും. നിഴലില്ല എന്നത് പ്രകൃതി വിരുദ്ധതയാണ്. ഇസ്ലാം തീര്‍ത്തും പ്രകൃതി മതമാണ് എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

Related Articles