Your Voice

ഹിന്ദു രാഷ്ട്രത്തിന് ശ്രമിക്കുന്നവര്‍ അറിയാന്‍

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്നതില്‍ നമുക്കെതിര്‍പ്പില്ല. അങ്ങിനെ വന്നാല്‍ ആ രാജ്യത്തിന്റെ അടിസ്ഥാനം എന്താകും എന്നതാണു നമ്മെ കുഴക്കുന്ന ചോദ്യം. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്ന് സംഘ പരിവാര്‍ നേതാക്കളില്‍ പലരും പറയാറുണ്ട്. ഒരിക്കല്‍ പോലും മാന്യമായ രീതിയിലല്ല അവര്‍ അത് പറഞ്ഞത്. വിദ്വേഷത്തിന്റെ അവസരത്തിലാണ് അവര്‍ അത് പറഞ്ഞു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ കാര്യം പറയുമ്പോള്‍ അവര്‍ ആ വാക്കുകള്‍ ഉച്ചരിക്കും. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്ന് പറയുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് അവിടെ നീതി എന്നൊന്നില്ല എന്നാകും. നിലവിലുള്ള ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ മഹത്വരമായിരിക്കും ഹിന്ദു രാഷ്ട്രത്തിലെ ഭരണ ഘടന എന്നല്ല അവര്‍ ഉദ്ദേശിക്കുന്നത്. പകരം നിലവില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ഒരു മാനുഷിക അവകാശവും അവര്‍ക്ക് ലഭ്യമാകില്ല എന്നാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പല ചര്‍ച്ചകളും നാം കേട്ടു. കേരളത്തില്‍ അങ്ങിനെ ഉറക്കെ പറയാന്‍ സംഘ പരിവാര്‍ കുറച്ചു മടി കാണിക്കുന്നു. അതെ സമയം ദേശീയ ചാനലുകളില്‍ പലയിടത്തും നടന്ന ചര്‍ച്ചകള്‍ ഈ രൂപത്തിലല്ല. ഹിന്ദുവിന്റെ പേരില്‍ കയറിയിരുന്നു പലരും പറഞ്ഞു കൂട്ടുന്ന വാക്കുകള്‍ ഏറ്റവും കൂടുതല്‍ ലജ്ജ ഉണ്ടാക്കേണ്ടത് ഹിന്ദുക്കള്‍ക്ക് തന്നെ. ഒരു വനിതാ മാധ്യമ പ്രവര്‍ത്തക അങ്ങിനെ ചാനലില്‍ വന്നിരുന്നു വര്‍ഗീയത പറയുന്ന ഒരാളെ കട്ട് ചെയ്തത് ലോകം മുഴുവന്‍ കണ്ടതാണ്.

താന്‍ വിശ്വസിക്കുന്ന നിയമം നാട്ടില്‍ പ്രാവര്‍ത്തികമാക്കണം എന്നെല്ലാവരും ആഗ്രഹിക്കും. അത് തെറ്റായ കാര്യമല്ല. ഒരു രാജ്യം എന്നത് കുറെ ആള്‍ക്കൂട്ടമല്ല. ആ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നിയമവും വേണം. കേവലം ക്രിമിനല്‍ നിയമം മാത്രം പോര. സിവില്‍ നിയമങ്ങളും ആവശ്യമാണ്. അതിലപ്പുറം ഒരു സാമ്പത്തിക നിലപാടും വേണം. ഇതൊക്കെ മുന്നോട്ടു വെക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് അതിനു അനുസരിച്ച് ഒരു രാജ്യം നിലവില്‍ വരിക. അതെ സമയത്ത് ഹിന്ദു രാഷ്ട്രം എന്ന് സംഘ പരിവാര്‍ പറയുന്നത് ഈ നാട്ടില്‍ ഹിന്ദുക്കള്‍ അല്ലാത്ത മറ്റാര്‍ക്കും (മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സവര്‍ണര്‍ക്ക്) ഒരു അവകാശവും ലഭിക്കില്ല. ഒരു ഇസ്ലാമിക രാജ്യത്ത് എല്ലാ പ്രജകള്‍ക്കും അവരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. അവരുടെ ആരാധനയ്ക്ക് വിലക്കുണ്ടാവില്ല. വിശ്വാസത്തിന്റെ പേരില്‍ ആരെയും ക്രൂശിക്കില്ല. ഒരാള്‍ക്കും നാട് വിട്ടു പോകേണ്ടി വരില്ല. ക്രിമിനല്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യം. സിവില്‍ നിയമങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതെ സമയം ഇന്ത്യയെ ഹിന്ദു രാജ്യമാക്കാന്‍ നടക്കുന്നവര്‍ ആദ്യം പറയുന്നത് അവിടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉണ്ടാകില്ല. അവര്‍ക്ക് നാട് വിട്ടു പോകാം. അവരുടെ സിവില്‍ നിയമങ്ങള്‍ റദ്ദ് ചെയ്യപ്പെടും. അതായത് തികഞ്ഞ അസഹിഷ്ണുത മാത്രം.

എന്ത് കൊണ്ട് മുസ്ലിം രാഷ്ട്രം എന്നത് പോലെ ക്രിസ്ത്യന്‍ രാജ്യവും ഹിന്ദു രാജ്യവും ഉണ്ടാകുന്നില്ല എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. അത് ഇസ്ലാമിന്റെ കുടുസ്സായ മനസ്സല്ലേ കാണിക്കുന്നത് ? നമ്മുടെ ഉത്തരം കൃത്യമാണ്. ഒരു രാജ്യത്തെ അടിസ്ഥാന വിഷയങ്ങളെ പരിഹരിക്കാന്‍ കഴിയുന്ന അടിസ്ഥാന പ്രമാണങ്ങള്‍ മറ്റു മതങ്ങള്‍ക്കില്ല എന്നത് തന്നെയാകണം കാരണം. മനുഷ്യ ജീവിതത്തിലെ എല്ലാ മേഖലയെയും പ്രശ്‌നങ്ങളെയും ഇസ്ലാം പരിഗണിക്കുന്നു. സാമ്പത്തികം,രാഷ്ട്രീയം തുടങ്ങി ഏറ്റവും നിസ്സാര സംഗതികളെ കൂടി അത് ഉള്‍ക്കൊള്ളുന്നു. ഒരു ഇസ്ലാമിക രാജ്യത്തെ മുസ്ലിം പ്രജക്കു ഒരു അമുസ്ലിം പ്രജയുടെ മേല്‍ കയ്യേറ്റം നടത്താന്‍ ഒരു കാരണവുമില്ല. അതെ സമയം നമ്മുടെ നാട്ടില്‍ ഹിന്ദു രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ മറ്റുള്ളവരെ അടിച്ചും എറിഞ്ഞും തീയിട്ടും കൊന്നിട്ടും ഒരു ഹിന്ദു സംഘടന പോലും അതിനെ തള്ളിപ്പറയുന്നില്ല. അത്തരക്കാര്‍ക്കു ഹിന്ദു മതത്തില്‍ സ്ഥാനമില്ല എന്നും ആരും പറഞ്ഞില്ല. അതെ സമയം മതത്തിന്റെ നിലപാടുകള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മതവുമായി ഒരു ബന്ധവുമില്ല എന്ന് പറയാന്‍ മുസ്ലിം സംഘടനകള്‍ മത്സരിക്കുന്നു.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഫാസിസം അഴിഞ്ഞാടുന്നത് ജനാധിപത്യത്തിന്റെ പേരിലാണ്. അതെ സമയം ഒരു ഹിന്ദു രാജ്യമായാല്‍ എന്തു സംഭവിക്കും എന്നത് നമുക്ക് ഊഹിക്കാം. ഇപ്പോള്‍ നടക്കുന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് പലരും ഹിന്ദു രാജ്യം എന്ന് മുറവിളി കൂട്ടുന്നത്. അതെ സമയം ഇപ്പോഴുള്ളതിനേക്കാള്‍ ഉത്തമമായ നീതി ലഭ്യമാക്കും എന്ന അര്‍ത്ഥത്തിലല്ല. വാസ്തവത്തില്‍ ഹിന്ദുവിന്റെ പേരില്‍ അഴിഞ്ഞാടുന്ന ഈ ഫാസിസ്റ്റുകളുടെ ഒന്നാമത്തെ ശത്രു യഥാര്‍ത്ഥ ഹിന്ദുക്കള്‍ തന്നെയാകണം. അത് തുറന്നു പറയേണ്ടത് യഥാര്‍ത്ഥ വിശ്വാസികള്‍ തന്നെയാണ്. അല്ലെങ്കില്‍ അതിന്റെ പേരില്‍ നഷ്ടം സഹിക്കേണ്ടി വരിക യഥാര്‍ത്ഥ മതത്തിനു തന്നെയാകും.

Facebook Comments
Show More

Related Articles

Close
Close