Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിൽ തുടരുന്നത് വംശഹത്യയല്ലാതെന്ത് ?

രാജ്യത്തെ സായുധസേനാ വിഭാഗങ്ങൾ എക്കാലത്തും തങ്ങളുടെ യജമാനന്മാരായ ഭരണവർഗത്തിന്റെ ഏകാധിപത്യ പ്രവണതകൾക്ക് എത്രമാത്രം ശക്തി പകർന്നിരുന്നു എന്നതിന് ചരിത്രത്തിൽ ഒട്ടനവധി ഉദാഹരണങ്ങൾ കാണുവാൻ സാധിക്കും. രാജ്യത്തെ ഒരു വംശീയ വിഭാഗത്തെ പറ്റെ ദുർബലമാക്കുകയും അവരെ അടിമകളാക്കുകയും ചെയ്ത ഈജിപ്ഷ്യൻ ഭരണാധികാരി ഫറോവയുടെ സൈന്യം തന്റെ വംശഹത്യ പദ്ധതികളെ എത്രമാത്രം സഹായിച്ചിരുന്നു എന്നത് ഖുർആനിലും ബൈബിളിലും നമുക്ക് വ്യക്തമായി കാണാം. ഇസ്രായേൽ വംശജരെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്ന മൂസ പ്രവാചകന്റെ പിന്നിൽ അവരെ പിന്തുടർന്നും, ഇസ്രായേൽ വംശത്തിൽ പിറക്കുന്ന ആൺ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞും ആ രാജ്യത്തെ സായുധസേനാ വിഭാഗവും, ഇസ്രായേൽ വംശത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വിവരം ഭരണകൂടത്തെ അറിയിക്കുവാൻ ചാര സ്ത്രീകളായി പ്രവർത്തിച്ച അന്നത്തെ ഈജിപ്തിലെ രഹസ്യാന്വേഷണ വിഭാഗവും ഫറോവയുടെ ഫാഷിസ്റ്റ് പദ്ധതിയിൽ തങ്ങളാൽ കഴിയുന്ന വിധം യജമാന ഭക്തി പുലർത്തുവാൻ നന്നായി ശ്രമിച്ചിട്ടുണ്ട്. ഹെരോദസ് ഈഡപ്പസിന്റെ ആജ്ഞപ്രകാരം പ്രവാചകന്‍ യഹിയയുടെ(ബൈബിളിൽ ഇദ്ദേഹത്തിന്റെ പേര് സ്നാപക യോഹന്നാൻ എന്നാണ്) ശിരസ്സറുത്ത് രാജാവിന് സമ്മാനിച്ച ഉദ്യോഗസ്ഥനെയും ചരിത്രത്തിൽ നമുക്ക് കാണാം.

ആ കാഴ്ചകളൊക്കെ ഭൂതകാലത്തെ രാജവാഴ്ചാ കാലങ്ങളിലെ വർത്തമാനങ്ങളല്ലേ എന്ന് കരുതുവാൻ ആഗ്രഹിക്കുന്നവർക്ക് നവകാലത്തെ ജനാധിപത്യ ഭരണകൂടങ്ങളും അതിനുള്ള അവസരം നൽകുന്നില്ല എന്നതാണ് ഏറ്റവും ദയനീയം. കാലം മനുഷ്യനെ പുരോഗമനവാദിയാക്കുന്നു എന്ന സിദ്ധാന്തത്തിന് തീർത്തും ഘടക വിരുദ്ധമായി ചരിത്ര വർത്തമാനങ്ങളിൽ അഭംഗുരമായി അത്തരം സായുധസേന ഹിംസകൾ ഇന്നും തുടരുന്നു എന്നത്തിന്റെ ഏറ്റവും സമകാലീന ഉദാഹരണങ്ങളാണ് മണിപ്പൂരും ഉത്തർപ്രദേശും. ഇതിൽ ഉത്തർപ്രദേശ് എന്നും മുന്നിട്ടു നിന്നിട്ടുണ്ട് എന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്ര വർത്തമാനങ്ങളിലൂടെ കണ്ണോടിക്കുന്നവർക്ക് കാണുവാൻ സാധിക്കുക.1987മേ​യ്​ 22ലെ ഹാഷിംപുര കൂട്ടക്കൊല അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു ചെറു പട്ടണമാണ് ഹാഷിംപുര. വർഗീയതയ്ക്ക് പേരുകേട്ട യു.പി പോലീസിലെ പ്രൊ​വി​ൻ​ഷ്യ​ൽ ആം​ഡ്​ കോ​ൺ​സ്​​റ്റാ​ബു​ല​റി(പി.​എ.​സി) എ​ന്ന സായുധസേന വിഭാഗം 45 ഓളം വരുന്ന ചെറുപ്പക്കാരും വൃദ്ധരുമായ മുസ്ലീങ്ങളുടെ ഇടനെഞ്ചിലേക്ക് നിഷ്കരുണം നിറയൊഴിച്ച് ക​നാ​ലി​ലും ഹിന്ദോ​ന ന​ദി​യി​ലു​മാ​യി ത​ള്ളി. പതിറ്റാണ്ടുകൾ നീണ്ട നിയമവ്യവഹാരങ്ങൾക്ക് ശേഷമാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയവർ ശിക്ഷിക്കപ്പെട്ടത് എന്നതും ഇതിലെ അനീതിയാണ്. ഈ കാലവിളംഭം പല ഉദ്യോഗസ്ഥരെയും ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തി.

ഇതേ യു.പി പോലീസാണ് കർസേവകരുടെ ക്യാമ്പിൽ പ്രാതൽ കഴിച്ച് ബാബരി മസ്ജിദ് തകർക്കുവാൻ കർസേവകർക്ക് ഒത്താശ ചെയ്തത്. 2014 ലെ ലോക്സഭ ഇലക്ഷന് 80 സീറ്റുകളുള്ള യു.പിയിൽ എഴുപതിലധികം സീറ്റുകൾ നേടാൻ ബിജെപിയെ സഹായിച്ച മുസഫർ നഗർ കലാപ വേളയിലും യു.പി പോലീസ് സ്വീകരിച്ച നയവും മറ്റൊന്നായിരുന്നില്ല. ഇത് ഉത്തർപ്രദേശിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നീതി നിഷേധമല്ല ഇന്ത്യയിൽ നടമാടിയ എല്ലാ വംശഹത്യകളിലും സായുധസേനാ വിഭാഗങ്ങൾ അരുടേതായ റോളുകൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നത് പ്രഥമ ദൃഷ്ടിയിൽ തന്നെ വ്യക്തമാകും.”ബി.എം.പി.(ബീഹാർ മിലിറ്ററി പോലീസ്) ഇതിലും കഷ്ടമാണ്. ഭഗൽപൂരിൽ 1980ലെ ചരിത്രം ലജ്ജാകരമായ ഒരു ചിത്രമാണ് നൽകുന്നത്. ഭഗൽപൂരിനടുത്തുള്ള ചന്ദേരി ഗ്രാമത്തിൽ വർഗ്ഗീയകലാപത്തെത്തുടർന്നു പട്ടാളം പ്രദേശത്തിന്റെ നിയമപാലനം ഏറ്റെടുത്തു. പക്ഷേ പ്രധാന ജോലിയിൽനിന്നും ചില ഔദ്യോഗിക കാരണങ്ങളാൽ പട്ടാളത്തിന് മാറി നിൽക്കേണ്ടി വന്നു. പകരം ബി.എം.പി. ചുമതല ഏറ്റെടുത്തു. നിരപരാധികളെ സംരക്ഷിക്കാൻ ബി.എം.പി.യോട് നിഷ്കർഷിച്ചു. പക്ഷേ പട്ടാളം മാറിയതോടെ ബി.എം.പി. ഹിന്ദുവർഗ്ഗീയവാദികളുടെ മുന്നിലേക്ക് ആ പ്രദേശവാസികളെ എറിഞ്ഞുകൊടുക്കുകയായിരുന്നു. നിങ്ങൾ വീടുകളിൽ സുരക്ഷി തരായിരിക്കും എന്ന് വാക്ക് നൽകി, അഭയ കേന്ദ്രത്തിൽ നിന്നും അവരെ വീടുകളിലേക്ക് തള്ളിവിട്ടു. എന്നിട്ട് കലാപകാരികൾക്ക് അവസരമൊ രുക്കിക്കൊണ്ട് ബി.എം.പി. സ്ഥലത്ത് നിന്നും തന്ത്രപൂർവ്വം വലിഞ്ഞു. വർഗ്ഗീയവാദികൾ ആ സമൂഹത്തെ മുഴുവൻ അരിഞ്ഞു ഒരു പുഴയി ലേക്ക് തള്ളി. തിരിച്ചുവന്ന മേജർ റിക്ക് ഒരു കാൽ പുഴയിൽ നിന്നു പൊങ്ങിക്കിടക്കുന്നതു കണ്ടു. വലിച്ചുനോക്കിയപ്പോൾ ഒരു സ്ത്രീയുടേ താണ്. അവർ മരിച്ചിരുന്നില്ല. ആ സ്ത്രീയിലൂടെ കഥ മുഴുവൻ പുറ ത്തുവന്നു. പത്രങ്ങൾ ആ ദാരുണകഥ റിപ്പോർട്ട് ചെയ്തു. ഇല്ലെങ്കിൽ ആരും ഭഗൽപൂർ സംഭവം അറിയുമായിരുന്നില്ല”¹.

തങ്ങളുടെ വംശഹത്യ പദ്ധതിയെ പ്രായോഗിക വൽക്കരിക്കുവാൻ കൂട്ടുനിന്ന സേനാ ഉദ്യോഗസ്ഥരെ പിന്നീട് അർഹമായ പരിഗണന നൽകുന്നതിലും ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ശ്രദ്ധപുലർത്തിയിട്ടുണ്ട്. ബാബരി മസ്ജിദിൽ സംഘപരിവാർ പ്രതിഷ്ഠിച്ച രാമവിഗ്രത്തെ തൽസ്ഥാനത്തു നിന്നു നീക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിർദേശിച്ചപ്പോൾ അതിനെ അവഗണിച്ച് ബാബരി മസ്ജിദിൽ മുസ്ലിം വിഭാഗം നടത്തിയിരുന്ന ആരാധനകളെ അവസാനിപ്പിച്ച് മസ്ജിദ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത് അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റും ജില്ലയുടെ ക്രമാസമാധാന ചുമതലയുമുണ്ടായിരുന്ന കെ.കെ നായർ ആയിരുന്നു. അന്നവിടെ മുസ്ലിം സമുദായത്തിന് നിഷേധിക്കപ്പെട്ട നീതിയാണ് പിന്നീട് കർസേവകർ പള്ളി പൊളിക്കുന്നതിലും ജുഡീഷ്യറിയിൽ നിന്നും ലഭിച്ച നീതി നിഷേധത്തിന്റെയും മൂലകാരണമായി കണ്ടെത്തുവാൻ സാധിക്കുക. ഇദ്ദേഹം പിന്നീട് ജനസംഘം ടിക്കറ്റിൽ മത്സരിച്ചു പാർലമെന്റിൽ എത്തി.1992 ഡിസംബറിൽ ഹിന്ദുത്വ തീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് രാജ്യത്തെമ്പാടും വർഗീയ സംഘർഷങ്ങൾ ഉടലെടുത്തു.

ബോംബെ കലാപം ഇതിനെ തുടർന്നുണ്ടായതാണ്. ശിവസേനയായിരുന്നു കലാപത്തിന് നേതൃത്വം നൽകിയത്.“ഭരണയന്ത്രമാകെ മരവിച്ചുനിന്ന ദിനങ്ങളായിരുന്നു ബോംബെയിൽ, ജനവരി 5 മുതൽ 15 വരെ പോലീസും പട്ടാളവും അർധസൈനിക വിഭാഗങ്ങളുമെല്ലാം രംഗത്തുണ്ടായിരുന്നുവെങ്കിലും അവയെല്ലാം നിഷ്ക്രിയമായി നിന്നു. അവയെ നിഷ്ക്രിയമാക്കുകയായിരുന്നു എന്നതാണ് വാസ്തവം. സ്ഥിതിഗതികളെ നേരിടാൻ വ്യക്തമായ ഉത്തരവുകൾ അവർക്ക് നൽകിയിരുന്നില്ല. ഒരു മന്ത്രിതന്നെ നടത്തിയ പരാമർശം ഇവിടെ ഓർത്തുപോവുന്നു. ഇവിടെയുള്ള പോലീസുകാർ യൂനിഫോം ധരിച്ച ശിവസൈനികരാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം” ².

ഗുജറാത്ത് വംശഹത്യയിലെ നടുക്കുന്ന ഒരു അദ്ധ്യായമാണ് ബെസ്റ്റ് ബേക്കറിയിൽ നടന്ന കൂട്ടക്കൊല.14 പേരാണ് അന്ന് ബെസ്റ്റ് ബേക്കറിയിൽ മുസ്ലിം സമുദായത്തിൽ ജനിച്ചു എന്ന ഒറ്റ കാരണത്താൽ വെന്തു മരിച്ചത്. ആ കേസിൽ സാക്ഷികളെ കൂറുമാറ്റുന്നതിന് വേണ്ടി ചരടുവലിച്ച ഐ.പി .എസ് ഉദ്യോഗസ്ഥനാണ് സുധീർ കെ സിൻഹ. സർവീസിൽ നിന്നും വിരമിച്ച ആ പോലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷൻ അംഗമായി സംസ്ഥാന സർക്കാർ പ്രതിഷ്ഠിച്ചു എന്നത് സാമാന്യ യുക്തിക്ക് അത്ഭുതകരമായി തോന്നിയേക്കാം. ഗുജറാത്തിൽ വംശഹത്യകൾ അരങ്ങേറുമ്പോൾ പോലീസ് സേനയുടെ IRPF ക്യാമ്പിൽ അഭയം തേടിയെത്തിയവരെ ഐ.ആർ.പി.എഫ് കമാൻഡർ ആയിരുന്ന ഖുർഷിദ് അഹമ്മദ് ഐ.പി.എസ് ബാരക്കുകളിൽ പ്രവേശിപ്പിച്ചില്ല. അന്നേദിവസമാണ് കുപ്രസിദ്ധമായ നരോദ്യ പാട്യ കൂട്ടക്കൊല സംഭവിക്കുന്നത്. ആ കൂട്ടക്കൊലയിൽ ഹിന്ദുത്വ ഭീകരർ അറുകൊലചെയ്ത 96 ജീവനുകളിൽ ഭൂരിഭാഗം പേരും ആ ബാരക്കുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവരാണ്. ഒട്ടേറെ സ്ത്രീകൾ അന്നവിടെ ബലാൽസംഗത്തിന് ഇരയായി. സംഘപരിവാർ ഭരണകൂടം അദ്ദേഹത്തെ പിന്നീട് ഉന്നത സ്ഥാനങ്ങൾ നൽകി പ്രീണിപ്പിക്കാനും മറന്നില്ല.

ഗുജറാത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിലും പോലീസ് സേന വഹിച്ച പങ്കു ചെറുതല്ലായിരുന്നു. ഇഷ്രത്ത് ജഹാൻ പ്രാണേഷ് കുമാർ വ്യാജ ഏറ്റുമുട്ടൽ കേസും അത്തരത്തിൽ സർക്കാർ പിന്തുണയോടെ പോലീസ് സേന നടത്തിയ ഒരു നരനായാട്ടായിരുന്നു. ആ കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരൻ ഡിജിപി വൻസാരയെ ഉന്നത പദവികളിലേക്ക് കൈപിടിച്ചുയർത്തിയ അമിത് ഷായും നരേന്ദ്രമോദിയുമാണ് ഇന്ന് ഇന്ദ്രപ്രസ്ഥം കയ്യടക്കിയിരിക്കുന്നത്. രജനീഷ് റായ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ പോലീസ് ഓഫീസർമാരെ തുടർച്ചയായി അറസ്റ്റ് ചെയ്തതോടെയാണ് 2002 ഒക്ടോബർ മുതൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അവസാനിക്കുന്നത്. വടക്കു പടിഞ്ഞാറും ഡൽഹിയിൽ പൗരത്വ സമരത്തിനെതിരെ സംഘപരിവാർ ആസൂത്രണം ചെയ്ത വർഗീയ കലാപം നടക്കുമ്പോൾ ഡൽഹി പോലീസ് തങ്ങൾക്ക് കല്ലുകൾ എത്തിച്ചു നൽകിയെന്നും അത് എറിയാൻ പോലീസ് കൂട്ടുനിന്നു എന്നുമുള്ള വെളിപ്പെടുത്തൽ അക്രമകാരികൾ ബി.ബി.സിക്കുമുന്നിൽ വെളിപ്പെടുത്തുന്നുണ്ട്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ യു.പി.എ സർക്കാർ രാജ്യത്തെ ഒരു പ്രബല ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുവാനുള്ള സംഘപരിവാർ പദ്ധതികളിൽ ഇവിടത്തെ സേനാ വിഭാഗങ്ങൾ എങ്ങനെയൊക്കെയാണ് പങ്കുവഹിച്ചിട്ടുള്ളത് എന്നതിന് ഇനിയും ഏറെ ഉദാഹരണങ്ങൾ നിരത്തുവാൻ സാധിക്കും. മിസോറാമിൽ കുക്കികൾക്കെതിരെ നടക്കുന്ന വംശഹത്യയിൽ പ്രധാന പങ്കു വഹിക്കുന്ന പോലീസ് സേനയും, ഓടുന്ന ട്രെയിനിൽ മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് നിറയൊഴിച്ച ആർ പി എഫ് കോൺസ്റ്റബിളും ഒറ്റപ്പെട്ട സംഭവങ്ങളായി വിലയിരുത്തുന്നവർ ഇന്ത്യയുടെ കഴിഞ്ഞുപോയ വംശീയ ഉന്മൂലന ചരിത്രങ്ങളിൽ തീർത്തും അജ്ഞരായവരാണ്. ഏതൊരു ഫാഷിസ്റ്റ് ഭരണകൂടവും ചരിത്രത്തിൽ നടത്തിയ വംശഹത്യകൾക്ക് അവിടുത്തെ സായുധസേനകളുടെ പിൻബലമില്ലാതെ പോയിട്ടില്ല. അതുകൊണ്ടുതന്നെ ഏതൊരു ഏകാധിപത്യ ഭരണകൂടവും ഭാവിയിൽ തങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്ന ഉന്മൂലനങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ സേനാ വിഭാഗങ്ങളെയാണ് ആദ്യമായി സജ്ജീകരിക്കുക. ഇറ്റലിയിൽ മുസ്സോളിനിയും ജർമ്മനിയിൽ ഹിറ്റ്ലറും ആ പ്രക്രിയയിൽ വിജയിച്ചവരാണ്.

ഇന്ത്യയിലും അതുതന്നെയാണ് ആവർത്തിക്കപ്പെടുന്നത് എന്നതിന് തെളിവുകൾ ഏറെയാണ്. സായുധസേനാ വിഭാഗങ്ങൾ രാജ്യത്തെ ബ്യൂറോക്രസിയുടെ ഭാഗമാണ്. ബ്യൂറോക്രസി ഭരണകൂടത്തിന്റെ സുപ്രധാനമായ ഭാഗവും. ഭരണകൂടം മതേതരമാകുന്നത് ബ്യൂറോക്രസിയും മതേതരമാകുമ്പോൾ മാത്രമാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കും എന്ന പ്രതിജ്ഞയെടുത്താണ് ഓരോ സായുധസേനാ അംഗവും ജോലിയിൽ പ്രവേശിക്കുന്നത്. പ്രഗൽഭനായ എഴുത്തുകാരനും പാർലമെന്റേറിയനുമായ എം.പി വീരേന്ദ്രകുമാർ “രാമന്റെ ദു:ഖം” എന്ന തന്റെ പുസ്തകത്തിൽ ഒരു ചരിത്ര സംഭവം വിവരിക്കുന്നുണ്ട്. പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ പത്താൻകാർ കലാപമുയർത്തിയ അവസരം: ബ്രിട്ടീഷ് മേധാവികൾ 18-ാം ഗർവാൾ റൈഫിൾസിനെ വിളിച്ച് കലാപം അടിച്ചമർത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു “മുസ്ലിംകൾ നൂറ്റാണ്ടുകളായി ഈ രാജ്യം ഭരിച്ചു. അവർ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ഹിന്ദുക്കളെ അപമാനിക്കുകയും ചെയ്തു. പകരം വീട്ടാനുള്ള അവസരം ഇതാണ്. പത്താൻകാരെ വെടിവെച്ചു കൊല്ലുക. പക്ഷേ ഗർവാൾ റൈഫിൾസിന്റെ കുമാർ ചന്ദർ ബായി ഗർവാലി വെടി വെക്കാൻ വിസമ്മതിച്ചു.”അവർ ഞങ്ങളുടെ സഹോദരന്മാരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവർ പോരാടുകയാണ്. സമാധാനപ്രിയരായ നിരായുധരായ സിവിലിയന്മാരാണവർ. ഇല്ല, സ്വന്തം സഹോദരന്മാർക്കു നേരെ ഞങ്ങൾ റൈഫിൾ ഉയർത്തില്ല” അദ്ദേഹം പറഞ്ഞു. ചന്ദർബായി ഗർവാലിയേയും മറ്റ് 11 ഗർവാലി ഭടന്മാരെയും (എല്ലാം ഹിന്ദു ക്കൾ)പട്ടാളക്കോടതി 13 മുതൽ 15 കൊല്ലത്തേക്ക് ശിക്ഷിക്കുകയാണുണ്ടായത്)³.

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരും നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൻറെ ഭാഗമാണ്. വർഗീയ വികാരം ആളിക്കത്തിച്ച് തങ്ങളെ മുസ്ലീങ്ങൾക്കെതിരെ നിറയൊഴിക്കാൻ പ്രേരിപ്പിച്ച ബ്രിട്ടീഷ് ഭരണകൂടത്തോട് നീതിയുടെയും മതസഹിഷ്ണുതയുടെയും പ്രതലത്തിൽ നിന്നുകൊണ്ട് വർത്തമാനം പറഞ്ഞ ഗർവാൾ റൈഫിൾസിന്റെ കുമാർ ചന്ദർ ബായി ഗർവാലിയുടെ പിന്മുറക്കാർ ഇന്നും നമ്മുടെ സായുധ വിഭാഗങ്ങളിൽ ഉണ്ട് എന്നതിനെയും നാം ഓർക്കേണ്ടതുണ്ട്. സഞ്ജീവ് ഭട്ടും,ആർ.ബി ശ്രീകുമാറുമൊക്കെ ആഗണത്തിൽ പെടുന്ന ഉദ്യോഗസ്ഥരാണ്. അത്തരക്കാരുടെ അഭാവത്തിൽ അനേകം വ്യാജ ഏറ്റുമുട്ടലുകൾക്കും,വംശഹക്തികൾക്കും രാജ്യം ഇനിയും സാക്ഷ്യം വഹിക്കും എന്ന് തീർച്ച. ഹിന്ദുത്വ ഫാഷിസം സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു ദർശനമാണ് എന്നിരിക്കെ വിശേഷിച്ചും.

 

1.ഫാഷിസവും സംഘപരിവാറും-ഡോ.എം കെ മുനീർ,പ്രസിദ്ധീകരണം: ഒലീവ് ബുക്സ്
2, 3. രാമന്റെ ദുഃഖം -എം.പി വീരേന്ദ്ര കുമാർ,പ്രസിദ്ധീകരണം: മാതൃഭൂമി ബുക്സ്

 

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles