Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ഇന്ത്യക്ക് ബ്രിട്ടനില്‍ നിന്നുള്ള പുതിയ പാഠം

‘ദി വയറില്‍’ 2022 ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച ഈ ലേഖനം 2022 ഒക്ടോബര്‍ 25-ന് സുനക് യു.കെ പ്രധാനമന്ത്രിയായതിനെത്തുടര്‍ന്ന് പുനഃപ്രസിദ്ധീകരിച്ചതാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ ഋഷി സുനക്. അമേരിക്കന്‍ പ്രസിഡന്റിനായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള കമല ഹാരിസിന്റെ ശ്രമത്തിന് ശേഷം, രാഷ്ട്രീയ ഉന്നതിയിലെത്താന്‍ ശ്രമിക്കുന്ന പടിഞ്ഞാറന്‍ കുടിയേറ്റക്കാരുടെ സന്തതിയായ ഏറ്റവും പുതിയ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

ഒരുകാലത്ത് ഇന്ത്യയുടെ കൊളോണിയല്‍ യജമാനനായിരുന്നു ബ്രിട്ടന്‍. ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്ന് പറയുകയാണെങ്കില്‍, ചൂഷണസാമ്രാജ്യത്തിന്റെ ചരിത്രപരമായ രാഷ്ട്രീയ തലവനാണ് ബിട്ടീഷ് പ്രധാനമന്ത്രി. മാത്രവുമല്ല, പരിഷ്‌കരണ സാമ്രാജ്യവുമാണ് അതെന്നും നമുക്ക് ഓര്‍ക്കാം.

എന്നാല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനും അതിനെതിരായ സ്വാതന്ത്ര്യത്തിനായുള്ള അവകാശാധിഷ്ഠിത പോരാട്ടത്തിലൂടെ ഇന്ത്യ 1947-ല്‍ ഒരു ജനാധിപത്യ, ഭരണഘടനാപരമായ റിപ്പബ്ലിക്കായി മാറുമായിരുന്നില്ല. മറിച്ച്, നമ്മുടെ ജനാധിപത്യത്തിന്റെ വേരുകള്‍ ഹിന്ദുവോ ബുദ്ധമോ ആയ നമ്മുടെ പ്രാചീന ഘടനയിലാണെന്നാണ് നമ്മള്‍ ഉച്ചത്തില്‍ അവകാശപ്പെടുന്നത്.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെയും കൊളോണിയല്‍ ജീവിതത്തിന്റെയും എല്ലാ പ്രധാന വശങ്ങളും ബ്രിട്ടീഷ് രാഷ്ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ചും 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍, പ്രക്ഷോഭകാരികളായ ഇന്ത്യക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കൊളോണിയല്‍ ഭരണത്തിന്റെ പ്രതീകമായാണ് കണക്കാക്കിയത്. ചരിത്രപരമായ ഈ സന്ദര്‍ഭം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യന്‍ വംശജനായ ഒരാള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ യാഥാര്‍ത്ഥ്യമായും അവസരമുണ്ട് എന്നത് ലോകം എങ്ങനെ മാറുന്നുവെന്നാണ് കാണിക്കുന്നത്.

ഇന്ത്യ ഹിന്ദു-ദേശീയതയുടെ ഒരു രൂപം അനുഭവിക്കുന്ന ഒരു സമയത്ത്, ക്രിസ്ത്യന്‍ ബ്രിട്ടന്‍ തന്റെ മതം ഹിന്ദുമതമാണെന്ന് പ്രസ്താവിച്ച ഒരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് ശ്രദ്ധേയമാണ്.

പാര്‍ലമെന്റ് അംഗമായും (പിന്നീട് ഖജനാവിന്റെ ചാന്‍സലര്‍) എന്ന നിലയിലും അദ്ദേഹം ഭഗവദ്ഗീതയില്‍ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റിരുന്നത്. ഇപ്പോള്‍ അതേ ഹിന്ദുവായ സുനക് ആണ് 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. സുനകിന്റെ ഭാര്യ അക്ഷത ഹിന്ദു ഇന്ത്യന്‍ കോടീശ്വരന്റെ മകളാണ്. യഥാര്‍ത്ഥത്തില്‍ സുനകിന്റെ സമ്പത്ത് ബ്രിട്ടിനിലെ പൊതു ചര്‍ച്ചയുടെ ഭാഗമാണ്. കാരണം സാമ്പത്തികവും സാമൂഹികവുമായ ഉന്നതമായ വര്‍ഗം ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ സവിശേഷതകളാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മതം ഒരിക്കലും അവര്‍ പ്രസക്തമായി കാണുന്നില്ല. ഇത് തീര്‍ച്ചയായും ബ്രിട്ടീഷ് വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ വര്‍ഗത്തിനും ഇടയില്‍ ശ്രദ്ധേയമായ ഒരു പുതിയ തലത്തിലുള്ള ബഹുമുഖ സാംസ്‌കാരിക സഹിഷ്ണുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇക്കാര്യത്തില്‍, ബ്രിട്ടന്‍ തീര്‍ച്ചയായും അമേരിക്കയെക്കാള്‍ മതേതരവും ബഹുസ്വരവും ആണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, കമലാ ഹാരിസ് സ്വയം ഒരു ഹിന്ദുവാണെന്ന് പരസ്യമായി അവതരിപ്പിച്ചിരുന്നെങ്കില്‍, ഡെമോക്രാറ്റിക് ടിക്കറ്റില്‍ വിജയിച്ചവരുടെ പട്ടികയില്‍ അവര്‍ എത്തില്ലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ആംഗ്ലിക്കന്‍ ക്രിസ്തുമതം ബ്രിട്ടന്റെ ദേശീയ മതമാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനാണ് എലിസബത്ത് രാജ്ഞി. എന്നിട്ടും പ്രധാനമന്ത്രിയാകാനുള്ള ഋഷി സുനകിന്റെ ആഗ്രഹം മതത്തിന്റെ അടിസ്ഥാനത്തില്‍ അസാധാരണമായി കാണുന്നില്ല.

ഈ ഇന്ത്യന്‍ വംശജനായ ഹിന്ദുവിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നതിനെക്കുറിച്ച് ഇന്ത്യയിലെ രാഷ്ട്രീയ സ്വയംസേവക് സംഘും ഭാരതീയ ജനതാ പാര്‍ട്ടിയും എന്താണ് അഭിപ്രായപ്പെടുന്നത് ? എല്ലാത്തിനുമുപരി, മത ഭൂരിപക്ഷവാദത്തിന്റെ നാണംകെട്ട അജണ്ട ഉപയോഗിച്ച് അവര്‍ ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പാര്‍ശ്വവല്‍ക്കരിച്ചിരിക്കുകയാണ്. ഇവിടെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ട്രഷറി ബെഞ്ചുകളില്‍ മന്ത്രിസഭയിലും ഒരൊറ്റ മുസ്ലീം പോലുമില്ല. ബോറിസ് ജോണ്‍സന്റെ കീഴില്‍ ബ്രിട്ടന്റെ മന്ത്രിസഭയില്‍ വരെ ഇന്ത്യയേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു !

ആര്‍.എസ്.എസ്, ബി.ജെ.പി ശക്തികള്‍ ഹിന്ദുമതത്തെ ‘വിശ്വ ഗുരു’ ആണെന്നാണ് നിരന്തരം സ്വയം അകാശവാദമുന്നയിക്കുന്നത്. കുരിശുയുദ്ധക്കാരും കൊളോണിയല്‍ വിപുലീകരണവാദികളും എന്ന നിലയിലുള്ള ബ്രിട്ടീഷുകാര്‍ക്കും ക്രിസ്ത്യന്‍ നാഗരിക ചരിത്രത്തിനും എതിരായ ആക്രമണങ്ങള്‍ നിറഞ്ഞതാണ് ആര്‍.എസ്.എസ് സാഹിത്യം.

ജാതി ശ്രേണിയും വിവേചനവും ദലിതര്‍ക്കെതിരായ അതിക്രമങ്ങളും നടക്കുമ്പോഴുംലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവരുടെ ചരിത്ര വിവരണത്തില്‍, തദ്ദേശീയരായ ഇന്ത്യന്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പോലും ശത്രുക്കളായാണ് കണക്കാക്കുന്നത്.

ഇന്ന് ബ്രിട്ടനില്‍, ഹിന്ദുക്കള്‍ ഒരു ചെറിയ ന്യൂനപക്ഷമാണ് – ജനസംഖ്യയുടെ ഏകദേശം 1.6% മാത്രമേ അവരുള്ളൂ. അതില്‍ തന്നെ സമീപകാല കുടിയേറ്റക്കാരും അവരുടെ പിന്‍ഗാമികളും ഉള്‍പ്പെടുന്നു. എന്നിട്ടും ബ്രിട്ടന്റെ ജനാധിപത്യ മത്സരത്തില്‍ ‘ന്യൂനപക്ഷവാദം’ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി തോന്നുന്നില്ല.

ഇന്ത്യയില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കപ്പെടുമായിരുന്നില്ല. അത്രക്കുണ്ട് ഹിന്ദുത്വയുടെ സഹിഷ്ണുത.

ക്രിസ്ത്യന്‍ കൊളോണിയല്‍ സാമ്രാജ്യത്തെ ബ്രിട്ടന്‍ മികച്ചതാക്കി മാറ്റി. എന്നിട്ടും ബ്രിട്ടന്‍ ഇപ്പോള്‍ സുനകിനെ മികച്ച പദവിയിലേക്ക് മത്സരിക്കാന്‍ അനുവദിക്കുന്നു. ബ്രിട്ടീഷ് പ്രതിപക്ഷ നേതാവോ പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയുടെ എതിരാളികളോ പോലും അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചിട്ടില്ല. അവന്റെ സമ്പത്ത്, തൊഴിലാളിവര്‍ഗത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവം, ഭാര്യയുടെ നികുതി ഒഴിവാക്കിയത് ഇവയെല്ലാമാണ് ചര്‍ച്ചയായത്. ജനാധിപത്യത്തില്‍ ഇതെല്ലാം വളരെ നല്ല ചോദ്യങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ ചോദ്യങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ചോദിക്കാറുള്ളൂ.

സുനകിന്റെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ അജ്ഞനാണ്.എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാതാവായ ബ്രിട്ടന്‍, സഹിഷ്ണുതയുടെയും സമത്വത്തിന്റെയും സുപ്രധാന പാഠം ഇന്ത്യയെ പഠിപ്പിക്കുകയാണെന്ന് എനിക്കറിയാം. പക്ഷേ, അത് പഠിക്കാന്‍ അനുവദിക്കുന്ന രാജ്യമല്ല ഇന്ത്യ.

Related Articles