Current Date

Search
Close this search box.
Search
Close this search box.

പുതുതായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍

പഠനം പൂര്‍ത്തിയാക്കിയിറങ്ങുമ്പോള്‍, ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഘട്ടമാണ് എല്ലാവര്‍ക്കും. നിരവധി നേട്ടങ്ങളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയ ശേഷം ജീവിതത്തെക്കുറിച്ച ഗൗരവ ചിന്തയുടെയും മാനം മുട്ടെയുള്ള പ്രതീക്ഷയുടെയും സന്ദര്‍ഭം. ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി പൂര്‍ത്തിയാക്കിയ സന്ദര്‍ഭം ആഘോഷിക്കുന്ന ഘട്ടത്തിലാണെങ്കിലും ഭാവിയെക്കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങുക. കേവലം പണം സമ്പാദിക്കുന്നതിലപ്പുറം ജീവിതത്തില്‍ ആശ്വാസമേകുന്ന ഒന്നായി നമ്മുടെ ജോലി മാറണം. അക്കാദമികമായ മല്‍സരലോകത്ത് നിന്ന് അതിനെക്കാള്‍ കഠിനമായ മല്‍സരം നടക്കുന്ന തൊഴില്‍ മേഘലയിലേക്ക് ഇറങ്ങുമ്പോള്‍ അന്ധാളിച്ചു പോകാതിരിക്കാന്‍, ജോലിയിലേക്ക് പ്രവേശിക്കും മുമ്പ് പാലിക്കേണ്ടുന്ന 10 ലളിത നിര്‍ദ്ദേശങ്ങളാണ് ചുവടെ.

1. സങ്കല്‍പലോകത്തു നിന്നു മാറി സംഭവലോകത്ത് ജീവിക്കുക. ഏത് ജോലിയില്‍ കയറുമ്പോഴും പലരെയും കുഴക്കുന്നത് അമിതാത്മവിശ്വാസവും സങ്കല്‍പ്പങ്ങളുമാണ്. താനെത്തിപ്പെടുന്ന മേഘല തികച്ചും ശാന്തവും അനുകൂലവുമായിരിക്കുമെന്ന വ്യാമോഹം. ഈ മോഹക്കുഴിയില്‍ വീഴും മുമ്പറിയുക, പ്രയാസങ്ങള്‍ നിറഞ്ഞ മുള്‍പാതകള്‍ താണ്ടിയവര്‍ക്കും പ്രതികൂല സാഹചര്യങ്ങള്‍ മറകടന്നവര്‍ക്കും മാത്രമേ ജീവിത വിജയത്തിന്റെ ഫലം ആസ്വദിക്കാന്‍ സാധിക്കൂ. പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരിക്കും എന്നും ജീവിതം. മുമ്പില്‍ വരുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ചങ്കുറപ്പുണ്ടാവണം. പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളാനും പൂത്തനുണര്‍വ്വോടെ തിരിച്ചു വരാനും സാധിക്കണം.

2. ജീവിതത്തെ ഭയപ്പെടാതിരിക്കുക. വിജയവഴിയിലേക്കുള്ള തടസ്സങ്ങളെ വകഞ്ഞു മാറ്റാന്‍ എപ്പോഴും തയാറായിരിക്കുക.നീ ഒന്നിനും കൊള്ളാത്തവനാണെന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കരുത്. നിനക്കുള്ള പലതും തടയാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കും. പക്ഷെ നിന്റെ ദൈവവിശ്വാസത്തെയും നിശ്ചയദാര്‍ഢ്യത്തെയും ഒന്നും ചെയ്യുക സാധ്യമല്ല. അതിനാല്‍ ഭയപ്പാടില്ലാതെ ജീവിതത്തെ നേരിടുക.

3. ജനങ്ങളുമായി നല്ല രൂപത്തില്‍ ഇടപഴകുക. നിനക്ക് നേടാവുന്ന ഏറ്റവും വലിയ നേട്ടം ജനങ്ങളുമായുള്ള ബന്ധമാണ്. നിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്, സമൂഹത്തില്‍ നിന്നും  നീ തിരഞ്ഞെടുക്കുന്ന ആളുകളായിരിക്കും. നിന്റെ വളര്‍ച്ചയും വീഴ്ചയും നിര്‍ണ്ണയിക്കുന്നതും ഭൗതിക സൗകര്യങ്ങളല്ല, മറിച്ച്  സാമൂഹിക ബന്ധങ്ങളാണ്. സ്വാര്‍ത്ഥതയില്‍ നിന്നും മാറി ആളുകളുമായി ഇടപഴകുന്നതില്‍ സജീവമാകുക.

4. അനുകരണഭ്രമം ഒഴിവാക്കുക. അന്ധമായ അനുകരിക്കാതെ പുതുമയുള്ള കാര്യങ്ങള്‍ സ്വന്തമായി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരിലും ഒളിഞ്ഞു കിടക്കുന്ന നൈസര്‍ഗികമായ കഴിവുകള്‍ തിരിച്ചറിയുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യുക. തങ്ങളുടെ മേഖല ഭദ്രമാക്കാനും അതില്‍ പുരോഗതി കൈവരിക്കാനും വേണ്ടി പരമാവധി പരിശ്രമിക്കുക.

5. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന് തിരിച്ചറിയുക. നിന്റെ കഴിവിനും യോഗ്യതക്കുമിണങ്ങുന്ന ഏത് ജോലിയും ചെയ്യാന്‍ സന്നദ്ധനാവുക. പഠിച്ച വിഷയവുമായി ബന്ധമുള്ള ജോലി തിരഞ്ഞെടുക്കുക. നേതൃപാടവം വളര്‍ത്തിയെടുക്കുക.

6. കാര്യങ്ങളെ ഗൗരവത്തില്‍ സമീപിക്കുക.മറ്റുള്ളവര്‍ നിങ്ങളെ പരിഗണിക്കണമെങ്കില്‍ കാര്യഗൗരവം കാത്തുസൂക്ഷിക്കുക. ഇതിനര്‍ത്ഥം നര്‍മങ്ങളും തമാശകളും പറ്റെ ഒഴിവാക്കണം എന്നല്ല. കാരണം ഗൗരവം നിറഞ്ഞ ജീവിത്തിരക്കില്‍ നിങ്ങള്‍ക്കുള്ള ആശ്വാസം നര്‍മങ്ങളാണ്.

7. വിജയത്തിന്റെ നിര്‍വചനം എന്തെന്നറിയുക. വിജയത്തിന്റെ നിര്‍വചനം ആളുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. പലര്‍ക്കും പലകാര്യങ്ങളാണ് വിജയത്തിന്റെ മാനദണ്ഡം. മറ്റുള്ളവര്‍ നിര്‍ചിക്കുന്നതിനപ്പുറം സ്വയം നിര്‍ണ്ണയിക്കുക. അനുഭവങ്ങളിലൂടെ നിങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ വഴി കാലക്രമേണ നിര്‍വ്വചനങ്ങളിലും മാറ്റം വരാം. ജീവിതയാത്രക്ക് അര്‍ത്ഥവും പ്രാധാന്യവും നേടിത്തരും വിധം മാനസികവും വൈകാരികവുമായ പരിശ്രമങ്ങളും വീക്ഷണങ്ങളിലെ വിശാലതയും കൈവരിക്കുക. ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് അവ നിങ്ങള്‍ക്ക് സഹായകമാവും.

8. ഔദ്യോഗിക വിദ്യാഭ്യാസം പഠനത്തിന്റെ അവസാനമല്ലെന്നറിയുക. ജീവിതാന്ത്യം വരെ തുടരുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്നതിനാല്‍ വിജ്ഞാനകുതുകിയാവുക. ഉയരങ്ങളിലേക്ക് പറക്കാനും കഴിവുകള്‍ പരിപോഷിപ്പിക്കാനും വിജ്ഞാനം കൂടിയേ തീരൂ.

9. മാനസിക സംതൃപ്തിയും ആനന്ദവും കൈവരിക്കാന്‍ സാധിക്കുന്ന വഴികള്‍ തേടുക. കേവല ഭൗതിക നേട്ടങ്ങള്‍, ഏതു നിമിഷവും നീങ്ങിപ്പോയേക്കാവുന്ന ജലരേഖകള്‍ മാത്രമാണെന്നറിയുക.

10. ജീവിതനിലവാരം വരവിനനുസരിച്ച് ക്രമീകരിക്കുക. കടം വാങ്ങിയും മറ്റുമുള്ള പ്രകടനപരത ജീവിത്തില്‍  നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ. അവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് ജീവിക്കുക.

വിവ : ഇസ്മഈല്‍ അഫാഫ്

Related Articles