Current Date

Search
Close this search box.
Search
Close this search box.

അല്ലാഹു സ്വീകരിച്ച സുകൃതങ്ങള്‍

അനുഷ്ഠാനങ്ങളും സുകൃതങ്ങളും കൊണ്ട് റമദാനെ പുല്‍കിയവരാണ് വിശ്വാസികള്‍. റമദാനെന്ന ദൈവിക വരദാനത്തിന്റെ ഓരോ നിമിഷത്തെയും നന്മ കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു അവര്‍. റമദാന്‍ വിടപറയുമ്പോള്‍ അവരെ അലട്ടുന്ന ആശങ്ക തങ്ങളുടെ കര്‍മങ്ങളുടെ ഭാവിയെക്കുറിച്ചായിരിക്കും. അന്നപാനീയങ്ങളുപേക്ഷിച്ച് അനുഷ്ഠിച്ച നോമ്പ്, ഉറക്കമൊഴിച്ച് നിര്‍വഹിച്ച നമസ്‌കാരം, സ്വാര്‍ത്ഥതയോട് പോരാടി ചെലവഴിച്ച സമ്പത്ത് ഇവയെല്ലാം അല്ലാഹു സ്വീകരിക്കുമോ എന്ന ചിന്ത വിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആന്‍ പറയുന്നുണ്ട്.
‘അല്ലാഹു നല്‍കിയതില്‍ നിന്നും ചെലവഴിക്കുകയും, തങ്ങളുടെ റബ്ബിലേക്ക് മടങ്ങുന്നതിനെക്കുറിച്ചോര്‍ത്ത് ഹൃദയം വിറകൊള്ളുകയുമാണവര്‍’ (മുഅ്മിനൂന്‍ : 60) എന്ന ഖുര്‍ആന്‍ വചനത്തില്‍ പരാമര്‍ശിക്കുന്നത് ആരെക്കുറിച്ചാണ് എന്ന് ആഇശ(റ) തിരുദൂതരോട് ചോദിച്ചു. ‘അല്ലയോ അല്ലാഹുവിന്റെ ദൂതരെ, മോഷ്ടിക്കുകയോ, വ്യഭിചരിക്കുകയോ, കള്ള് കുടിക്കുകയോ ചെയ്തവരെക്കുറിച്ചാണോ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്?’ നബി തിരുമേനി(സ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘അബൂബക്‌റിന്റെ മകളെ അങ്ങനെയല്ല, നമസ്‌കരിക്കുകയും നോമ്പനുഷ്ടിക്കുകയും സകാത്ത് കൊടുക്കുകയും അവ അല്ലാഹു സ്വീകരിക്കുമോ എന്ന് ആശങ്ക പുലര്‍ത്തുകയും ചെയ്യുന്നവരാണവര്‍’.
നാം എന്ത് കര്‍മം ചെയ്താലും അല്ലാഹു സ്വീകരിക്കുമെന്ന ധാരണയാണ് നമുക്ക്. അതിനാല്‍ അനുഷ്ഠാനങ്ങള്‍ക്ക് കൃത്യതയോ വ്യക്തതയോ സ്ഥിരതയോ ഇല്ല. തോന്നിയത് പോലെ നിര്‍വഹിക്കും. നമ്മുടെ കര്‍മങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പരമ ദുര്‍ബലനും ദരിദ്രനുമായ അല്ലാഹുവിനെയാണ് നാം സങ്കല്‍പിക്കുന്നത്. നമ്മുടെ ഈ വ്യാമോഹത്തെ വിശുദ്ധ ഖുര്‍ആന്‍ ഒരു ചരിത്രസംഭവത്തിലൂടെ കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യവംശത്തിന്റെ ആദ്യതലമുറയാണ് കഥാ പാത്രങ്ങള്‍. ഹാബീലും ഖാബീലും, ആദമിന്റെ രണ്ട് സന്താനങ്ങള്‍. അവര്‍ക്കിടയിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ അല്ലാഹു നിര്‍ദ്ദേശം വെച്ചു. രണ്ട് പേരും ‘ഖുര്‍ബാന്‍’ അഥവാ ബലിയര്‍പ്പിക്കുക. ആരുടെ ബലി അല്ലാഹു സ്വീകരിക്കുന്നുവോ അവനാണ് വിജയി. ഹാബീലും ഖാബീലും ‘ഖുര്‍ബാന്‍’ സമര്‍പിച്ചു. ഹാബീലിന്റെത് അല്ലാഹു സ്വീകരിക്കുകയും ഖാബീലിന്റെത് തള്ളപ്പെടുകയും ചെയ്തു. കോപിഷ്ഠനായ ഖാബീല്‍ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഹാബീല്‍ ശാന്തതയോടെ പറഞ്ഞ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. ‘അല്ലാഹു ദൈവബോധമുള്ളവരില്‍ നിന്നാണ് കര്‍മങ്ങള്‍ സ്വീകരിക്കുക’. (മാഇദ : 27)
‘ഖുര്‍ബാന്‍’ എന്ന പദത്തിന്റെ അര്‍ത്ഥം ദൈവസാമീപ്യത്തിന് വേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നാണ്. അല്ലാഹുവിന് വേണ്ടി മാത്രം നിര്‍വഹിക്കപ്പെട്ട കര്‍മമാണെങ്കില്‍ പോലും അവന്‍ സ്വീകരിച്ച് കൊള്ളണമെന്നില്ല എന്നതിന് ഖാബീല്‍ നമുക്ക് മുമ്പിലുണ്ട്. നമ്മുടെ ആരാധനകള്‍ അല്ലാഹുവിന് വേണ്ടി മാത്രം നിര്‍വഹിക്കപ്പെട്ടതാണെങ്കില്‍ പോലും അവ അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്ന് നമുക്ക് യാതൊരു നിശ്ചയവുമില്ല.
പൂര്‍വസൂരികള്‍ കര്‍മഫലത്തെക്കുറിച്ചോര്‍ത്ത് പൊട്ടിക്കരയാറുണ്ടായിരുന്നു. ‘എന്റെ ഏതെങ്കിലും ഒരു നന്മ അല്ലാഹു സ്വീകരിച്ചുണ്ടെന്നറിഞ്ഞാല്‍ ഞാനതിനെ അവലംബിക്കുമായിരുന്നുവെന്ന്’ അലി(റ) പറയാറുണ്ടായിരുന്നു. കര്‍മം എത്ര മഹത്തരമാണെങ്കിലും, നിര്‍വഹിക്കുന്നവന്‍ എത്ര വലിയ വിശ്വാസിയാണെങ്കിലും സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഇബ്രാഹീം നബി(അ)ന്റെ ചരിത്രം ഖുര്‍ആന്‍ വിശദീകരിക്കുന്നത് നോക്കൂ. പരിശുദ്ധ കഅ്ബാലയത്തിന്റെ പുനര്‍നിര്‍മാണമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ കര്‍മമാണ് അദ്ദേഹം നിര്‍വഹിച്ചത്. അല്ലാഹു തന്റെ കൂട്ടുകാരനായി തെരഞ്ഞെടുത്ത മഹത്തായ വ്യക്തിത്വമാണദ്ദേഹം. എന്നാല്‍പോലും അദ്ദേഹം അല്ലാഹുവിനോട് തന്റെ കര്‍മം സ്വീകരിക്കാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടേയിരിക്കുന്നു. ‘കഅ്ബാലയത്തിന്റെ എടുപ്പുകള്‍ ഇബ്‌റാഹീമും, ഇസ്മാഈലും(അ) കെട്ടിപ്പടുത്ത സന്ദര്‍ഭം. ഞങ്ങളുടെ നാഥാ, നീ ഞങ്ങളില്‍ നിന്നും(ഇവ) സ്വീകരിക്കേണമേ.’ (അല്‍ ബഖറ : 127)
കര്‍മങ്ങള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മാനദണ്ഡങ്ങള്‍ അവയില്‍ പ്രതിഫലിക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥതയോടെ, സംതൃപ്തിയോടെ, പ്രിയത്തോടെ അവ നിര്‍വഹിക്കുകയെന്നതാണ് അവയില്‍ പ്രഥമവും പ്രധാനവുമായിട്ടുള്ളത്.
ആലസ്യത്തോടും, മുറുമുറുപ്പോടും, അതൃപ്തിയോടും കൂടി നിര്‍വഹിക്കാനുള്ളതല്ല അനുഷ്ഠാനങ്ങളും സുകൃതങ്ങളും. എന്നല്ല അപ്രകാരം നിര്‍വഹിക്കുന്നത് നിഷേധമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചത് കൊണ്ടായിരുന്നു അവരുടെ ദാനധര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതിരുന്നത്. ആലസ്യത്തോടെയാണ് അവര്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചിരുന്നത്. വെറുപ്പോട് കൂടി ദാനധര്‍മം നടത്തുന്നവരായിരുന്നു അവര്‍’. (അത്തൗബ : 54)
നിറഞ്ഞ മനഃസംതൃപ്തിയോട് കൂടി നിര്‍വഹിക്കേണ്ടവയാണ് സുകൃതങ്ങള്‍. നന്മയെ സ്‌നേഹിക്കുന്ന, അവക്ക് അവസരം ലഭിക്കാതെ വരുമ്പോള്‍ വേദനിക്കുന്ന ഹൃദയമാണ് വിശ്വാസിക്കുള്ളത്. പ്രവാചകന്‍ തിരുമേനി(സ)യുടെ പാഠശാലയില്‍ വളര്‍ന്ന സഖാക്കള്‍ നമുക്ക് മാതൃകയാണ്. ‘യുദ്ധത്തിന് വേണ്ടി വാഹനങ്ങള്‍ ചോദിച്ച് താങ്കളുടെ അടുത്ത് വന്നവര്‍ക്കും(കുറ്റമില്ല) എന്റെയടുത്ത് വാഹനങ്ങളില്ലെന്ന് താങ്കള്‍ പറഞ്ഞത് കേട്ടു കണ്ണീരൊലിപ്പിച്ച് അവര്‍ മടങ്ങുകയായിരുന്നു. (ദൈവികമാര്‍ഗത്തില്‍) ചെലവഴിക്കാന്‍ തങ്ങളുടെ കയ്യിലൊന്നുമില്ലല്ലോ(എന്നതായിരുന്നു അവരുടെ വേദന).’ (അത്തൗബ : 92)
നബി തിരുമേനി(സ)യുടെ അടുത്ത് ഒരു കൂട്ടര്‍ വന്നു പരാതി പറയുന്നു. ‘സമ്പന്നര്‍ പ്രതിഫലവുമായി മുന്നേറിയല്ലോ പ്രവാചകരേ’. ‘നിങ്ങളെന്താണ് പറയുന്നത്?’ പ്രവാചകന്‍ അവരോട് ചോദിച്ചു. ‘അവര്‍ ഞങ്ങളെപ്പോലെ നമസ്‌കരിക്കുകയും, നോമ്പനുഷ്ഠിക്കുകയും, മറ്റ് കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. അവര്‍ ദാനധര്‍മങ്ങള്‍ നടത്തുന്നു. ഞങ്ങള്‍ക്ക് അതിന് അവസരമില്ലല്ലോ’. നന്മ ചെയ്യാന്‍ അവസരമില്ലാത്തത്തിന്റെ പേരില്‍ പൊട്ടിക്കരയുന്ന, ആവലാതി പറയുന്ന പ്രസ്തുത തലമുറ നന്മയെ സ്‌നേഹിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് ചുരുക്കം.
ആരാധനകളിലും സല്‍ക്കര്‍മങ്ങളിലും നൈരന്തര്യം കാത്ത് സൂക്ഷിക്കുകയെന്നതാണ് അവ സ്വീകരിക്കുവാനുള്ള മറ്റൊരു നിബന്ധന. പ്രത്യേകമായ കാലങ്ങളില്‍, ദുരിതങ്ങളില്‍, മറ്റ് വിശേഷ സാഹചര്യങ്ങളില്‍ മാത്രം ദൈവത്തെ ഓര്‍ക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനല്ല യഥാര്‍ത്ഥ വിശ്വാസി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘ജനങ്ങളില്‍ ചിലരുണ്ട് അവര്‍ ഓരത്ത് നിന്ന് അല്ലാഹുവിന് ആരാധനകള്‍ നിര്‍വഹിക്കുന്നവരാണ്. നന്മ ലഭിച്ചാല്‍ അവര്‍ ശാന്തതയോടെ നിലകൊള്ളും. വല്ല പരീക്ഷണവും നേരിടേണ്ടി വന്നാലോ. അവര്‍ തലകീഴായി മറിയും. ഇഹലോകവും പരലോകവും നഷ്ടപ്പെട്ട മഹാദൗര്‍ഭാഗ്യവാന്മാരാണവര്‍.’ (അല്‍ ഹജ്ജ് : 11)
നബി തിരുമേനി(സ)യുടെ കര്‍മങ്ങള്‍ നൈരന്തര്യമുള്ളവയായിരുന്നുവെന്നും അത്തരം കര്‍മങ്ങളാണ് അല്ലാഹുവിന് പ്രിയങ്കരമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. മനുഷ്യന്റെ സുകൃതങ്ങള്‍ക്ക് മരണമാണ് വിരാമം കുറിക്കുകയെന്ന് ഇമാം ഹസനുല്‍ ബസ്വരി വ്യക്തമാക്കുന്നു.
ആരാധനകള്‍ കൊണ്ട് അല്ലാഹു ഉദ്ദേശിച്ച ഫലങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നത് അവ സ്വീകരിക്കാനുള്ള നിബന്ധനകളില്‍പെടുന്നു. കൃത്യമായ ലക്ഷ്യവും ഉദ്ദേശ്യവും മുന്നില്‍ വെച്ചാണ് അല്ലാഹു ആരാധനകള്‍ നിയമമാക്കിയിട്ടുള്ളത്. നമസ്‌കാരം തിന്മകളില്‍ നിന്ന് തടയുന്നുവെന്നും, നോമ്പ് ദൈവബോധം സൃഷ്ടിക്കുന്നുവെന്നും, സകാത്ത് ശുദ്ധീകരിക്കുമെന്നും, ഹജ്ജ് ദൈവസ്മരണ നിലനിര്‍ത്തുമെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഈ സദ്ഫലങ്ങള്‍ ആരാധനകള്‍ മുഖേന അടിമകളുടെ ജീവിതത്തില്‍ പ്രകടമാവുന്നില്ലെങ്കില്‍ അല്ലാഹു അവരുടെ കര്‍മങ്ങള്‍ സ്വീകരിക്കുകയില്ല. നബി തിരുമേനി(സ) തന്നെ പറയുന്നു. ‘ഏതൊരുവന്റെ നമസ്‌കാരം അവനെ തിന്മകളില്‍ നിന്ന് തടയുന്നില്ലയോ അവന്‍ നമസ്‌കരിച്ചിട്ടില്ല’.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ‘അല്ലയോ വിശ്വാസികളെ, നിങ്ങള്‍ റുകൂഉം സുജൂദും് ആരാധനാ കര്‍മങ്ങളും നിര്‍വഹിക്കുക. നന്മകള്‍ ചെയ്യുക, അത് മുഖേന നിങ്ങള്‍ വിജയികളായേക്കും.’ (അല്‍ ഹജ്ജ് : 77) നമസ്‌കാരവും മറ്റ് എല്ലാ ആരാധനാകര്‍മങ്ങളും നന്മപരത്താനും മൂല്യങ്ങള്‍ സ്ഥാപിക്കാനുമായി അല്ലാഹു നിയയമാക്കിയാതണെന്ന് ആയത്ത് വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായത്തിന്റെ നാമം തന്നെ ‘മാഊന്‍’ അഥവാ ചെറിയ ചെറിയ നന്മകള്‍ എന്നാണ്. മതത്തിന്റെ പ്രതിനിധികളായി ജീവിക്കുകയും അതിനെ കളവാക്കുകയും ചെയ്തവന്റെ വിശേഷണങ്ങള്‍ അല്ലാഹു പ്രസ്തുത അധ്യായത്തില്‍ അക്കമിട്ട് നിരത്തുന്നു. അനാഥയെ ആട്ടിയകറ്റുകയും അഗതിയുടെ അവകാശത്തെ വിസ്മരിക്കുകയും ചെയ്യുന്നത് അവയില്‍പെടുന്നു. അവയുടെ മൂലകാരണം അല്ലാഹു വിശദീകരിക്കുന്നുണ്ട്. ‘അതിനാല്‍ നമസ്‌കാരക്കാര്‍ക്ക് നാശം. അവര്‍ തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാണ്. ജനങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണവര്‍ നമസ്‌കരിക്കുന്നത്.’ (അല്‍മാഊന്‍ : 3-5) നമസ്‌കാരം മൂലം ഹൃദയത്തില്‍ മൂല്യബോധം വളരാത്ത, നമസ്‌കാരത്തിന്റെ ഫലത്തെക്കുറിച്ച് അശ്രദ്ധരായി അവ നിര്‍വഹിക്കുന്നവരുടെ കര്‍മം കേവലം നാട്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അടിവരയിട്ട് പറയുന്നു.
റമദാന്‍ വിടവാങ്ങിയ ഈ നിമിഷത്തില്‍ വിശ്വാസിയുടെ മനസ്സിലെ മഥിക്കേണ്ട ആശങ്ക തന്റെ കര്‍മത്തെക്കുറിച്ചുള്ളതായിരിക്കണം. പെരുന്നാള്‍ നമസ്‌കാരത്തിന് വേണ്ടി മുസല്ലയില്‍ വരുമ്പോള്‍ തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി അവന്‍ പ്രാര്‍ത്ഥിക്കേണ്ടത് ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ അഥവാ അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും കര്‍മം സ്വീകരിക്കട്ടെ എന്നായിരിക്കണം.

Related Articles