Current Date

Search
Close this search box.
Search
Close this search box.

അമ്പതിന്റെ നിറവില്‍ ജാമിഅത്തുല്‍ ഫലാഹ്

അമ്പത് വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ കിഴക്കന്‍ യു.പിയിലെ അഅ്‌സംഗഢിലുള്ള ബിലാരിയഗഞ്ചില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് തറക്കില്ലിടുമ്പോള്‍ ചുറ്റുപാട് ഒട്ടും സുഖകരമായിരുന്നില്ല. വിഭവങ്ങളുടെ കമ്മി ഒരു വശത്ത്. ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും പറ്റിയ സന്ദര്‍ഭമായിരുന്നില്ല. പക്ഷേ, എന്തിനാണ് സ്ഥാപനം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ഖുര്‍ആനിലും സുന്നത്തിലും അവഗാഹം നേടിയ, അതനുസരിച്ച് ജീവിക്കുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക. സമൂഹത്തില്‍ നടമാടിക്കൊണ്ടിരുന്ന വളരെ ഇടുങ്ങിയ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഭാഗഭാക്കാകരുത്. എല്ലാ തരം വിഭാഗീയതകളെയും അതിജയിക്കുന്നതാകണം അവരുടെ ചിന്താ കര്‍മമണ്ഡലം. അതേ സമയം ആധുനിക വിദ്യാഭ്യാസത്തിന്റെ സദ്ഫലങ്ങള്‍ ഇവര്‍ക്ക് ലഭ്യമാവുകയും ഒരു തൊഴില്‍ നേടാന്‍ അത് സഹായകമാവുകയും വേണം. ഇനിയവര്‍ ഏതെങ്കിലും ഇസ്‌ലാമിക വിഷയങ്ങളില്‍ സവിഷേശ പഠനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയിലും പുറത്തുമുള്ള ഏത് യൂനിവേഴിസിറ്റയിലും അതവര്‍ക്ക് സാധ്യമാവുകയും വേണം. ഇതായിരുന്നു ജാമിഅത്തുല്‍ ഫലാഹ് സ്ഥാപിക്കുമ്പോള്‍ അതിന്റെ സ്ഥാപകര്‍ക്കുണ്ടായിരുന്ന സ്വപ്‌നങ്ങള്‍. ഇന്നിപ്പോള്‍ 50 വര്‍ഷത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ സ്ഥാപകരുടെ സ്വപ്‌നങ്ങള്‍ കഠിനാധ്വാനത്തിലൂടെ സാക്ഷാത്കരിച്ചതായി നാം കാണുന്നു. ലക്ഷ്യമിട്ട ഫലങ്ങള്‍ നല്‍കുന്ന സുശക്തമായ സ്ഥാപനമായി ഇന്നത് മാറിയിരിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി ഇന്ന് ആ സ്ഥാപനത്തില്‍ ആയിരക്കണക്കിന് പേര്‍ വിദ്യ തേടി എത്തുന്നുണ്ട്. അവര്‍ നാടിനകത്തും പുറത്തും വിദ്യയുടെ വെളിച്ചം പ്രസരിപ്പിക്കുന്നു. വിഭാഗീയമായ ഒരു നിയന്ത്രണവും ഈ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ തങ്ങള്‍ക്ക് സംതൃപ്തി തോന്നുന്ന പാത തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഇങ്ങനെ എല്ലാ ചിന്താധാരകളെയും ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ജാമിഅത്തുല്‍ ഫലാഹ്. രാജ്യത്തെ വിവിധ സംഘടനകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഉലമാക്കളുടെ പൂര്‍ണ സഹകരണവും ഇതിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ നവംബര്‍ മൂന്നാം വാരം നടന്ന സ്ഥാപനത്തിന്റെ മൂന്ന് ദിവസം നീണ്ട ആഘോഷപരിപാടികളില്‍ ഉടനീളം ഉലമാക്കളുടെ സാന്നിധ്യവും സഹകരണവും ദൃശ്യമായിരുന്നു; പ്രത്യേകിച്ച് നവംബര്‍ 16-ന് നടന്ന ഉലമ കണ്‍വെന്‍ഷനില്‍. അവരെല്ലാം ഏകസ്വരത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. സംഘടനാ താല്‍പര്യങ്ങള്‍ക്ക് ഉപരിയായി ഇസ്‌ലാമിന്റെ വിജയവും മുസ്‌ലിം സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസം നേരിടുന്ന അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ച് അവര്‍ പറഞ്ഞത്, ഇന്ത്യയിലെ മുസ്‌ലിം സമൂഹം ധീരതയോടെയും ആത്മവിശ്വാസത്തോടെയും അവയെ അഭിമുഖീകരിക്കാന്‍ തയാറാവണമെന്നാണ്. ഇസ്‌ലാമിക വിജ്ഞാനിയങ്ങളെയും ആധുനിക വിജ്ഞാനീയങ്ങളെയും സമന്വയിപ്പിക്കാന്‍ അവര്‍ മുന്നോട്ട് വരണം. എങ്കിലേ ഇരു മേഖലകളിലുമുള്ള വെല്ലുവിളികളെ നേരിടാന്‍ അവര്‍ പ്രാപ്തരാവൂ.
ജാമിഅത്തുല്‍ ഫലാഹിന്റെ സ്ഥാപകരില്‍ മിക്കവരും രക്ഷിതാവിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞിരിക്കുന്നു. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നത് കണ്ട് അവര്‍ മറു ലോകത്ത് നിര്‍വൃതി കൊള്ളുന്നുണ്ടാവണം. ജാമിഅയുടെ നിലവിലെ ഭാരവാഹികള്‍ വളരെ ആവേശത്തോടെ അതിനെ പുരോഗതിയുടെ പാതയിലൂടെ നയിക്കാന്‍ പ്രതിജ്ഞയെടുത്തവരാണ്. സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ ആ പ്രതിബദ്ധതയും ആവേശവും നന്നായി കാണാനുണ്ടായിരുന്നു. എങ്കിലും ചില പ്രോഗ്രാമുകള്‍ കൂടി അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടായിരുന്നു എന്ന് തോന്നി. ഇതൊന്നും പക്ഷേ ആഘോഷ പരിപാടികളുടെ ശോഭ കെടുത്തുന്നില്ല. രാജ്യത്തിലെ തന്നെ ഒരു പ്രധാന സ്ഥാപനമായി ഇത് ഉയര്‍ന്ന് വരുമെന്ന് തന്നെ നാം പ്രതീക്ഷിക്കുന്നു, ഇന്‍ശാ അല്ലാഹ്..

വിവ: അശ്‌റഫ് കീഴുപറമ്പ്

 

Related Articles