Views

ശ്രദ്ധേയമായ വ്യത്യസ്തതകള്‍ പുലര്‍ത്തിയ രണ്ട് രാഷ്ട്രങ്ങള്‍

കൊറോണയെ നേരിടുന്നതില്‍ ലോകത്ത് രണ്ട് രാഷ്ട്രങ്ങള്‍ ശ്രദ്ധേയമായ വ്യത്യസ്തതകള്‍ പുലര്‍ത്തി. തുര്‍ക്കിയും ഖത്തറുമാണത്. ഈ രണ്ടു രാജ്യങ്ങളുടെയും പ്രത്യേകത അവര്‍ സ്വീകരിച്ച നിലപാടുകളിലെ ധാര്‍മികതയും മാനുഷിക മൂല്യങ്ങളുമായിരുന്നു. കൊറോണയെ അവര്‍ ഒരിക്കലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയതേയില്ല. തുര്‍ക്കിയെ നോക്കൂ. യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതുവെ പബ്ലിക് ഹെല്‍ത്ത് സെക്റ്റര്‍ മുഴുവന്‍ സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തവരാണ്. അതുകൊണ്ട് കൊറോണ വന്നപ്പോള്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലകപ്പെട്ടു സര്‍ക്കാറുകള്‍. സ്വകാര്യ മേഖലയിലെ സര്‍വീസാകട്ടെ വളരെ ദുര്‍ബലമായിരുന്നു.

അതേയവസരം ഉര്‍ദുഗാന്‍റെ തുര്‍ക്കി കഴിഞ്ഞ രണ്ട് ദശകങ്ങളായി ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്ന മേഖലയാണ് ഹെല്‍ത്ത് സെക്റ്റര്‍. പൗരന്മാരുടെ ആരോഗ്യത്തിന് വലിയ പ്രാധാന്യമാണ് തുര്‍ക്കി നല്‍കിപ്പോന്നത്. ശക്തമായ പൊതുമേഖലാ സംരംഭങ്ങള്‍ ആരോഗ്യ മേഖലയില്‍ തുര്‍ക്കി ഗവണ്‍മെന്‍റിനുണ്ട്. അതവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ പ്രയോജനപ്പെട്ടു. കൊറോണയുടെ തുടക്കത്തില്‍ തന്നെ, രോഗം പിടിപെടാന്‍ കൂടുതൽ സാധ്യതയുള്ള പ്രായമേറിയവരെയാണ് തുര്‍ക്കി ഏറ്റവും കൂടുതല്‍ പരിഗണിച്ചത്. ഇറ്റലി പോലുള്ള രാജ്യങ്ങള്‍ രാജ്യത്തിന് ഭാവിയില്‍ വേണ്ടത് യുവാക്കളെയാണ് എന്ന കാഴ്ചപ്പാടോടു കൂടി പ്രായമേറിയവരെ മരിക്കാന്‍ വിടുകയും ചികിത്സയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ നിലപാട് സീകരിച്ചപ്പോള്‍ തുര്‍ക്കി പ്രായമേറിയവര്‍ക്ക് വലിയ പ്രാധാന്യം കൊടുത്തു. അവരോട് കര്‍ശനമായും വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അവരുടെ വാര്‍ധക്യപെന്‍ഷന്‍ 160 ഡോളറില്‍ നിന്ന് 250 ഡോളറാക്കി ഉയര്‍ത്തി. ഇത് കൊറോണയുടെ വ്യാപനത്തെ നല്ലൊരളവോളം തടഞ്ഞു.

Also read: തഹജ്ജുദിലൂടെ നേടുന്ന നാല് കാര്യങ്ങള്‍

അതേപോലെ മുന്‍പിന്‍ നോക്കാത്ത ലോക്ഡൗണല്ല തുര്‍ക്കി ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരാത്ത വിധം അവരുടെ വീടുകളില്‍ തന്നെ അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാന്‍ സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്. കുറഞ്ഞ വേതനക്കാരെ ലക്ഷ്യമിട്ടു കൊണ്ട് 100 കോടി ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു. പൊതു സമൂഹത്തില്‍ സാമൂഹിക സേവനം നടത്തി വരുന്ന സ്ഥാപനങ്ങള്‍ക്കും ചാരിറ്റി സംഘടനകള്‍ക്കും വേണ്ടി 282 മില്ല്യന്‍ ഡോളര്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയില്‍ കൊറോണയെ നേരിടാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സ്പെഷ്യല്‍ അലവന്‍സ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സെക്ടറില്‍ 32,000 പേരെ പുതുതായി നിയമിച്ചു. ഇതുപോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് തുര്‍ക്കി ഗവണ്‍മെന്‍റ് കൊറോണയെ നേരിട്ടത്.

ഖത്തറാവട്ടെ, കൊറോണയുടെ ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ അമീറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം 7500 കോടി റിയാലിന്‍റെ ആനുകൂല്യങ്ങളാണ് പൗരന്മാര്‍ക്കും വിദേശികള്‍ക്കുമായി പ്രഖ്യാപിച്ചത്. ആറ് മാസത്തേക്ക് വാട്ടര്‍, ഇലക്ട്രിസിറ്റി ചാര്‍ജ്ജ് പൂര്‍ണമായും ഒഴിവാക്കി. ചെറുകിട കച്ചവടക്കാര്‍ക്ക് അടുത്ത ആറു മാസത്തേക്ക് വാടക പൂര്‍ണമായും ഒഴിവാക്കി. ഇതില്‍ സ്വദേശി, വിദേശി വ്യത്യാസം പുലര്‍ത്തിയില്ല. രോഗം ബാധിച്ചവരുടെ കണക്ക് വെളിപ്പെടുത്തുമ്പോള്‍ പോലും അവരുടെ നേഷനാലിറ്റി പറഞ്ഞില്ല. എല്ലാ രാജ്യക്കാരും തങ്ങള്‍ക്ക് സമമാണ് എന്നായിരുന്നു ഇതു സംബന്ധിച്ച് ഗവണ്‍മെന്‍റിന്‍റെ വിശദീകരണം.

നിരീക്ഷണത്തിലുള്ളവർക്ക് പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കി. ഇന്‍റസ്ട്രിയല്‍ ഏരിയ അടക്കേണ്ടി വന്നപ്പോള്‍ അവിടങ്ങളിലുള്ള വിദേശികള്‍ക്ക് മുഴുവനും ഭക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ചെയ്തു. സ്വന്തം രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ചൈന, ഫിലസ്തീന്‍ പോലുള്ള രാജ്യങ്ങള്‍ക്ക് കൊറോണയെ നേരിടാന്‍ ബില്ല്യന്‍ കണക്കിന് ഡോളറുകള്‍ നല്‍കി.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം-2

ഈ രണ്ട് രാഷ്ട്രങ്ങളും അവരുടെ നടപടിക്രമങ്ങളില്‍ പുലര്‍ത്തിയ ധാര്‍മികത അവര്‍ക്ക് ഗുണം ചെയ്തു എന്ന് കാണാം. അതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യൂറോപ്പില്‍ വിരലിലെണ്ണാവുന്ന കൊറോണ കേസുകള്‍ മാത്രമാണ് തുര്‍ക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഖത്തറില്‍ 500 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെയും ഒരാൾ മാത്രമാണ് മരണപ്പെട്ടത്. നടപടികളിലും നിലപാടുകളിലും മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഭൂമിയില്‍ നിന്നു മാത്രമല്ല, ആകാശത്തു നിന്നും സഹായങ്ങളുണ്ടാവുകതന്നെ ചെയ്യും.

Facebook Comments
Related Articles
Show More

ഡോ. അബ്ദുസ്സലാം അഹ്മദ്

അബ്ദുസ്സലാം അഹ്മദ് 1962 മെയ് 31 ന് മലപ്പുറം ജില്ലയിലെ ശാന്തിനഗറില്‍ ജനിച്ചു. ഇസ്‌ലാമിയ കോളേജ് കുറ്റിയാടി, അലിഗഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. കാലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം സ്ത്രീ ഇസ്‌ലാമിക സമൂഹത്തില്‍, അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നീ പുസ്തകങ്ങള്‍ രചിക്കുകയും യാത്രാമൊഴി, ഫലസ്തീന്‍ പ്രശ്‌നം, ഇസ്‌ലാമിക പ്രസ്ഥാനം മുന്‍ഗണനാ ക്രമം, മുസ്‌ലിംങ്ങളും ആഗോളവല്‍കരണവും, മുസ്‌ലിം ഐക്യം സാധുതയും സാധ്യതയും, ലാ ഇലാഹ ഇല്ലല്ലാഹ്, സലഫിസത്തിന്റെ സമീപനം, വിമര്‍ശിക്കപ്പെടുന്ന മൗദൂദി, പ്രബോധനവും പ്രതിരോധവും ഇന്ത്യന്‍ സാഹചര്യത്തില്‍ എന്നീ പുസ്തകങ്ങളുടെ വിവര്‍ത്തനവും നിര്‍വ്വഹിച്ചിട്ടുണ്ട്. നിലവില്‍ മീഡിയ വണ്‍ ചാനലിന്റെ സി.ഇ.ഒ ആയി സേവനമനുഷ്ഠിക്കുന്നു.
Close
Close