Vazhivilakk

ആത്മ വീര്യം വീണ്ടെടുക്കുക

ഇസ്‌ലാമിന് ഭൂമിയിലെ ആദ്യ മനുഷ്യനോളം പഴക്കമുണ്ട് എന്നാണു വിശ്വാസം. മനുഷ്യന്‍ ഉണ്ടായ അന്ന് മുതല്‍ തന്നെ പിശാചുമുണ്ട്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘട്ടനം അന്നുതന്നെ തുടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിന്റെ അപ്പുറത്ത് എന്നും ജാഹിലിയ്യത് നിലനില്‍ക്കും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെതിരെ നടക്കുന്ന ഒന്നും നമ്മെ ഭയപ്പെടുത്തുന്നില്ല. അതൊരു അനിവാര്യതയായി വിശ്വാസികള്‍ മനസ്സിലാക്കുന്നു. പ്രവാചക കാലത്തെ ഇത്തരം സംഘട്ടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആ കാലത്തെ പ്രവാചകന്മാരായിരുന്നു. അതിനു ശേഷം അത് മൊത്തം സമുദായം ഏറ്റടുത്തു. എതിര്‍പ്പുകളില്ലാത്ത ഒരു കാലത്തെ കുറിച്ച് ഇസ്‌ലാം ഒരിക്കലും വിഭാവന നടത്തുന്നില്ല. പകരം വിശ്വാസികള്‍ എന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും എന്നതാണു ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

ഒരു സമുദായം തകര്‍ന്നു പോകുന്നത് അവരുടെ ആത്മ വീര്യം തകര്‍ന്നു പോകുമ്പോഴാണ്. അതുകൊണ്ട് തന്നെയാണ് ഖുര്‍ആന്‍ നല്ല ഭാഷണം എന്ന് പറഞ്ഞപ്പോള്‍, അല്ലാഹുവിലേക്ക് വിളിക്കുക എന്നിട്ട് ഞാന്‍ മുസ്‌ലിംകളില്‍പ്പെട്ടവന്‍ തന്നെയാണ് എന്ന് പറയുന്നതിനേക്കാള്‍ നല്ല ഭാഷണമില്ല എന്ന് പറഞ്ഞത്. പ്രവാചകന്മാരുടെ കാലത്ത് ഒരേ സമയത്ത് പല കോണുകളില്‍ നിന്നും പലവിധ ആക്രമണങ്ങള്‍ കടന്നുവരുമായിരുന്നു, അതുണ്ടാവില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞില്ല. പകരം അത്തരം ആക്രമങ്ങളെ നേരിടാന്‍ മാനസികവും വൈജ്ഞാനികവുമായ കരുത്തു നേടണമെന്ന് വിശ്വാസികളെ ഉണര്‍ത്തി.

ഞാന്‍ വിശ്വാസിയാണ് എന്ന് ഉറക്കെ പറയാനുള്ള മാനസിക കരുത്താണ് വിശ്വാസികള്‍ നേടേണ്ടത്. ഇസ്‌ലാമോഫോബിയ എന്നതു ഇന്നൊരു സാധാരണ പ്രയോഗമായി മാറിയിരിക്കുന്നു. ഇസ്‌ലാമിനെ കുറിച്ച് ഭയപ്പെടുത്തുക എന്നതാണ് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം. പടിഞ്ഞാറില്‍ നിന്നാണ് ആ പ്രയോഗം കടന്നു വന്നത്. മുസ്‌ലിം ചെറുപ്പക്കാര്‍ മതത്തോടു കൂട്ടമായി വിട പറയുന്നു എന്നൊരു പ്രചരണം ഇന്ന് പലരും പരത്താന്‍ ശ്രമിക്കുന്നു. കേരളത്തിലും അറബു നാടുകളിലും അത്തരം പ്രവണത കൂടുതലാണ് എന്ന രീതിയില്‍ പ്രചാരണം ചൂട് പിടിക്കുന്നു. പുതിയ കാലത്ത് മതങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു എന്ന രീതിയിലും സന്ദേശങ്ങള്‍ വരുന്നു. ശാസ്ത്ര വളര്‍ച്ചയില്ലാത്ത കാലത്തെ പ്രതിഭാസമാണ് മതവും വിശ്വാസവും എന്നതാണ് അവര്‍ പറഞ്ഞു വരുന്നത്. അന്നുവരെയുണ്ടായിരുന്ന ധാരണകള്‍ക്ക് പകരം എന്തിനും ഉത്തരം നല്‍കാന്‍ കഴിയുന്ന ശാസ്ത്രം നിലവില്‍ വന്നതോടെ മതവും ദൈവവും രംഗത്ത് നിന്നും പിന്മാറേണ്ടി വന്നു എന്നും അവര്‍ പറഞ്ഞു പരത്തുന്നു.

വാസ്തവത്തില്‍ തെറ്റായ സമീപന രീതി എന്ന് വേണം അതിനെ പറയാന്‍. ദൈവനിഷേധ പ്രവണത പുതിയ കണ്ടു പിടുത്തമല്ല. ദൈവത്തെ കുറിച്ച് മൂസയോട് ഫറോവ ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്ലാ കാലത്തെ പ്രവാചകരും അത്തരം ആളുകളെ നേരിട്ടിട്ടുണ്ട്. വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം നല്‍കുക എന്നതാണ് അക്കാലത്ത് പ്രവാചകര്‍ ചെയ്തത്. മുസ്‌ലിം സമുദായത്തിന് ആത്മ ധൈര്യം നല്‍കുക എന്നതു തന്നെയാണു ഇപ്പോഴത്തെ നേതൃത്വത്തിനും ചെയ്യാന്‍ കഴിയുന്ന മുഖ്യ കാര്യം. വിശ്വാസികളില്‍ നിന്നും ആത്മ വിശ്വാസം ചോര്‍ത്തിക്കളയുക എന്നതാണ് പ്രതിയോഗികള്‍ ആദ്യം ചെയ്യാറുള്ളത്. പ്രമാണങ്ങളുടെ തെറ്റായ വിശദീകരണങ്ങളിലൂടെ സമുദായത്തില്‍ അങ്കലാപ്പും തെറ്റിധാരണയും പകര്‍ത്തുന്നതില്‍ ശത്രു വിജയിച്ചിട്ടുണ്ട്. മുഖ്യ ശത്രുവിനെ മനസ്സിലാക്കാതെ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന സമുദായത്തില്‍ കടന്നു കൂടാന്‍ ശത്രുവിന് കൂടുതല്‍ പ്രയത്‌നിക്കേണ്ടി വന്നില്ല. ഞാന്‍ മുസ്‌ലിമാണ് എന്നുറക്കെ പറയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന മാനസിക നിലയിലേക്ക് വിശ്വാസികളെ ഉയര്‍ത്തി കൊണ്ട് വരാന്‍ ശ്രമിക്കുക എന്നതാണ് ഈ കാലത്തെ ഏറ്റവും വലിയ സമരം. അപകര്‍ഷതയുടെ കീഴില്‍ ജീവിക്കുന്ന കാലത്തോളം ഒരു ജനതയും അവരുടെ ജീവിത ലക്ഷ്യം കൈവരിക്കില്ല എന്ന സത്യമാണ് വിശ്വാസികള്‍ ആദ്യം തിരിച്ചറിയേണ്ടത്.

Facebook Comments
Show More

Related Articles

Close
Close