Current Date

Search
Close this search box.
Search
Close this search box.

മൗദൂദിയും ബോംബ് നിർമാണ ഫാക്ടറിയും

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്ത ഹക്കീം ഷംസുൽ ഹസൻ തൻറെ ഒരനുഭവം ഇങ്ങനെ വിവരിക്കുന്നു: സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുമായി നടന്ന ആദ്യത്തെ കൂടിക്കാഴ്ചക്ക് ശേഷം സ്വദേശമായ സഹാറംപൂരിൽ തിരിച്ചെത്തി. അപ്പോൾ അവിടത്തെ മസാഹിറുൽ ഉലൂം മദ്രസയിലെ മത പണ്ഡിതനായ മൗലവി ജമീൽ അഹ് മദിനെ കാണാനിടയായി. അദ്ദേഹം ഷംസുൽ ഹസൻറെ മുമ്പിൽ ഒരു ബോംബ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചു. ധാരാളം ബ്രിട്ടീഷുകാർ താമസിക്കുന്ന സഹാറംപൂരിൽ പെട്ടെന്ന് കലാപം അടിച്ചു വിടാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

എല്ലാം കേട്ടശേഷം ഷംസുൽ ഹസ്സൻ തനിക്ക് തൻറെ നേതാവിൻറെ അനുവാദം ആരായേണ്ടതുണ്ടെന്ന് മറുപടി നൽകി. തുടർന്ന് അതേക്കുറിച്ച് അഭിപ്രായം ചോദിച്ചുകൊണ്ട് സയ്യിദ് മൗദൂദിക്ക് കത്തയച്ചു. അതിന് അദ്ദേഹത്തിന് ലഭിച്ച മറുപടി നാലു രൂപയുടെ മണിയോർഡറായിരുന്നു. അന്ന് സഹാറംപൂരിൽ നിന്ന് ലാഹോറിലേക്കുള്ള തീവണ്ടിക്കൂലിയായിരുന്നു അത്. അതിൽ ആവശ്യപ്പെട്ട പ്രകാരം ശംസുൽ ഹസ്സൻ ലാഹോറിലെത്തി മൗദൂദിയുമായി സന്ധിച്ചു. ഷംസുൽ ഹസ്സനുമായുള്ള സുദീർഘമായ സംഭാഷണത്തിലൂടെ നിഗൂഢ പ്രവർത്തനങ്ങളും വിധ്വംസക ശ്രമങ്ങളും ഇസ്ലാം അനുവദിക്കുന്നില്ലെന്നും ജമാഅത്തെ ഇസ്ലാമി സ്ഥാപിതമായത് അത്തരം ഹിംസാത്മക പ്രവർത്തനങ്ങൾക്കല്ലെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

അറബ് നാടുകളിലെ ഒരു സംഘം ചെറുപ്പക്കാർ സായുധ ഗ്രൂപ്പുണ്ടാക്കി മർദ്ദക ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴും സയ്യിദ് മൗദൂദി അതിനൊട് ശക്തമായി വിയോജിച്ചു. ആത്മഹത്യാപരമായ അത്തരം എല്ലാ നിഗൂഢ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. തീവ്രവാദപരമായ നിലപാട് സ്വീകരിക്കുന്ന എല്ലാ സംഘങ്ങളുടെയും അന്ത്യം ആഭ്യന്തര കലാപങ്ങൾ കൊണ്ട് സ്വയം നശിക്കലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അതുകൊണ്ടുതന്നെയാണ് സയ്യിദ് മൗദൂദി രൂപംനൽകിയ സംഘടന ഏതു പ്രതിസന്ധി ഘട്ടത്തിലും ക്ഷമയുടെയും സഹനത്തിൻറെയും വിട്ടുവീഴ്ചയുടെയും സമാധാനപരമായ നിലപാട് സ്വീകരിച്ചു പോന്നത്.

Related Articles