Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: പ്രത്യാശയുടെ വിശുദ്ധ മുനമ്പ്

gaza.jpg

അയ്മന്‍ മസ്ഊദിന്റെ വരവ് പ്രതീക്ഷിച്ച് ഗ്രാന്റ് പിരമിഡ് ഹോട്ടലിലിരിക്കുമ്പോള്‍  പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ ഞങ്ങളുടെ മുഖങ്ങളില്‍ മറച്ചുവെക്കാനാകാത്തവണ്ണം പ്രകടമായിരുന്നു. ഗസ്സയിലേക്കുള്ള യാത്ര നടക്കാതെ പോകുമോയെന്ന ആശങ്ക ശക്തമായിരിക്കുന്നു. ഇന്‍ശാ അല്ലാഹ്, നിങ്ങള്‍ ഗസ്സയില്‍ എത്തുക തന്നെ ചെയ്യും എന്നുറപ്പ് നല്‍കിയിട്ടാണ് അയ്മന്‍ പിരിഞ്ഞത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തെ കണ്ടതുമുതല്‍ കേട്ടുതുടങ്ങിയതാണ് ആ വാക്കുകള്‍. ഞായറാഴ്ച വൈകിയിട്ടും അനുവാദം ലഭിച്ചതിന്റെ വിവരമൊന്നുമില്ല. വന്ന കോളാകാട്ടെ ‘ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓഫീസിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ. ഞാന്‍ കുറച്ച് സമയത്തിനുള്ളില്‍ അവിടേക്ക് എത്തും’ എന്നതും. ശരിയായോ എന്ന ചോദ്യത്തിന് ഇന്‍ശാ അല്ലാഹ് എന്ന മറുപടി. അവിടെ തീര്‍ന്നു സംഭാഷണം. അയ്മന്റെ ഇന്‍ശാ അല്ലാഹുവിന് നികുതി വെക്കേണ്ടിവരുമെന്ന കമന്റിലൂടെ ഉള്ളില്‍ ഘനീഭവിച്ച ആശങ്ക ദാവൂദ് പുറത്തേക്കിട്ടു. ‘നാളെ രാവിലെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗസ്സ സന്ദര്‍ശനം സ്വപ്നം മാത്രമായിത്തീരും’ എന്ന ശഹീനിന്റെ ഉറക്കെയുള്ള ആത്മഗതത്തോടുകൂടി ഇച്ഛാഭംഗത്തിന്റെ ആഴം വര്‍ദ്ധിച്ചു. ഈജിപ്തിലേക്ക് വന്നത് തന്നെ ഗസ്സയിലേക്ക് പോകാന്‍ വേണ്ടിയാണ്. ബുധനാഴ്ച രാത്രി മടങ്ങാനുള്ള വിമാന ടിക്കറ്റുകള്‍ എല്ലാവരുടേയും ബാഗില്‍  വിശ്രമംകൊള്ളുകയാണ്. ‘ഗസ്സയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ രാവിലെ റഫാ അതിര്‍ത്തിയിലേക്ക് പോകും. ബാക്കി കാര്യങ്ങള്‍ അവിടെയത്തിയിട്ട്’. ആ തീരുമാനത്തില്‍ അയ്മനേയും കാത്ത് ഞങ്ങളിരുന്നു. പ്രത്യാശ അവസാനിച്ച മട്ടില്‍.

അയ്മന്‍ മസ്ഊദ് ഖുദ്‌സ് ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്റ്ററാണ്. ഫലസ്തീനിയാണങ്കിലും ബൈറൂത്തിലാണ് താമസം. ഉന്നത വിദ്യാഭ്യാസം ബാംഗ്ലൂരിലായതിനാല്‍ ഇന്ത്യയെക്കുറിച്ചും കേരളത്തെകുറിച്ചും നന്നായി അറിയാം. പഠിക്കുന്ന കാലത്ത് അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ടത്രെ. വീണ്ടും ഇന്ത്യയില്‍ വരാനും പഴയ ബന്ധങ്ങള്‍ പുതുക്കാനും ആഗ്രഹിക്കുന്നുണ്ടദ്ദേഹം. ജറുസലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് എഴുപതിലധികം രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന, അതത് രാജ്യങ്ങളിലെ ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും അണി ചേര്‍ന്നിട്ടുള്ള വലിയ പ്രസ്ഥാനമാണ്. ജറൂസലേമിലുള്ള മുസ്‌ലിം-ക്രിസ്ത്യന്‍ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണവും ഫലസ്തീന്‍ ജനതക്കുവേണ്ടി അന്തര്‍ദേശീയ സമൂഹത്തിന്റെ പിന്തുണയാര്‍ജ്ജിക്കുന്നതിനുള്ള ശ്രമങ്ങളുമാണ് അവരുടെ പ്രധാന പ്രവര്‍ത്തന പരിപാടികള്‍. ജറൂസലേമിന്റെ പ്രാധാന്യവും ഇസ്രയേല്‍ അവിടെ നടത്തുന്ന നീചപ്രവര്‍ത്തനങ്ങളുടെ വസ്തുതകളും പ്രചരിപ്പിക്കുന്നതിനുവേണ്ടി വൈജ്ഞാനികവും സാംസ്‌കാരികവുമായ പരിപാടികള്‍ വിവിധ ദേശങ്ങളില്‍ അവര്‍ നിരന്തരം സംഘടിപ്പിക്കുന്നുണ്ട്. ലിബറലുകളും വിവിധ ദേശക്കാരും ഒത്തുചേര്‍ന്ന് നടക്കുന്ന ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നതില്‍ വിറളിപൂണ്ട  ഇസ്രയേല്‍ ഭരണകൂടം ജറൂസലേമിലെ ഓഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ ബൈറൂത്തിലെ വര്‍ക്കിംഗ് ഓഫീസാണ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം.

ഗസ്സക്കുമേല്‍ ഇസ്രയേല്‍ നടപ്പാക്കിയ ശക്തമായ ഉപരോധത്തെ തകര്‍ത്ത  2008-ലെ ഫ്രീ ഗസ്സ മൂവ്‌മെന്റ് ലണ്ടനില്‍ രൂപപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലണ്ടന്‍ ശാഖയായിരുന്നു. ഇവോണ്‍ റിഡ്‌ലിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ഭാര്യ സഹോദരി ലോറന്‍ ബൂത്തും നയിച്ച ആ വിദേശ സംഘമായിരുന്നു നാല്‍പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി കടല്‍ മാര്‍ഗം ഗസ്സയുടെ മണ്ണില്‍ കാലുകുത്തിയത്. ഇസ്രയേലും ഈജ്പ്തും കൂടി കരയും കടലും അടച്ച് നരകയാതന സമ്മാനിച്ച ഗസ്സക്ക് തുറസ്സിന്റെ വാതായനങ്ങള്‍ തുറന്നത് ഇസ്‌ലാം ആശ്ലേഷിച്ച രണ്ട് യൂറോപ്യന്‍ വനിതകളുടെ ധീരമായ നേതൃത്വമായിരുന്നുവെന്നത് എത്രപേര്‍ക്കറിയാം! അറബ് ശൈഖുമാര്‍ അധികാര സോപാനങ്ങളില്‍ നിശബ്ദരായി കണ്ണടച്ചിരുന്ന കാലത്താണവര്‍ ആ സാഹസത്തിന് ഖുദ്‌സ്  പ്രവര്‍ത്തകരോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. ചേതോഹരമായ ആ യാത്ര റിഡ്‌ലിയുടെ സംവിധാന മികവില്‍ ‘ടു ഗസ്സ വിത്ത് ലൗ’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. 2009 ലണ്ടന്‍ ഫിലിം ഫെസ്‌ററിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള നോമിനേഷനില്‍ അത് ഇടം പിടിച്ചിരുന്നു. ഇസ്രയേല്‍ ഭീകരതയാല്‍ എട്ട് രക്തസാക്ഷികളെ സമര്‍പ്പിച്ച തുര്‍ക്കിയില്‍ നിന്നുള്ള ഫ്രീഡം ഫ്‌ളോട്ടിലയും കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്ത ഏഷ്യ ടു ഗസ്സ കാരവാന്‍ അടക്കം വിവിധ സഹായ യാത്രാ സംഘങ്ങളുടെ പുറപ്പാടുകളുടെ പ്രചോദനം ആ യാത്രയായിരുന്നു. അങ്ങിനെ, ഗസ്സക്കുമേല്‍ ഇസ്രയേലിന്റെ ഉപരോധം ദുര്‍ബലമാക്കിയതിന്റെ ചരിത്രപരമായ തുടക്കമായിത്തീര്‍ന്നു അവരുടെ ധീരമായ ഇടപടല്‍.  

ഗ്രാന്റ് പിരമിഡ് ഹോട്ടലിന്റെ റിസപ്ഷനില്‍ രാവിലെയും വൈകുന്നേരത്തേയും ഇരുത്തം ഗസ്സയെ ഓര്‍മപ്പെടുത്തികൊണ്ടേയിരിക്കും. ആ സമയങ്ങളില്‍ ഗസ്സയിലേക്ക് പുറപ്പെടുന്നതോ തിരിച്ചുവന്നതോ ആയ സഹായ സംഘങ്ങളുടെ ബഹളത്തിന് നാം സാക്ഷികളാകും. ഏത് സംഘത്തോടും ഗസ്സയിലേക്ക് പോകാന്‍ വന്ന ഇന്ത്യക്കാരാണന്ന് പരിചയപ്പെടുത്തുന്നതോടെ നാം അവരുടെ ഉറ്റവരായിത്തീരും. സ്‌നേഹം കൊണ്ട് കെട്ടിപ്പിടിക്കും. അഹ്ലദാത്തോടെ സ്ത്രീകള്‍ അടുത്തുവന്ന് സംസാരിക്കും. അപരിചിതത്വം അലിഞ്ഞലിഞ്ഞില്ലാതാകും. ദീര്‍ഘകാല വേര്‍പ്പാടിനുശേഷം ആക്‌സിമകമായി കണ്ടുമുട്ടിയ സാഹോദര്യത്തിന്റെ ആനന്ദം ഉയിര്‍കൊള്ളുന്നത് അനുഭവിക്കാനാകും. പോകുന്നവരുടെ മുഖങ്ങള്‍ക്ക് ആകാംഷയുടെ ഛായയാണങ്കില്‍ തിരിച്ചുവരുന്നത് അഹ്ലാദത്തിന്റെ കഫിയകള്‍ അണിഞ്ഞാണ്. സഹതാപത്തിന്റേയോ സങ്കടത്തിന്റേയോ ഒരു പൊട്ട് പോലും ആരിലും കാണുന്നില്ലായെന്നത് വിസ്മയകരമാണ്.  യുദ്ധവും ഉപരോധവും ദുരന്തം നിറച്ച ആ പോരാട്ട ഭൂമി എന്ത് ദിവ്യാഔഷധം കൊണ്ടാണ് സന്ദര്‍ശകരുടെ ഹൃദയങ്ങളെ അഹ്ലാദഭരിതമാക്കുന്നത്? ഗസ്സയിലേക്കെത്തുന്നതിനു മുന്‍പേ അതിലേക്കുള്ള ഉത്തരസൂചിക യൂറോപ്യന്‍ സംഘത്തില്‍ വന്ന വൃദ്ധനായ ഫലസ്തീനി പകര്‍ന്നുതന്നു. അതിനെ ഇങ്ങനെ ചുരുക്കി വായിക്കാം.

‘ദേശമെന്നത് ഭൂതവും ജീവിതവും സംസ്‌കാരവും ആദര്‍ശവും കുടിപ്പകകളും പ്രണയവും തുടങ്ങി അനേകായിരം വേരുകള്‍ ആഴ്ന്നിറങ്ങിയ മണ്ണിന്റെ പേരാണ്. ദേശത്തിന് അനേകായിരം അര്‍ഥമുണ്ട്, ഭാവങ്ങളും. നഷ്ടപ്പെടുന്നതുവരെ നമുക്കത് മനസ്സിലാകില്ല. ആട്ടിയോടിക്കപ്പെട്ടവന്റെ നൊമ്പരം പ്രവാസിയുടേതില്‍ നിന്ന് ഏറെ വിഭിന്നമാണ്. പ്രവാസിക്ക് തന്നെ നാട് സ്വന്തമാണ്. തിരിച്ചുവരാമെന്ന് പ്രത്യാശയുണ്ട്. അഭയാര്‍ഥിയെന്നത് പ്രത്യാശ നശിച്ചവന്റെ, ഊരും പേരും നഷ്ടമായവന്റെ വിളിപ്പേരാണ്. ജീവകോശങ്ങള്‍ കിളിര്‍ക്കുന്നത് ദേശത്തിന്റെ വേരുകളില്‍ നിന്നാണ്. അവ നമ്മെ വിളിക്കുന്നത് ബാല്യകാല ഓര്‍മകളിലേക്കല്ല നൂറ്റാണ്ടുകളോളം ചെന്ന് നില്‍ക്കുന്ന ജൈവ ബന്ധങ്ങളിലേക്കാണ്. എന്റെ മണ്ണ് തിരിച്ചുകിട്ടില്ലെന്നറിയുന്നതോടെ ജൈവകോശങ്ങളും മണ്ണും തമ്മില്‍ ചേര്‍ന്ന മുഴുവന്‍ വേരുകളും പൊട്ടി രക്തം കിനിഞ്ഞുകൊണ്ടിരിക്കും; ഒരിക്കലും ഉണങ്ങാതെ. നമ്മുടെ ആയുസ്സുകൊണ്ട് തീരുന്നതല്ല ആ വേദന. അത് നമ്മുടെ മക്കളിലേക്ക്.. പിന്നെ അടുത്ത തലമുറകളിലേക്ക് കൈമാറികൊണ്ടിരിക്കും. ഇസ്രയേല്‍ അധിനിവേശത്തില്‍ നഷ്ടപ്പെട്ടത് ഭൂമി മാത്രമായിരുന്നില്ല. ഞങ്ങളുടെ പിതാക്കളേയും പിതാമഹന്‍മാരേയും മക്കളേയും പേരക്കുട്ടികളേയുമാണ്. ഖുദ്‌സിന്റെ പുലരി കണികണ്ടുണരുന്ന ബാല്യം ഫലസ്തീനികള്‍ക്ക് തിരിച്ചുവരുമെന്ന് ഗസ്സ ബോധ്യപ്പെടുത്തിയതിന്റെ അഹ്ലാദമാണ് വൃദ്ധരും കുട്ടികളും യുവാക്കളും യുവതികളുമെല്ലാം ചേര്‍ന്ന ആ സംഘം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഒരു നൂറ്റാണ്ടിനടുത്തായി നിരാശ ബാധിച്ച ജനതക്ക് പ്രത്യാശയുടെ വിശുദ്ധ മുനമ്പാണ് ഗസ്സയെന്ന് ഓരോ സംഘങ്ങളുടെ ആഹ്ലാദ പ്രകടനങ്ങളും ഞങ്ങളെ ബോധ്യപ്പെടുത്തികൊണ്ടേയിരുന്നു. അവരുടെ സ്വപ്നങ്ങളെയാണ് ഗസ്സ രക്തം നല്‍കി നട്ടുവളര്‍ത്തുന്നത്. അവരുടെ പ്രത്യാശയെയാണ് ശഹാദത്തുകൊണ്ടവര്‍ സംരക്ഷിക്കുന്നത്. ഞാന്‍ ഗസ്സയിലെത്തിയതോടെ എനിക്ക് ബോധ്യമായിരിക്കുന്നു ഗസ്സ മറ്റൊരു ലോകം തന്നെയാണ്. ശൈഖ് ഇസ്മായില്‍ ഹനിയയുടെ പ്രഭാഷണം ശ്രവിച്ച ശേഷം ഞാന്‍ മനസ്സിലാക്കുന്നു ഖുദ്‌സ് മോചിതമാകുമെന്ന്.’ ഒരു പക്ഷെ എന്റെ ജീവിതകാലത്തുത്തന്നെ ഞാനത് കാണും. ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിട്ടും  ഖുദ്‌സില്‍ വീണ്ടും ജീവിക്കാനാകുമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത മോഹം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന്, വീണ്ടും സ്വപ്നം നെയ്യാന്‍ കരുത്ത് ലഭിച്ചതിന്റെ സാന്തോഷാധിക്യം ആ മുഖത്ത് തിരതല്ലുകയാണ്. ഇന്നലെ ഈ ഹോട്ടലില്‍ ഖാലിദ് മിശ്അലുണ്ടായിരുന്നുവെന്നും ഞങ്ങള്‍ സംസാരിച്ചുവെന്നും പറഞ്ഞതോടെ എല്ലാവരും ചുറ്റും കൂടി. മിശ്അലിനെ ഒരിക്കലും കാണാത്തവരാണവര്‍. ഹമാസുമായി സംഘടനാ ബന്ധമില്ലാത്തവരായിട്ടും നേതൃത്വത്തോട് അനുരാഗാത്മകമായ ബന്ധം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നതിന്റെ എല്ലാ ആവേശവും സിരകളിലേക്ക് പകര്‍ത്തിത്തന്നു അവര്‍.
 
സാമൂഹിക ഉന്‍മൂലനത്തിന്(sociocide) വിധിക്കപ്പെട്ട് വേരറ്റുപോയവന്റെ പുത്തന്‍ പ്രത്യാശയായ ഗസ്സ കാണാതെ തിരിച്ചുപോരുന്നതിന്റെ നഷ്ടം ഉള്‍കൊള്ളാനാകാതെ, പ്രാര്‍ഥനാഭാവത്തോടെ ഇരിക്കുന്നിടത്തേക്ക് അയ്മന്‍ വന്നു പറഞ്ഞു. അല്‍ഹംദുലില്ലാഹ്… നിങ്ങള്‍ക്കുള്ള പെര്‍മിഷന്‍ ശരിയായിരിക്കുന്നു. പറഞ്ഞറിയിക്കാനാകാത്ത ആനന്ദതിരേകത്താല്‍ അയ്മനെ ഗാഢാലിംഗനം ചെയ്ത് ആഹ്ലാദത്തോടെ ഞങ്ങള്‍ ഖുദ്‌സ് ഓഫീസിലേക്ക് യാത്രത്തിരിച്ചു.

യാത്രാവിവരണം – ഭാഗം 2

Related Articles