Current Date

Search
Close this search box.
Search
Close this search box.

ഉസ്താദ് മൗദൂദിയുടെ മരണവും ലാഹോര്‍ യാത്രയും

Moududi.gif

പ്രമുഖ ഇസ്‌ലാമിക പ്രബോധകനും പരിഷ്‌കര്‍ത്താവുമായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ മരണവാര്‍ത്ത അറിയിച്ചു കൊണ്ടായിരുന്നു 1979 സെപ്റ്റംബര്‍ 22ലെ പത്ര മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്. അവിഭക്ത ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവായിരുന്ന അദ്ദേഹം അറിയപ്പെടുന്ന പരിഷ്‌കര്‍ത്താവും ഇസ്‌ലാമിസ്റ്റുമാണ്. നിരവധി ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത വലിയൊരു രചയിതാവ് കൂടിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക ധൈഷണിക രംഗത്തും ആധുനിക ഇസ്‌ലാമിക പ്രബോധന രംഗത്തും ശ്രദ്ധേയമായ ഒട്ടേറെ സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

മുസ്‌ലിം ലോകത്തെ പണ്ഡിതന്‍മാരും പ്രബോധകരും ചിന്തകരും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരും ദുഖത്തോടെയും വേദനയോടെയുമായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഉള്‍ക്കൊണ്ടത് എന്നതില്‍ അത്ഭുതമില്ല. വേറിട്ട ഒരു പണ്ഡിതനെയാണവര്‍ക്ക് നഷ്ടമായത്. അറബികളും അനറബികളുമായ മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തെ ഉപയോഗപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ അറബിയടക്കമുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

മഹാപണ്ഡിതന്‍മാരുടെ വിയോഗം മുസ്‌ലിം സമൂഹത്തിന്റെ ഒരു വിപത്തായിട്ട് തന്നെയാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ചും അവര്‍ നിരന്തരം ജീവിതത്തെയും സമൂഹത്തെയും സ്വാധീനിക്കുന്നവരും പകരം വെക്കാനില്ലാത്തവരുമാകുമ്പോള്‍.

”ജനങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് ഒറ്റയടിക്ക് വിജ്ഞാനത്തെ അല്ലാഹു ഊരിയെടുക്കുകയില്ല. മറിച്ച് പണ്ഡിതന്‍മാരെ പിടികൂടിയാണ് വിജ്ഞാനത്തെ പിടികൂടുക. അങ്ങനെ ജ്ഞാനികള്‍ ഇല്ലാതാകുമ്പോള്‍ ജനങ്ങള്‍ വിഡ്ഢികളെ നേതാക്കളാക്കുും, അവരോട് ചോദിക്കുകയും അവര്‍ അറിവില്ലാതെ ഫത്‌വ നല്‍കുകയും ചെയ്യും. അങ്ങനെ അവര്‍ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.” എന്ന് ബുഖാരിയും മുസ്‌ലിമും ചേര്‍ന്ന് റിപോര്‍ട്ട ചെയ്ത ഹദീസില്‍ കാണാം.

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”വിജ്ഞാനം ഉയര്‍ത്തപ്പെടുന്നതിന് മുമ്പ് നിങ്ങളത് നേടുക, അതിന്റെ ആളുകളുടെ (അറിവുള്ളവരുടെ) മരണത്തിലൂടെയാണത് ഉയര്‍ത്തുക.” ഒരു പണ്ഡിതന്‍ മരണപ്പെട്ടാല്‍ ഇസ്‌ലാമില്‍ ഒരു വിടവുണ്ടാകുന്നു, അദ്ദേഹത്തിന്റെ പിന്‍ഗാമിയല്ലാതെ അത് നികത്തുകയില്ലെന്ന് അമീറുല്‍ മുഅ്മിനീന്‍ അലി(റ) പറഞ്ഞത് ശ്രദ്ധേയമാണ്.

ഒരു പണ്ഡിതന്റെ മരണത്തെ അപേക്ഷിച്ച് ഒരു ഗോത്രത്തിന്റെ മരണം നിസ്സാരമാണെന്ന് പറയാറുണ്ട്. ഉമര്‍(റ) ഒരിക്കല്‍ പറഞ്ഞു: രാത്രി നിന്ന് നമസ്‌കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന ആയിരം ആബിദുകളുടെ മരണം അല്ലാഹുവിന്റെ വിധി വിലക്കുകളെ കുറിച്ച് ഉള്‍ക്കാഴ്ച്ചയുള്ള ഒരു പണ്ഡിതന്റെ മരണത്തേക്കാള്‍ നിസ്സാരമാണ്.

മൗദൂദിയുടെ വിയോഗം
ഇമാം മൗദൂദിയുടെ മരണം അദ്ദേഹത്തെ അറിയുന്ന മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം അതികഠിനമായിരുന്നു. അദ്ദേഹം വസിച്ചിരുന്ന ലാഹോറിലേക്ക് പോകാനും ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാനും ഈജിപ്തിലും സിറിയയിലും ഗള്‍ഫ് നാടുകളിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള പണ്ഡിതന്‍മാരുടെയും പ്രബോധകരുടെയും വിളികളുണ്ടായി. അക്കൂട്ടത്തിലെ ഈജിപ്തില്‍ നിന്നുള്ള ഡോ. അഹ്മദ് മലത്വ്, സിറിയയില്‍ നിന്നുള്ള ശൈഖ് സഈദ് ഹവ്വ, സൗദിയില്‍ നിന്നുള്ള പ്രൊഫ. അബ്ദുുല്ല അല്‍അഖീല്‍ തുടങ്ങിയ ഏതാനും പേരെ മാത്രമേ ഞാനിന്ന് ഓര്‍ക്കുന്നുള്ളൂ.

ചികിത്സയിലായിരിക്കെ അമേരിക്കല്‍ വെച്ചാണ് ഉസ്താദ് മൗദൂദി മരണപ്പെടുന്നത്. മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മകന്‍ താമസിച്ചിരുന്ന അമേരിക്കയിലെ ബഫലോ നഗരത്തില്‍ വെച്ച് അദ്ദേഹത്തെ സന്ദര്‍സിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. പല നാടുകളിലും വെച്ച് അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നടന്നു. അദ്ദേഹത്തിന്റെ മയ്യിത്ത് കൊണ്ടുപോയ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിലും ലണ്ടന്‍ എയര്‍പോര്‍ട്ടിലും കറാച്ചി എയര്‍പോര്‍ട്ടിലും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നടന്നു.

ലാഹോറിലേക്കുള്ള യാത്ര
അദ്ദേഹത്തിന് വേണ്ടി നടന്ന മയ്യിത്ത് നമസ്‌കാരങ്ങളില്‍ അവസാനത്തേത്തും പ്രധാനപ്പെട്ടതും ലാഹോറില്‍ വെച്ച് നടന്നതായിരുന്നു. അറബ് നാടുകളില്‍ നിന്നും അവിടേക്ക് പുറപ്പെട്ടവരോടൊപ്പം ഞാനും യാത്ര തിരിച്ചു. വലിയൊരു ജനക്കൂട്ടമായിരുന്നു അവിടെ ഒരുമിച്ചു കൂടിയിരുന്നത്. ലാഹോറിലെ ഏറ്റവും വലിയ ആ സ്‌റ്റേഡിയത്തില്‍ അന്ന് ദശലക്ഷത്തിലേറെ ആളുകള്‍ സമ്മേളിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

എന്റെ സാന്നിദ്ധ്യം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ സന്തോഷിപ്പിച്ചു. മയ്യിത്ത് നമസ്‌കാരത്തിന് മുമ്പ് അവിടെ ഒരുമിച്ചു കൂടിയ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എന്നോടവര്‍ ആവശ്യപ്പെട്ടു. പിന്നീട് നമസ്‌കാരത്തിന് നേതൃത്വം ഏല്‍പ്പിച്ചും അവരെന്നെ ആദരിച്ചു. നമസ്‌കാരത്തിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരുമിച്ചു കൂടിയ അത്രയും വലിയൊരു ജനക്കൂട്ടത്തെ എന്റെ ജീവിതത്തില്‍ ഞാനന്ന് വരെ കണ്ടിട്ടുണ്ടായിരുന്നില്ല. പാകിസ്താന്‍ പ്രസിഡന്റ് ളിയാഉല്‍ ഹഖ് അടക്കമുള്ളവര്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

ആ മഹാമനുഷ്യന് അദ്ദേഹത്തിന്റെ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തെയാണ് ആ ആള്‍ക്കൂട്ടം കുറിക്കുന്നത്. ചില വിഷയങ്ങളിലെല്ലാം അദ്ദേഹത്തോട് വിയോജിക്കുന്നവരുണ്ടായിരുന്നെങ്കിലും പാകിസ്താനിലെ ഭൂരിപക്ഷം പണ്ഡിതന്‍മാരും പ്രബോധകരും സാസ്‌കാരിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സ്ഥാനം അംഗീകരിച്ചവരും അദ്ദേഹത്തിന്റെ ചിന്തയെയും പോരാട്ടത്തെയും പാശ്ചാത്യ നാഗരികതക്ക് നേരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകളെയും വിലമതിക്കുന്നവരുമായിരുന്നു.

മരണപ്പെട്ടയാളുടെ സമൂഹത്തിലെ സ്ഥാനം വ്യക്തമാക്കുന്നതാണ് അയാളുടെ ജനാസ ചടങ്ങ്. ഭൗതികമായ എന്തെങ്കിലും താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ മയ്യിത്തിന് വേണ്ടി നമസ്‌കരിക്കാന്‍ താല്‍പര്യം കാണിക്കാനുള്ള സാധ്യതയില്ല. പണ്ഡിതന്‍ ഈ ലോകത്ത് നിന്നും പരലോകത്തേക്ക് യാത്രയായിരിക്കുന്നു. സമൂഹം അദ്ദേഹത്തിന്റെ ജനാസചടങ്ങുകളോട് കാണിക്കുന്ന താല്‍പര്യം അദ്ദേഹത്തോടുള്ള കൂറിനെയും സ്‌നേഹ പ്രകടനത്തെയും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളില്‍ പങ്കാളിയാവാനുള്ള താല്‍പര്യത്തെയുമാണ് കുറിക്കുന്നത്. ഇത്തരത്തില്‍ ചരിത്രകാരന്‍മാരുടെ പരാമര്‍ശത്തിന് അര്‍ഹമായ ജനാസകളാണ് ബഗ്ദാദില്‍ ഇമാം അഹ്മദിനും (ഹി. 241), ഇമാം ഇബ്‌നുല്‍ ജൗസിക്കും (ഹി. 597), ദമസ്‌കസില്‍ (ഹി. 728) ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യക്കും വേണ്ടി നടന്നവ.

മൗദൂദിയുടെ മയ്യിത്ത് നമസ്‌കാരത്തിനിടെ എനിക്കുണ്ടായ ഒരു അനുഭവം ഞാന്‍ ഓര്‍ക്കുകകയാണ്. പ്രസിദ്ധരായവരുടെ ഒപ്പ് വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നത് പോലെ ചില പാകിസ്താനികള്‍ ഒപ്പ് ആവശ്യപ്പെട്ട് എന്നെ സമീപിച്ചു. സാധാരണ ഇക്കാര്യത്തില്‍ ജനങ്ങളുടെ താല്‍പര്യം ഞാന്‍ പരിഗണിക്കാറില്ല. ജനങ്ങള്‍ ആ ഒപ്പിന് പുണ്യം കല്‍പിക്കും, ഒപ്പുവെക്കുന്ന വ്യക്തിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധി നേടാനുള്ള മോഹമുണ്ടാകും തുടങ്ങിയ ന്യായങ്ങളാണ് എനിക്കതിനുണ്ടായിരുന്നത്. പ്രസിദ്ധിയോടുള്ള മോഹം മനസ്സിനെ ബാധിക്കുന്ന വലിയ വിപത്തും രോഗവുമാണ്.

എന്നാല്‍ മൗദൂദിയോടുള്ള ആദരസൂചകമായി വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കാന്‍ വേണ്ടി എത്തിയവര്‍ക്ക് ഒപ്പിട്ടു നല്‍കാന്‍ ചിലര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനതിന് വഴങ്ങി. രണ്ടോ മൂന്നോ പേര്‍ക്കേ ഞാന്‍ ഒപ്പിട്ടു കൊടുത്തുള്ളൂ. അപ്പോഴേക്കും നൂറുകണക്കിന് എന്നല്ല ആയിരങ്ങള്‍ എനിക്ക് ചുറ്റും തിരക്കാന്‍ തുടങ്ങി. അവരുടെ പക്കലുണ്ടായിരുന്ന പത്രങ്ങളിലോ മാസികകളിലോ ബാങ്ക് കറന്‍സികളിലോ ഒപ്പുവെക്കാനാണവര്‍ എന്നോട് ആവശ്യപ്പെടുന്നത്. ഭയാനകമായ വിധത്തില്‍ എനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. എനിക്ക് ആ തിരക്കില്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നി. എന്റെ അവസ്ഥ കണ്ട് ചില പാകിസ്താനി സഹോദരങ്ങള്‍ എനിക്ക് ചുറ്റും ഒരു മതില്‍ തീര്‍ത്തു. അല്‍പം ബലം പ്രയോഗിച്ച് തന്നെ അവര്‍ ആളുകളെ എന്നില്‍ നിന്നും അകറ്റി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുരക്ഷിതനായി അവരില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്ക് സാധിച്ചു. ഉസ്താദ് മൗദൂദിയെ അദ്ദേഹത്തിന്റെ വസ്വിയത്ത് പ്രകാരം സ്വവസതിയിലാണ് മറമാടിയത്. മുസ്‌ലിംകളെയെല്ലാം മറമാടുന്ന പൊതു മഖ്ബറക്ക് അവയുടേതായ സവിശേഷതകളുണ്ടെന്നതില്‍ ഞാനതിനാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ മൗദൂദി അതിഷ്ടപ്പെട്ടിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.

ജമാഅത്ത് നേതാക്കള്‍ക്കൊപ്പം
ജനാസ നമസ്‌കാരത്തിന് ശേഷം ഏതാനും സഹോദരങ്ങള്‍ക്കൊപ്പം ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് ഞാന്‍ സമയം കണ്ടെത്തി. ജമാഅത്തെ ഇസ്‌ലാമി അമീര്‍ ശൈഖ് ഖാളി ഹുസൈന്‍, ഉപാധ്യക്ഷനും അറിയപ്പെടുന്ന ഇസ്‌ലാമിക ചിന്തകനുമായ പ്രൊഫ. ഖുര്‍ശിദ് അഹ്മദ് തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളും താല്‍പര്യങ്ങളും ഒന്നാണ്. ശത്രുക്കളും പൊതുവാണ്. വിവരങ്ങളും അനുഭവസമ്പത്തും പരസ്പരം പങ്കുവെക്കേണ്ടതും കൂടിയാലോചനകള്‍ നടത്തേണ്ടതും അനിവാര്യമാണ്. പ്രശ്‌നങ്ങളെ മറികടക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ നാം ഒരുമിച്ചിരുന്ന് പഠിക്കേണ്ടതുണ്ട്. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ സംബന്ധിച്ചടത്തോളം പരസ്പരം ശക്തിപ്പെടുത്തുന്ന കെട്ടിടം പോലെയാണ്. ദേശഭാഷാ വ്യത്യാസങ്ങള്‍ ഒരിക്കലും അവര്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനും സഹകരിക്കുന്നതിനും തടസ്സമായിക്കൂടാ. നന്നെ ചുരുങ്ങിയത് ഇസ്‌ലാമിക പ്രവര്‍ത്തനത്തിലെങ്കിലും അവര്‍ യോജിക്കേണ്ടതുണ്ട്.

ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും
നിങ്ങള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഞങ്ങള്‍ അറബ് ലോകത്തെ ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇമാം മൗദൂദി ജീവിച്ചിരുന്നപ്പോള്‍ ലാഹോര്‍ സന്ദര്‍ശിച്ച വേളയില്‍ ഞാന്‍ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളോട് പറഞ്ഞിരുന്നു. അടിസ്ഥാന കാര്യങ്ങളിലും പൊതുവീക്ഷണത്തിലും ഇരു പ്രസ്ഥാനങ്ങള്‍ക്കും ഒരേ കാഴ്ച്ചപ്പാടാണുള്ളത്. ശാഖാപരമായ ചില വിഷയങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ആ വ്യത്യാസങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

ജമാഅത്തെ ഇസ്‌ലാമിക്കും ഇഖ്‌വാനുമിടയിലുള്ള സഹകരണം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന് അവിടെ സമ്മേളിച്ചവര്‍ നിര്‍ദേശിച്ചു. സമാന ലക്ഷ്യവും വീക്ഷണവും വെച്ചുപുലര്‍ത്തുന്ന തുര്‍ക്കിയിലെ നജ്മുദ്ദീന്‍ അര്‍ബകാന്റേതടക്കമുള്ള മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും സംഘടനകളെയും ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം അതെന്ന തരത്തിലായിരുന്നു നിര്‍ദേശങ്ങള്‍. ഏതൊരു ഇസ്‌ലാമിക കൂട്ടായ്മയും -ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയിലെ അടുപ്പം പോലും- വളരെ അവതാനതയോടെയും ശാന്തമായും നിര്‍വഹിക്കേണ്ട ഒന്നാണ്. അല്ലാത്തപക്ഷം ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെ അടിക്കാനുള്ള അവസരമായി അതിനെ ഉപയോഗിച്ചേക്കും. അതുകൊണ്ടു തന്നെ നിശബ്ദമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

മൊഴിമാറ്റം: അബൂഅയാശ്

 

Related Articles