Current Date

Search
Close this search box.
Search
Close this search box.

ഗസ്സയെ തുടച്ചുനീക്കാന്‍ എ.ഐ സാധ്യതകള്‍ ഉപയോഗിക്കുന്ന ഇസ്രായേല്‍

ചില ആഭ്യന്തര സ്രോതസ്സുകള്‍ പ്രകാരം വളരെ വേഗത്തില്‍ ടാര്‍ഗറ്റുകള്‍ നിശ്ചയിക്കാന്‍ സാധിക്കുന്ന എ.ഐ സംവിധാനങ്ങള്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം ഗസ്സയിലെ എല്ലാവരും തോക്കിന്‍മുനകളില്‍ ആണ് എന്ന് പറയേണ്ടിവരും. സമ്പൂര്‍ണ്ണമായി ഉപരോധിക്കപ്പട്ട ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശീയ ഉന്മൂലനത്തിന്റെയും വംശഹത്യയുടെയും നയമാണ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ എട്ടാഴ്ചയായി ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തിയില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. മനുഷ്യരാശിക്കെതിരായി നടത്തപ്പെടുന്ന ഈ കുറ്റകൃത്യങ്ങള്‍ എങ്ങനെയാണ് ഇസ്രായേലിന്റെ രാഷ്ട്രീയ സൈനിക തലങ്ങളില്‍ ന്യായീകരിക്കപ്പെടുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ഇസ്രയേല്‍ ആസ്ഥാനമായുള്ള പ്രസിദ്ധീകരണങ്ങളായ 972-ഉം ലോക്കല്‍കോളും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീന്‍ സിവിലിയന്‍മാരുടെ വര്‍ധിച്ച മരണസംഖ്യ ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളുടെ അവിഭാജ്യ പാര്‍ശ്വഫലമാണ്, അല്ലാതെ ആകസ്മികമായി സംഭവിച്ചതല്ല. കണക്കു പ്രകാരം മരിച്ചവരുടെ എണ്ണം ഏകദേശം 21,000 ആയിട്ടുണ്ട്, കൂടാതെ 6,000 പേരെ കാണാതായി, പലരെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇപ്പോഴും കിട്ടിയിട്ടില്ല. ഇസ്രായേല്‍ കൊലപ്പെടുത്തിയവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് സങ്കടകരം.

രണ്ട് വര്‍ഷം മുമ്പ്, ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം നടത്തിയപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ തങ്ങള്‍ക്ക് ലക്ഷ്യസ്ഥാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നു. ഇത്തരം മനുഷ്യഹത്യകളില്‍ ഒരു യന്ത്രത്തെ ആശ്രയിക്കുന്നതിലൂടെ മനുഷ്യന്റെ അപകടസാധ്യതയെയും മനുഷ്യത്വം ചുമത്തുന്ന നിയന്ത്രണങ്ങളെയും മറികടക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് തോന്നുന്നു. എന്തിനെയാണ് അഥവാ ആരെയാണ് ആക്രമിക്കേണ്ടത് എന്നതിന് പുതിയതും കൃത്യതയുള്ളതുമായ പാരാമീറ്ററുകള്‍ ‘ഗോസ്പല്‍’ എന്ന് വിളിക്കപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം നല്‍കുന്നുണ്ട്. സൈന്യത്തിന് പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത്ര വേഗത്തില്‍ ടാര്‍ഗറ്റുകളുടെ പട്ടിക സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുന്നുണ്ടെന്ന് രഹസ്യ സ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നു.

ഇസ്രയേലിന്റെ ഉന്നം ഇപ്പോള്‍ വളരെ വിശാലമാണ്, താമസിക്കുന്ന ഒരാള്‍ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ത്ത്, അവര്‍ ഉയര്‍ന്ന ഉയരമുള്ള അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ബോംബിങ് അനുവദിക്കുന്നു. ഹമാസ് ഒരു സൈനിക വിഭാഗം മാത്രമല്ല, ഉപരോധ പ്രദേശത്തെ ഭരണകൂടവും ഭരിക്കുന്നതും അവരാണ്, അതുകൊണ്ടു തന്നെ ഇസ്രായേലിന്റെ പുതിയ നയപ്രകാരം, സിവില്‍ സര്‍വീസ്, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തുന്ന വിശാലമായ ടാര്‍ഗറ്റുകള്‍ അവര്‍ നിര്‍മിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ തന്നെ പുറത്തുവിട്ട, ഗാസയിലെ 100,000 വീടുകള്‍ തകര്‍ത്തതിന്റെയും വാസയോഗ്യമല്ലാതാക്കിയതിന്റെയും, കൂടാതെ 1.7 ദശലക്ഷം ഫലസ്തീനികളെ (ഉപരോധ പ്രദേശത്തെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും) മാറ്റിപ്പാര്‍പ്പിച്ചതിന്റെയും കണക്കു വിശദീകരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

അടിസ്ഥാന അതിജീവനം

ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുകയും സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, പ്രതിപക്ഷ ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ തുടങ്ങിയ പാശ്ചാത്യ രാഷ്ട്രീയക്കാരുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് ഈ വെളിപ്പെടുത്തലുകള്‍ മനസ്സിലാക്കിതരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ദി ഗാര്‍ഡിയന്റെ ഒരു റിപ്പോര്‍ട്ടില്‍, ഗോസ്പല്‍ കംപ്യൂട്ടിംഗ് സിസ്റ്റത്തിലുള്ള ഇസ്രായേലിന്റെ ആശ്രയത്തെ സ്ഥിരീകരിക്കുകയും, പെന്റഗണ്‍ സ്വന്തമായി വികസിപ്പിക്കുന്ന ആക്രമണ സംവിധാനങ്ങളോട് പരിചയമുള്ള മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, ഗസ്സക്കെതിരായ ഇസ്രായേലിന്റെ അക യുദ്ധം ഒരു ”പ്രധാനപ്പട്ട മൊമന്റെന്ന്” വിശേഷിപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

‘മറ്റ് രാജ്യങ്ങള്‍ ഇത് കാണുകയും പഠിക്കുകയും ചെയ്യുന്നുണ്ട്’ എന്നുകൂടി ആ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെക്കുന്നുണ്ട്. 972, Local Call പ്രസിദ്ധീകരണങ്ങളില്‍ സംസാരിച്ച ഇസ്രായേലി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഗസ്സയിലെ ജനവാസ മേഖലകളിലെക്ക് അയച്ച ആയിരക്കണക്കിന് വ്യോമാക്രമണങ്ങള്‍, ഹമാസിന്റെ സായുധഘടനയില്‍ കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂ എന്ന് ഇസ്രായേലിന് ബോധ്യമുണ്ട് എന്നതിനെക്കുറിച്ചാണ്. ഹമാസെന്ന സംഘത്തെ ഉന്മൂലനം ചെയ്യാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുവെന്ന പരസ്യ പ്രഖ്യാപനങ്ങളെ ഇത് പൊളിക്കുന്നുണ്ട്.

പ്രധാനപ്പെട്ട ലക്ഷ്യമായ ഹമാസ് ആരൊക്കെയാണ് എന്ന ചോദ്യം വളരെ പ്രധാനമാണ്. ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദമനുസരിച്ച്, അവര്‍ 1000-3000 ഹമാസ് പോരളികളെ കൊന്നു എന്നാണ്. അതിനാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 85-95 ശതമാനം പേരും സാധാരണക്കാര്‍ ആണ് എന്ന് അവര്‍ക്ക് തന്നെ സമ്മതിക്കേണ്ടിവരും. ഇസ്രായേലിന്റെ ഈ സമീപനം യാദൃശ്ചികമായ ഒന്നല്ല. ചരിത്രവും രേഖകളും അത് തെളിയിക്കുന്നുണ്ട്. ഗസ്സക്കെതിരെ ഇസ്രായേല്‍ ദീര്‍ഘകാലമായി സൈനിക അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് so called ദാഹിയ സിദ്ധാന്തം/ dahya doctrine (”പുല്ല് ചെത്തല്‍” എന്ന് വിളിക്കപ്പെടുന്ന). ഇപ്പോള്‍ അത് ശ്രദ്ധ ചെലുത്തുന്നത് സിവിലിയന്‍മാര്‍ക്കിടയില്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനാണ്. കഴിഞ്ഞ 15 വര്‍ഷമായി ഗാസയ്ക്കെതിരായ ആവര്‍ത്തിച്ചുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ നയിച്ച ഈ സിദ്ധാന്തത്തിന്, ആ പേര് തന്നെ കിട്ടുന്നത് 2006ലെ ലെബനാനില്‍ ഇസ്രായേലിന്റെ യുദ്ധത്തില്‍ ബെയ്റൂതിനോട് ചേര്‍ന്ന സമീപപ്രദേശത്തെ മുഴുവന്‍ നശിപ്പിച്ചപ്പോഴാണ്. ഈ സിദ്ധാന്തം രണ്ട് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്: ഒന്ന്, ശത്രു പ്രദേശത്തെ നശിപ്പിക്കുന്നത്, പ്രതിരോധത്തേക്കാള്‍ അതിജീവനത്തിന് മുന്‍ഗണന നല്‍കും.രണ്ട്, കാലക്രമേണ, ഈ പ്രദേശവാസികള്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ തന്നെ തിരിയും.

പരമ്പരാഗതമായി, പ്രധാനമായും ദാഹിയ സിദ്ധാന്തം അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെക്കുറിച്ചുള്ളതായിരുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ കണിശതകള്‍ കണക്കിലെടുത്ത്, മുന്‍കൂട്ടി ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടേ അക്രമം നടത്തൂ എന്നായിരുന്നു ഇസ്രായേല്‍ വാദം. ഇത് സാധാരണക്കാര്‍ക്ക് അക്രമം നടത്തേണ്ട സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാനുള്ള സമയം നല്‍കിയിരുന്നു. എന്നാല്‍ ആ നയത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് സൈനിക ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് സമ്മതിക്കുന്നു, ഇതു മൂലം സാധാരണക്കാര്‍ പോലും ഇസ്രായേലിന്റെ തോക്കിന്‍മുനയിലെ ടാര്‍ഗറ്റുകളായി .

”സര്‍ജിക്കല്‍ യുദ്ധമല്ല”

‘972 ജേര്‍ണല്‍’ റിപ്പോട്ട് ചെയ്യുന്ന ഒരു സോഴ്‌സില്‍ പുതിയ നയമാറ്റത്തിന്റെ അനന്തരഫലങ്ങള്‍ വിശദീകരിക്കുന്നുണ്ട്: ”മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള മുന്‍ ഓപ്പറേഷനുകളില്‍ കൊളാറ്ററല്‍ നാശനഷ്ടമായി ഒരു ഡസന്‍ സിവിലിയന്മാരുടെ മരണങ്ങള്‍ അനുവദനീയമാണെങ്കില്‍, ഇപ്പോള്‍ അത് നൂറുകണക്കിന് സിവിലിയന്‍ മരണങ്ങളായി അത് വര്‍ദ്ധിപ്പിച്ചു.” ഗസ്സയുടെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും നിയമാനുസൃതമായ അക്രമ ടാര്‍ഗറ്റുകളാക്കുന്നതിനാണ് ഈ പുതിയ പോളിസി ഉണ്ടാക്കിയിരിക്കുന്നതെന്ന് ഒരു മുന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്: ‘ഗസ്സയില്‍ എല്ലായിടത്തും ഹമാസ് ഉണ്ട്; ഹമാസുമായി ബന്ധം ഇല്ലാത്ത ഒരു കെട്ടിടവും അവിടെയില്ല, അതിനാല്‍ ഉയരത്തിലുള്ള എന്തും ലക്ഷ്യമാക്കി നിങ്ങള്‍ക്ക് നിങ്ങളുടെ ഓപറേഷന്‍ നടത്താന്‍ സാധിക്കും.

പല സോഴ്‌സുകള്‍ പ്രകാരം, ഹമാസിന്റെ സായുധ വിഭാഗം ഭൂമിക്കടിയിലെ തുരങ്കങ്ങളിലാണ്. ആയതിനാല്‍, ആയുധ സൈറ്റുകള്‍, സായുധ സെല്ലുകള്‍, ആസ്ഥാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന ടാര്‍ഗറ്റുകള്‍ തിരിച്ചറിയാന്‍ ഇസ്രായേല്‍ പാടുപെടുന്നുണ്ട്. പകരം, അത് ഉന്നം വെക്കുന്നത്, ‘പവര്‍ ടാര്‍ഗെറ്റുകളെ’യാണ് അഥവാ കൃത്യമായി പറഞ്ഞാല്‍, നഗരപ്രദേശങ്ങളിലെ ബഹുനില കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ ടവറുകള്‍, കൂടാതെ സര്‍വ്വകലാശാലകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, പള്ളികള്‍ തുടങ്ങിയ പ്രതീകാത്മക ടാര്‍ഗറ്റുകളെയാണ്.

ഈ ആക്രമണങ്ങള്‍ സിവില്‍ സമൂഹത്തിന് നാശം വിതക്കുന്നവയാണ്. മാത്രമല്ല, ഇത് സമൂഹത്തിന്റെ സംഘാടനത്തെയും, സാമൂഹ്യ വ്യവഹാരങ്ങളെയും, കുടുംബസ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്നു. 972 ജേര്‍ണലിനോട് മുന്‍ ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ഇസ്രായേല്‍ സൈന്യം മനസ്സിലാക്കുന്നത് സിവിലിയന്മാര്‍ക്ക് നാശനഷ്ടമുണ്ടാക്കുക എന്നത് തന്നെയാണ്. സിവിലിയന്‍മാര്‍ക്കിടയിലെ ഉയര്‍ന്ന മരണസംഖ്യയെ പരാമര്‍ശിച്ച് മറ്റൊരു സോഴ്‌സില്‍ ഇങ്ങനെ പറയുന്നുണ്ട്: ”എല്ലാം മനഃപൂര്‍വമാണ്. യുദ്ധത്തിന്റെ പേരില്‍ ഓരോ വീട്ടിലും എത്രമാത്രം നാശനഷ്ടങ്ങളാണ് അവര്‍ വരുത്തിയത് എന്ന് ഞങ്ങള്‍ക്കറിയാം”. ഹമാസിലെ സാധാരണ അംഗങ്ങള്‍ താമസിക്കുന്ന ഗാസയിലെ പതിനായിരക്കണക്കിന് സ്വകാര്യ വീടുകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും ഫയലുകള്‍ ഇസ്രായേല്‍ സമാഹരിച്ചതായി അഞ്ച് വ്യത്യസ്ത സോഴ്‌സുകള്‍ 972-നോട് പറയുന്നുണ്ട്. ഹമാസുമായി ബന്ധമുള്ള ഒരാള്‍ കെട്ടിടത്തില്‍ പ്രവേശിച്ചയുടന്‍ വീടുകളും അവയില്‍ താമസിക്കുന്ന എല്ലാവരും നിയമാനുസൃതമായി തന്നെ ടാര്‍ഗറ്റുകളായി മാറും. ഒരാള്‍ പറഞ്ഞത്,: ”ചിത്രത്തില്‍ ഇല്ലാത്ത അഥവാ വിട്ടു നില്‍ക്കുന്ന ചില ഹമാസ് അംഗങ്ങള്‍ താമസിക്കുന്ന ഗാസയിലുടനീളമുള്ള വീടുകള്‍ പോലും അവര്‍ അടയാളപ്പെടുത്തുകയും, ബോംബ് വയ്ക്കുകയും എല്ലാവരെയും കൊല്ലുകയും ചെയ്യുന്നു”.

ബഹുനില കെട്ടിടങ്ങളില്‍ ഏതോ ഒരു നിലയില്‍ ഹമാസിന്റെയോ ഇസ്ലാമിക് ജിഹാദീ വക്താവിന്റെയോ ഓഫീസായി പ്രവര്‍ത്തിക്കുന്നു എന്ന കാരണം കാണിച്ച്, കെട്ടിടം പൂര്‍ണമായി നിരപ്പാക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് മുമ്പ് ഗാസയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഒരു ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ‘ഏതോ ഫ്‌ളോറില്‍ ഉള്ള ഒരു ഓഫീസ് എന്ന പുകമറ, ഗസ്സയില്‍ കിരാതമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ സൈന്യത്തെ അനുവദിക്കാനുള്ള ന്യായം മാത്രമാണ്.’

വേറൊരാള്‍ പറയുന്നത്, ഹമാസുമായി ബന്ധപ്പെട്ട കെട്ടിടം ആക്രമിക്കുന്നതിന് പകരം പരമാവധി നാശനഷ്ടം ഗസ്സയില്‍ വരുത്തുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നാണ്. ഒരു പ്രത്യേക സ്ഥലം ടാര്‍ഗെറ്റുചെയ്യാന്‍ ഇവിടെ കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ ലഭ്യമായിരുന്നു, എന്നാലും പ്രത്യേകിച്ച് ഒരു സൈനിക മുന്നേറ്റവും ആവശ്യമില്ലാത്ത ഉയര്‍ന്ന കെട്ടിടങ്ങള്‍ മുഴുവനായും പൊളിക്കാനായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ ഇവരുടെ ഈ ലക്ഷ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്രായേല്‍ വ്യോമസേനാ മേധാവി ഒമര്‍ ടിഷ്ലര്‍ സൈനിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, മുഴുവന്‍ പ്രദേശങ്ങളും വലിയ തോതില്‍ ആക്രമണം നടത്തിയത് ശസ്ത്രക്രിയാ (surgical) രീതിയിലായിരുന്നില്ല എന്നാണ്. സ്ഥിതിഗതികള്‍ ഹമാസിന്റെ നിയന്ത്രണത്തിലല്ല എന്ന തോന്നല്‍ ഗസ്സയിലെ പൗരന്മാര്‍ക്ക് വരുത്തിതീര്‍ക്കലാണ് ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യം.

വിശുദ്ധ യുദ്ധം

ഗാസയ്ക്കെതിരായ മുന്‍ ആക്രമണങ്ങളില്‍, അടിസ്ഥാന സൗകര്യങ്ങള്‍ യഥേഷ്ടം നശിപ്പിക്കുകയും അതുവഴി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സ്ട്രാറ്റജിയാണ് ഇസ്രായേല്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ 972 ഉം Local Call ഉദ്ധരിച്ച സോഴ്‌സുകള്‍ അനുസരിച്ച്, എല്ലാ നിയന്ത്രണങ്ങളും ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടു, ഇത് സാധാരണക്കാരെ ധാരാളം കൊന്നുതള്ളുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും, ഒരു കെട്ടിടത്തില്‍ ബോംബിടുന്നതിന് മുമ്പ്, ഇസ്രായേല്‍ ‘roof knocking’ എന്ന് വിളിക്കപ്പെടുന്ന ചെറിയ ഷെല്‍ ഉപയോഗിച്ച് മുന്നറിയിപ്പ് കൊടുക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ ഈ തവണ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആക്രമണം നടത്തുന്നതെന്ന് വ്യോമസേനാ മേധാവി ടിഷ്ലര്‍ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത്, ഈ സമ്പ്രദായം മുമ്പുള്ളതാണ്, യുദ്ധത്തില്‍ പ്രായോഗികമല്ല എന്നാണ്.
ടാര്‍ഗറ്റ് തിരിച്ചറിയാന്‍ ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ ഹബ്‌സോറ (habsora), ഗോസ്പല്‍ (gospel) എന്നീ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന വെളിപ്പെടുത്തല്‍ സിവിലിയന്മാര്‍ നേരിടുന്ന അപകടസാധ്യത ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഇത്തരം ബൈബിള്‍ സ്വാധീന പേരുകള്‍ സ്വീകരിക്കുന്നതിലൂടെ ഇസ്രായേല്‍ സൈന്യത്തില്‍ ഇപ്പോള്‍ സജീവമാവുന്ന മതമൗലികവാദത്തിന്റെ അപകടകരമായ സ്വാധീനത്തെയും ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വിശുദ്ധയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന വര്‍ധിച്ചുവരുന്ന അനുമാനത്തെയും അത് സ്ഥിരീകരിക്കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പരമ്പരാഗതമായി ജൂതര്‍ക്കിടയില്‍ ഒരു മതേതര വ്യക്തിയായി കാണപ്പെടുന്ന ആളാണ്, ഇസ്രായേല്‍ ഗസ്സക്കെതിരായ ആക്രമണത്തെ ‘അമാലേകിനെതിരെയുള്ള (Amalek) യുദ്ധം” എന്ന പ്രയോഗമാണ് അദ്ദേഹം ഉപയോഗിച്ചത്. അമാലേക് ബൈബിളിലെ ഒരു പൊതു ശത്രുവാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇസ്രായേല്യരോട് ദൈവത്താല്‍ ഉന്മൂലനം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ട ആള്‍.

ഗോസ്പെല്‍ എന്ന എ.ഐ ഉപകരണത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഇസ്രായേല്‍ മിലിട്ടറിയുടെ മുന്‍ തലവനായ അവീവ് കൊച്ചാവി ഈ വര്‍ഷമാദ്യം ഇസ്രായേലി Ynet വെബ്സൈറ്റിനോട് പറഞ്ഞു: ”മുമ്പ്, ഞങ്ങള്‍ ഗസ്സയില്‍ പ്രതിവര്‍ഷം 50 ടാര്‍ഗറ്റുകള്‍ നിര്‍മ്മിക്കുമായിരുന്നു. ഇപ്പോള്‍, ഈ യന്ത്രം ഒരു ദിവസം തന്നെ 100 ടാര്‍ഗറ്റുകള്‍ നിര്‍മ്മിക്കുന്നു, അവയില്‍ 50 ശതമാനവും വിജയമാണ്”. ഇതിന്റെ പ്രധാന ഉദ്ദേശ്യമായി അവര്‍ കരുതുന്നത് ഗസ്സക്കെതിരായ ബോംബിങ് കാമ്പെയ്നുകളിലെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം പരിഹരിക്കുക എന്നതാണ്. അതായത്, മനുഷ്യ ജീവനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഹമാസ്,ഇസ്ലാമിക് ജിഹാദി ടാര്‍ഗറ്റുകളെ നിര്‍ണയിക്കാന്‍ സാധിക്കുക.

ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ 972-നോട് പറഞ്ഞത്, ടാര്‍ഗെറ്റ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷന്‍ നടത്തുന്ന ഗോസ്പല്‍ ഇപ്പോള്‍ ഒരു ‘കൂട്ടക്കൊല ഫാക്ടറി’ ആയി മാറിയിരിക്കുന്നു എന്നാണ്. പതിനായിരക്കണക്കിന് ആളുകളെ ‘ജൂനിയര്‍ ഹമാസ് പ്രവര്‍ത്തകര്‍’ എന്ന് പട്ടികപ്പെടുത്തി,ടാര്‍ഗെറ്റുകളായി കണക്കാക്കിയിട്ടുണ്ടത്രേ. ഗുണനിലവാരത്തിനല്ല എണ്ണത്തിലാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഗോസ്പലിന്റെ ഒട്ടുമിക്ക ശുപാര്‍ശകളും കേവലമായ പരിശോധന പോലുമില്ലാതെയാണ് വരുന്നതെന്നാണ് ഡിവിഷനില്‍ പ്രവര്‍ത്തിച്ച ഒരാള്‍ പറഞ്ഞത്: ”ഞങ്ങള്‍ ധൃതിയിലാണ് പണിയെടുക്കുന്നത്, ടാര്‍ഗറ്റുകള്‍ ആഴത്തില്‍ പരിശോധിക്കാന്‍ സമയമില്ല. എത്ര ടാര്‍ഗെറ്റുകള്‍ നിശ്ചിത സമയത്ത് സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങളെ വിലയിരുത്തുന്നത് പോലും”.

വംശീയ ഉന്മൂലന പദ്ധതി

ഞാന്‍ വിശദീകരിച്ച ഈ വെളിപ്പെടുത്തലുകളുടെ പ്രാധാന്യവും അവര്‍ തന്നെ അംഗീകരിച്ച ഇസ്രായേലിന്റെ യുദ്ധടാര്‍ഗറ്റുകളെക്കുറിച്ചും നമ്മള്‍ വിലകുറച്ച് കാണരുത്. യഥാര്‍ഥത്തില്‍ ഹമാസിനെ അവര്‍ നിരന്തരം ആരാണ് ‘ബോസ്സ്’ എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുമൂലം തങ്ങള്‍ സായുധ ചെറുത്തുനില്‍പ്പിനുപകരം ഭരണപരമായ ചുമതലകളില്‍ ഗ്രൂപ്പിനെ കേന്ദ്രീകരിക്കുകയും, ദുരിതാശ്വാസം, ഉപരോധത്തിന് ചുറ്റും പ്രവര്‍ത്തിക്കാനുള്ള മറ്റു വഴികള്‍ ആസൂത്രണം ചെയ്യുകയും, യുദ്ധത്തില്‍ ക്ഷീണിതരായ വിശാലമായ പൊതുജനങ്ങളുമായി ഹമാസിന്റെ രാഷ്ട്രീയ നിയമസാധുത പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ സാധിക്കുന്നുണ്ട്.

ഇപ്പോള്‍, ഇസ്രായേലിന്റെ ലക്ഷ്യം കൂടുതല്‍ സമഗ്രവും ആത്യന്തികവുമാണെന്ന് പറയാം. കഴിഞ്ഞ ആഴ്ച ഫിനാന്‍ഷ്യല്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേല്‍ ഇപ്പോഴും ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു പ്രചാരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണത്രേ. വടക്കന്‍ ഗാസയില്‍ വന്‍തോതിലുള്ള നാശമുണ്ടായിട്ടും, തെക്ക് ഭാഗത്ത് ഇസ്രായേലിന്റെ തീവ്രമായ ആക്രമണവുമുണ്ടായിട്ടും, ഇസ്രായേലിന്റെ യുദ്ധ പദ്ധതികളെക്കുറിച്ച് പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞത്, ഇസ്രായേലിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ്. ‘ഇത് വളരെ നീണ്ട യുദ്ധമായിരിക്കും… ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഞങ്ങള്‍ നിലവില്‍ പാതിവഴിയില്‍ പോലും എത്തിയിട്ടില്ല.’

ഗാസയിലെ ഭൂരിഭാഗം ജനങ്ങളും ഈജിപ്തുമായുള്ള ചെറിയ അതിര്‍ത്തിയായ റഫാ പ്രദേശത്തേക്ക് ഒതുങ്ങുകയാണ്. മുമ്പ് വിശദീകരിച്ചതുപോലെ, ഇസ്രായേലിന് ദീര്‍ഘകാല വംശീയ ഉന്മൂലന പദ്ധതിയുള്ളതിനാല്‍, ഗസ്സയിലെ ജനങ്ങളെ സിനായില്‍ പുനരധിവസിപ്പിക്കാന്‍ കെയ്റോയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, അധികാരം എന്നിവ നിഷേധിക്കുന്ന ഇസ്രായേല്‍ ഉപരോധത്തിന്റെ ഫലമായി പ്രദേശത്ത് രോഗവും പട്ടിണിയും അതിവേഗം ഉയര്‍ന്നുവരുന്നത് ഈജിപ്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ബോധപൂര്‍വമായ തന്ത്രമാണെന്ന് പറയാം.

ജനസംഖ്യയെ ‘നേര്‍പ്പിക്കുന്നു’

നെതന്യാഹുവിന്റെ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുമായി ചരിത്രപരമായി ബന്ധമുള്ള പത്രമായ ഇസ്രായേല്‍ ഹയോം (israel hayom) പറയുന്നതനുസരിച്ച്, ഈജിപ്ഷ്യന്‍ എതിര്‍പ്പിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി വാഷിംഗ്ടണിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടത്രേ. എന്തെന്നാല്‍, ഗസ്സയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് വ്യവസ്ഥ വെക്കുന്ന മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് യു.എസ് സഹായം വാഗ്ദാനം ചെയ്യും, അതുവഴി ഈജിപ്ത് ഈ വിഷയത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത കുറയ്ക്കും. കൂടാതെ, ‘ഗസ്സയിലെ ജനസംഖ്യ കുറയാന്‍ പറ്റുന്നത്ര കുറയ്ക്കാന്‍’ നെതന്യാഹുവിന്റെ മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ റോണ്‍ ഡെര്‍മറിന്റെ (Ron Dermer) അഭ്യര്‍ത്ഥന പ്രകാരം തയ്യാറാക്കിയ പദ്ധതിയെ ഹായോം പത്രത്തിന്റെ ഹീബ്രു പതിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ‘തന്ത്രപരമായ ലക്ഷ്യം’ എന്നാണ് പത്രം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇറാഖ്, സിറിയ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ ലോകം സ്വീകരിച്ച സ്ഥിതിക്ക്, എന്തുകൊണ്ട് ഗസ്സയും വ്യത്യാസപ്പെടണം എന്നാണ് നെതന്യാഹു വിശ്വസിക്കുന്നത്.

ഫലസ്തീനികള്‍ ഈജിപ്തിന്റെ അതിര്‍ത്തി കടന്ന് ഗസ്സ വിടുകയോ അല്ലെങ്കില്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കടല്‍ മാര്‍ഗം പലായനം ചെയ്യണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഗസ്സയെ വംശഹത്യയിലൂടെ തകര്‍ക്കുകയും അവിടം വാസയോഗ്യമല്ലാതാക്കുകയും, ഫലസ്തീനികളെ ‘മനുഷ്യ മൃഗങ്ങള്‍’ ആയി കണക്കാക്കാനുള്ള ഇസ്രായേല്‍ നേതാക്കളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ഈ കണക്കുകളിലൂടെ വെളിപ്പെടുന്നത്. എന്നിട്ടും പാശ്ചാത്യ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇസ്രയേലിന്റെ ലക്ഷ്യം ഹമാസിനെ ‘ഉന്മൂലനം’ ചെയ്യുക എന്നത് മാത്രമാണെന്ന കെട്ടുകഥ വിളിച്ചു പറഞ്ഞുക്കൊണ്ടിരിക്കുന്നു. മരങ്ങള്‍ക്ക് വേണ്ടി കാട് തന്നെ വെട്ടിയെടുക്കുന്ന ഈ ഹോള്‍സെയില്‍ ഗതികേട് ആകസ്മികമല്ല. ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നതില്‍ പാശ്ചാത്യ വരേണ്യവര്‍ഗം പൂര്‍ണ്ണമായും ഇസ്രായേലിനോടൊപ്പം പങ്കാളികളാണെന്നതിന്റെ തെളിവാണിത്. ഇത്രയധികം തെളിവുകള്‍ അകത്തുള്ളവര്‍ തന്നെ വെളിപ്പെടുത്തുമ്പോള്‍ പോലും, ഇസ്രായേലിന്റെ കൂട്ട വംശീയ ഉന്മൂലനത്തിനോടും വംശഹത്യ നയത്തിനോടും, കണ്ണടയ്ക്കാനാണ് പടിഞ്ഞാറ് തീരുമാനിക്കുന്നത്.

 

അവലംബം: middleeasteye.net
വിവ: അര്‍ഫദ് അലി ഇ.എം

Related Articles