Current Date

Search
Close this search box.
Search
Close this search box.

‘അബുൽ ആസിനെ മോചിപ്പിക്കാനും ആ മാല തിരിച്ചുകൊടുക്കാനും നിങ്ങൾക്കെല്ലാം സമ്മതമാണെങ്കിൽ അങ്ങനെ ചെയ്യൂ’

നബിയുടെ കൂടെ - 28

ഇമാം അഹ്മദ് ആഇശാ ബീവിയിൽനിന്ന് നിവേദനം ചെയ്യുന്നു: മക്കക്കാർ അവരുടെ ബന്ദികൾക്കുള്ള മോചനദ്രവ്യം അയച്ചപ്പോൾ നബി തങ്ങളുടെ മകൾ സൈനബ് തന്റെ ഭർത്താവ് അബുൽ ആസ് ബ്ൻ റബീഇന്റെ മോചനദ്രവ്യമായി അയച്ചത് വിവാഹത്തിന്റെ അന്ന് മാതാവ് ഖദീജ ബീവി അവർക്ക് നൽകിയൊരു മാലയായിരുന്നു. നബി തങ്ങളത് കണ്ടപ്പോൾ ഹൃദയം വേദനിക്കുകയും സ്വഹാബികളോടായി ഇങ്ങനെ പറയുകയും ചെയ്തു: അബുൽ ആസിനെ മോചിപ്പിക്കാനും ഈ മാല തിരിച്ചുകൊടുക്കാനും നിങ്ങൾക്കെല്ലാം സമ്മതമാണെങ്കിൽ അങ്ങനെ ചെയ്യൂ. സ്വഹാബികളപ്രകാരം ചെയ്യുകയും ചെയ്തു.

​ഗുണപാഠം 1

നബി തങ്ങളുടെ മകൾ സൈനബിന്റെ അമ്മായുടെ മകനാണ് അബുൽ ആസ് ബ്ൻ റബീഅ്. അവരുടെ മാതാവ് ഹാല എന്നവർ ഖദീജ ബീവിയുടെ സഹോദരി ഖുവൈലിദിന്റെ മകൾ. ഞാൻ അബുൽ ആസിന് വിവാഹം ചെയ്തുകൊടുക്കുകയും അവനെന്നെ വിശ്വസിക്കുകയും ചെയ്തു എന്ന് നബി (സ) ഒരു ഹദീസിൽ പറയുന്നു. പ്രവാചകതത്വത്തിനും മുമ്പാണ് അവരിരുവരും തമ്മിലുള്ള വിവാഹം നടന്നത്. നബി തങ്ങൾക്ക് പ്രവാചകത്വം ലഭിച്ചപ്പോൾ വിശ്വസിച്ച ആദ്യ ആൾക്കാരുടെ കൂട്ടത്തിൽ മകൾ സൈനബുമുണ്ടായിരുന്നു. ആ ഈമാൻ നിറച്ച ഹൃദയവുമായാണവർ ഭർത്താവിന്റെ അടുക്കലേക്ക് പോയത്. ഭാര്യയുടെ വിശ്വാസത്തിന്റെ പേരിൽ അവരെ ആക്ഷേപിച്ചില്ല അദ്ദേഹം, പുകഴ്ത്താനും നിന്നില്ല. സ്നേഹത്തോടെയും യുക്തിയോടെയും ഇങ്ങനെ പറയുക മാത്രം ചെയ്തു: അല്ലാഹുവാണ, നിന്റെ പിതാവിനെക്കുറിച്ച് എനിക്കൊരു പരാതിയുമില്ല. നിന്റെ കൂടെ ഒരുമിച്ച് ഒരേവഴിയിൽ പ്രവേശിക്കുന്നതിലും പ്രിയപ്പെട്ടതായി എനിക്ക് വേറെയൊന്നുമില്ല. പക്ഷേ, ഭാര്യയെ തൃപ്തിപ്പെടുത്താൻവേണ്ടി നിന്റെ ഭർത്താവ് സ്വന്തം സമുദായത്തെ വഞ്ചിക്കുകയും പൂർവപിതാക്കളെ നിഷേധിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നത് ഞാൻ ഭയക്കുന്നു. അതുകൊണ്ടെനിക്ക് മാപ്പുതരില്ലേ സൈനബ്!? ഇതായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.

സൈനബ് ബീവിയത് ഹൃദയപൂർവം, ഭർത്താവ് മുസ്ലിംകളുടെ ഇടയിലേക്ക് വരുന്ന നാളുകൾ സ്വപ്നം കണ്ട് പ്രതീക്ഷാപൂർവം സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഖുറൈശികളാണെങ്കിൽ സൈനബിനെ ഉപേക്ഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹമാണെങ്കിൽ എന്തുവിലകൊടുത്തും തന്റെ ഭാര്യയെ ഭാര്യയായിത്തന്നെ കൂടെനിർത്തുമെന്ന് ശഠിക്കുകയും ചെയ്തു. അന്ന് ഇസ്ലാമിൽ ഭാര്യയും ഭർത്താവും രണ്ട് മതങ്ങളിലാവുന്നത് പ്രശ്നമുണ്ടായിരുന്നില്ല.

പിന്നീട് ഹിജ്റ വരുന്നു. സൈനബിന്റെ കുടുംബം മുഴുവൻ മദീനയിലെത്തുന്നു. അവർ മാത്രം ഭർത്താവിന്റെ കൂടെ മക്കയിൽ നിൽക്കുന്നു. ഹൃദയം പിടയുന്നുണ്ടെങ്കിലും ഭർത്താവിന് കൊടുത്ത വാ​ഗ്ദാനം പിൻവലിക്കാൻ അവർ തയ്യാറായിരുന്നില്ല. ഒരുവശത്ത് നബിയും പിതാവുമായ ഒരാളും മറ്റൊരു വശത്ത് സ്നേഹിതനും ഭർത്താവുമായ ഒരാളും! ബദ്റ് യുദ്ധം വന്നപ്പോൾ മുസ്ലിംകൾക്കെതിരായി വാളോങ്ങിയ ശത്രുസൈന്യത്തിലും അവരുടെ ഭർത്താവുമണ്ടായിരുന്നു. യുദ്ധത്തിലെ ബന്ദികളായി പിടിച്ചവരുടെ കൂട്ടത്തിലും. അങ്ങനെയാണ് മോചനത്തിനായി മാതാവ് തനിക്ക് സമ്മാനിച്ച മാല സൈനബ് ബീവി കൊടുത്തയക്കുന്നതും നബി തങ്ങൾ അവരെ മോചിപ്പിക്കാനാവശ്യപ്പെടുന്നതും. മോചിപ്പിക്കുന്നതോടൊപ്പം സൈനബിനെ മദീനയിലേക്ക് അയക്കാൻ നബി തങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

അവിശ്വാസികളായ ഇണകളുമായി ഇനി ഒരുമിച്ചു കഴിയരുതെന്നുള്ള നിയമം അന്ന് നിലവിൽ വന്നിരുന്നു. അയക്കാമെന്നദ്ദേഹം മറുപടി പറയുകയും ചെയ്തു. ഭർത്താവിനെ നിറകണ്ണുകളോടെ കാത്തിരിക്കുകയായിരുന്നു സൈനബ്. തന്റെ വാ​ഗ്ദത്തപൂർത്തീകരണത്തിന്റെ ഭാ​ഗമായി അവരെ കാര്യമറിയിക്കുകയും നിന്നെ മദീനയിലേക്ക് അയക്കാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെന്നു പറയുകയും ചെയ്തു അദ്ദേഹം. തന്റെ നാഥന്റെ കൽപന എതിരൊന്നുമില്ലാതെ സ്വീകരിക്കുക മാത്രമായിരുന്നു സൈനബിന്റെ തീരുമാനം. അബുൽആസിന്റെ സഹോദരൻ കിനാനയുടെ കൂടെയായിരുന്നു ബീവിയുടെ മദീനയിലേക്കുള്ള യാത്ര.

പക്ഷേ വഴിയിൽ ഖുറൈശികളിൽ ചിലർ അവരുടെ യാത്ര തടഞ്ഞു. കിനാനയുമായുള്ള ഏറെ നേരത്തെ വാക്കുതർക്കങ്ങൾക്കൊടുവിൽ പോകാനനുവദിക്കുകയും ബീവി മദീനയിലെത്തുകയും ചെയ്തു. ആറോളം വർഷം മഹതി അബുൽ ആസിനെ പിരിഞ്ഞ് രണ്ടു കുട്ടികൾക്കൊപ്പം മദീനയിൽ കഴിഞ്ഞു. അബുൽ ആസാണെങ്കിൽ കച്ചടവത്തിൽ വ്യാപൃതനാവുകയും ബദ്റിന് ശേഷം മുസ്ലിംകൾക്കെതിരായ എല്ലാ യുദ്ധത്തിൽ നിന്നും മാറിനിൽക്കുകയും ചെയ്തു.

മക്കാ വിജയത്തിനു മുമ്പുള്ള ഒരു സന്ദർഭം, ഖുറൈശികളുടെ ഒരു കച്ചവടാർഥം പുറപ്പെട്ടതായിരുന്നു അബുൽ ആസ്. തിരിച്ചുള്ള വഴിയിൽ മുസ്ലിംകളുടെ ഒരു രഹസ്യസൈന്യം പിടികൂടുകയും അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. രാത്രിയിൽ അതീവരഹസ്യമായി സൈനബിന്റെ അടുക്കൽ അദ്ദേഹം അഭയം തേടി. പിറ്റേദിവസം ഫജ്റ് നമസ്കാരത്തിന് നബി തങ്ങൾ വിശ്വാസികൾക്ക് ഇമാം നിൽക്കുകയായിരുന്ന വേളയിൽ, ജനങ്ങളെ, ഞാൻ അബുൽ ആസിന് അഭയം നൽകിയിരുന്നു എന്ന് മഹതി ഉറക്കെ വിളിച്ചുപറഞ്ഞു. നബി തങ്ങൾ ഉടനെ മകളെ ചെന്നു കാണുകയും അദ്ദേഹത്തെ നന്നായി സൽക്കരിക്കണമെന്നും പക്ഷേ അപ്പോഴും നിനക്കയാൾ ഹലാലല്ലെന്നും ഓർമപ്പെടുത്തി.

തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത സംഘത്ത വിളിച്ച് നബി തങ്ങൾ പറഞ്ഞു: നിങ്ങളദ്ദേഹത്തിന് ആ സ്വത്ത് തിരിച്ചുകൊടുക്കുകയാണെങ്കിൽ അത് ഞാനും ഇഷ്ടപ്പെടുന്നു. ഇനി ഇല്ലെന്നാണ് തീരുമാനമെങ്കിൽ അത് നിങ്ങളുടെ തന്നെ അവകാശമാണ്. അവരെല്ലാവരും തിരിച്ചുകൊടുക്കാൻ സമ്മതിക്കുകയും അതുമായി മക്കയിൽ ചെന്ന അദ്ദേഹം സ്വത്തുകളെല്ലാം അവകാശികൾക്ക് തിരിച്ചുകൊടുക്കുകയും ഇനിയൊന്നും തന്റെ മേൽ ബാധ്യതയായി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശഹാദത്ത് ചൊല്ലി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഞാൻ നിങ്ങളുടെ സ്വത്തെല്ലാം കൈക്കലാക്കി രക്ഷപ്പെട്ടു കളഞ്ഞു എന്ന് നിങ്ങൾ പറഞ്ഞുപരത്തുന്നത് പേടിച്ചു മാത്രമായിരുന്നു ഞാൻ ഇത്രകാലവും ഇസ്ലാം സ്വീകരിക്കാതിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തുടർന്ന് മദീനയിൽ ചെന്ന് ഇസ്ലാം പ്രഖ്യാപിക്കുകയും സൈനബിനെ തിരിച്ചുതരാൻ നബിയോടാവശ്യപ്പെടുകയും മരണംവരെ ഒരുമിച്ചുജീവിക്കുകയും ചെയ്തു. സൈനബ് ബീവിയുടെ വിയോ​ഗത്തിന്റെ അല‍്പം വർഷങ്ങൾക്കുശേഷം അദ്ദേഹവും വഫാത്തായി.

ഗുണപാഠം 2

ഭർത്താവിനെ ഉപേക്ഷിക്കാനായി ഒത്തിരി കാരണങ്ങളുണ്ടായിരുന്നു അവർക്ക്. പക്ഷേ ഇരുവരും പരസ്പരം സ്നേഹിക്കുന്നു എന്ന ഒരേയൊരു കാരണം കൊണ്ടുതന്നെ അവർ വേർപിരിയാനും ഒരുക്കമായിരുന്നില്ല. സ്വന്തത്തെക്കാൾ മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ ഇങ്ങനെയാവും. ചേർന്നുനിൽക്കാനുള്ള കാരണങ്ങളാവും നാം തിരയുക, വേർപിരിയാനുള്ള മാർ​ഗങ്ങളല്ല. അവർ വിശ്വാസിയും നബിയുടെ മകളുമെല്ലാമായിരുന്നു. ഭർത്താവ് അവിശ്വാസിയും പിതാവിനോട് യുദ്ധം ചെയ്യുന്നവരും. പക്ഷേ, സഹിക്കാനും ക്ഷമിക്കാനും അവർ തയ്യാറായത് വേർപാടിന്റെ വേദനയെക്കാളൊന്നും ആ ത്യാ​ഗങ്ങൾ വരില്ല എന്ന് അറിഞ്ഞുകൊണ്ടായിരുന്നു.

ആത്മാക്കൾ ഒന്നാവുമ്പോൾ വ്യക്തിതാൽപര്യങ്ങളെല്ലാം ഇല്ലാതായിത്തീരും. ഞാൻ മാറി ഞങ്ങൾ മാത്രമാവുമവിടെ. അവിടെ സ്വന്തം വേദനകൾക്ക് യാതൊരു പ്രാധാന്യവുമുണ്ടാവില്ല. തന്റെ പിതാവിനെ മതം സ്വീകരിക്കാത്ത അവിശ്വാസിയായ മനുഷ്യനെയായിരുന്നില്ല സൈനബ് ബീവി അബുൽ ആസിൽ കണ്ടത്. മറിച്ച്, പകരം വെക്കാനാവാത്ത തന്റെ പ്രിയപ്പെട്ട ഭർത്താവിനെ മാത്രമായിരുന്നു.

​ഗുണപാഠം 3

ഈ ദീൻ, ഹൃദയങ്ങളിലേക്കു മാത്രം നോക്കുന്ന, രൂപങ്ങളിലേക്ക് നോക്കാത്ത ആളുടെ ദീനാണ്. മനുഷ്യപ്രകൃതിക്ക് അനുയോജ്യമായാണ് ഇത് വന്നിട്ടുള്ളത്. സ്നേഹം മനുഷ്യപ്രകൃതിയാണല്ലോ. ചില സാഹചര്യങ്ങളിൽ ആരാധനയുമാണത്. നമ്മിൽ വികാരങ്ങളെ സൃഷ്ടിച്ചിട്ടുള്ള അല്ലാഹു, ആ വികാരങ്ങളെ പൂർണമായി നിരാകരിക്കുന്ന, അതിനെ പ്രകടിപ്പിക്കാൻ അനുവദിക്കാത്ത, ഒരു പാപമായി അതിനെ കാണിക്കുന്ന ഒരു ശരീഅത്ത് ഒരിക്കലും നമുക്ക് നൽകില്ലല്ലോ. അന്യമതത്തിലുള്ള അബുൽ ആസിനെ സ്നേഹിച്ചതിനോ അഭയം കൊടുത്തതിനോ മോചനദ്രവ്യമായി ആഭരണം കൊടുത്തയച്ചതിനോ ഒന്നും നബി തങ്ങൾ തന്റെ മകൾ സൈനബിനെ ആക്ഷേപിച്ചില്ല. സ്നേഹം മറച്ചുവെക്കപ്പെടാൻ അതൊരിക്കലും ഒരു ന്യൂനതയല്ലല്ലോ, ശിക്ഷിക്കപ്പെടാൻ പാപവുമല്ല. അത് ഹൃദയത്തിന്റെമാത്രം ജോലിയാണ്.

പക്ഷേ, സ്നേഹത്തിനുതന്നെ അതിന്റെതായ മര്യാദകളും ഇസ്ലാമിന് അതിന്റെതായ അവകാശങ്ങളുമുണ്ട്. സൈനബ് ബീവി അക്കാര്യം നന്നായി അറിയുന്നവരുമായിരുന്നു. മതം അനുവദിക്കുന്ന രീതിയിൽ മാത്രമേ അവർ തന്റെ സ്നേഹത്തെ സംരക്ഷിക്കാൻ ശ്രമിച്ചതുമുള്ളൂ. വിശ്വാസവും സ്നേഹവും രണ്ടും ഒരു ഹൃദയത്തിൽതന്നെയായിരുന്നു ഒരുമിച്ച് കഴിഞ്ഞത്. രണ്ടിനുമിടയിൽ വൈരുധ്യമുണ്ടായിരുന്നില്ലതന്നെ. തന്റെ പ്രണയത്തോട് അവർ കാണിച്ച അതേ ആത്മാർഥത തന്റെ റബ്ബിനോടും കാണിച്ചതിനാൽ അവർക്ക് പ്രശ്നങ്ങളൊന്നുംതന്നെ വന്നില്ല. അബുൽ ആസിനെ പിരിഞ്ഞശേഷം പുതിയൊരു ഭർത്താവുമൊത്ത് പുതുജീവിതം തുടങ്ങാമായിരുന്നു അവർക്ക്.

ആറു വർഷം അതിന് മതിയായ കാലവുമായിരുന്നു. പക്ഷേ, ഹൃദയത്തിൽ വസിക്കുന്ന ഒരാളെയൊഴികെ മറ്റു ഭൂമിലോകത്തെ എല്ലാവരെയും ഒരുപോലെ തോന്നിപ്പിക്കുന്ന സ്നേഹം, ഭൂമിമുഴുവൻ അയാൾ മാത്രമേയുള്ളൂവെന്ന് തോന്നിപ്പിക്കുന്ന സ്നേഹം കാരണം വേർപിരിഞ്ഞു നിൽക്കുന്ന സമയത്തും അവർക്ക് അബുൽ ആസ് ഭർത്താവു തന്നെയായിരുന്നു, ആത്മാവിനും ഹൃദയത്തിനും. അതുകൊണ്ടാണദ്ദേഹം തിരിച്ചുവന്ന് വീണ്ടുമവർ ഒന്നായതും.

ഗുണപാഠം 4

പ്രണയാതുരയും പ്രണയത്തിന്റെ വിഷയത്തിൽ ത്യാ​ഗിയുമായ മകളുടെ നിലപാടിന് നേർക്കുനേരെയുള്ളത് വിവേകിയും മാന്യനുമായ പിതാവിന്റെ നിലപാടാണ്. തന്റെ ഭാര്യയുടെ മാല തനിക്കെതിരെ യുദ്ധം ചെയ്ത ഒരാൾക്കുള്ള മോചദദ്രവ്യമായി മകൾ കൊടുത്തയച്ചത് ആ പിതാവിന്റെ മുന്നിലെത്തുമ്പോൾ കരുണയുള്ള പിതാവിന്റെ കണ്ണുകളിലൂടെയാണ് നബി തങ്ങൾ ആ സാഹചര്യം നേരിടുന്നത്. ശേഷം സ്വഹാബികളുടെ അടുക്കൽചെന്ന്, തനിക്ക് സമ്പൂർണ ആജ്ഞാശക്തിയുണ്ടായിട്ടും അതിനു മുതിരാതെ നിങ്ങൾക്കു സമ്മതമാണെങ്കിൽ അയാളെ മോചിപ്പിക്കൂ എന്നു പറയുന്നു. തന്റെ മകളെ അവൾക്കിഷ്ടമുള്ള മാർ​ഗം തെരഞ്ഞെടുക്കാനനുവദിക്കുന്ന, അധികാരമുപയോ​ഗിച്ച് മകൾക്കും അവളിഷ്ടപ്പെടുന്ന അന്യമതത്തിലുള്ള ഭർത്താവിനുമിടയിൽ തടസ്സം സൃഷ്ടിക്കാത്ത പിതാവ്.

പിതൃത്വമെന്നാൽ കൽപനകൾ അടിച്ചിറക്കലും തന്റെ അഭിപ്രായംമാത്രമാണ് ശരിയെന്നുവെക്കലുമൊന്നുമല്ലെന്നും ഉൾക്കൊള്ളലും മനസ്സിലാക്കലും നല്ല പെരുമാറ്റവുമൊക്കെയാണ് അതെന്നും പഠിപ്പിക്കുകയാണ് നബി തങ്ങൾ. പോറലുകളുമൊന്നുമേൽക്കാതെ മക്കളുടെ ആ​ഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സാധിക്കണം. ചിലപ്പോൾ നിന്റെ വീക്ഷണപ്രകാരം അവർ ചെയ്യുന്നത് തെറ്റായിരിക്കാം. പക്ഷേ, മനുഷ്യന് അവന്റെതായ സ്വന്തം തെറ്റുകൾ ചെയ്യാൻ അവകാശമുണ്ടത്രെ. അപ്പോൾ മാത്രം പഠിക്കുന്ന കാര്യങ്ങളുമുണ്ട്. ഉപദേശത്തെക്കാൾ ഫലവത്തായ അനുഭവത്തിന്റെ പാഠം അപ്പോഴേ ലഭിക്കൂ.

ജീവിതം മനസ്സിലാക്കാനു​പകരിക്കുന്ന തെറ്റുകളെക്കുറിച്ചാണിവിടെ പരാമർശം. പിതാവിന്റെ ദൗത്യവും മക്കളെ ജീവിതത്തെ നേരിടാൻ പ്രാപ്തരാക്കുക എന്നതാണല്ലോ. അല്ലാതെ ജീവിതത്തെക്കുറിച്ച് ഭീതി ജനിപ്പിച്ച് ജീവിക്കാൻതന്നെ സമ്മതിക്കാതിരിക്കുക എന്നതല്ല. മകനെ തെറ്റുചെയ്യാൻ സമ്മതിക്കാതിരിക്കുകയല്ല പിതാവിന്റെ ജോലി, ചെയ്ത തെറ്റിന്റെ വലിപ്പം പറഞ്ഞുകൊടുക്കാനുള്ള അനുയോജ്യ സമയം അറിയലാണ്.

വീഴാതിരിക്കാൻ എപ്പോഴും മകനെ പിടിച്ചുകൊണ്ടിരിക്കലല്ല പിതാവിന്റെ ജോലി, വീണിടത്തുനിന്ന് രണ്ടാമതും എഴുന്നേൽക്കാനായി നീളുന്ന കൈയാവലാണ്. അട്ടഹാസങ്ങൾകൊണ്ടോ ഉപരോധംകൊണ്ടോ ഒന്നുമല്ല മക്കളുടെ ഹൃദയങ്ങളിൽ പിതാക്കന്മാരുടെ ഉപദേശങ്ങൾ രൂഢമൂലമാവുന്നത്, മറിച്ച് മകന് ഉപദേശം ആവശ്യമുള്ള സമയം അറിഞ്ഞ് പറയുമ്പോൾ മാത്രമാണ്. തളരുമ്പോൾ അവന് ചായാനൊരു ഇടവും അവനെ കേൾക്കാനൊരു കാതും നീയാവണം. കാണുമ്പോൾ മക്കൾ ദൂരെദൂരെ ഓടിപ്പോവുന്നൊരു പിതാവായി മാറരുത് നീ.

നബി തങ്ങളിൽ തന്നെയാണ് അതിന് അത്യുത്തമ മാതൃകയുള്ളത്! ഫജ്റ് നമസ്കാരം നടന്നുകൊണ്ടിരിക്കെ, ജനങ്ങൾക്കു മുമ്പാകെ, ഞാനെന്റെ മുൻഭർത്താവിന് അഭയം നൽകിയിരിക്കുന്നുവെന്ന് മകൾ ശബ്ദമുയർത്തി വിളിച്ചുപറഞ്ഞപ്പോൾ സാവധാനം നമസ്കാരം പൂർത്തീകരിക്കുകയും ഞാൻ കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്ന് ജനങ്ങൾക്ക് വിശദീകരണം കൊടുക്കുകയും ചെയ്ത ശേഷം മകളുടെ അടുക്കൽ ചെന്ന് കാര്യങ്ങൾ രമ്യമായി സംസാരിക്കുന്ന വിവേകിയായ പിതാവ്! ജനങ്ങൾക്കിടയിൽ തന്നെ അവഹേളിച്ചെന്ന പേരിൽ മകളെ ശകാരിക്കുകയോ സമ്മതംചോദിക്കാത്തതിന് അവളെ ആക്ഷേപിക്കുകയോ ഒന്നും ചെയ്തില്ല. പിതാവ് തനിക്ക് നൽകുന്ന സവിശേഷമായ സ്നേഹമായിരുന്ന ബീവിയുടെ അധികാരത്തിന്റെ ആ സ്രോതസ്സ്.

​ഗുണപാഠം 5

സ്നേഹമെന്നാൽ വലിയ വാക്കുകളെന്നതിലേറെ ഉന്നതമായ ചില നിലപാടുകളാണ്. ഐശ്വര്യകാലത്ത് ആർക്കും സ്നേഹിതന്മാരാവാം. അലങ്കൃതമായ വാക്കുകളാവുമ്പോൾ എല്ലാ കവികളും പ്രണയിനികളാവും. പക്ഷേ ഹൃദയത്തിൽ ആഴ്ന്നിറങ്ങിക്കഴിഞ്ഞാൽ ഇതിൽ നിന്നൊക്കെ കടന്നുപോകുമത്. പ്രയാസവേളകളിൽ, നല്ല സംസാരിക്കുന്ന, കോർവയൊത്ത വാക്കുകൾ കോർത്തുവെക്കുന്ന, മനോഹരമായ കവിതകളെഴുതുന്ന ആൾ ചിലപ്പോൾ കൈയൊഴിഞ്ഞേക്കാം. ഹൃദയത്തിലുള്ളതെല്ലാം പ്രകടിപ്പിക്കാത്ത, മൗനിയായൊരു മനുഷ്യൻ ചിലപ്പോൾ കൂടെനിന്നേക്കാം. ഇവിടെയാണ് കവിതയിലുള്ള സ്നേഹവും യഥാർഥ സ്നേഹവും വേർപിരിയുന്നത്. പ്രിയപ്പെട്ടവർക്ക് വല്ലതും പറ്റിയാൽ തന്നെ ഹൃദയം നുറുക്കിക്കളയുന്ന സ്നേഹം. അകലെയുള്ളവനെയും ഹൃദയത്തിന്റെ പേരിൽ അടുത്തെത്തിക്കുന്ന മായാജാലം. ഓർത്ത് കരയാനോ ചിലപ്പോൾ പുഞ്ചിരിക്കാനോ സഹായിക്കുന്ന ചിലത്. സൈനബി(റ) ന്റെ കഥയിലോ ഓരോ അടരുകളിലും ഈ വിശുദ്ധ സ്നേഹത്തിന്റെ സാന്നിധ്യം കാണാം.

​ഗുണപാഠം 6

നിരാശരാവരുത്! ഏതു കഠിനഹൃദയവും ചിലപ്പോൾ ലോലമാകും. അകലെയുള്ളവൻ ചിലപ്പോൾ അരികെയെത്തും. അസംഭവ്യമായത് സംഭവിക്കും, അൽപം സമയം കൊടുക്കൂ. ഇന്ന് നീ നടക്കില്ലെന്ന് കരുതിയത് നാളെ ചിലപ്പോൾ നിന്റെ മുന്നിൽ കാണും. വൈകിവരുന്നതിനാണല്ലോ അല്ലെങ്കിലും ഭം​ഗിയേറെ! ദീർഘമായ കാത്തിരിപ്പിനു ശേഷമുള്ള സമാ​ഗമത്തിന്റെ ആ നിമിഷം ആ കാത്തിരിപ്പിന്റെയൊക്കെ വേദനയെ മായ്ച്ചുകളയുന്നതാവും.

പക്ഷേ, കാത്തിരിപ്പ് സത്യസന്ധമാണോ എന്നും ഹൃദയത്തിൽനിന്നുള്ളതാണോ എന്നും ഉറപ്പുവരുത്തുക. ചിലപ്പോൾ വഴിയിൽ പലതും പിന്തിപ്പിക്കാൻ ശ്രമിച്ചേക്കാം. അപ്പോഴൊക്കെ മുന്നോട്ടുമാത്രം സഞ്ചരിക്കുക. ചിലപ്പോൾ കീഴടങ്ങിയാലോ എന്ന് തോന്നിയേക്കാം. പക്ഷേ, അരുത്.

​ഗുണപാഠം 7

ഇസ്ലാമിന് മുമ്പും അറബികൾക്ക് ഒരുപാട് നല്ല സ്വഭാവങ്ങളുണ്ടായിരുന്നു. വാ​ഗ്ദത്തലംഘനവും വാക്കുമാറ്റലും അവരുടെ ശീലമായിരുന്നില്ല. അവരുടെ മനുഷ്യത്വവും അത്രമേൽ ഉന്നതമായിരുന്നു. അറബികളുടെ വാ​ഗ്ദത്തപൂർത്തീകരണത്തിന്റെ വീരകഥകളിൽ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നതു കാണാം. സമൗഅലും ഹാനിഅ് ബ്ൻ മസ്ഊദും ഉദാഹരണം മാത്രം. ഇസ്ലാം വന്നപ്പോഴും അറബികളുടെ സ്വഭാവങ്ങളിൽ പലതും നിലനിർത്തി. അവരുടെ ധീരതയും ആതിഥ്യമര്യാദയും പരസ്പരസഹായവുമെല്ലാം അതിൽ ചിലത്. ഇന്ന് അറബികളെന്ന് സ്വയം പറയാൻ പോലും മടിക്കുന്ന തരത്തിലേക്ക് പക്ഷേ കാര്യങ്ങളെത്തി. സഹായാർഥകർ ഒത്തിരിയുണ്ടെങ്കിലും സഹായം നൽകാൻ ആളില്ലാതെയായി.

നബിയുടെ കൂടെ – 27

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles