Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആനിൻ്റെ അസാധാരണമായ കഥാകഥന ശൈലി

മാനവ സമൂഹത്തിന് മാർഗദർശനമായി അവതരിച്ച വിശുദ്ധ ഖുർആനിന്റെ മൂന്നിലൊന്നോളം കയ്യടക്കി വച്ചിരിക്കുന്നത് കഥകളാണ്. അതിലെ ഏറ്റവും മഹത്തായ അദ്ധ്യായത്തിൽ (അൽ -ഫാതിഹ) മാർഗദർശനമെന്ന ദൈവാനുഗ്രഹം ലഭിച്ചവരുടെ കഥകളുൾക്കൊണ്ടുള്ള പ്രാർഥനയെ മഹത്വവൽക്കരിക്കുന്നതായും കാണാം. ഹൃദയ-മനസ്സാതികളെ ചലനാത്മകമാക്കാനുള്ള കഥകളുടെ യാന്ത്രിക ശക്തിയെ അടിവരയിടുന്നതോടൊപ്പം കഥകൾ കുട്ടികൾക്ക് മാത്രമുള്ളതാണെന്നും ബൗദ്ധിക ചർച്ചകളിൽ അതിന് ഇടമില്ലെന്നുമുളള മിഥ്യാ ധാരണകളെ മനോഹരമായി പൊളിച്ചെഴുതുക കൂടി ചെയ്യുന്നുണ്ട് വിശുദ്ധ ഖുർആൻ. കഥപറച്ചിലുകൾക്ക് സാധുത കൽപ്പിക്കുന്നതോടൊപ്പം വായനക്കാരെ സ്ഫുടം ചെയ്തെടുക്കുന്നതിൽ കഥകളുടെ കൃത്യമായ പങ്കും ഖുർആൻ വരച്ചിടുന്നുണ്ട്.

കഥപറച്ചിലിന്റെ മനോഹാരിത

പ്രവാചകൻ യൂസുഫ് (അ) യുടെ കഥാഭാഗത്തിന് നൽകിയ ‘അഹ്സനുൽ ഖസസ്’ (ഏറ്റവും മികച്ച കഥ) എന്ന വിശേഷണം അതാണോ ഖുർആനിലെ ഏറ്റവും മഹത്വമുള്ള കഥ എന്ന നിർണ്ണയത്തിലേക്ക് പണ്ഡിതന്മാരെ നയിച്ചിട്ടുണ്ട്. എന്നാൽ ഒരുപാട് കാരണങ്ങൾ കൊണ്ട് അതങ്ങനയല്ല എന്ന് വേണം കരുതാൻ. പ്രവാചകൻ മൂസ (അ) യുടെ കഥകളുടെ ധാരാളിത്തമല്ല അതിന്റെ ഏക കാരണം. ഖുർആനിലെ കഥകളെല്ലാം മികച്ചതാണെന്ന നിലപാടും പൂർണ്ണതയോട് അടുക്കുന്നുണ്ടെങ്കിലും അതിലേക്ക് എത്തിച്ചേരുന്നില്ല. ആ സൂക്തം പറയുന്നത് ഏറ്റവും മികച്ച കഥയെ കുറിച്ചല്ലെന്നും കഥ പറച്ചിലിനെ കുറിച്ചാണെന്നുമാണ് വ്യാഖ്യതാക്കളുടെ പക്ഷം. അതായത് ഏത് കഥകൾ പറയണമെന്ന തിരഞ്ഞെടുപ്പിൽ മാത്രമല്ല അതിന്റെ ആഖ്യാന ശൈലിയിലും സമ്പൂർണത കൈവരിച്ചവനാണ് ദൈവമെന്നർത്ഥം.!

സൂറത്തു യൂസുഫിലെ പ്രസ്തുത സൂക്തത്തിന്റെ തുടർച്ചയിൽ ഖുർആനിക കഥാഖ്യാനത്തിന്റെ ചില പ്രധാന വിശേഷണങ്ങളും എന്ത് കൊണ്ട് ഇത്തരം കഥകൾ ഖുർആനിന്റെ ലക്ഷ്യപൂർത്തീകരണത്തിൽ നിസ്തുല പങ്ക് വഹിക്കുന്നു എന്നും വിവരിക്കുന്നുണ്ട്. കഥാസംഗമങ്ങള്‍ ഏതൊരു സംസ്കാരത്തിലെയും പോലെ അറേബ്യൻ സംസ്കാരത്തിലും നിലനിന്നിരുന്ന പ്രതിഭാസത്തെ അടിത്തറയാക്കി ദിവ്യബോധനത്തെ ഉൾകൊള്ളുക എന്ന പരമോന്നത ലക്ഷ്യം അവ നേടുകയും ചെയ്യുന്നുണ്ട്.

1. ഗുണപാഠ കേന്ദ്രീകൃതം

വിസ്‍മയിപ്പിക്കുന്ന വശ്യതയുള്ളതാണ് ഓരോ ഖുർആനിക വചനങ്ങളുമെങ്കിലും സകല മതിൽ കെട്ടുകളും ഭേദിച്ചുള്ള അതിന്റെ സാർവ്വലൗകിക അവതരണം ആ ലക്ഷ്യം വച്ച് മാത്രമല്ല. മറിച്ച് ദൈവിക സത്യങ്ങളും മാനവ നീതിയും മനുഷ്യരാശിയുടെ അന്തിമ വിധിന്യായങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ഒരു ‘ഖൌലുൽ-ഫസ്ൽ’ (നിർണായക വാക്യം) ആണ് ഖുർആൻ. എങ്കിലും വിശ്വാസി സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന കഥകളും ഗുണപാടങ്ങളുമെല്ലാമുള്ള ദിവ്യ അവതരണത്തിന്റെ പേരു തന്നെയാണ് ഖുർആൻ. അത്തരത്തിൽ ദൈവിക കൽപനകളിലേക്ക് നമ്മെ അടുപ്പിക്കുകയും ഉൾകൊള്ളാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിധം തന്നെയാണ് ഓരോ കഥകളും അതിൽ സംവിധാനിച്ചിരിക്കുന്നത്.

പ്രമുഖ ഖുർആൻ പണ്ഡിതൻ മുഹമ്മദ് ഇബ്നു ആശൂർ തന്റെ ‘അത്തഹ്‌രീറു വത്തൻവീർ’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഇങ്ങനെയാണ്: “യഥാർത്ഥ്യമായത് കൊണ്ടോ ഗുണപാടങ്ങളുള്ളത് കൊണ്ടോ മാത്രമല്ല ഖുർആനിന്റെ കഥകൾ ഏറ്റവും മികച്ചതാവുന്നത്- അത്തരം കഥകൾ വേറെയുമുണ്ടല്ലോ-. മറിച്ച് അതിന്റെ കാലാതീതമായ കഥകളെ വായനക്കാരന്റെ ഉള്ളിൽ കൊത്തിയിടുന്നതിലുള്ള കാര്യക്ഷമതയാണ് ഖുർആനിക കഥകളെ മനോഹരമാക്കുന്നത്. തങ്ങളുടെ ഗുണത്തിന് വേണ്ടിയാണ് മനുഷ്യർ കഥ കേൾക്കുന്നത്. അത് വെറും ആസ്വാദനമെങ്കിൽ പോലും അവരത് ആഗ്രഹിക്കുന്നു. ഇക്കാരണം കൊണ്ടാണ് പല പൂർവ്വിക പണ്ഡിതൻമാരും കാഥികരെ എതിർത്തിരുന്നത്. ഖുർആനിക കഥകൾ മൂല്യങ്ങളെ വരച്ചിടുക മാത്രമല്ല വായനക്കാരെ മൂല്യാധിഷ്ഠിതരാക്കുക കൂടി ചെയ്യുന്നുണ്ട്. നമ്മളിൽ പലർക്കും പരിചിതമല്ലാത്ത കഥ പറച്ചിലിന്റെ തലങ്ങളിലേക്ക് അവ നമ്മെ വഴിനടത്തുന്നു.

ഉദാഹരണത്തിന്, പരിചിത ചരിത്രകഥകളിൽ നിന്ന് വിഭിന്നമായി കുടുംബ പരമ്പരകളും പട്ടണങ്ങളും അവയുടെ സ്ഥാനങ്ങളുമെല്ലാം തന്ത്രപൂർവ്വം ഖുർആൻ ഒഴിവാക്കുന്നത് കാണാം. ഈ ശൈലി ഗുണപാഠം മാത്രം ശ്രദ്ധിക്കപ്പെടാനും സ്ഥലകാല ബന്ധനങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. മനുഷ്യൻ ദിനോസറുകൾക്കൊപ്പം സഹവസിച്ചതോ അസ്ഹാബുൽ കഹ്ഫിന്റെ ഗുഹയുടെ കൃത്യമായ സ്ഥലമോ ഖുർആൻ നമ്മോട് പറയാതിരുന്നത് എന്തിനാവും? അത്തരം വിവരങ്ങൾ നമ്മെ എങ്ങനെ വ്യതിചലിപ്പിക്കുമെന്ന തന്റെ കൃത്യമായ അറിവു കൊണ്ടാണ് അല്ലാഹു അവ ഉപേക്ഷിക്കുന്നത്!. 

ആദം നബി കഴിച്ച പഴം ഏതാണെന്നതിന്റെ പേരിൽ അനാവശ്യമായി ചരിത്രകാരൻമാർ കലഹിക്കുന്നത് നമ്മൾ കണ്ടതല്ലെ? കഥകളിൽ വന്ന സൂഫീ ദർഗകൾ പള്ളികൾക്ക് പകരം പ്രാർത്ഥന കേന്ദ്രങ്ങളാവുന്നത് നമ്മൾ കണ്ടതല്ലേ? ആയതിനാൽ തന്നെ ഖുർആനിക കഥകൾ കൃത്യമായ ചട്ടക്കൂടുകൾക്കുള്ളിൽ നിർമ്മിക്കപ്പെട്ടതും മാനവ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ ഇനിയുമാവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞ് നിർത്തുന്നവയുമാണ്.

വക്രീകരിക്കപ്പെട്ട ഗുഹാവാസികളുടെ കഥയെ അല്ലാഹു തിരിച്ചു പിടിക്കുന്നത് നോക്കൂ.. കഥ പറയും മുന്നേ നാമാണ് അവരുടെ കഥകളെ നിങ്ങൾക്ക് സത്യമായി അവതരിപ്പിച്ചു തരുന്നതെന്നും അവർ വിശ്വാസികളായ യുവാക്കളായിരുന്നുവെന്നും പ്രഖ്യാപിക്കുന്നുണ്ട് അവിടെ. മറ്റൊരർത്ഥത്തിൽ വംശാവലിയെ മനുഷ്യത്വത്തിന്റെ മാനദണ്ഢമാക്കിയ ജൂത കാഴ്ചപ്പാടുകളെ നിരാകരിച്ച് മതത്തിന്റെ പേരിൽ പീഢനങ്ങളനുഭവിച്ചപ്പോഴും ജീവിക്കാൻ  ഇനിയുമേറെയുണ്ടായിരുന്നിട്ടും വിശ്വാസം മുറുകെ പിടിച്ച ആ യുവതയെയാണ് ഖുർആൻ ആഘോഷിച്ചത്. കഥ പുരോഗമിക്കുന്തോറും അവരുടെ പ്രായവും എണ്ണവുമെല്ലാം മറച്ചുവെക്കുന്നുവെന്ന് മാത്രമല്ല അതിൻ മേലുള്ള ചർച്ചയുടെ വാതിലുകൾ തന്നെ കൊട്ടിയടക്കുന്നുണ്ട് ഖുർആൻ. കഥാന്ത്യത്തിൽ ദൈവിക ദൃഷ്ടാന്തങ്ങൾക്ക് ഊന്നൽ നൽകി മറ്റെല്ലാത്തിനെയും മാറ്റിവെക്കുന്നതായും കാണാം. ദിവ്യ സത്യങ്ങളിൽ നിന്ന് മറ്റൊന്നും വായനക്കാരനെ അകറ്റരുതെന്ന ഖുർആനിക കാർകശ്യത്തെ ഇവിടെ നമുക്ക് കാണാം.

ഗുണപാഠ കേന്ദ്രീകൃതമായ ഇത്തരം കഥകളിൽ നിന്ന് ആവർത്തനത്തിന്റെ യുക്തിയും നമുക്ക് ഗ്രഹിച്ചെടുക്കാം. ബദ്റുദ്ധീൻ ഇബ്നു ജംആഹ് ആവർത്തനത്തിന്റെ കാരണങ്ങൾ വിവരിച്ച് ‘അൽ-മുഖ്തനസ്’ എന്നൊരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. പ്രബോധന ശൈലി പോലെ തന്നെ ഖുർആനിക കഥകളിലും സാഹചര്യത്തിൻ്റെ തേട്ടങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.

“നിന്റെ മുറിയൊന്ന് വൃത്തിയാക്കാൻ ആയിരം വട്ടം പറയണം” എന്ന് ശകാരിക്കപ്പെടുന്ന ഒരു കുട്ടിയെപ്പോലെയാണ് നമ്മളും. മനസകമാണ് ആ അലങ്കോലപ്പെട്ട മുറിയെന്ന് മാത്രം. നിരന്തരമായ ഉണർത്തലുകൾ മനുഷ്യനെ ബോധവാനാക്കുക തന്നെ ചെയ്യുന്നുണ്ട്. മനുഷ്യ മനസിനെ പടച്ച നാഥന് അതിൽ ആവർത്തനത്തിനുള്ള അനിവാര്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ട്. ആദം നബിയുടെ മറവി മനുഷ്യകുലത്തിനാകെയുണ്ടെന്ന നബിവചനം ഇവിടെ ചേർത്ത് വായിക്കാം. ഖുർആൻ എന്ത് കൊണ്ട് ഒറ്റത്തവണയായി അവതരിച്ചില്ലെന്ന അവിശ്വാസികളുടെ ചോദ്യത്തിന് ഖുർആൻ നൽകിയ യുക്തമായ മറുപടിയും എല്ലാം പറഞ്ഞ് വെക്കുന്നുണ്ട്.

ഭാഷാപരമായ അമാനുഷികതയുടെ വിളംബരമാണ് ആവർത്തനത്തിനു പിന്നിലെ മറ്റൊരു യുക്തി. ആവർത്തനം മടിക്കുന്ന രചയിതാക്കൾ ഈ അമാനുഷികതതയെ അത്ഭുതപൂർവ്വം വീക്ഷിച്ചിരിക്കാറുണ്ട്. എഴുതപ്പെട്ട രചനയല്ല ദിവ്യബോധനമാണ്  ഖുർആൻ എന്നും ഇതിനോട് നാം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. അതും ഇബ്നു ആശൂർ പറയുന്നത് പോലെ അറേബ്യയിൽ അന്ന് നിലവില്ലാത്ത വിധം വശ്യമായ കഥ പറച്ചിൽ രീതിയിലുമായിരുന്നു ഖുർആന്റെ അവതരണം. കഥകളില്ലായിരുന്നെങ്കിൽ അറേബ്യയിലെ മഹാകവികൾക്ക് വെല്ലുവിളി നേരിടാനുള്ള തങ്ങളുടെ കഴിവില്ലായ്മയെ മറച്ച് വെക്കാനെങ്കിലും സാധിക്കുമായിരുന്നു.

ആവർത്തനത്തിന് പിന്നിലെ മറ്റൊരു യുക്തി ഖുർആൻ മന:പാഠമാക്കുന്നവരെ സംബന്ധിച്ചുളളതാണ്. ചെറിയ ചെറിയ ഭാഗങ്ങൾ മനപാഠമാക്കുന്ന രീതി നിലനിന്നിരുന്ന അക്കാലത്ത് ആവർത്തനങ്ങളാണ് കഥകൾ നഷ്ടമാവുന്നതിൽ നിന്ന് അവരെ കാത്ത് രക്ഷിച്ചത്.

2. ചിന്തിക്കുന്ന മനുഷ്യർക്ക് വേണ്ടി

ബോധപൂർവ്വമുള്ള ഇടപെടലുകളെ ലക്ഷ്യമാക്കിയാണ് ഓരോ ഖുർആൻ കഥയും പറയപ്പെട്ടിട്ടുള്ളത്. കഥകളിലെ സന്ദേശങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതതാണ് അവയുടെ നിർമാണ രീതി. ‘ഇബ്റ:’ (ദൃഷ്ടാന്തം) എന്നത് മുറിച്ച് കടക്കുക എന്നർത്ഥം വരുന്ന അറബി പദം ‘അബറ’ യിൽ നിന്നാണെന്നും കഥകളിലെ അർത്ഥങ്ങളെ വായനക്കാരന്റെ ജീവിതത്തിലേക്ക് കടത്തിവിടുന്ന ഖുർആനിന്റെ അമാനുഷികതെയെയാണ് അത് സൂചിപ്പിക്കുന്നത് എന്നും റാഗിബ് അൽ ഇസ്ഫഹാനി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ചില നോവലുകളുടെയും സിനിമകളുടെയും കാര്യമെടുത്ത് നോക്കൂ.. ഓഡിയൻസിനെ പിടിച്ചിരുത്തുന്നു എന്നതിനപ്പുറം അവരെ അത് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നേയില്ല. ഇതല്ല ഖുർആനിന്റെ ശൈലി. അത് പലയിടത്തായി അല്ലാഹു ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവിത ലക്ഷ്യങ്ങളെന്തെന്ന് സന്ദേഹിക്കുന്നവർക്കും ഖുർആനിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവർക്കുമാണ് ആ കഥകൾ ഏറെ ഉപകാരപ്രദമാകുന്നത്.

നല്ലൊരു ഹൃദയവും, കേൾക്കാനുള്ള മനസുമുള്ളവർക്ക് അതിൽ വലിയ പാഠങ്ങളുണ്ടെന്ന ദൈവിക വചനത്തെ ഇബ്നുൽ ഖയ്യിം ഇങ്ങനെ വിവരിക്കുന്നത് കാണാം: “ഒരു കഥയോ സന്ദേശമോ സ്വാധീനമുളളതാവണമെങ്കിൽ അവക്ക് മൂന്ന് ഗുണങ്ങൾ വേണം. സ്വാധീനിക്കാനുള്ള സഹജമായ കഴിവ്, ശ്രോതാവിന്റെ തുറന്ന മനസ്സ്, കഥക്കും സ്വാധീനത്തിനുമിടയിലെ തടസ്സങ്ങളില്ലാതിരിക്കൽ. അതിൽ വലിയ പാഠങ്ങളുണ്ടെന്ന ഖുർആനിക വചനം അതിന്റെ സഹചമായ ശക്തിയെ സൂചിപ്പിക്കുന്നു. നല്ല ഹൃദയമുള്ളവർക്ക് എന്നത് ശ്രോതാവിന്റെ ഗുണത്തെയും.

മറ്റൊരിടത്ത് ഖുർആൻ ഇങ്ങനെ പറയുന്നു: “അവർ ചിന്തിക്കാൻ സാധ്യതയുള്ള കഥകൾ അവർക്ക് അവതരിപ്പിച്ച് നൽകുക”. ഇരു ഭാഗങ്ങളുമുള്ള ഒരു പ്രവർത്തിയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ദാഹമകറ്റാനുള്ള വിഭവം ഖുർആൻ നൽകുന്നുണ്ടെങ്കിലും അത് കുടിക്കൽ നമ്മുടെ തന്നെ ബാധ്യതയാണ്. ഘടനാ വൈഭവമില്ലെന്നും ഖുർആൻ ഒന്ന് റീഅറേഞ്ച് ചെയ്യണമെന്നും പറയുന്ന ഓറിയന്റലിസ്റ്റുകൾ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ഇത് ചിന്തിക്കുന്നവർക്കുള്ള മാർഗനിർദ്ദേശമാണെന്നിരിക്കെ മുൻധാരണ വെച്ച് വായിക്കുന്ന അവർ ഇത് ഉൾകൊള്ളില്ലെന്ന് തീർച്ച. അതിക്രമികൾക്ക് ആ വചനങ്ങൾ നാശമേ വരുത്തുവെന്ന് ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ.

ഓരോ സൂറത്തുകളും അതിൻ്റേതായ ഉള്ളടക്കവും അർത്ഥങ്ങളും ഉൾകൊള്ളുന്നുണ്ട്. മാലയിലെ മുത്തുകളെപ്പോലെ അവയെ കോർത്ത് വെക്കാൻ പശ്ചാത്തലങ്ങളെന്ന സൂചകവും നൽകിയിരിക്കുന്നു. ഉദാഹരണത്തിന്, മുൻ പ്രവാചകരുടെ കഥകൾ ആവർത്തിക്കുന്നത് പല പശ്ചാത്തലങ്ങളിലായി കാണാം. പ്രയാസങ്ങളിൽ പ്രവാചകരെ ആശ്വസിപ്പിക്കാൻ, പ്രബോധനത്തിന്റെ സാധാരണത്വം കാണിക്കാൻ, അവിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകാൻ എന്നിങ്ങന പല തലങ്ങളിലാണ് അവയെല്ലാം അവതരിച്ചിരിക്കുന്നത്. ഇബ്നു അഖീൽ മക്കി തന്റെ ഉലൂമുൽ ഖുർആൻ എന്ന ഗ്രന്ഥത്തിൽ ചെറിയ വാക്കുകളുടെ മാറ്റത്തിലൂടെ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്ന ഖുർആനിന്റെ മായാജാലത്തെപ്പറ്റി സംസാരിക്കുന്നുണ്ട്. ഒരു പ്രവാചക വചനത്തെ വിവിധ വിഷയങ്ങളിൽ അവതരിപ്പിക്കുന്നതിന്ന് ഇമാം ബുഖാരി നേടിയ പ്രശംസയും അദ്ധേഹം അവിടെ ചേർത്ത് വായിക്കുന്നതായി കാണാം. ആവർത്തന വാക്യങ്ങളിൽ കൂടുതൽ ചിന്ത കൊടുക്കണമെന്ന് പറഞ്ഞ ഇബ്നു ആബിദീനും ഇതേ ആശയം തന്നെയാണ് മുന്നോട്ട് വെച്ചത്.

പല തലങ്ങളിലുള്ള അർത്ഥങ്ങൾ ഒരു കഥയിൽ നിന്ന് ലഭ്യമാകുന്നു എന്നതാണ് ഖുർആന്റെ കഥാവതരണത്തിലെ മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന്, മൂസാ നബിയുടെ കഥയിൽ പെൺമക്കളിൽ ഒരാൾ ലജ്ജയോടെ നടന്ന് വന്ന് മൂസ നബിയോട് അങ്ങയെ വിളിക്കുന്നു എന്ന് പറയുന്ന രംഗം കാണാം. അതിൽ നാം നിർത്തി ഓതുന്നതിനനുസരിച്ച് ലജ്ജയെന്ന വിശേഷണം നടത്തത്തിനും പറച്ചിലിനും മാറി മാറി വരുന്നത് കാണാം. വിമർശകർ അതിനെ കൃത്യതയില്ലായ്മയെന്ന് പറയുന്നുണ്ടെങ്കിലും അവതരണകലയുടെ മൂർധന്യ ഭാവമാണ് ഖുർആനിലെ ഒരോ വഖ്ഫും (ഫുൾസ്റ്റോപ്പ്).

3. റിയലിസം

സത്യത്തോടുള്ള ഖുർആനിന്റെ അചഞ്ചലമായ പ്രതിബദ്ധത അതിലെ കഥകൾക്ക് വല്ലാത്തൊരു തൻമയത്വം വകവെച്ച് നൽകുന്നുണ്ട്. ഭാവിയിൽ അസത്യമെന്ന് തെളിയിക്കപ്പെടാൻ സാധ്യതയുള്ളതൊന്നും ഖുർആൻ ഉൾകൊള്ളിച്ചിട്ടില്ല. മറിച്ച് അതിലുള്ളതെല്ലാം മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വം തെളിയിക്കാൻ പോന്ന കൃത്യതയുള്ള ചരിത്ര സത്യങ്ങളാണ്. ബൈബിളിലെ ചില ചരിത്രകഥകൾ ഖുർആൻ പരാമർശിക്കാതെ പോകുന്നുണ്ട് അത് പിന്നീട് എതിർക്കപ്പെടുന്ന തരം കഥകളായിരുന്നു. ‘താങ്കൾക്കോ മുൻകാലക്കാർക്കോ അറിവില്ലാത്ത കഥകൾ ഞാൻ നിങ്ങൾക്ക് അവതരിപ്പിക്കുന്നു’ എന്ന ഖുർആനിക വചനം ഇതാണ് അർത്ഥമാക്കുന്നത്. ഭാവി പ്രവചിക്കുന്ന ഒരുപാട് വചനങ്ങൾ ഇത്തരത്തിൽ കാണാം. ഫറോവയുടെ ജഡം ലഭിച്ചതും റോമാ സാമ്രാജ്യം തിരിച്ചടിച്ചതും പറയുന്ന വചനങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. 

ഖുർആനിന്റെ അമാനുഷികതക്കപ്പുറം ചില ധാർമ്മിക മൂല്യങ്ങൾ കൂടി ഈ സത്യ കഥകൾ ലക്ഷ്യമാക്കുന്നുണ്ട്. ഫാന്റസി കഥകളും മറ്റും മാത്രം കേൾക്കുന്നതിന്റെ ഭവിഷ്യത്തുകളെയാണ് ഖുർആൻ സത്യകഥകൾ മാത്രം പറഞ്ഞ് ഇല്ലാതാക്കുന്നത്. തൻമയത്വമുള്ള ലോകവീക്ഷണം രൂപപ്പെടുത്തിയെടുക്കുന്നുണ്ട് ഖുർആനിക കഥകൾ. ഇബ്നു അഖീൽ വീക്ഷിക്കുന്നത് ഒറ്റത്തവണ മാത്രം പറഞ്ഞ ചില കഥകൾ (ദുൽഖർനെയ്ൻ, ഗുഹാവാസികൾ) ഐഹിക വിജയം ഒറ്റപ്പെട്ടതാണെന്നും സാധാരണമല്ലെന്നുമുള്ള സൂചനയാണ് നൽകുന്നത് എന്നാണ്. ചുരുക്കത്തിൽ കൃത്യമായി ബാലൻസ് ചെയ്ത് വെച്ച ഒരുപിടി ചിന്തകളാണ് ഖുർആൻ നമുക്ക് നൽകുന്നത്.

4. ദിവ്യജ്ഞാനത്തിൻ്റെ ദൃശ്യവൽക്കരണം

കാഴ്ച വിശ്വാസമാണ്. ഒരു ചിത്രം ആയിരം വാക്കുകൾക്ക് സമം. പ്രമേയങ്ങളെ ദൃശ്യവൽക്കരിക്കുകയും അതിനെ വിപുലീകരിക്കുകയുമാണ് ഖുർആനിലെ കഥകൾ ചെയ്യുന്നത്. നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിൽ ദൈവം നല്ലവനാണെന്ന ബോധ്യമുണ്ടെങ്കിലും വിശദമായ കണ്ടറിവില്ലാത്തത് നമ്മുടെ കാഴ്ചപ്പാടുകളെയും ആത്മീയ ഉന്നമനത്തെയും ബാധിക്കുന്നുണ്ട്. ആ ദൗത്യമാണ് ഖുർആനിലെ കഥകൾ നിർവഹിക്കുന്നത്. നടീ നടന്മാർ മാർക്കറ്റിങ്ങ് മേഖലയിൽ തീർക്കുന്ന വിസ്മയത്തിന്ന് നാമെല്ലാം സാക്ഷികളാണ്. അവരുടെ ചിത്ര-ചലചിത്രങ്ങളാണ് ഉൽപന്നങ്ങൾക്ക് ആവശ്യക്കാരെ എത്തിക്കുന്നത്. സമാന വിദ്യ തന്നെയാണ് ഖുർആനിന്റെതും.

ചില ഉദാഹരണങ്ങൾ നോക്കാം; ദൈവം ഉന്നതനാണ്, കരുണാമയനാണ് എന്ന വിളംബര പ്രഖ്യാപനങ്ങളിൽ ഖുർആൻ കാര്യങ്ങളെ ഒതുക്കുന്നില്ല. യൂനുസ് നബിയുടെ ചരിത്രത്തിൽ ഇത് കാണാം. പ്രവാചകന്റെ ആ പ്രാർത്ഥനയും അതിന് ലഭിച്ച ഫലവും ദൈവകാരുണ്യത്തിന്റെ വലിപ്പത്തെയും ദൈവിക ശക്തിയെയും മനോഹരമായി ദൃശ്യവൽക്കരിക്കുന്നു. ഒരിക്കൽ ഉംറ നിർവഹിക്കാനെത്തിയ പ്രവാചകരുടെ ഒട്ടകം അനങ്ങാൻ കൂട്ടാക്കാതെ നിന്ന ഒരു സംഭവം കാണാം ചരിത്രത്തിൽ. അനുചരന്മാർ ഒട്ടകത്തെ മേശപ്പെടുത്തി സംസാരം തുടങ്ങി. ഉടനെ പ്രവാചകർ ഇടപെട്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു. “ഒട്ടകം വാശിക്കാരനായത് കൊണ്ടല്ല, ആനപ്പടയെ തടഞ്ഞ നാഥൻ തന്നെയാണ് അതിനെ ചലിക്കാൻ അനുവദിക്കാത്തത്”. ഇവിടെ ഖുർആനിക സൂക്തങ്ങളുടെ അതിയായ സ്വാധീനം കാണാം. ദൃശ്യവൽക്കരിക്കപ്പെട്ട ദൈവിക പദ്ധതിയാണ് പ്രവാചകർ അവിടെ എടുത്തുദ്ധരിച്ചത്.

മറ്റെല്ലാ വിദ്യാഭ്യാസ പദ്ധതികളെയും പോലെ ഖുർആനും ചരിത്രത്തെ മനോഹരമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്. ഖുർആനിന്റെ ചരിത്രാഖ്യാനങ്ങളുടെ കാതലായ ഭാഗവും പ്രവാചക വീക്ഷണകോണിൽ നിന്നാണ്. മാനവ ചരിത്രത്തെയും, ആത്യന്തികമായി ദൈവിക ഏകത്വത്തെയും തുറന്നറിയാനുതകുന്നതാണ് അതിന്റെ ശൈലിയത്രയും. ഏകത്വത്തെ നിരാകരിക്കുന്നോ സ്വീകരിക്കുന്നോ എന്നതനുസരിച്ചിരിക്കും ഒരു സംസ്കാരത്തിന്റെ എല്ലാം. അങ്ങനെയങ്ങനെ ലോകത്തെയും മനുഷ്യ പ്രകൃതിയെയുമെല്ലാം അങ്ങിങ്ങായി ദൃശ്യവൽക്കരിച്ച് കാണിക്കുനുണ്ട് ഖുർആനിക കഥകൾ.

ഖുർആനിലെ ഓരോ കഥകളും അമൂല്യമാണ്, ഓർമ്മപ്പെടുത്തലുകളാണ്. ആ കഥകളുടെ സത്യസന്ധത, അവ പറയപ്പെടുന്ന സ്ഥലങ്ങൾ, ഓരോ തവണയും പറയാൻ തെരഞ്ഞെടുക്കുന്ന രീതികൾ.. അങ്ങനെ പല ഘടകങ്ങ ചേർന്ന് രൂപമെടുക്കുന്നതാണ് ഓരോ കഥയിലെയും പാഠങ്ങൾ. അവ നമ്മെ ഐഹിക അഭിവൃദ്ധിയിലേക്കും പാരത്രിക മോചനത്തിലേക്കും വഴി നടത്തുന്നു.

വിവ: ആദിൽ സംനാസ്
കടപ്പാട്: https://yaqeeninstitute.org/

Related Articles