Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളിൽ ആദ്യമായി അരപ്പട്ട ഉപയോ​ഗിച്ചത് ഇസ്മായീൽ നബിയുടെ മാതാവായിരുന്നു

നബിയുടെ കൂടെ - 23

കുറച്ച് ദൈർഘ്യമുള്ളൊരു അധ്യായമാണിത്. സംഭവം മുഴുവനായി പറഞ്ഞ് ശേഷം ​ഗുണപാഠങ്ങൾ ഒന്നൊന്നായി പറയുന്ന പതിവുരീതിയിൽ നിന്നുമാറി സംഭവം തന്നെ ഘട്ടംഘട്ടമായി പറയുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇമാം ബുഖാരി സ്വഹീഹിൽ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: സ്ത്രീകളിൽ ആദ്യമായി അരപ്പട്ട ഉപയോ​ഗിച്ചത് ഇസ്മായീൽ നബിയുടെ മാതാവായിരുന്നു. തന്റെ കാൽപാടുകൾ മായ്ച്ചുകളയാനായി അവർ വസ്ത്രം താഴ്ത്തിയിട്ടു.

​ഗുണപാഠം 1

തന്റെ മകനെ സാറ ബീവിയുടെ അടുക്കൽനിർത്തി ഭർത്താവിനൊപ്പം ബീവി ഹാജറ ഇറങ്ങിപ്പുറപ്പെട്ട ദിവസത്തെ സംഭവമാണ് ഹദീസിൽ പറഞ്ഞിട്ടുള്ളത്. തന്റെ കാൽപാടുകൾ മായ്ച്ചുകളയാൻ വേണ്ടിയാണ് പിറകിൽ നീളത്തിൽ കിടക്കുന്ന ആ പ്രത്യേക വസ്ത്രം ബീവി ധരിച്ചത്. എവിടേക്കാണവർ പോയതെന്ന കാര്യം ബീവി സാറക്കും അറിയില്ലായിരുന്നു. ഭാര്യമാർക്കിടയിലുണ്ടാവുന്ന പോരിനെക്കുറിച്ച് പ്രാഥമികമായി ഈ ഹദീസ് പറഞ്ഞുതരുന്നുണ്ട്. പക്ഷേ അതേക്കുറിച്ച് സംസാരിക്കുംമുമ്പ് ബീവി സാറയുടെ സ്ഥൈര്യവും പോരാട്ടവും ഓർക്കപ്പെടേണ്ടതുതന്നെയാണ്.

ആരും ഇബ്റാഹിം നബിയെ വിശ്വസിക്കാതിരുന്ന കാലത്ത് ഇബ്റാഹിം നബിയെ വിശ്വസിച്ചവരാണവർ. നീയും ഞാനുമല്ലാതെ ഈ ഭൂലോകത്ത് വിശ്വാസികളായി ആരുമില്ലെന്ന് ഇബ്റാഹിം അവരെക്കുറിച്ചായിരുന്നു പറഞ്ഞത്. ഫിർഔൻ മോശമായി സമീപിച്ചപ്പോഴും തന്റെ ചാരിത്ര്യം പവിത്രമായി കാത്തുസൂക്ഷിച്ചവരായിരുന്നു അവർ. പക്ഷേ അല്ലാഹുവിന്റെ തീരുമാനങ്ങളിൽനിന്ന് ആർക്കും രക്ഷയില്ലെന്നാണല്ലോ. സ്ത്രീ പുരുഷനിലും പുരുഷൻ സ്ത്രീയിലും പരസ്പരം ആകൃഷ്ടരാവാം, അവരുടെ ഈമാനിക സ്ഥിതിയുടെ തോത് എത്ര ഉന്നതമായാൽ പോലും. ഇസ്ലാം വന്നിട്ടുള്ളത് വികാരങ്ങളെ തട്ടിയുണർത്താനല്ലല്ലോ, അവയെ സംസ്കരിക്കാനല്ലേ.

ഭാര്യമാർക്കിടയിലുള്ള പോര് സ്ത്രീകൾക്കിടയിൽ പതിവു തന്നെയാണ്. അതിൽ പുതുമയൊന്നുമില്ല. ഇബ്നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ പറയുന്നു: സ്ത്രീകളിലുള്ള പരസ്പര ഈർഷ്യത ആർജിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല. അതവരുടെ പതിവാണ്, അതിൽ നിന്ന് രക്ഷയില്ലെന്നർഥം. അല്ലാഹു വികാരങ്ങളുടെ പേരിൽ ആരെയും ശിക്ഷിക്കില്ല, അവ വികാരങ്ങളായിത്തന്നെ കിടക്കുന്നകാലത്തോളം. പക്ഷേ, ആ വികാരങ്ങൾ മൂലമുണ്ടാവുന്ന ചെയ്തികളെയാണ് അല്ലാഹു വിചാരണ ചെയ്യുക.

സ്വാഭാവികമായും കാലങ്ങളായി തന്റെ ഭർത്താവായിരുന്ന ഒരാളുടെ അടുക്കലേക്ക് പുതിയൊരു സ്ത്രീ കടന്നുവരികയും അവരിൽ നിന്ന് ഭർത്താവിന് കുട്ടിയുണ്ടാവുകയും അതുവഴി ആ ഭാര്യയോട് ഭർത്താവ് കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തപ്പോൾ മനസ്സിൽ വെറുപ്പുണ്ടാവുമല്ലോ. അത് സ്വാഭാവികമായൊരു പ്രതിഭാസം മാത്രമാണ്. അതിൽ നിന്ന് ആർക്കും രക്ഷയില്ലതന്നെ. നബി തങ്ങൾക്ക് സൗദ ബീവി അയച്ചുകൊടുത്ത ഭക്ഷണപ്പാത്രം ബീവി ആഇശ നിലത്തിട്ട സംഭവം ഹദീസുകളിലുണ്ടല്ലോ. അതിന്റെ സ്വാഭാവികത മനസ്സിലാക്കിത്തന്നെ നബി തങ്ങൾ ഒന്നു പുഞ്ചിരിക്കുകയും പാത്രം തിരിച്ചുകൊടുക്കാൻ ബീവി ആഇശയോട് ആവശ്യപ്പെടുകയും മാത്രമായിരുന്നു.

ഗുണപാഠം 2

പ്രതിഫലം കർമത്തിന്റെ ഭാ​ഗമാണ്. ബീവി സാറയെക്കുറിച്ച് ഇതൊക്കെ പറഞ്ഞസ്ഥിതിക്ക് ബീവിയുടെ സ്വഭാവവൈശിഷ്ട്യം കൂടി പറയേണ്ടിയിരിക്കുന്നു. അല്ലാഹു ബീവിയെ ഫിർഔനിൽ നിന്ന് രക്ഷിച്ചപ്പോൾ, ഫിർഔൻ ബീവിക്ക് സമ്മാനമായി നൽകിയതായിരുന്നു ബീവി ഹാജറയെ. ആയർഥത്തിൽ ബീവി സാറയുടെ അടിമയാണ് ബീവി ഹാജറെന്നർഥം. പക്ഷേ, ഉന്നത സ്വഭാവത്തിനിടുമയായ ബീവി, തന്റെ ഭർത്താവിന് ഒരു കുട്ടിയുണ്ടാകട്ടെ എന്ന ആ​ഗ്രഹത്തിൽ, വ്യക്തിതാൽപര്യത്തെക്കാൾ ഭർത്താവിന്റെ താൽപര്യത്തിന് മുൻ​ഗണന കൊടുത്ത് അദ്ദേഹത്തോട് ബീവി ഹാജറിനെ വിവാഹം ചെയ്യാനാവശ്യപ്പെടുന്നു.

ആ ബന്ധത്തിൽ ഇസ്മായീൽ നബി പിറക്കുന്നു. തുടർന്ന് കരുണ്യവാനായ റബ്ബ് മറ്റൊരു പ്രവാചകനായ ഇസ്ഹാഖ് നബിക്ക് ബീവി സാറയിലൂടെ ജന്മംനൽകുന്നു. പിന്നീട് ബനൂ ഇസ്റായീലിൽ പിറന്നിട്ടുള്ള, ഈസാ നബിയല്ലാത്ത എല്ലാ പ്രവാചകരും ആ ഇസ്ഹാഖ് നബിയുടെ സന്താനങ്ങളായിരുന്നു. അതേസമയം ഇസ്മായീൽ നബിയുടെ പരമ്പരയിൽനിന്ന് നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി മാത്രമാണുണ്ടായത്.

നബി (സ) സംഭവം തുടരുന്നു: ശേഷം ഇബ്റാഹിം നബി ഭാര്യയും മകനുമായി വിശുദ്ധ ​ഗേഹത്തിന്റെ അടുക്കലെത്തി. അന്ന് മക്കയിൽ ആരുമില്ലായിരുന്നു. വെള്ളവുമില്ലായിരുന്നു അവിടെ. ഭാര്യയെയും മകനെയും അവിടെ നിർത്തി, അൽപം വെള്ളവും കാരക്കയും മാത്രം ബാക്കിവച്ച് ഇബ്റാഹി യാത്രയായി. ബീവി ഹാജറ വഴിയെ കൂടി, ആരോരുമില്ലാത്ത ഈ മലഞ്ചെരുവിൽ നമ്മെ തനിച്ചാക്കി യാത്ര പോവുകയാണോ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.

ശേഷം അല്ലാഹുവാണോ നിങ്ങളോടിത് കൽപിച്ചതെന്ന് ചോദിച്ചപ്പോൾ അതെയെന്ന് പറയുക മാത്രം ചെയ്തു അദ്ദേഹം. എങ്കിൽ അല്ലാഹു നമ്മെ വെറുതെയാക്കില്ല എന്നുപറഞ്ഞ് തിരിച്ചുനടന്നു അവർ. ശേഷം, അല്ലാഹുവെ, എന്റെ സന്താനത്തെ കൃഷികളൊന്നുമില്ലാത്തൊരു മലഞ്ചെരുവിൽ വിശുദ്ധ ഹറമിനടുത്തായി ഞാൻ താമസിപ്പിച്ചു എന്നു തുടങ്ങുന്ന ഖുർആനിക സൂക്തങ്ങൾ അദ്ദേഹം പാരായണം ചെയ്തു.

​ഗുണപാഠം 3

ആരെയോർത്താണ് അത്ഭുതപ്പെടുക എന്നാവും നിങ്ങളിപ്പോൾ ആലോചിക്കുന്നത്. ജീവിതം മുഴുവൻ അല്ലാഹുവിന്റെ വഴിയിലായി സഞ്ചരിച്ച, യുവാവായിരിക്കെ ബിംബങ്ങളെ തച്ചുടച്ച, അതിന്റെ പേരിൽ തീയിലിടപ്പെട്ട, നംറൂദിന്റെ മുന്നിൽ ധൈര്യപൂർവം നിന്ന, ഫലസ്തീനിൽ പോയി ഇസ്ലാമിന്റെ തെളിവുകൾ നിരത്തിയ, ശേഷം മിസ്റിൽ ചെന്ന് ഫിർഔന്റെ മുന്നിൽ തന്റെ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച, വാർധക്യകാലം വരെ സന്താനസൗഭാ​ഗ്യം ലഭിക്കാതിരുന്ന, അവസാനം സന്താനം ലഭിച്ചപ്പോൾ ഭാര്യയെയും മകനെയും ഒന്നുമില്ലാത്ത മലഞ്ചെരുവിൽ ഇട്ടേച്ചുപോവാനുള്ള കൽപന ലഭിച്ച ഇബ്റാഹിം നബിയെ ഓർത്താണോ!? അല്ല, ഇവിടെ നമ്മെ ഉപേക്ഷിച്ചു പോവുകയാണോ എന്ന് ചോദിച്ച, അത് അല്ലാഹുവിന്റെ കൽപനയാണെന്ന് ബോധ്യമായപ്പോൾ എങ്കിൽ അല്ലാഹു നമ്മെ കൈവിടില്ലെന്ന് വിശ്വാസം പുലർത്തിയ പാവം സ്ത്രീയെ ഓർത്താണോ!? അവർക്ക് ആദ്യവും അവസാനവും എല്ലാം അല്ലാഹു തന്നെയായിരുന്നു, അവൻ മാത്രമായിരുന്നു!

​ഗുണപാഠം 4

ഇബ്റാഹിം നബിക്ക് പിതൃത്വത്തിൽ തെല്ലും താൽപര്യമില്ലാത്ത ആളായിരുന്നില്ല. ബീവി ഹാജറിന് ഭർത്താവിനെ ആവശ്യമില്ലാത്തതുമായിരുന്നില്ല. പക്ഷേ, ചരിത്രത്തിൽ ഇങ്ങനെ ചിലതൊക്കെ സംഭവിച്ച് നമുക്ക് പലതും പഠിക്കാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യം മാനിച്ച് മാത്രം പിതാവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോയെങ്കിൽ, അല്ലാഹുവിന്റെ ഉദ്ദേശ്യം മാനിച്ച് മാത്രം, പാവം ഭാര്യ ഏകാന്തത തെരഞ്ഞെടുത്തുവെങ്കിൽ അല്ലാഹുവിലേക്കുള്ള വഴി ചിലപ്പോൾ, അല്ലെങ്കിൽ എപ്പോഴും നമ്മുടെ ആ​ഗ്രഹങ്ങൾക്കെതിരാവും എന്നുതന്നെയാണ് അതിനർഥം.

സ്വന്തം ആ​ഗ്രഹങ്ങളെ ത്യജിക്കാത്ത ആർക്കും അല്ലാഹുവിലണയുക സാധ്യമല്ലതന്നെ. സമ്പത്തിനോട് താൽപര്യമുണ്ടായിട്ടും ദാനം ചെയ്യുന്നവർ, ഉറങ്ങാനാ​ഗ്രഹമുണ്ടായിട്ടും രാത്രി നമസ്കരിക്കുന്നവർ, സ്ത്രീകളോട് താൽപര്യമുണ്ടായിട്ടും ചാരിത്ര്യം സൂക്ഷിക്കുന്നവർ, ആവശ്യമേറെയുണ്ടായിട്ടും കൈക്കൂലി സ്വീകരിക്കാത്തവർ, സ്ത്രീത്വം പ്രകടിപ്പിക്കാൻ ആ​ഗ്രഹമുണ്ടായിട്ടും ശരീരം മറച്ചുനടക്കുന്നവർ, കച്ചവടം നഷ്ടമാകുമെന്നറിഞ്ഞിട്ടും നമസ്കാരസമയം കടയടക്കുന്നവർ എന്നിവരെല്ലാമാണ് അല്ലാഹുവിലേക്ക് എത്തിച്ചേരുന്നവർ! സ്വർ​ഗത്തിലേക്കുള്ള വഴി ദുഷ്കരവും നരകത്തിലേക്കുള്ള വഴി എളുപ്പവുമത്രെ!

ഗുണപാഠം 5

ഇവിടെ നമ്മെ ഇട്ടേച്ചുപോവുകയാണോ എന്ന് ബീവി ഹാജർ ചോദിച്ചപ്പോഴും ഇബ്റാഹിം തിരിഞ്ഞുനോക്കിയിരുന്നില്ല. എന്തുകൊണ്ടാവുമത്? അഹങ്കാരമാവാൻ ഒരു വഴിയുമില്ല. അദ്ദേഹത്തിന് അവിടെ അഹങ്കരിക്കേണ്ട എന്തുകാര്യം?! പക്ഷേ, സ്വന്തം മനക്കരുത് തളരാതിരിക്കുകയായിരുന്നു നബിയുടെ ഉദ്ദേശ്യം. ഭാര്യയെയും മകനെയുമോർത്ത് ഹൃദയം വേദനിച്ച് പിന്നീട് അല്ലാഹുവിന്റെ തീരുമാനം ലംഘിക്കേണ്ട അവസ്ഥ വരാതിരിക്കാൻ. വലിയ മനുഷ്യരൊക്കെ അങ്ങനെയാണ്. അല്ലാഹുവിന്റെ ഇഷ്ടത്തിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളെ ത്യജിക്കുന്നവർ. വിശ്വാസിയുടെ ആയുധം പ്രാർഥനയുമാണല്ലോ. ഇബ്റാഹിം നബി തന്റെ ആയുധമുപയോ​ഗിച്ച്, ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്ക് ആകർഷിപ്പിക്കണേ എന്ന് പ്രാർഥിക്കുകയും അനന്തരം ജനങ്ങൾ പലരും ആ പ്രാർഥനക്കുത്തരം നൽകുകയും ചെയ്തു.

ആ ഏകാന്തയായ സ്ത്രീയെ ആശ്വസിപ്പിക്കാൻ ഒരു ​ഗോത്രം മുഴുവൻ വന്നുചേരുന്നു. പിതാവ് ഉപേക്ഷിച്ചുപോയ ആ കുട്ടിയെ പരിചരിക്കാൻ ഒത്തിരിപേരുണ്ടാവുന്നു. അതുകൊണ്ട് നിന്റെ പ്രശ്നങ്ങളുടെ കേസ് ഫയലുകൾ ഭൂമിയിൽ നിന്ന് ആകാശലോകത്തേക്കയക്കുക! കുൻ (ഉണ്ടാവൂ) എന്ന മുകളിൽനിന്നുള്ള കൽപനയുടെ അടിസ്ഥാനത്തിലാണ് ഈ ഭൂമിലോകം മുഴുവൻ ചലിക്കുന്നതും പ്രവർത്തിക്കുന്നതും.

രോ​ഗിയായ മനുഷ്യാ, ഡോക്ടർ ആകാശലോകത്താണ്. ഫഖീറായ മനുഷ്യാ, സമ്പന്നൻ ആകാശലോകത്താണ്. ദുഃഖിതനായ മനുഷ്യാ, ആശ്വസിപ്പിക്കുന്നവൻ ആകാശലോകത്താണ്. തകർന്നുപോയ മനുഷ്യാ, സർവാധികാരി ആകാശലോകത്താണ്. ഏകാന്തതയിൽ പരിതപിക്കുന്ന മനുഷ്യാ, ആശ്വാസം ആകാശലോകത്താണ്. സന്താനമില്ലാത്തതിനാൽ സങ്കടപ്പെടുന്ന മനുഷ്യാ, എല്ലാം നൽകുന്നവൻ ആകാശലോകത്താണ്. ജനങ്ങൾ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതിനുള്ള കാരണങ്ങൾ മാത്രമാണ്. കാരണം മാത്രം ആലോചിച്ച് കാരണങ്ങളുടെ സ്രഷ്ടാവിനെ മറക്കരുത്.

​ഗുണപാഠം 6

അല്ലാഹുവാണോ നിങ്ങളോട് കൽപിച്ചത്? എന്നായിരുന്ന ബീവി ഹാജറിന്റെ ചോദ്യം. എത്ര മധുരതരമായ ചോദ്യമാണത്! അല്ലാഹുവാണ് നമ്മോട് കൽപിച്ചത് എന്നുപറഞ്ഞ് ജനങ്ങളോട് ഒരു കാര്യം പറയുന്നത് എത്ര മധുരതരമാണ്! അല്ലാഹു കൽപിച്ചു എന്നതുകൊണ്ടുമാത്രം നാം കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാവുന്ന ഈമാന് എത്ര മാധുര്യമാണ്! എന്തിനാണ് നീ നിന്റെ സൗന്ദര്യം മറച്ചുവക്കുന്നത്? അല്ലാഹുവിന്റെ കൽപനയുണ്ട്! എന്തിനാണ് ഭർത്താവിനെ അനുസരിക്കുന്നത്? അല്ലാഹുവിന്റെ കൽപനയുണ്ട്! എന്തുകൊണ്ടാണ് നീ കൈക്കൂലി വാങ്ങാത്തത്? അല്ലാഹുവിന്റെ കൽപനയുണ്ട്! എന്തിനാണ് നീ ഭാര്യയെ ബഹുമാനിക്കുന്നത്? അല്ലാഹുവിന്റെ കൽപനയുണ്ട്! മാതാപിതാക്കളോട് എന്തിനാണ് നീ നല്ലനിലയിൽ വർത്തിക്കുന്നത്? അല്ലാഹുവിന്റെ കൽപനയുണ്ട്! നാം ഹജ്ജ് ചെയ്യുന്നതും നോമ്പനുഷ്ഠിക്കുന്നതും സകാത്ത് കൊടുക്കുന്നതും എല്ലാം അല്ലാഹു കൽപിച്ചു എന്നതുകൊണ്ടുമാത്രമാണ്. ഇതിലും മനോഹരമായ മറ്റെന്തു കാരണമാണ് വേണ്ടത്!?

അല്ലാഹുവിന്റെ കൽപനകൾ നേരാംവണ്ണം നിർവഹിച്ചവന്റെ കാര്യങ്ങൾ അല്ലാഹു ഏറ്റെടുക്കുമെന്ന് ദൃഢനിശ്ചയമുണ്ടാവുക. ഹറാമായ സമ്പാദ്യങ്ങളിൽ നിന്ന് വിട്ടുനിന്ന് അൽപം ക്ഷമിച്ചാൽ തന്നെയും ഹലാലായ വഴിയിൽ അല്ലാഹു ആ സ്വത്ത് എത്തിച്ചുതരുമെന്നത് തീർച്ചയാണ്. ഹറാമായ വഴിയിൽ നീ കഴിച്ച ഓരോ ഭക്ഷണവും, സമ്പാദിച്ച സമ്പത്തുകളും, ഹറാം കലർന്ന നോട്ടംപോലും നീ അൽപം ക്ഷമിച്ചാൽ അതിന് ഹലാലിന്റെ മാധുര്യം വന്നുചേരുമായിരുന്നു!

നബി (സ) സംഭവം തുടരുന്നു: ബീവി ഹാജറ മകനെ മുലയൂട്ടുകയും ഇബ്റാഹിം നബി ബാക്കിവച്ച വെള്ളം തീരുവോളം കുടിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ദാഹിച്ചപ്പോൾ മകന്റെ മുഖത്തേക്കു തന്നെ നോക്കാൻ ധൈര്യമില്ലാതെ ബീവി അടുത്തുള്ള സ്വഫാ പർവത്തിൽ കയറിനിന്ന് ആരെയെങ്കിലും കാണുമോ എന്നുനോക്കി. ആരെയും കാണാതെ വന്നപ്പോൾ അവിടെ നിന്നിറങ്ങി മർവാ മലയിലേക്കും കയറിനോക്കി. അവിടെയും ആരെയും കണ്ടില്ല. ഏഴുതവണ ഇരു മലകളിലായി ബീവി വെള്ളത്തിനായി കയറിയിറങ്ങി. അതാണിന്ന് വിശ്വാസികൾ അനുഷ്ഠിക്കുന്ന സ്വഫാ മർവാ മലകൾക്കിടയിലുള്ള നടത്തം.

ശേഷം മർവാ മലയിലേക്ക് നോക്കിയപ്പോൾ എന്തോ ഒരു ശബ്ദം കേൾക്കാനിടയായി. ശബ്ദം കേട്ടിടത്തേക്ക് ചെന്നപ്പോൾ ഒരു മാലാഖയെ കാണാനിടയായി. അതിന്റെ ചിറകു പതിച്ചിടത്ത് വെള്ളവും! ബീവി വെള്ളം കുടിക്കുകയും മകന് മുലയൂട്ടുകയും ചെയ്തു. ശേഷം മാലാഖ ബീവിയോടായി പറഞ്ഞത്രെ: നിങ്ങൾ ഒറ്റപ്പെടൽ പേടിക്കേണ്ടതില്ല. നിശ്ചയം ഇവിടെയാണ് അല്ലാഹുവിന്റെ വിശുദ്ധ ​ഗേഹമുള്ളത്. ഈ കുട്ടിയും കുട്ടിയുടെ പിതാവും ചേർന്നാണത് നിർമിക്കുക!

​ഗുണപാഠം 7

അന്നേദിവസം മാനസികമായ തകർന്ന ബീവി ഹാജർ കരഞ്ഞ് തളർന്നിരുന്നാൽതന്നെയും അതിന്റെ പേരിൽ ആരുമവരെ ആക്ഷേപിക്കുമായിരുന്നില്ല. മുലകുടിപ്രായമുള്ള കുട്ടി മാത്രം കൂടെയുള്ളൊരു സ്ത്രീക്ക് തന്റെ കുട്ടിതന്നെ ഭാരമാവുന്നൊരു സാഹചര്യം. കൂടെയുണ്ടായിരുന്ന വെള്ളവും കാരക്കയും തീർന്നതോടെ ഒന്നുമില്ലാത്ത മരുഭൂവിൽ അലയേണ്ടി വരുന്നു. വിശപ്പും ദാഹവും ചൂടും അസഹനീയമാവുന്നു. മാനസികമായും ശാരീരികമായുമുള്ള പരീക്ഷണങ്ങൾ ഒരുപോലെ നേരിടുന്നു. പക്ഷേ, ബീവി ഹാജറിന് കീഴടങ്ങാനോ തളരാനോ അറിയില്ലായിരുന്നു! സ്വഫയിലേക്ക് ചെന്ന് ആരെയെങ്കിലും കാണാനുണ്ടോ എന്നും മർവയിലേക്ക് നടക്കുന്നതിനിടയിൽ തന്റെ മകന്റെ അവസ്ഥ എന്താണെന്നും അവർ നോക്കുന്നു. തന്റെ മകൻ ജീവനോട് മല്ലിടിക്കുന്നു എന്നതുമാത്രമായിരുന്നു ആ നിമിഷം അവരെ ആശ്വസിപ്പിച്ചത്.

ജീവിതവഴിയിൽ ഏറെ പാഠങ്ങളുള്ളൊരു സംഭവമാണിത്. നിന്റെ ജീവിതസാഹജര്യങ്ങൾ എത്രതന്നെ സങ്കീർണമായാലും ബീവി ഹാജറിന്റെ അനുഭവങ്ങളെക്കാൾ തീക്ഷ്ണമാവില്ല അത്. ഒരു നബിയുടെ ഭാര്യയും മറ്റൊരു നബിയുടെ മാതാവുമായൊരു സ്ത്രീപോലും സഹായിക്കാൻ വരുന്ന ആൾക്കാരെയോ വല്ല അമാനുഷിക സംഭവങ്ങളെയോ കാത്തിരിക്കുകയായിരുന്നില്ല. മറിച്ച് നിതാന്തശ്രമങ്ങളിലേർപ്പെടുകയായിരുന്നു. ഈ ലോകവും അധ്വാനത്തിന്റെ ലോകമാണ്. കഴിവിന്റെ പരമാവധി അധ്വാനിക്കുക. ഒന്നും എളുപ്പത്തിൽ സംഭവിക്കുന്നതല്ല. പ്രയാസങ്ങളുടെ കനൽപഥങ്ങൾ താണ്ടിയേ ഉണ്ടാവൂ, എല്ലാം!

​ഗുണപാഠം 8

പ്രതിഫലം കർമത്തിന്റെ ഭാ​ഗമാണ്. ഓരോ സംഭവങ്ങളിലും സാഹചര്യങ്ങളിലും ആവർത്തിക്കുന്നൊരു തത്ത്വമാണിത്. അല്ലാഹു നമ്മെ കൈവിടില്ലെന്നു പറഞ്ഞ സ്ത്രീയോട് അല്ലാഹു തന്റെ സ്വന്തക്കാരെ കൈവിടില്ലെന്നു പറയാനായി അല്ലാഹു അയച്ചത് ഒരു മാലാഖയെയായിരുന്നു! ജനങ്ങൾക്കാവശ്യം മധുരതരമായൊരു വാക്കാണ്. പ്രശ്നവേളകളിൽ സാന്ത്വനമാവുന്ന ആളുകളാണ്. സങ്കടം ഇരട്ടിപ്പിക്കുന്ന ആളുകളല്ല.

രോ​​ഗിയെ സന്ദർശിക്കുമ്പോൾ രോ​ഗശമനത്തെക്കുറിച്ച പ്രതീക്ഷ അവർക്ക് നൽകുക. പരാജിതനെ കണ്ടാൽ പരാജയത്തിന് ശേഷം എന്നും വിജയമുണ്ടാവും എന്നവരോട് പറയുക. സാധുവായൊരു മനുഷ്യനെക്കണ്ടാൽ സമ്പന്നത എപ്പോഴും സാധ്യമായൊരു കാര്യമാണെന്ന് അവനെ അറിയിക്കുക. മകനെ നഷ്ടപ്പെട്ടവരെ കണ്ടാൽ മക്കളെ നഷ്ടമായ നബിയെക്കുറിച്ച് പറഞ്ഞുകൊടുക്കുക. മകനെക്കുറിച്ച് പരാതി പറയുന്നവർക്ക് നൂഹ് നബിയുടെ സംഭവം വിവരിച്ചു കൊടുക്കുക. പിതാവിനെക്കുറിച്ച് പരാതിപ്പെടുന്നവർക്ക്ഇ ബ്റാഹിം നബിയുടെ കഥ പറഞ്ഞ് ആശ്വാസം പകരുക. സന്താനമില്ലാത്ത പരാതിയാണെങ്കിൽ സകരിയ്യാ നബിയുടെ കഥ ഉണർത്തിക്കൊടുക്കുക. സ്ത്രീയാണെങ്കിൽ ബീവി സാറയെക്കുറിച്ച് ഓർമിപ്പിക്കുക. തൊഴിൽരഹിതനോട് എപ്പോഴും തൊഴിൽ ലഭിക്കാമെന്ന പ്രതീക്ഷ നൽകുക. പ്രശ്നത്തിൽ കുടുങ്ങിയവനോട് നിശ്ചയം പരിഹാരം വന്നുചേരുമെന്ന് പറയുക.

ജനങ്ങൾക്കെല്ലാമാവശ്യം ചുമലിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്ന ഒരാളാണ്. ജീവിതം കഠിനമാണ്. ജനങ്ങളെല്ലാം പ്രയാസത്തിലും. അവർക്ക് പ്രതീക്ഷ നൽകുക, എപ്പോഴും പരിഹാരത്തിനുള്ളൊരു സാധ്യതയുണ്ടെന്ന പ്രതീക്ഷ. രാത്രി ഏറ്റവും കൂടുതൽ ഇരുട്ടുനിറയുന്നത് പ്രഭാതത്തിന്റെ തൊട്ടുമുമ്പാണല്ലോ!

​ഗുണപാഠം 9

സൃഷ്ടിലോകം മുഴുവൻ അല്ലാഹുവിന്റെ അധികാരത്തിലാണ്. ആയതിനാൽ എപ്പോഴും അല്ലാഹുവിന്റെ കൂടെയായിരിക്കുക, ലോകം മുഴുവൻ അല്ലാഹു നിനക്ക് കീഴടക്കിത്തരും. സംസം വെള്ളം ഭൂമിയിൽ നിന്ന് പുറത്തുവരുത്താനായി അല്ലാഹുവിന് ഏതു മാലാഖയെയും അയക്കാമായിരുന്നു. പക്ഷേ, അല്ലാഹു അയച്ചത് ജിബ്രീലി(അ)നെയായിരുന്നു! സഹിച്ച പ്രയാസത്തിന്റെ അത്രതന്നെ വലുതാവണം പരിഹാരവും എന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം! എത്ര മനോഹരമായൊരു പ്രത്യുപകാരം!

തന്റെ ദൗത്യം നിർവഹിച്ചശേഷം ജിബ്രീൽ(അ) മഹതിയുടെ അടുക്കൽ ചെന്നത് ഒരു പുരുഷന്റെ രൂപത്തിലാണ് എന്നാണ് പണ്ഡിതപക്ഷം. യഥാർഥ രൂപത്തിൽ കണ്ടാൽ പേടിച്ചുപോവുമെന്നതായിരുന്നു കാരണം. ശക്തിപ്രകടനത്തിനുള്ളതല്ല, ആശ്വസിപ്പിക്കാനുള്ള സന്ദർഭമായിരുന്നല്ലോ അത്. മാലാഖമാരുടെ യഥാർഥ രൂപം അക്ഷരാ‍ർഥത്തിൽ ഭീതിതമായിരിക്കും. നബി (സ) തന്നെ രണ്ടുവട്ടം മാത്രമാണ് ജിബ്രീലി (അ) നെ യഥാർഥരൂപത്തിൽ കണ്ടത്. അതിൽതന്നെ ആദ്യവട്ടം നബി തങ്ങൾ ഏറെ ഭയചകിതനാവുന്നു. അതുകൊണ്ടാണ് അല്ലാഹു ലൂത്വ് നബിയെ ആശ്വസിപ്പിക്കാനായി ജിബ്രീൽ(അ), ഇസ്റാഫീൽ(അ), മീകാഈൽ(അ) എന്നിവരെ അയച്ചപ്പോൾ അവരെ മനുഷ്യരൂപത്തിലയച്ചത്. തന്റെ സമുദായത്തെക്കുറിച്ചുള്ള ആശങ്കയും മലക്കുകളെ കണ്ടതിലുള്ള പേടിയും ഒരുമിച്ച് അദ്ദേഹത്തെ വേട്ടയാടാതിരിക്കാൻ!

ഗുണപാഠം 10

ബീവി ഹാജർ ആ വെള്ളം കോരുകയും നിറക്കുകയും ചെയ്തില്ലെങ്കിൽ അത് വലിയൊരു അരുവിയായി മാറുമായിരുന്നു. മനുഷ്യനെത്ര സൂക്ഷ്മജ്ഞനായാലും മനുഷ്യൻ തന്നെയാണല്ലോ. സൂക്ഷ്മജ്ഞാനികളോട്, അവർ മാലാഖമാരാണെന്നപോലെ ഒരിക്കലും പെരുമാറരുത്. അവരും നിന്നെപ്പോലെ മനുഷ്യർതന്നെയാണെന്ന കാര്യം മറക്കാതിരിക്കുക. വെറുപ്പും ക്ഷീണവും സ്നേഹവും ഭർത്താവിനോടും സന്താനങ്ങളോടുമുള്ള കരുതലുമൊക്കെ ഉള്ള ആൾക്കാരാണവർ. ദുനിയാവിന്റെ കാര്യത്തിൽ അവർ ഇടപെട്ടു എന്നതിന്റെ പേരിൽ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്. അല്ലെങ്കിലും എപ്പോഴാണ് ഈമാൻ ദുനിയാവിനെ സമ്പൂർണാർഥത്തിൽ ഉപേക്ഷിക്കുന്നതായത്!?

ദുനിയാവ് മുഴുവൻ സ്വർ​ഗത്തിനെതിരാണെന്നർഥമില്ല. മറിച്ച്, സ്വർ​ഗത്തിലേക്കുള്ള വഴികൂടിയാണത്. ദാഹിച്ചുവലഞ്ഞ് ജീവനോർത്ത് ആശങ്കയിലായിരുന്ന ബീവി ഹാജർ വെള്ളം കോരിയെടുക്കുക സ്വാഭാവികംമാത്രമാണ്. അത് ചെയ്യാതിരിക്കലാണ് അസ്വാഭാവികത. വിശ്വാസിക്ക് പ്രയാസമുണ്ടാവുകയും മനുഷ്യനായതിന്റെ പേരിൽ അതവനെ ചിലപ്പോൾ തകർത്തു കളയുകയും ചെയ്യും. സമാനമായി സന്തോഷവേളയിൽ അതവനെ സ്വയം മറപ്പിച്ചുകളയുകയും ചെയ്യും. ആയതിനാൽ നബി (സ) ഹദീസിൽ ബീവിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ആക്ഷേപാർഥത്തിലല്ല, സംഭവം ഉദ്ധരിക്കുക എന്നയർഥത്തിൽ മാത്രമാണ്.

നബി (സ) മൂസാ നബിയെക്കുറിച്ച് പറഞ്ഞിട്ടുള്ളതും അങ്ങനെയാണല്ലോ. മൂസാ നബിയുടെയും ഖിള്റ് നബിയുടെയും സംഭവം വിവരിച്ച ശേഷം നബി (സ) പറഞ്ഞത്, അല്ലാഹു എന്റെ സഹോദരൻ മൂസക്ക് അനു​ഗ്രഹം ചെയ്യട്ടെ, അദ്ദേഹം ക്ഷമിക്കുകയാണെങ്കിൽ ഖിള്റ് നബിയുടെ അറിവിന്റെ ലോകം അല്ലാഹു നമുക്ക് കാണിച്ചു തരുമായിരുന്നു എന്നാണ്!

​ഗുണപാഠം 11

മരുഭൂവിൽനിന്ന് വെള്ളം പുറത്തുവരുത്തിച്ചവന് പ്രശ്നങ്ങളുടെ പരിഹാരം കാണുക സുസാധ്യമാണല്ലോ. അതുകൊണ്ട് അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രം ചിന്തിക്കുക, അവന് സാധ്യമാവാത്തതായി ഒന്നുമില്ല. കുൻ എന്നൊരു ഒറ്റ വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്തും സാധ്യമാക്കുമവൻ. പാറയിൽനിന്ന് ഒട്ടകത്തെ പുറത്തുവരുത്തിച്ച റബ്ബിന് ജനഹൃദയങ്ങളിൽനിന്ന് കാരുണ്യം പുറത്തുവരുത്തിക്കാനുണ്ടോ പാട്!? ഒരു വടികൊണ്ട് തന്റെ പ്രവാചകനുവേണ്ടി കടലിനെ പിളർത്തിക്കൊടുത്ത റബ്ബിനുണ്ടോ നിന്റെ പ്രയാസങ്ങളെ ഇല്ലാതാക്കാൻ പാട്!? നൂഹ് നബിക്കു വേണ്ടി പ്രതികാരം ചെയ്ത റബ്ബ് നിനക്കുവേണ്ടിയും നിശ്ചയം പ്രതികാരം ചെയ്യും. വാർധക്യകാലത്ത് സകരിയ്യാ നബിക്ക് സന്താനത്തെ നൽകിയ റബ്ബ് നിനക്കും നൽകും. യൂശഅ് നബിക്ക് വേണ്ടി സൂര്യനെ നിറുത്തിച്ച റബ്ബ് നിന്റെ ശത്രുക്കളെയും നിറുത്തിക്കും.

അവന്റെ കാരുണ്യത്തിലേക്ക് അഭയം തേടാനും ദേഷ്യത്തിൽ നിന്ന് കാവൽതേടാനുമാണ് തന്റെ കഴിവിനെയും ദേഷ്യത്തെയും കുറിച്ച് അവൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. നന്ദിയുള്ള അടിമയാവാനോ നന്ദികേട് കാണിക്കുന്നവനാവാനോ ഉള്ള രണ്ടവസരങ്ങളാണ് നിനക്കു മുന്നിലുള്ളത്. ഏതു തെരഞ്ഞെടുക്കണമെന്നത് നിന്റെ തീരുമാനം!

നബി (സ) സംഭവം മുഴുമിപ്പിച്ച് പറയുന്നു: ആ വിശുദ്ധ ​ഗേഹം ഭൂമിയിൽ നിന്ന് അൽപം ഉയർന്ന നിലയിലായിരുന്നു. വെള്ളപ്പൊക്കങ്ങൾ വന്ന് അതിന്റെ പല ഭാ​ഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ജുർഹും ഗോത്രം അവിടെ എത്തിച്ചേരുന്നത് വരെ ആ നിലയിലായിരുന്നു അവിടം. അവർ മക്കയുടെ താഴ്ഭാഗത്തായിരുന്നു താമസമാക്കിയത്. അപ്പോൾ മാനത്ത് പറവകൾ ചിറകടിച്ചു പറക്കുന്നത് കണ്ടു. അവർ പറഞ്ഞു :പക്ഷികളുടെ വട്ടമിട്ട് പറക്കൽ നമ്മോട് വാഗ്ദാനം ചെയ്ത നാടിനെയും അവിടെയുളള ജലലഭ്യതെയുമാണ് അറിയിക്കുന്നത്. അവർ ഒരു ദൂതനെ അയച്ചപ്പോൾ അവിടെ വെള്ളക്കെട്ട് കാണുകയും ദൂതൻ മടങ്ങിവന്ന് വെള്ളത്തെ പറ്റിയുള്ള വിവരങ്ങൾ സംഘത്തോട് പറയുകയും ചെയ്തു. ഹാജറ ബീവി സംസമിൻറെ അടുത്തായിരുന്നു അപ്പോൾ. നിങ്ങളുടെ സമീപത്തു വരാൻ ഞങ്ങളെ അനുവദിക്കുമോ എന്നവർ ചോദിച്ചപ്പോൾ ആവാമെന്നും പക്ഷെ ഈ വെള്ളത്തിൽ നിങ്ങൾക്കൊരു അവകാശവുമില്ലെന്നും ബീവി പറയുകയും അവർ സമ്മതിക്കുകയും ചെയ്തു.

ശേഷം യാത്രാസംഘം അവിടെ ഇറങ്ങുകയും എല്ലാവരും ഹാജറാ ബീവിയുടെയും കുഞ്ഞിൻറെയും കൂടെ ഒരു കുടുംബമെന്നപോലെ താമസിച്ചു വരികയും ചെയ്തു. ഇസ്മാഈൽ (അ) വളർന്നു വലുതായപ്പോൾ ജുർഹും ഗോത്രക്കാരിൽ നിന്ന് അറബി ഭാഷ പഠിക്കുകയും അവരെയദ്ദേഹം അത്ഭുതപ്പെടുത്തുകയും ചെയ്തു. യുവാവായപ്പോൾ അവർ കൂട്ടത്തിലെ ഒരു പെണ്ണിനെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.

​ഗുണപാഠം 12

യോദ്ധാക്കളായിരുന്നു ആ ​ഗോത്രത്തിലെ അം​ഗങ്ങളൊക്കെ. സ്ത്രീയായി ആകെ ബീവി ഹാജറും. ബീവിയുടെ അടുക്കൽ താമസിക്കാൻ അവർ സമ്മതം ചോദിച്ചപ്പോൾ വെള്ളം ഉപയോ​ഗിക്കാൻ പാടില്ലെന്ന് ബീവി നിബന്ധന വെക്കുന്നു. അവരത് സ്വീകരിക്കുകയും ചെയ്യുന്നു! ഉന്നതമായ സ്വഭാവത്തെക്കുറിച്ചുള്ള മഹത്തായ പാഠങ്ങൾ ഈ സംഭവം നൽകുന്നുണ്ട്. ഇബ്റാഹിം നബിയുടെ മതക്കാരായിരുന്നില്ല ജുർഹും ​ഗോത്രക്കാർ. നബിക്ക് അവരെയോ അവർക്ക് നബിയെയോ അറിയില്ല. പക്ഷേ, ഫലത്തിൽ ഇസ്ലാമിന്റെ സ്വഭാവമായിരുന്നു അവരുടേത്. ദുർബലയായൊരു സ്ത്രീയോട് സമ്മതം ചോദിക്കുന്ന യോദ്ധാക്കളായൊരു സമൂഹം.

വിശ്വാസികളല്ലാത്തൊരു സമൂഹത്തെ സൽസ്വഭാവികളായി കാണുകയെന്നത് അത്ഭുതമുള്ള കാര്യമല്ല. മറിച്ച്, വിശ്വാസികളായിട്ടും സൽസ്വഭാവത്തിന്റെ അടയാളങ്ങളില്ലാത്തത് അത്ഭുതംതന്നെ! ഈ മതംതന്നെയും ഉൽകൃഷ്ട സ്വഭാവങ്ങളാണ്. നിന്നെക്കാൾ സ്വഭാവത്തിൽ മികച്ചവൻ ദീനിന്റെ വിഷയത്തിൽ നിന്നെക്കാൾ മികച്ചവനാണെന്നർഥം. ഇസ്ലാമിന്റെ പേരു പറയുകയും ഇസ്ലാമിന്റെ സ്വഭാവങ്ങളൊന്നുംതന്നെ നാം അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നത് ഖേദകരമാണ്.

​ഗുണപാഠം 13

മറ്റുള്ളവരുമായി ഇണങ്ങിച്ചേരുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഉൻസ് എന്നതിൽ നിന്ന് ഇൻസാൻ(മനുഷ്യൻ) എന്ന പേര് മനുഷ്യന് ലഭിച്ചത്. ആ സ്വഭാവമുണ്ടാവുമ്പോൾ മാത്രമേ നമ്മുടെ മനുഷ്യത്വം പൂർണമാവൂ. വിശക്കുന്നവനുള്ള റൊട്ടിയും ദുഃഖിതനുള്ള ആശ്വാസവും ദുർബലനുള്ള സഹായവും നമ്മുടെ അടുക്കൽനിന്ന് ലഭിക്കേണ്ടതുണ്ട്. സത്യത്തിൽ, നാം മറ്റുള്ളവർക്ക് വല്ലതും നൽകുമ്പോൾ അവരെക്കാളേറെ നമുക്കുതന്നെയാണ് യഥാർഥത്തിൽ നാം നൽകുന്നത്. മൃ​ഗീയമായ സ്വഭാവങ്ങൾ മൃ​ഗങ്ങളെ തന്നെയാണ് സൃഷ്ടിക്കുക. പക്ഷേ, മനുഷ്യർ മനുഷ്യരാവണമെങ്കിൽ അവർക്ക് സ്വഭാവംതന്നെയാണ് മുഖ്യം.

നിന്റെ മനുഷ്യത്വത്തിന്റെ ഇൻഡക്സ് ഒന്ന് പരിശോധിക്കുക. നിന്റെ മാതാപിതാക്കൾക്ക് അവർ നിന്നെ ജന്മംനൽകിയതിന് അർഹമായ വല്ലതും ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക. നിന്റെ മക്കൾക്ക് നിന്നിൽ ഉപ്പാ എന്ന് വിളിക്കാനുള്ള വല്ല സ്വഭാവവും നീ ബാക്കിവച്ചിട്ടുണ്ടോ എന്ന് നോക്കുക. നിന്റെ സഹോദരന്മാർക്ക് നിന്നിൽ ആശ്രയം കണ്ടെത്താൻ പറ്റുന്നുണ്ടോ എന്നാലോചിക്കുക. നിന്റെ ഭാര്യക്ക് നിന്നിൽ നല്ലൊരു സുഹൃത്തിനെ ലഭിക്കുന്നുണ്ടോ എന്ന് വിചിന്തനം നടത്തുക. നിന്റെ സഹോദരിക്ക് ആശ്രയവും അയൽവാസിക്ക് നല്ലൊരു സൽസ്വഭാവിയുമാണോ നീയെന്ന് ആലോചിക്കുക. ഇതൊക്കെയാണ് നമ്മെ മനുഷ്യരാക്കുന്ന ഘടകങ്ങൾ. അതുകൊണ്ട് മനുഷ്യത്വത്തിന്റെ വിഷയത്തിൽ അൽപംപോലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

ഗുണപാഠം 14

ഹൂദ് നബി, സ്വാലിഹ് നബി, ശുഐബ് നബി, മുഹമ്മദ് നബി എന്നീ നാലു പ്രവാചകന്മാർ മാത്രമാണ് അറബികളിൽ നിന്നുണ്ടായത്. ഇസ്മായീൽ നബിയാണെങ്കിൽ വളർച്ച പരി​ഗണിച്ച് അറബികളുടെ പിതാവെന്നു പറയാം. ഇബ്റാഹം നബി അറബിയല്ലാത്തതിനാൽ മകനും അങ്ങനെയാവണമല്ലോ. നമ്മളെല്ലാം ആദമി(അ)ൽ നിന്നുമാണ്, ആദം നബി മണ്ണിൽനിന്നും! ഈ മതം അറബികളിൽനിന്ന് തുടങ്ങിയതാണെങ്കിൽ പോലും അറബികളുടെ മാത്രം മതമല്ല. മറിച്ച് എല്ലാ ജനങ്ങൾക്കുമുള്ളതാണ്. എല്ലാ നിറക്കാർക്കും. എത്യോപ്യക്കാരനായ ബിലാൽ(റ) സ്വർ​ഗത്തിലും ​ഹാശിമിയ്യായ അബൂ ലഹബ് നരകത്തിലുമാണല്ലോ. റോമക്കാരനായ സുഹൈബ്(റ) സ്വർ​ഗത്തിലും മഖ്സൂമിയായ വലീദ് ബ്ൻ മു​ഗീറ നരകത്തിലുമാണ്.

മനുഷ്യകുലത്തിലെ ഏറ്റവും ഉത്തമനായ മനുഷ്യനെ തെരഞ്ഞെടുക്കുക വഴി അറബികളെ അല്ലാഹു ആദരിച്ചിരിക്കുന്നു. അതുപക്ഷേ, മറ്റുള്ളവരെ നിസ്സാരരാക്കാനോ നമ്മൾ എല്ലാം തികഞ്ഞവരാണ് എന്ന് നടിക്കാനോ ഉള്ളതല്ല. അത് വ്യക്തമായി ജാഹിലിയ്യാ കാലത്തെ ചിന്തമാത്രമാണ്. അതിന്റെ പേരിൽ അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുകയും അറബികളല്ലാത്തവർക്കും തങ്ങളുടെ ഹൃദയം തുറന്നിടുകയുമാണ് വേണ്ടത്. അറബികൾ എന്നതിലേറെ രൂഢമൂലമാവേണ്ടൊരു ബന്ധമാണ് വിശ്വാസത്തിന്റെ ബന്ധം. അധികാരം ​ഗോത്രത്തിനാണെങ്കിൽ നബി (സ) ഖുറൈശികളോട് യുദ്ധം ചെയ്യില്ലായിരുന്നു. അധികാരം ഭൂമിക്കായിരുന്നെങ്കിൽ നബി (സ) മക്ക വിടുകയും ചെയ്യില്ലായിരുന്നു. ഇനിയത് കുടുംബത്തിനാണെങ്കിൽ അബൂ ലഹബിനെ നബി തങ്ങൾ കൈവെടിയുകയും ചെയ്യില്ലായിരുന്നു. പക്ഷേ, അധികാരം വിശ്വാസത്തിനാണ്! ​ഗോത്രത്തെക്കാളും മണ്ണിനെക്കാളും സ്വന്തം ചോരയെക്കാളും മൂല്യമുള്ള അധികാരം!

നബി (സ) കഥ പൂർത്തിയാക്കി പറയുന്നു: അങ്ങെനെയിരിക്കെ മഹതി ഹാജറ (റ) ഇഹലോകം വെടിഞ്ഞു. ഇസ്മാഈൽ നബി(അ)യുടെ വിവാഹ ശേഷം ഇബ്റാഹീം (അ) താൻ ഉപേക്ഷിച്ചുപോയവരെ അന്വേഷിച്ചുവന്നു. അവിടെ ഇസ്മാഈലി(അ)നെ കാണാത്തതിനാൽ ഭാര്യയോട് കാര്യം തിരക്കി. നമ്മുടെ ചില ആവശ്യങ്ങൾക്കായി പുറത്തു പോയതാണെന്നറിയിച്ചു. അവരുടെ ജീവിതമെങ്ങനെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ വളരെ ബുദ്ധിമുട്ടിലാണെന്നും മറ്റും മഹതി പറഞ്ഞു.

അനന്തരം “ഭർത്താവ് വന്നാൽ സലാം പറയാനും വീടിൻറെ ഉമ്മറപ്പടി മാറ്റാനും പറയുക” എന്നദ്ദേഹം പറഞ്ഞു. ഇസ്മാഈൽ (അ) വന്നപ്പോൾ ചോദിച്ചു: “ഇവിടെ വല്ലവരും വന്നിരുന്നോ?” ഭാര്യ പറഞ്ഞു: “അതെ, ഒരു വയോവൃദ്ധൻ വന്നിരുന്നു. അങ്ങയെപ്പറ്റി ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. പിന്നിട് നമ്മുടെ ജീവിതത്തെപ്പറ്റി ചോദിച്ചു. ഞാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു”. ഇസ്മാഈൽ (അ) ചോദിച്ചു: “അദ്ദേഹം വല്ലതും വസ്വിയ്യത്ത് ചെയ്തിരുന്നോ?” ഭാര്യ പറഞ്ഞു: “അതെ. നിങ്ങളോട് സലാം പറയാനും ഈ വീടിൻറെ ഉമ്മറപ്പടി മാറ്റാനും കൽപിച്ചിരുന്നു”. ഇസ്മാഈൽ (അ) പറഞ്ഞു: “അതെൻറെ പിതാവാണ്. നിന്നെ പിരിയാനാണെന്നോട് കൽപിച്ചത്. നീ നിൻറെ വീട്ടുകാരുടെ അടുക്കലേക്ക് പോവുക”. അനന്തരം ഭാര്യയെ വിവാഹമോചനം നടത്തുകയും അവരിൽ നിന്ന് മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുകയും ചെയ്തു.

പിന്നീടൊരു ദിവസം ഇബ്റാഹീം നബി വീണ്ടും വന്നു. അപ്പോഴും ഇസ്മാഈൽ നബി അവിടെയില്ലായിരുന്നു. ഭാര്യയുടെ അടുത്ത് ചെന്ന് കാര്യമന്വേഷിച്ചു. നമ്മുടെ ചില ആവശ്യത്തിനായി പുറത്തു പോയതാണെന്ന് പ്രതിവചിച്ചു. ഭാര്യയോട് അവിടുത്തെ ജീവിതത്തെപ്പറ്റി ചോദിച്ചു. ‘നന്മയിലും സന്തോഷത്തിലുമാണെ’ന്ന് മറുപടി നൽകുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. “നിങ്ങളുടെ ഭക്ഷണമെന്താണെ”ന്ന് ചോദിച്ചപ്പോൾ മാംസമെന്നും എന്താണ് കുടിക്കാറെന്ന് ചോദിച്ചപ്പോൾ വെള്ളമെന്നും മറുപടി പറഞ്ഞു. മാംസത്തിലും പാനീയത്തിലും ബർകത്തിന് വേണ്ടി നബി പ്രാർഥിച്ചു. ഇബ്റാഹീം നബി (അ) പറഞ്ഞു: “ഭർത്താവ് വന്നാൽ സലാം പറയുകയും ഉമ്മറപ്പടി സ്ഥിരപ്പെടുത്താൻ കൽപിച്ചുവെന്ന് പറയുകയും ചെയ്യുക”. ഇസ്മാഈൽ (അ) വന്നപ്പോൾ ചോദിച്ചു: “ഇവിടെ ആരെങ്കിലും വന്നിരുന്നോ?” മഹതി പറഞ്ഞു: “അതെ, ഒരു തേജസ്സ്വുള്ള വൃദ്ധൻ വന്നിരുന്നു. എന്നിട്ടെന്നോട് അങ്ങെയെപ്പറ്റി ചോദിക്കുകയും നമ്മുടെ ജീവിതം എങ്ങനെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. ജീവിതം ഖൈറിലാണെന്ന് ഞാൻ പറഞ്ഞു”. അപ്പോൾ ഇസ്മാഈൽ (അ) ചോദിച്ചു: “അദ്ദേഹം വല്ലതും വസ്വിയ്യത്ത് ചെയ്തിരുന്നോ?” മഹതി പറഞ്ഞു: “അതെ, നിങ്ങളോട് സലാം പറയാനും ഉമ്മറപ്പടി സ്ഥിരപ്പെടുത്താനും കൽപിച്ചു”. നബി പറഞ്ഞു: “എൻറെ പിതാവായിരുന്നു അത്. ഉമ്മറപ്പടി നീയാണ്. നിന്നെ കൂടെ നിർത്താനാണ് കൽപിച്ചത്”.

​ഗുണപാഠം 15

എത്ര മനോഹരമായൊരു സൂചനയാണ് വ്യം​ഗ്യമായി ഇബ്റാഹിം നബി പറഞ്ഞിട്ടുള്ളത്. വീടിന്റെ ഉമ്മറപ്പടി മാറ്റാൻ പറയൂ, വീടിന്റെ ഉമ്മറപ്പടി സ്ഥിരപ്പെടുത്താൻ പറയൂ. ചിലപ്പോൾ കാര്യങ്ങൾ വ്യക്തമാക്കിപ്പറയൽ കേൾവിക്കാരന് വേദനയുണ്ടാക്കുന്ന കാര്യമാവും. നിന്നെ ത്വലാഖ് ചൊല്ലാൻ നിന്റെ ഭർത്താവിനോട് പറയൂ എന്നു പറയുന്നതിൽ എത്ര പരുഷതയുണ്ടെന്നു നോക്കൂ. ഇബ്റാഹിം നബിയിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതുമാണത്. ആരെയും നോവിക്കലുമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ മകന് വ്യക്തമായൊരു സന്ദേശം കൈമാറുക മാത്രമായിരുന്നു നബിയുടെ ഉദ്ദേശ്യം. ചിലപ്പോൾ കാര്യങ്ങൾ തെളിച്ചുപറയൽ പറയുന്ന ആൾക്കുതന്നെ അസഹനീയമാവും. അമീറിന്റെ അടുക്കൽ വന്ന് എന്റെ വീട്ടിൽ എലികളുടെ കുറവുണ്ടെന്ന് പരാതിപറഞ്ഞ ​ഗ്രാമീണ സ്ത്രീയെപോലെ. തന്റെ ആവശ്യം എത്ര മനോഹരമായാണ് അവർ പറഞ്ഞതെന്നു പറഞ്ഞ് അവരുടെ വീട്ടിൽ റൊട്ടിയും വെണ്ണയും മാംസവും എത്തിക്കാൻ ആജ്ഞ പുറപ്പെടുവിക്കുകയായിരുന്നു അമീർ.

​ഗുണപാഠം 16

അല്ലാഹു നിനക്ക് വല്ലതും നൽകിയിട്ടുണ്ടെങ്കിൽ യഥാർഥത്തിൽ നിന്റേതല്ലാത്ത ഒന്നാണ് അവൻ നൽകിയിരിക്കുന്നത്. ഇനി നിനക്ക് നൽകാതിരുന്നാലും അങ്ങനെതന്നെ. അതുകൊണ്ട് വല്ലതും നൽകപ്പെട്ടാൽ നന്ദി പ്രകാശിപ്പിക്കുക, നൽകപ്പെടാതിരുന്നാൽ ക്ഷമ കൈക്കൊള്ളുക. അവൻ നൽകുന്നതിലും നൽകാതിരിക്കുന്നതിലും യുക്തിയുണ്ടെന്നാണ്. ശരീരത്തിന് യാതൊന്നും ചെയ്യാനില്ലാത്ത, സമ്പൂർണമായും ഹൃദയംകൊണ്ടു ചെയ്യേണ്ട രണ്ടു കർമങ്ങളാണ് നന്ദിയും ക്ഷമയും. ആ നന്ദിയുടെ പരിപൂർണത അത് ജീവിതശീലമായി മാറുകയെന്നതാണ്. സമ്പത്തിലും ആരോ​ഗ്യത്തിലും അറിവിലുമെല്ലാം ആ നന്ദി പ്രകടനം പല വിധത്തിലുമാവും.

യഥാർഥ ഐശ്വര്യം ഹൃദയത്തിന്റേതാണല്ലോ. ആദ്യ ഭാര്യയുണ്ടായപ്പോഴും രണ്ടാം ഭാര്യ വന്നപ്പോഴും ഇസ്മായീൽ നബിയുടെ ജീവിതരീതിയും സൗകര്യങ്ങളും ഒന്നായിരുന്നു.പക്ഷേ ആദ്യത്തെ ഭാര്യ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ രണ്ടാമത്തെയാൾ ഉള്ളതിൽ നന്ദി പറഞ്ഞ് കഴിഞ്ഞു. വളരെ അപൂർവം പേർക്കുമാത്രം ലഭിക്കുന്ന വിജയത്തിന്റെ രഹസ്യമാണിത്! നന്ദിയുള്ളവരോട് ഇടപഴകുന്നതിലും മധുരമേറിയതും മടുപ്പിക്കുന്നൊരാളോട് ഇടപഴകുന്നതിലും ശ്രമകരമോ ആയ ഒന്നുമില്ലതന്നെ.

​ഗുണപാഠം 17

മാതാപിതാക്കളോട് ​ഗുണം ചെയ്യാൻ കൽപിക്കപ്പെട്ടവരാണ് നാം. പക്ഷേ, പിതാവിന്റെ കൽപനക്കുവഴങ്ങി ഭാര്യയെ മൊഴിചൊല്ലുന്നത് ​ഗുണവും അത് ചെയ്യാതിരിക്കുക അവരോടുള്ള ദ്രോഹവുമാണോ?! എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ല എന്നാണുത്തരം! എല്ലാ പിതാക്കന്മാരും ഇബ്റാഹിം നബിയോ എല്ലാ മക്കളും ഇസ്മായീൽ നബിയോ അല്ലല്ലോ. ചിലപ്പോൾ പ്രശ്നങ്ങൾ സഹിച്ച് ഒത്തുതീർപ്പിൽ പോകുന്നതാവും ഏറ്റവും ഉചിതമായ പരിഹാരം. ചിലപ്പോൾ ആ പരിഹാരമാവും പുതിയൊരു പ്രശ്നത്തിന് തുടക്കമിടുന്നത്. തങ്ങളുടെ വീക്ഷണത്തിൽ ചിലപ്പോൾ മാതാവും പിതാവും ശരിയായിക്കൊള്ളണമെന്നില്ല. അവരോടുള്ള ​അനുസരണയെന്നാൽ എല്ലാത്തിലും അവരെ സമ്പൂർണമായി വഴിപ്പെടുക എന്നല്ലെങ്കിലും ഭാര്യക്കുവേണ്ടി മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കൽ അവരോടുള്ള അതിക്രമം തന്നെയാണ്. ഭാര്യയെ നിലനിർത്തുന്നതോടൊപ്പം മാതാപിതാക്കളെ മറക്കാതിരിക്കുക!

നബി (സ) തുടരുന്നു: ഒരുപാട് കാലശേഷം ഇബ്റാഹീം (അ) വീണ്ടും വന്നു. ഇസ്മാഈൽ (അ) സംസമിനടുത്തുള്ള വടവൃക്ഷത്തിൻറെ കീഴെ തൻറെ അമ്പ് ശരിയാക്കുകയായിരുന്നു. പിതാവിനെ കണ്ടപ്പോൾ അദ്ദേഹം അടുത്തേക്ക് ചെല്ലുകയും ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നെ പിതാവ് പറഞ്ഞു: “ഓ ഇസ്മാഈൽ. എന്നോട് അല്ലാഹു ഒരു കാര്യം കൽപിച്ചിട്ടുണ്ട്”. മകൻ പറഞ്ഞു: “ നിങ്ങളുടെ രക്ഷിതാവ് കൽപിച്ച പ്രകാരം ചെയ്യുക”. പിതാവ് ചോദിച്ചു: “നീയെന്നെ സഹായിക്കുകയില്ലേ?” സഹായിക്കാമെന്ന് ഇസ്മാഈൽ (അ) മറുപടി പറഞ്ഞു. ഇബ്റാഹീം നബി അടുത്തുള്ള ഉയർന്ന സ്ഥലത്തേക്ക് ചൂണ്ടിപ്പറഞ്ഞു: “ഇവിടെ ഒരു വീട് നിർമിക്കാൻ അല്ലാഹു എന്നോട് കൽപിച്ചിരിക്കുന്നു”. അദ്ദേഹം ഒരിടത്തേക്ക് ചൂണ്ടിക്കാട്ടി. തുടർന്ന് ഇരുവരും പരിശുദ്ധ ഭവനത്തിൻറെ അടിത്തറ കെട്ടിയുയർത്തി. ഇസ്മാഈൽ (അ) കല്ല് കൊണ്ടുവരികയും ഇബ്റാഹീം നബി (അ) നിർമിക്കുകയും ചെയ്തു. എടുപ്പ് ഉയരത്തിലായപ്പോൾ ഒരുകല്ല് കൊണ്ടുവരികയും ഇബ്റാഹീം നബി അതിൻറെ മുകളിൽ കയറിനിന്ന് ഇസ്മാഈൽ നബി അദ്ദേഹത്തിന് കല്ല് എടുത്തു കൊടുക്കുകയും ചെയ്തു. “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് ഇതിനെ നീ സ്വീകരിക്കണേ. തീർച്ചയായും നീ കേൾക്കുന്നവനും അറിയുന്നവനുമാണ്” എന്നവരിരുവരും പ്രാർഥിക്കുകയും ചെയ്തു.

​ഗുണപാഠം 18

ഇസ്മായീൽ നബി പ്രതിഭാധനനായ അമ്പെയ്ത്തുകാരനും വേട്ടക്കാരനുമായിരുന്നു. ഉപര്യുക്ത ഹദീസിൽ അതിന്റെ സൂചന കാണാം. നബി (സ) ഒരിക്കൽ സ്വഹാബികളോട്, നിങ്ങളുടെ പിതാവ് ഒരു അമ്പെയ്ത്തുകാരനായിരുന്നു എന്ന് പറഞ്ഞതായി ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മക്കളെ നീന്തലും അമ്പെയ്ത്തും കുതിര സവാരിയും പഠിപ്പിക്കുക എന്ന ഉമറി(റ)ന്റെ പ്രസിദ്ധമായ വാക്കും ഇതോടു ചേർത്തുവായിക്കാം.

​ഗുണപാഠം 19

ജനങ്ങൾക്കായി നിർമിക്കപ്പെട്ട പ്രഥമ ​ഗേഹം ബക്കയിലുള്ളതാണ് എന്നാണല്ലോ വിശുദ്ധ ഖുർആനിക വചനം. ബക്ക എന്ന അറബി വാക്കിനെക്കുറിച്ച് രണ്ടഭിപ്രായങ്ങളാണുള്ളത്. ഒന്നാമതായി, മക്ക, ബക്ക എന്നീ രണ്ടു വാക്കുകളും തുല്യമാണ്, മീം – ബാ എന്നീ രണ്ടക്ഷരങ്ങൾ അറബികളുടെ സംസാരത്തിൽ പരസ്പരം ഉപയോ​ഗിക്കപ്പെടുന്നതാണ് എന്നതാണ്. രണ്ടാമത്തെ അഭിപ്രായപ്രകാരം, ബക്ക എന്നത് വിശുദ്ധ കഅ്ബ നിൽക്കുന്ന കൃതമായ സ്ഥലത്തെയും മക്ക എന്നത് ആ നാടിനെ മുഴുവനും കുറിക്കുന്ന പദങ്ങളാണ്. ഇതുപ്രകാരം ബക്ക എന്നത് മക്കയുടെ ഒരു ഭാ​ഗമാണെന്നർഥം.

​ഗുണപാഠം 20

കഅ്ബയുടെ വിവിധ ഭാ​ഗങ്ങളെക്കുറിച്ച് പരാമർശിച്ച് നമുക്കീ അധ്യായം അവസാനിപ്പിക്കാം. ഒന്നാമതായി, ഹജറുൽ അസ് വദ്. മാലാഖമാർ സ്വ​ർ​ഗത്തിൽ നിന്ന് കൊണ്ടുവന്ന കല്ലാണത്. ഇന്ന് എട്ടു ഭാ​ഗങ്ങളായാണ് അതുള്ളത്. കറാമത്തുകൾ കഅ്ബ അക്രമിച്ചകാലത്ത് ഹജറുൽ അസ് വദ് മോഷ്ടിക്കുകയും പിന്നീട് ഇരുപത് വർഷങ്ങൾക്കു ശേഷം അവരുടെ പക്കൽനിന്ന് തിരിച്ചെടുക്കപ്പെടുകയുമായിരുന്നു. ഇരുപതിനായിരം ഹാജിമാരെ അറഫാ ദിവസത്തിനു മുമ്പ് കൊന്ന് സംസം കിണറിൽ തള്ളിയവരാണവർ.

രണ്ടാമത്തെ ഭാ​ഗം, ഹിജ്റ് ഇസ്മായീലാണ്. കഅ്ബയുടെ അടുത്തായി സ്ഥിതിചെയ്യുന്ന, കഅ്ബയുടെ തന്നെ ഭാ​ഗമാണെന്ന് പറയാവുന്ന ഒന്ന്. മറ്റൊന്നാണ് മഖാമു ഇബ്റാഹീം. കഅ്ബ നിർമാണവേളയിൽ ഇബ്റാഹിം നബി എഴുന്നേറ്റു നിന്ന കല്ലായിരുന്നു യഥാർഥത്തിൽ അവിടെ. പിന്നീട് ഖലീഫ ഉമറാ(റ)ണ് ജനങ്ങൾക്ക് ത്വവാഫിന് സൗകര്യമാവാൻ അത് അൽപം ദൂരത്താക്കി മാറ്റി സ്ഥാപിച്ചത്. പിന്നീടത് ഇന്നുകാണുന്ന രൂപത്തിൽ സ്വർണനിർമിതവുമായി!

 

നബിയുടെ കൂടെ – 22

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles