Current Date

Search
Close this search box.
Search
Close this search box.

ഇത് എന്റെയും എന്റെ റബ്ബിന്റെയും കാര്യമാണ്, എന്നെ നിരീക്ഷിക്കാനുള്ള ദൗത്യം നിങ്ങളെയാരും ഏൽപിച്ചില്ലല്ലോ!?

നബിയുടെ കൂടെ - 29

അബൂ ദാവൂദ് തന്റെ സുനനിൽ രേഖപ്പെടുത്തുന്നു. നബി (സ) പറഞ്ഞു: ബനൂ ഇസ്റാഈലിൽ സ്നേഹിതരായ രണ്ടു മനുഷ്യരുണ്ടായിരുന്നു. അതിലൊരാൾ ധാരാളമായി ദോഷം ചെയ്യുന്നവനും രണ്ടാമൻ ആരാധനകളിൽ വ്യാപൃതനുമായിരുന്നു. അയാൾ തെറ്റുകാരനെ നിരന്തരം ഉപദേശിക്കാനും ആക്ഷേപിക്കാനും തുടങ്ങി. അവസാനം ഒരുദിവസം സഹികെട്ട് തെറ്റുകാരൻ മറ്റേ മനുഷ്യനോടായി പറഞ്ഞു: ഇത് എന്റെയും എന്റെ റബ്ബിന്റെയും കാര്യമാണ്. എന്നെ നിരീക്ഷിക്കാനുള്ള ദൗത്യം നിങ്ങളെയാരും ഏൽപിച്ചില്ലല്ലോ!?

അപ്പോളയാൾ മറുപടി പറഞ്ഞു: അല്ലാഹുവാണ, അവൻ നിനക്കൊരിക്കലും മാപ്പു തരില്ല. നിന്നെയൊരിക്കലും അവൻ സ്വർ​ഗത്തിൽ കടത്തുകയുമില്ല. തുടർന്നവർ രണ്ടുപേരും മരണപ്പെട്ട് അല്ലാഹുവിങ്കൽ ഹാജരാക്കപ്പെട്ടു. ആരാധനകളിലായി മുഴുകിയ മനുഷ്യനോടായി അല്ലാഹു പറഞ്ഞു: നിനക്കെന്നെക്കുറിച്ച് അറിയാമായിരുന്നോ? എന്റെ അധികാരത്തിൽ കൈകടത്താൻ നിനക്കെന്തധികാരം?! നീ നരകത്തിലേക്കു പോയ്‍ക്കൊള്ളുക. ശേഷം തെറ്റുകാരനായ മനുഷ്യനോടായി അല്ലാഹു പറഞ്ഞു: എന്റെ അനു​ഗ്രഹം കൊണ്ട് നീ സ്വർ​ഗത്തിലേക്ക് പോയ്ക്കൊള്ളുക.

​ഗുണപാഠം 1

സൽകർമങ്ങളും ആരാധനകളിലുള്ള പരിശ്രമങ്ങളും മനുഷ്യനെ ഒരിക്കലും ദൈവമെന്ന പദവിയിലേക്ക് ഉയർത്തുന്നതല്ല. അൽപം നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുമ്പോൾ തന്നെ സ്വന്തത്തെ അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്ന ആളാക്കിമാറ്റുന്ന പ്രവണത പലരിലും കാണാം. ജനങ്ങളെ വിഭാഗീകരിക്കുകയും സ്വർ​ഗ-ന​രക പ്രവേശകരെ ​ഗ്രൂപ്പുതിരിച്ച് കാണിക്കുകയും ചെയ്യുന്ന പ്രവണത. രണ്ടിടങ്ങളുടെയും താക്കോൽ തന്റെ കയ്യിലാണെന്നപോലെ, ആഖിറത്തിന്റെ കോടതിയിലെ ന്യായാധിപനാണ് താനെന്നപോലെ.

അഹങ്കാരം മൂലം താനും റബ്ബിന്റെ അനു​ഗ്രഹത്തിന്റെ തണലിലാണ് കഴിയുന്നതെന്ന കാര്യവും ഓരോ കർമവും സ്വീകാര്യമായെങ്കിൽ മാത്രമേ രക്ഷയുള്ളൂ എന്ന കാര്യവും അയാൾ മറന്നുപോവുന്നു. നമ്മളെല്ലാം അവന്റെ കാരുണ്യത്തിന്റെ തണലിലാണ്. അവനുദ്ദേശിച്ചാൽ ശിക്ഷിക്കാം, ഉദ്ദേശിച്ചാൽ പൊറുത്തുതരികയും ചെയ്യാം. അവന്റെ കാരുണ്യം ലഭിക്കണമെന്ന ആ​ഗ്രഹത്തോടും പ്രതീക്ഷയോടുംകൂടി ആരാധനകളിലേർപ്പെടുക. അവന്റെ മാപ്പിനർഹമാകാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക.

​ഗുണപാഠം 2

നന്മ കൽപിക്കലും തിന്മ വിരോധിക്കലും എന്നാലർഥം മറ്റുള്ളവരുടെ വീഴ്ചകൾ പരിശോധിക്കലും കണ്ടെത്തലുമല്ല. മറിച്ച് മാന്യമായി അവരോട് തിന്മകളെക്കുറിച്ച് ഉണർത്തലും ശ്രദ്ധയിൽപെടുത്തലുമാണ്. നമസ്കാരത്തിൽ ധൃതികാണിക്കുന്നൊരു മനുഷ്യനെ കണ്ടാൽ അവനെ ആക്ഷേപിക്കുന്നതിനു പകരം ഭയഭക്തിയുടെയും അവധാനതയുടെയും മഹത്വം അയാൾക്ക് പറഞ്ഞുകൊടുക്കുക. ഹിജാബിന്റെ വിഷയത്തിൽ അശ്രദ്ധ കാണിക്കുന്നൊരു സ്ത്രീയെ കണ്ടാൽ അവളെ തെമ്മാടിയായി മുദ്രകുത്തുന്നതിനുപകരം ലജ്ജയുടെയും ഹിജാബിന്റെയും അനിവാര്യത പറഞ്ഞുകൊടുക്കുക. ​ഏഷണിയിലും പരദൂഷണത്തിലുമായി കഴിഞ്ഞുകൂടുന്നൊരു കൂട്ടരെ കണ്ടാൽ ശവംതീറ്റ മനുഷ്യന് പറ്റിയ ജോലിയല്ലെന്ന് അവരെ ഓർമിപ്പിക്കുക.

അംറുൻ ബിൽ മഅ്റൂഫെന്നാൽ നന്മ ചെയ്യാൻ നിർബന്ധിപ്പിക്കലല്ല. നഹ്യുൻ അനിൽ മുൻകറെന്നാൽ ജനങ്ങളുടെ സ്വകാര്യതകളിൽ കടന്നുചെല്ലലുമല്ല. മതത്തിൽ നിർബന്ധിപ്പിക്കലില്ലെന്ന് റബ്ബ് പറയുമ്പോൾ അവന്റെ അടിമകളിലൊരാൾ മാത്രമായ നീ നിർബന്ധിപ്പിക്കുന്നതെങ്ങനെ!? പേടിച്ചെന്നപോലെ പ്രതീക്ഷയോടും കൂടെയാണ് റബ്ബ് ആരാധിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ വഴിയിലേക്ക് പ്രബോധനം നടത്തുന്ന ഒരാളാണ് നീയെങ്കിൽ അല്ലാഹുവിന്റെ റഹ്മത്തിനെക്കുറിച്ച് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുക, അവൻ ഇഷ്ടത്തോട് അവനിലേക്ക് അടുക്കട്ടെ.

അവനിലേക്ക് അടുപ്പിക്കുന്നതിനു പകരം അകറ്റാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാഹുവിനെ സഹായിക്കുകയാണെന്ന മട്ടിൽ അവനെ ദ്രോഹിക്കാതിരിക്കുക. അല്ലാഹുവിന്റെ അനു​ഗ്രഹത്തെത്തൊട്ട് നിരാശ പകർന്നപ്പോഴായിരുന്നു 99 പേരെ കൊന്ന മനുഷ്യർ നൂറു തികച്ചത്. ശേഷം തൗബയുടെ സാധ്യതയെക്കുറിച്ചറിഞ്ഞപ്പോൾ അയാൾ തൗബ ചെയ്യുകയും സ്വർ​ഗപ്രവേശം നേടുകയും ചെയ്തു. അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കുംമുമ്പ് അല്ലാഹുവിനെ അറിയുക. അവനെ മനസ്സിലാക്കാതെ അവനെക്കുറിച്ച് സംസാരിക്കരുത്. ​

​ഗുണപാഠം 3

ഉപയോ​ഗിക്കുന്ന വാക്കുകൾ സൂക്ഷിച്ചുമാത്രം ഉപയോ​ഗിക്കുക. ഉപയോ​ഗിച്ച വാക്കുകൾ കാരണം നരകത്തിൽ കാലങ്ങളോളം കഴിയേണ്ടിവരുന്ന എത്രയാളുകളാണുള്ളത്?! അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന വാക്കുകൾ സംസാരിച്ച് ഉന്നതസ്ഥാനം നേടുന്നവരും അല്ലാഹുവിനെ ദേഷ്യപ്പെടുത്തുന്ന വാക്കുകൾ സംസാരിച്ച് കാലങ്ങളോളം നരകത്തിൽ കഴിയുന്നവരുമായ അടിമകളുണ്ടെന്ന നബി തങ്ങളുടെ വാക്കുകൾ ഇതോടു ചേർത്തുവായിക്കണം. മാരകായുധമാണ് വാക്ക്, സൂക്ഷിച്ചുമാത്രം ഉപയോ​ഗിക്കുക. ദുഷിച്ചൊരു വാക്കുകാരണം നിനക്കും ചുറ്റുമുള്ളവർക്കുമിടയിലെ ബന്ധം തകർന്നേക്കാം.

നല്ല വാക്ക് ചിലപ്പോൾ അതിലേറെ മനോഹരമായി ബന്ധങ്ങളെ നിർമിക്കുകയും ചെയ്തേക്കാം. പക്ഷേ, പടച്ചവന്റെയും പടപ്പിന്റെയുമിടയിലെ ബന്ധം തകർത്തു കളയുന്നൊരു വാക്കിനെക്കുറിച്ച് ആലോചിച്ചുനോക്കൂ!? അല്ലാഹുവിനും മറ്റൊരു പടപ്പിനുമിടയിലുള്ള സ്വകാര്യബന്ധത്തിൽ കയറി, അല്ലാഹുവാണ അവൻ നിനക്ക് പൊറുത്തുതരില്ല എന്ന് പറയുമ്പോൾ അവന്റെ കാരുണ്യത്തിൽ നിന്ന് അടിമയെ നിരാശപ്പെടുത്തുകയാണ് നീ യഥാർഥത്തിൽ. അല്ലാഹുവിന്റെ വിഷയത്തിൽ തീരുമാനം പറയാനും സ്വർ​ഗ-ന​രക പ്രവേശം തീരുമാനിക്കാനും നീയാരാണ്!? ഏതു പാപവും പൊറുത്തുകൊടുക്കാൻ തയ്യാറുള്ള അവന്റെ കാരുണ്യത്തെ ചെറുതാക്കിക്കാണാൻ നിനക്കെന്തധികാരം!?

​ഗുണപാഠം 4

സുഹൃത്തുക്കൾ പരസ്പരം കണ്ണാടികളാണല്ലോ. പക്ഷേ, തെറ്റിനെ നല്ലതാക്കി കാണിച്ചുതരുന്ന, തെറ്റിൽ തന്നെ തുടരാൻ നിന്നെ സഹായിക്കുന്നയാൾ യഥാർഥത്തിൽ സഹൃത്തല്ല. മറിച്ച്, അശ്രദ്ധനാവുമ്പോൾ ഉണർത്തുന്ന, വഴിപിഴക്കുമ്പോൾ വഴി ഓർമിപ്പിക്കുന്ന, നന്മചെയ്യുമ്പോൾ നിന്നെ ചേർത്തു പിടിക്കുന്ന, തെറ്റുചെയ്യുമ്പോൾ ശകാരിക്കുന്ന ആളാണ് യഥാർഥ സുഹൃത്ത്. ശത്രുക്കളിൽ നിന്ന് സഹായിക്കുന്ന പരിചയാണ് സുഹൃത്ത്, ആ ശത്രു നിന്റെ സ്വന്തം മനസ്സാണെങ്കിലും.

ഉപര്യുക്ത സംഭവത്തിലെ രണ്ടു കഥാപാത്രങ്ങൾ സ്നേഹിതരായിരുന്നുവല്ലോ. അതിൽ തെമ്മാടിയായ മനുഷ്യൻ ആരാധനകൾ ചെയ്യണമെന്നു മാത്രമായിരുന്നു സുഹൃത്തിന്റെ ആ​ഗ്രഹം. പക്ഷേ, അതിനായി അയാൾ ഉപയോ​ഗിച്ച രീതിയും ശൈലിയും പിഴച്ചുപോയി എന്നതാണ് കാര്യം. നല്ല നിയ്യത്ത് ഒരിക്കലും ദുഷ്പ്രവൃത്തിക്കുള്ള ന്യായീകരണമല്ലല്ലോ.

​ഗുണപാഠം 5

പര്യവസാനം പരി​ഗണിച്ചാണ് കാര്യങ്ങളുടെ വിധിയെഴുതുന്നത്. അവസാന നിമിഷം വരെ സത്യത്തിന്റെ വഴിയിൽ ഉറച്ചുനിൽക്കണം. അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കെ, അവനോട് നല്ല പര്യവസാനത്തിനും സ്ഥിരതക്കും വേണ്ടി നിരന്തരം ചോദിക്കാൻ മറക്കരുത്. പിഴച്ചൊരു അന്ത്യം മതി വർഷങ്ങൾ നീണ്ട ശ്രമങ്ങളെല്ലാം അർഥശൂന്യമാവാൻ. അതേസമയം, നല്ലൊരു അന്ത്യം കാരണമായി വർഷങ്ങളോളം നീണ്ട തെറ്റുകൾ മാപ്പു ചെയ്യപ്പെടുകയുമാവാം. അവന്റെ കാരുണ്യത്തിന്റെ തണലില്ലെങ്കിൽ നിന്റെ കർമങ്ങൾകൊണ്ട് ഫലമൊന്നുമില്ലെന്നോർക്കുക.

നന്മകൾ നീ എത്രയൊക്കെ ചെയ്താലും ഫലത്തിൽ നീയൊരു ദുർബലനായ മനുഷ്യനാണെന്ന കാര്യം മറക്കുകയുമരുത്. ചെയ്തതും അല്ലാത്തതുമായ സകല ദോഷങ്ങളും പൊറുക്കപ്പട്ടു എന്ന് സന്തോഷവാർത്തയറിയിക്കപ്പെട്ട നബി തങ്ങളെ നോക്കൂ, ദിവസവും എഴുപതിലേറെ തവണയാണ് ഇസ്തി​ഗ്ഫാർ‍‍‍‍ ചൊല്ലുന്നത്. അതുകൊണ്ട് ചെയ്യുന്ന സൽകർമങ്ങളുടെ തണലിൽമാത്രം രക്ഷപ്പെടാമെന്നു കരുതണ്ട.

​ഗുണപാഠം 6

അല്ലാഹുവിന്റെ കോടതിയിൽ നീതി മാത്രമേ കാണൂ. എല്ലാവർക്കും അവിടെ അവകാശങ്ങൾ ലഭിക്കും. മുകളിലെ കഥയിലെ തീരുമാനവും അല്ലാഹുവിന്റെ അധികാരത്തിലായിരുന്നു. തന്റെ കാരുണ്യത്തിൽ സംശയം പ്രകടിപ്പിച്ച നല്ലവനായ മനുഷ്യനെ നരകത്തിൽ കടത്തിയ അവൻ, തന്നിൽ പ്രതീക്ഷ കൈവിട്ടിട്ടില്ലാത്ത തെറ്റുകാരനായ മനുഷ്യനെ സ്വർ​ഗത്തിലേക്ക് കടത്തുന്നു. കർമങ്ങളുടെ തുലാസിൽ ആരാധനകൾകൊണ്ട് മാത്രം കാര്യമില്ല, ഹൃദയം കൂടെയില്ലെങ്കിൽ. അതുകൊണ്ട് അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രം ചിന്തിക്കുക!

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

നബിയുടെ കൂടെ – 28 വായിക്കാൻ

Related Articles