Current Date

Search
Close this search box.
Search
Close this search box.

സഹോദരന്റെ പ്രയാസം സ്വന്തത്തെ വിസ്മരിപ്പിക്കുമ്പോള്‍

help.jpg

ഇസ്‌ലാമിക സമൂഹത്തിന്റെ സവിശേഷത എന്നുപറയുന്നത് അവര്‍ അവരുടെ വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങള്‍ക്ക് സന്തുലിതമായ രീതിയിലാണ് ചിലവഴിക്കുക. അതേ സമയം സാമൂഹിക ജീവിതത്തിലെ ആവശ്യങ്ങള്‍ക്ക് അവര്‍ കയ്യൊഴിഞ്ഞ് സഹായിക്കും. ലളിതമായ വസ്ത്രം ധരിച്ച് ലളിതമായ ജീവിതം നയിക്കുന്ന സമ്പന്നന്‍ മില്യന്‍ കണക്കിന് രൂപ യൂണിവേഴ്‌സിറ്റിക്കും ഇസ്‌ലാമിക കലാലയങ്ങള്‍ക്കുകം യതീമുകളുടെ സംരക്ഷണത്തിനും വേണ്ടി നല്‍കും. പശ്ചാത്യ സമൂഹം കിഴക്കിനെ കുറിച്ചും അതിന്റെ വളര്‍ച്ചയെ കുറിച്ചും പഠന മനന ഗവേഷണങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കാറുണ്ട്. വൈജ്ഞാനികമായ ഉണര്‍വിനും സാഹോദര്യത്തിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെല്ലാം ഇത് സഹായകമാകും. ഇസ്‌ലാമിക സമൂഹം സാമ്പത്തികമായ ഈ അച്ചടക്കവും ക്രയശേഷിയും അതിന്റെ തുടക്കത്തില്‍ തന്നെ സമൂഹത്തെ പഠിപ്പിക്കുകയും മഹിതമായ മാതൃകകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

വൈയക്തിക ജീവിതത്തില്‍ മിതത്വം പാലിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു: ‘നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദിതനും ദുഖിതനുമായിത്തീരും'(അല്‍ ഇസ്രാഅ് 29)
‘ചെലവഴിക്കുമ്പോള്‍ അവര്‍ പരിധി വിടുകയില്ല. പിശുക്കുകാട്ടുകയുമില്ല, രണ്ടിനുമിടക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍'(അല്‍ഫുര്‍ഖാന്‍ 67)
‘നിങ്ങള്‍ തിന്നുക, കുടിക്കുക.. ധൂര്‍ത്തടിക്കരുത്.'(അല്‍ അഅ്‌റാഫ്: 30)
‘ഒഴുകുന്ന പുഴയില്‍ നിന്നാണെങ്കിലും അതുപയോഗിക്കുന്നതില്‍ ധൂര്‍ത്തടിക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. (ഇബ്‌നു മാജ)
എന്നാല്‍ സാമൂഹിക ജീവിതത്തില്‍ ചിലവഴിക്കുന്നതില്‍ ഇസ്‌ലാം പരമാവധി പ്രോല്‍സാഹിപ്പിക്കുന്നത് കാണാം. എത്ര ചിലവഴിക്കുന്നുവോ അതനുസരിച്ച് അല്ലാഹുവിങ്കല്‍ നിന്റെ പ്രതിഫലം ഉയര്‍ന്നുനില്‍ക്കും.
‘രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഖിക്കേണ്ടിവരികയുമില്ല.'(അല്‍ബഖറ: 274)

ദൈവമാര്‍ഗത്തില്‍ ചിലവഴിക്കുന്നതിന്റെ പ്രയോജനം ഒന്നാമതായി അത് ചിലവഴിക്കുന്നവര്‍ക്കാണ് ലഭ്യമാകുന്നത്. ‘നിങ്ങള്‍ നല്ലതെന്തെങ്കിലും ചിലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മക്കുവേണ്ടിയാണ്.’ (അല്‍ബഖറ: 272) മാത്രമല്ല, ഒരാള്‍ ധാരാളമായി ചിലവഴിക്കുന്നത് അയാളുടെ മനസ്സിന്റെ വിശാലതയും നന്മയുമാണ് പ്രകടിപ്പിക്കുന്നത്. ‘ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉദാഹരണമിതാ.. ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം. കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴമാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. (അല്‍ബഖറ: 265)

മറുവശത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ കെട്ടിപ്പൂട്ടിവെക്കുന്നതുമൂലം അവര്‍ക്കും സമൂഹത്തിനും തന്നെയാണ് അതിന്റെ വിപത്തുണ്ടായിത്തീരുക എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു.’അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണകരമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്’. (ആലുഇംറാന്‍: 180) അവര്‍ക്ക് അതികഠിനമായ ശിക്ഷയുമുണ്ട്. ‘സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക.നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകും ചൂടുവെക്കും ദിനം! അന്ന് അവരോട് പറയും. ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ച് വെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക'(അത്തൗബ: 34-35)

സല്‍സംരംഭങ്ങള്‍ക്ക് വേണ്ടി സമ്പത്ത് ചിലവഴിക്കുന്നതില്‍ ലാഭനഷ്ട കണക്കൂകൂട്ടലുകള്‍ക്കപ്പുറത്തുള്ള ഉദാത്തമായ മാതൃകയാണ് ഇസ്‌ലാമിക സമൂഹം ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ചത്. പ്രവാചകന്റെയും അനുചരന്മാരുടെയും ഉദാരസമീപനം ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട പ്രശോഭിതമായ അധ്യായങ്ങളാണ്.

ലളിത ജീവിതത്തിന്റെ മകുടോദാഹരണമായിരുന്നു അബൂബക്കര്‍(റ)വിന്റെ ജീവിതം. വസ്ത്രം,ഭക്ഷണം മുതല്‍ വൈക്തിക ജീവിതത്തിന്റെ നിഖില മേഖലകളിലും അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചു. എന്നാല്‍ ഇസ്‌ലാമിക മാര്‍ഗത്തില്‍ ധനം വ്യയംചെയ്യുന്നതില്‍ അത്യുദാരനായിരുന്നു അദ്ദേഹം. തബൂക്ക് യുദ്ധവേളയില്‍ സൈന്യത്തെ ഒരുക്കാനും യുദ്ധസന്നാഹങ്ങള്‍ക്കുമായി മുസ്‌ലിം സമൂഹത്തിന് വലിയ ബാധ്യത വന്നപ്പോള്‍ പ്രവാചകന്‍ സഹാബികളോട് പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാന്‍ വേണ്ടി ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍(റ) തന്റെ മുഴുവന്‍ ധനവുമായി പ്രവാചകന്റെയടുത്ത് വന്നു. നിനക്കും നിന്റെ കുടുംബത്തിനും എന്താണ് താങ്കള്‍ അവശേഷിപ്പിച്ചത് എന്ന് പ്രവാചന്‍ അബൂബക്കറിനോട് ചോദിച്ചു. അല്ലാഹുവിനെയും അവന്റെ ദൂതരെയുമാണ് അവര്‍ക്ക് വേണ്ടി ഞാന്‍ അവശേഷിപ്പിച്ചതെന്നായിരുന്നു അബൂബക്കറിന്റെ മറുപടി. തന്റെ മൊത്തം സമ്പത്തിന്റെ പകുതിയുമായി ഉമര്‍(റ) പ്രവാചകനെ സമീപിക്കുകയുണ്ടായി. ഉസ്മാന്‍(റ) ഭീമമായ സംഖ്യും നിരവധി വാഹനങ്ങളും റസൂലിനെ ഏല്‍പിച്ചു. സഹാബി വനിതകള്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി സന്തോഷപൂര്‍വം പ്രവാചകന്റെയടുത്തെത്തി. സമ്പന്നനോ ദരിദ്രനോ, സ്ത്രീയോ പുരുഷനോ എന്ന വ്യത്യസമില്ലാതെ സാമൂഹികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അത്യുദാരമായ സമീപനം സ്വീകരിച്ചവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍.

ഉമര്‍(റ)വിന്റെ ഭരണകാലത്ത് കടുത്ത ക്ഷാമം ബാധിച്ചു. ശാമില്‍ നിന്നും ഉസ്മാന്‍(റ)വിന്റെ ആയിരം ഒട്ടകങ്ങളടങ്ങുന്ന വലിയ കച്ചവടസംഘം വരുകയുണ്ടായി. ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, കച്ചവടച്ചരക്കുകളെല്ലാം അതിലുണ്ട്. വരള്‍ച്ച സമയം മുതലെടുത്ത് എന്തുവിലകൊടുത്തും വലിയ ലാഭം കൊയ്യാനായി ചരക്കുകള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ ചുറ്റും ഒരുമിച്ചുകൂടി. ഉസ്മാന്‍(റ) അവരോട് ചോദിച്ചു. ലാഭത്തിന്റെ എത്രവിഹിതം നിങ്ങള്‍ എനിക്ക് നല്‍കും? അഞ്ചു മുതല്‍ പത്തു ശതമാനം വരെ ലാഭം നല്‍കുമെന്ന് അവര്‍ പറഞ്ഞു. ഉസ്മാന്‍ വീണ്ടും ചോദിച്ചു. ഇതിനേക്കാള്‍ ലാഭം നല്‍കാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്. നമ്മുടെ കച്ചവടത്തിന്റെ അവസ്ഥ പരിഗണിച്ച് ഇതില്‍ കൂടുതല്‍ ലാഭം നല്‍കാന്‍ ആര്‍ക്കും കഴിയില്ല എന്ന് അവര്‍ ഒന്നടങ്കം പ്രതികരിച്ചു. ഉസ്മാന്‍(റ) പ്രതികരിച്ചു. ഒരു ദിര്‍ഹമിന് എഴുന്നൂറും അതിലിരട്ടിയും പ്രതിഫലം നല്‍കാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറുമണികള്‍. അല്ലാഹു അവനിച്ചിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.’ (അല്‍ബഖറ: 261) ഞാനിതാ ഇതു മുഴുവനും അല്ലാഹുവിനു വിറ്റിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വരള്‍ച്ചയുടെ ഇരകള്‍ക്ക് ദാനമായി ഉസ്മാന്‍(റ) നല്‍കുകയുണ്ടായി. ഇതായിരുന്നു ധനികരുടെ ഭാഗത്തുനിന്നുള്ള മഹിതമായ മാതൃക.
രാത്രി മുഴുവന്‍ അധ്വാനിച്ചുകൊണ്ട് ലഭിക്കുന്ന ധാന്യമണികളും തുകകളുമായി ദരിദ്രരായ സഹാബികള്‍ പ്രഭാതത്തില്‍ പ്രവാചകന്‍(സ)യെ സമീപിക്കുകയുണ്ടായി. പകുതി നിങ്ങളുടെ കുടുംബക്കാരുടെ ചിലവിനായി മാറ്റിവെച്ചു ഭാക്കി ഭാഗം നല്‍കിയാല്‍ മതി എന്നു പ്രവാചകന്‍ അവരോട് പ്രതികരിച്ചു. ഇതായിരുന്നു ദരിദ്രരായ സഹാബികളുടെ ഉന്നതമായ സമീപനം. ഒരിക്കല്‍ അലി(റ) പ്രിയ പത്‌നി ഫാത്തിമയോടൊത്ത് ഭക്ഷണം കഴിക്കാനാരംഭിച്ചു. വിശപ്പടങ്ങുന്നതിന് മുമ്പ് ഒരു യാചകന്‍ ഭക്ഷണവും ചോദിച്ചെത്തി. ഉടന്‍ അവരിരുവരും ഭക്ഷണം മുഴുവനായി അദ്ദേഹത്തിന് നല്‍കി വിശപ്പു സഹിച്ചു. അവരുടെ ഉദാത്തമായ സമീപനത്തെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വാഴ്ത്തുകയുണ്ടായി. ‘തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു ‘(അല്‍ ഹശര്‍:9). ഒരിക്കല്‍ ആഇശ(റ) നോമ്പുകാരിയായിരിക്കെ നൂറ് ദിര്‍ഹം ദാനം ചെയ്യുകയുണ്ടായി. അതില്‍ നിന്ന് കുറച്ച് വല്ലതും ബാക്കിയാക്കിയിരുന്നുവെങ്കില്‍ നമുക്ക് നോമ്പ് തുറക്കാന്‍ വല്ലതും വാങ്ങാമായിരുന്നു എന്ന് ഭൃത്യ ആഇശയോട് പറഞ്ഞു. നീ എന്നോട് നേരത്തെ അത് ഓര്‍മിപ്പിച്ചിരുന്നുവെങ്കില്‍ ഞാന്‍ അപ്രകാരം ചെയ്യുമായിരുന്നു. ഞാന്‍ സമുദായത്തെ ഓര്‍ത്തപ്പോള്‍ സ്വന്തത്തെ വിസ്മരിക്കുകയാണുണ്ടായതെന്ന് ആഇശ(റ) പ്രതികരിച്ചു. ഇതായിരുന്നു സഹാബി വനിതകളുടെ ഉന്നതമായ സമീപനം.

ഈ സാമൂഹിക ബോധവും ഉദാരസമീപനവുമാണ് ഇസ്‌ലാമിന്റെ ആദ്യകാലത്ത് പള്ളികളും പള്ളിക്കൂടങ്ങളും വഖഫ് സംരംഭങ്ങളും ധാരാളമായി ഉണ്ടാക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് പ്രചോദകമായത്. ദരിദ്രരായ അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും അഭയകേന്ദ്രമായിത്തീരുന്ന സത്രങ്ങളും പൊതുഭോജന ശാലകളും നിര്‍മിക്കപ്പെടുകയുണ്ടായി. വഖഫുകളെ അടിസ്ഥാനമാക്കി അനേകം സാമൂഹ്യക്ഷേമ സംരംഭങ്ങളും ധര്‍മസ്ഥാപനങ്ങളും രൂപംകൊണ്ടു. അവ എത്രയാണെന്ന് കണക്കാക്കുക പോലും സാധ്യമല്ല. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്ഷേമ സംരംഭങ്ങളാണ് ഇസ്‌ലാമിക നാഗരികതയുടെ പ്രശോഭിത കാലത്ത് ലോകം സാക്ഷ്യം വഹിച്ചത്. യാത്രചെയ്ത് ക്ഷീണിച്ച ജീവജാലങ്ങളെ ഭക്ഷിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ വരെ ഉണ്ടായിരുന്നു.     ഇന്ന് ഡമസ്‌കസിലെ മുന്‍സിപ്പല്‍ കളിസ്ഥലം സ്ഥിതിചെയ്യുന്ന ‘അല്‍ മറജുല്‍ അഹ്ദര്‍’ അവശമായ ഒട്ടകങ്ങളെയും ജീവജാലങ്ങളെയും അവയുടെ അന്ത്യം വരെ സംരക്ഷിക്കാനായി വഖഫ് ചെയ്യപ്പെട്ട ഭൂമിയാണ്. രോഗിയായ പൂച്ച, പട്ടി, മറ്റു ജീവികള്‍ എന്നിവയെ ശ്രൂഷ്രൂഷിക്കാനുള്ള വഖഫ് കേന്ദ്രങ്ങളുണ്ടായിരുന്നു. വിവാഹമൂല്യം നല്‍കാനും മറ്റുവിവാഹ ചിലവുകളും നിര്‍വഹിക്കാനും മാര്‍ഗമില്ലാത്തവരെ സഹായിക്കുന്ന കേന്ദ്രങ്ങളുമുണ്ടായിരുന്നു. അന്ധന്മാര്‍, വികലാംഗര്‍, അവശര്‍ എന്നിവര്‍ക്കുവേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍. ഓരോ അന്ധനും ഒരു സഹായിയെ നിശ്ചയിച്ചിരുന്നു. ട്രിപ്പോളിയില്‍ രണ്ടുപേരെ വഖഫ് പ്രൊജക്ട് പ്രകാരം കൂലികൊടുത്ത് നിര്‍ത്തിയിരുന്നു. ആശുപത്രിയില്‍ ജീവിതം തള്ളിനീക്കുന്ന രോഗികളെ സന്ദര്‍ശിച്ചു ആശ്വസിപ്പിക്കുകയായിരുന്നു അവരുടെ ജോലി എന്ന് ഇബ്‌നുബത്തൂത്ത തന്റെ യാത്ര വിവരണത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ രോഗിയുടെ ഇന്നത്തെ അവസ്ഥ എങ്ങനെ ഉണ്ട് എന്ന് ഒന്നാമന്‍ രണ്ടാമനോട് ചോദിക്കുമ്പോള്‍ ഇന്നലത്തേക്കാള്‍ മെച്ചമുണ്ട് എന്ന് രണ്ടാമന്‍ പറയും. രോഗിക്ക് മാനസികമായ സന്തോഷവും ആശ്വാസവും നല്‍കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അന്നത്തെ സമ്പന്നര്‍ വഖഫ് പ്രൊജക്ടുകള്‍ ഉപയോഗിച്ച് ഇതുപോലെയുള്ള ഉന്നതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ എത്രപേരാണ് ഇതുപോലെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. വലിയ കൊട്ടാരങ്ങളുണ്ടാക്കുകയും സുഖാഢംബരങ്ങളില്‍ മുഴുകുകയുമാണല്ലോ ഇതുപോലെ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പകരം ഇന്നത്തെ ധനികര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സന്താനങ്ങള്‍ പോലുമില്ലാത്ത എത്ര ധനികരാണ് മരണപ്പെട്ടുപോകുന്നത്. അവരുടെ മരണശേഷം നന്മയുടെ മാര്‍ഗത്തില്‍ വ്യയം ചെയ്യണമെന്ന് വസിയ്യത്ത് ചെയ്യാത്തതിന്റെ പേരില്‍ മറ്റുപല വഴികളിലൂടെയുമാണല്ലോ അവ നഷ്ടപ്പെടുന്നത്. യഥാര്‍ഥത്തില്‍ അവര്‍ക്ക നിന്ദ്യമായ ഐഹികജീവിതത്തോടൊപ്പം കഠിന ശിക്ഷയുള്ള പരലോകവുമാണല്ലോ അവരെ കാത്തിരിക്കുന്നത്.

പ്രവാചകന്‍(സ) വിവരിക്കുന്നു. എന്റെ ധനം എന്റെ ധനം എന്ന് മനുഷ്യര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. നീ ഭുജിക്കുന്നതും ധരിക്കുന്നതും ദാനധര്‍മങ്ങള്‍ ചെയ്യുന്നതെല്ലാം നിന്റെ ധനം തന്നെയാണ്. അതില്‍ നിന്ന് വല്ലതും നീ വിട്ടേച്ചു പോകുന്നുവെങ്കില്‍ അത് നിന്റെ അനന്തരാവകാശികള്‍ക്കുള്ളതുമാണ്(മുസ്‌ലിം).
പ്രവാചകന് ഒരു ആടിനെ സമ്മാനമായി ലഭിച്ചു. പ്രവാചകന്‍ അതിന്റെ ചുമല്‍ ഒഴിച്ച് ഭാക്കിയുള്ളതെല്ലാം കുടുംബക്കാര്‍ക്ക് ദാനം ചെയ്തു. അവര്‍ വന്നപ്പോള്‍ ഇതിന്റെ ചുമല്‍ ഭാഗം മാത്രമാണല്ലോ ബാക്കിയുള്ളത് എന്നു ആരാഞ്ഞപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പ്രതികരിച്ചു.’ചുമലിന്റെ ഭാഗമൊഴിച്ച് ബാക്കിയുള്ളതെല്ലാം ഞാന്‍ അവശേഷിപ്പിച്ചിട്ടുണ്ട്. അതായത് നന്മയുടെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നത് മാത്രമാണ് അതിന്റെ ഉടമക്ക് ഒരു മുതല്‍ക്കൂട്ടായി പ്രയോജനപ്പെടുക എന്നതായിരുന്നു പ്രവാചക പ്രതികരണത്തിന്റെ സാരാംശം. സമ്പത്ത് നശിച്ചുപോകുന്നതും ജീവിതം തീര്‍ന്നുപോകുന്നതുമാണ്. അതിനാല്‍ ശിഷ്ടജീവിതം സന്തോഷപ്രദമാകാന്‍ നന്മയുടെ മാര്‍ഗത്തില്‍ ചിലവഴിക്കുക. നിന്റെ ധനം നന്മയുടെ മാര്‍ഗത്തില്‍ ചിലവഴിച്ചില്ലെങ്കില്‍ അത് തിന്മയുടെ മാര്‍ഗത്തില്‍ വ്യയം ചെയ്യപ്പെടും. ഉപകാരപ്പെടുന്ന മാര്‍ഗത്തില്‍ ചിലവഴിച്ചാല്‍ നിനക്ക് പ്രതിഫലം ലഭിക്കും. അല്ലെങ്കില്‍ അത് കുറ്റകരമായി ഭവിക്കുകയും ചെയ്യും.

അല്ലയോ ഉമ്മമാരേ, നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും പൊതുനന്മക്കായി ചിലവഴിക്കുന്നതിന് പ്രോല്‍സാഹിപ്പിക്കുക. നിങ്ങള്‍ക്ക് ഞെരുക്കം വന്നാലും സമുദായത്തിന് നല്‍കുന്നതിനെ പ്രോല്‍സാഹിപ്പിക്കപ്പെടുക. നിങ്ങളുടെ മക്കള്‍ക്കും കുടുംബത്തിനും അല്‍പം ഞെരുക്കം അനുഭവിക്കേണ്ടി വന്നാലും അല്ലാഹുവിന്റെ അടിയാറുകള്‍ക്കായി അവ നല്‍കുന്നതിനായും അവരുടെ സന്തോഷത്തിനായും മുന്‍ഗണന നല്‍കുക. ആഇശയെ പോലെ സമുദായത്തെ ഓര്‍ത്തപ്പോള്‍ സ്വന്തത്തെ വിസ്മരിച്ച അനുഭവം നമുക്കുണ്ടാകേണം. നമ്മുടെ മക്കളെയും കുടുംബങ്ങളെയും നന്മയുടെ ഉറവ വറ്റാത്ത വിശാലഹൃദയരും ഉദാരമതികളുമാക്കി വളര്‍ത്തുക. നമമുടെ പൂര്‍വീകര്‍ ജീവിച്ചതുപോലെ തലയുയര്‍ത്തി മനുഷ്യസമൂഹത്തിന് മുഴുവന്‍ അനുഗ്രഹമായി നിലകൊള്ളുകയും ചെയ്യുക.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles