Current Date

Search
Close this search box.
Search
Close this search box.

ശ്ലീലാശ്ലീല ബോധമാണ് ഇസ്‌ലാമിന്റെ സാരാംശം

drops.jpg

ജീവിതത്തില്‍ വിശുദ്ധി നഷ്ടപ്പെട്ട ഒരു കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. അശ്ലീലതയുടെയും നിര്‍ലജ്ജതയുടെയും ലൈംഗിക അരാജകത്വത്തിന്റെയും അഴിഞ്ഞാട്ടമാണ് നമ്മുടെ കണ്‍മുന്നില്‍ അനുനിമിഷം നടന്നു കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റും ആധുനിക വാര്‍ത്താമാധ്യമ സംവിധാനങ്ങളെയും അശ്ലീലതയും നിര്‍ലജ്ജയും അടക്കിവാഴുന്ന ഈ ഘട്ടത്തില്‍ ഇത്തരം അഴുക്കുകളും മാലിന്യങ്ങളും പുരളാതെ ശുദ്ധനായി എങ്ങനെ അല്ലാഹുവിന്റെ സന്നിദ്ധിയില്‍ ചെല്ലാം എന്ന് ചിന്തിക്കാന്‍ ബാധ്യസ്ഥനാണ് ഓരോ സത്യവിശ്വാസിയും.

അല്ലാഹുവും അവന്റെ ദൂതനും വ്യക്തമായ നിര്‍ദേശങ്ങളും അധ്യാപനങ്ങളും നല്‍കി ഇക്കാര്യത്തിലും നമ്മെ ബോധവല്‍കരിച്ചിട്ടുണ്ട്. കാലഘട്ടത്തോടൊപ്പം സഞ്ചരിക്കുന്ന ഇസ്‌ലാം ആ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളോട് ഒരിക്കലും സചേതനമായി പ്രതികരിക്കാതിരിക്കുന്നില്ല. ഇന്ന് നാം അഭിമുഖീകരിക്കുന്നതിന് സമാനമായ പ്രശ്‌നങ്ങള്‍ 14 നൂറ്റാണ്ട് മുമ്പ് നബി(സ) അഭിമുഖീകരിച്ചപ്പോള്‍, അല്ലാഹു നല്‍കിയ പരിഹാരം തന്നെയാണ് ഇസ്‌ലാം ഇന്നും മുന്നോട്ടു വെക്കുന്നത്. എന്തായിരുന്നു നബി(സ)യുടെ ജീവിത ദൗത്യം?

إنما بعثت لأتمم مكارم الأخلاق

സംസ്‌കാരത്തിന്റെയും സല്‍സ്വഭാവത്തിന്റെയും അത്യുല്‍കൃഷ്ട മാതൃക ജനങ്ങള്‍ക്ക് മുമ്പില്‍ പ്രബോധനം ചെയ്യാനാണ് ഞാന്‍ നിയോഗിക്കപ്പെട്ടതെന്ന് തന്റെ നിയോഗ ലക്ഷ്യം വ്യക്തമാക്കി കൊണ്ട് നബി(സ) പറഞ്ഞു.

നബി(സ)യുടെ സഹാബികളുടെയും താബിഇഉകളുടെയും കാലഘട്ടം കഴിഞ്ഞു. നമ്മുടെ പൂര്‍വികര്‍ക്കും മുന്‍ സമൂഹങ്ങളിലെ സദ്‌വൃത്തര്‍ക്കും ഉണ്ടായിരുന്ന ജീവിത മൂല്യങ്ങളോ കാഴ്ച്ചപ്പാടുകളോ ഇന്ന് നാം ജീവിക്കുന്ന കാലത്ത് ഉണ്ടാകുന്നില്ലെന്നത് സത്യമാണ്. കാലക്രമത്തില്‍ മൂല്യങ്ങള്‍ക്കും ഇസ്‌ലാമി ജീവിതക്രമത്തിനും ഉണ്ടാകുന്ന ക്ഷയത്തെ കുറിച്ചും നബി(സ) സൂചന നല്‍കിയിട്ടുണ്ട്.

يَدْرُسُ الإسْلامُ كَمَا يَدْرُسُ وَشْيُ الثَّوْبِ، حَتَّى لا يُدْرَى مَا صِيَامٌ وَلا صَلاةٌ وَلا نُسُكٌ وَلا صَدَقَةٌ، وَلَيُسْرَى عَلَى كِتَابِ اللَّهِ عَزَّ وَجَلَّ فِي لَيْلَةٍ فَلا يَبْقَى فِي الْأَرْضِ مِنْهُ آيَةٌ، وَتَبْقَى طَوَائِفُ مِنْ النَّاسِ الشَّيْخُ الْكَبِيرُ وَالْعَجُوزُ يَقُولُونَ أَدْرَكْنَا آبَاءَنَا عَلَى هَذِهِ الْكَلِمَةِ لا إِلَهَ إِلا اللَّهُ فَنَحْنُ نَقُولُهَا

‘പുതുവസ്ത്രത്തിന്റെ നിറം മങ്ങുന്നത് പോലെ ഇസ്‌ലാമിന്റെ നിറവും മങ്ങും. എന്താണ് നമസ്‌കാരം, നോമ്പ്, ആരാധനാ കര്‍മങ്ങള്‍, ദാനധര്‍മം എന്ന് അവര്‍ക്കറിയുകയില്ല. ഒരു രാത്രിയില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂക്തം പോലും അവശേഷിക്കാതെ മാഞ്ഞുപോകും. വാര്‍ധക്യത്തിന്റെ അവശത പേറുന്ന വൃദ്ധന്‍മാരുടെ ഒരു വിഭാഗം അന്ന് അവശേഷിക്കും. അവര്‍ പറയും : ഞങ്ങളുടെ പൂര്‍വികര്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്, ഞങ്ങളും അത് പറയുന്നു.’ അക്കൂട്ടത്തിലെ പ്രായം ചെന്നവര്‍ക്ക് പോലും പറയുന്നത് തങ്ങള്‍ക്ക് ദീനിനെ കുറിച്ച് ആകെ അറിയുന്നത് പൂര്‍വികരില്‍ നിന്ന് കേട്ട ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മാത്രമാണ്. അതിനപ്പുറം ദീനിനെ കുറിച്ച് അവര്‍ക്കൊന്നും അറിയില്ല. ഇസ്‌ലാമിന്റെ മൂല്യങ്ങളെല്ലാം നശിക്കുകയും മനുഷ്യരില്‍ സ്വഭാവത്തിന്റെ മുഴുവന്‍ ക്രമങ്ങളും അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന, പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.

എന്താണ് ശ്ലീലം എന്താണ് അശ്ലീലം എന്നതിനെ കുറിച്ച ബോധമാണ് ഇസ്‌ലാമിന്റെ സാരാംശം. ലജ്ജാശീലം എന്ന് മലയാളത്തില്‍ അതിനെ വിളിക്കുന്നു. ലജ്ജ അതായത് ശ്ലീലാശ്ലീല ബോധം എന്നത് ഈമാനിന്റെ ഒരു ശാഖയാണെന്ന് നബി(സ) വിശദീകരിച്ചിരിക്കുന്നു. ഈ കാലത്ത് ലോകത്തിന് ഏറ്റവും ആവശ്യമായ ഒരു മൂല്യത്തെ കുറിച്ചാണ് നബി(സ) നമ്മെ ഉണര്‍ത്തുന്നത്. ഒരു മനുഷ്യനും സമൂഹവും അധപതിക്കുകയും ഇസ്‌ലാമിന്റെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ഉദയം സംഭവിക്കുന്നത് നിര്‍ലജ്ജമായ അവസ്ഥയിലാണെന്ന് നബി(സ) പഠിപ്പിക്കുന്നുണ്ട്. ഒരു സമൂഹം ക്രമപ്രവൃദ്ധമായി എങ്ങനെ നാശത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുന്നു. നബി(സ) പറഞ്ഞതായി ഇബ്‌നു ഉമര്‍(റ) പറയുന്നു : ‘അല്ലാഹു ഒരു അടിമയെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവനില്‍ നിന്നും ലജ്ജയെ ഊരിയെടുക്കും. ലജ്ജ അവനില്‍ നിന്നും എടുത്തുമാറ്റപ്പെട്ടാല്‍ പിന്നെ അങ്ങേയറ്റം വെറുക്കപ്പെട്ടവനായിട്ടല്ലാതെ അവനെ നീ കാണുകയില്ല. അങ്ങേയറ്റം വെറുക്കപ്പെട്ടവനായി അവന്‍ കാണപ്പെടുമ്പോള്‍ വിശ്വസ്ഥത അവനില്‍ നിന്നും എടുത്തുമാറ്റപ്പെടും. വിശ്വസ്ഥത എടുത്തു മാറ്റപ്പെട്ടാല്‍ പിന്നെ അവനെ കടുത്ത വഞ്ചകനായിട്ടല്ലാതെ നീ കാണുകയില്ല. കടുത്ത വഞ്ചകനായി അവന്‍ കാണപ്പെടുമ്പോള്‍ കാരുണ്യം അവനില്‍ നിന്നും എടുത്തുമാറ്റപ്പെടുന്നു. കാരുണ്യം എടുത്തുമാറ്റപ്പെട്ടാല്‍ എല്ലാത്തരത്തിലും ശപിക്കപ്പെട്ടവനായിട്ടലാതെ പിന്നെ അവനെ കാണുകയില്ല. ശപിക്കപ്പെട്ടവനായി മാറിക്കഴിഞ്ഞാല്‍ ഇസ്‌ലാമുമായുള്ള ബന്ധം അവനില്‍ നിന്ന് എടുത്തുമാറ്റപ്പെടും.’ (ഇബ്‌നുമാജ) ലജ്ജ നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ അവന് തോന്നിയതൊക്കെ പ്രവര്‍ത്തിക്കുന്നവനായി മാറുകയാണ് ചെയ്യുന്നത്. സമൂഹത്തിലും കുടുംബത്തിലും വെറുക്കപ്പെട്ടവനായി അവന്‍ മാറുന്നു. വെറുക്കപ്പെട്ട അവനില്‍ നിന്നും വിശ്വസ്ഥത എടുത്തു കളയുന്നതാണ് അടുത്ത ഘട്ടം. അങ്ങനെ അവസാനഘട്ടത്തില്‍ ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങളും എടുത്തുമാറ്റപ്പെടുന്ന അവസ്ഥയിലേക്കവന്‍ ചവിട്ടി മാറ്റപ്പെടും. എവിടെയാണ് പ്രശ്‌നം ആരംഭിക്കുന്നതെന്ന് നാം മനസ്സിലാക്കണം. ലജ്ജ നഷ്ടപ്പെടുന്നതിലൂടെ സംഭവിക്കുന്ന ഗുരതരമായ വീഴ്ച്ചയാണ് നബി(സ) ഇതിലൂടെ നമുക്ക് കാണിച്ചു തരുന്നത്.

നാല് കാര്യങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഐഹികമായ എന്ത് നഷ്ടപ്പെട്ടാലും നീ ഭയപ്പെടേണ്ടതില്ല എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. വര്‍ത്തമാനത്തിലെ സത്യസന്ധത, വിശ്വസ്ഥത, സല്‍പെരുമാറ്റം, ജീവിത വിശുദ്ധി എന്നിവയാണ് ആ നാല് കാര്യങ്ങള്‍. ‘അല്ലാഹുവേ ഞാന്‍ നിന്നോട് ജീവിത വിശുദ്ധിയും സംതൃപ്തമായ ജീവിതവും ആവശ്യപ്പെടുകയാണ്’ എന്നത് നബിതിരുമേനിയുടെ പ്രാര്‍ഥനയില്‍ എപ്പോഴും ആവര്‍ത്തിച്ചിരുന്ന ഒന്നായി മാറിയതിന് പിന്നിലെ കാരണവും അതിന്റെ പ്രാധാന്യമാണ് കുറിക്കുന്നത്.

ദൂഷ്യത്തെ കുറിച്ച് പറയുമ്പോള്‍ അതിനോട് സമീപിക്കുക പോലും അരുതെന്ന രീതിയാണ് വിശുദ്ധ ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. ആദം(അ)യെ സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു : ‘അല്ലയോ ആദമേ, നീയും നിന്റെ ഭാര്യയും ഈ സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. ഇരുവരും ഇഷ്ടമുള്ളതൊക്കെയും ഭുജിച്ചുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോട് അടുക്കരുത്. അടുത്താല്‍ നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.’ (അല്‍-അഅ്‌റാഫ് : 19) വിലക്കപ്പെട്ട കനി ഭക്ഷിക്കരുത് എന്ന് മാത്രമല്ല, ആ മരത്തോട് അടുക്കാന്‍ പോലും പാടില്ലെന്ന് അല്ലാഹു പറഞ്ഞതിന്റെ പൊരുള്‍ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റ് ചെയ്യരുത് എന്നല്ല, തെറ്റിന് പ്രേരിപ്പിക്കുന്ന വഴികളില്‍ പോലും നിങ്ങള്‍ ചെല്ലരുത്. ആ മരത്തിന്റെ ചുവട്ടില്‍ നിങ്ങള്‍ ഇരുന്നാല്‍ ഒരുപക്ഷെ വിലക്കപ്പെട്ട കനി തിന്നാന്‍ നിങ്ങള്‍ പ്രേരിതരായേക്കാം. പിശാചിന്റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ പെട്ടുപോയേക്കാം എന്ന മുന്നറിയിപ്പാണത്. എങ്ങനെയാണ് പിശാച് അവരെ പ്രലോഭിപ്പിച്ച് അത് ഭക്ഷിപ്പിച്ചതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. വ്യഭിചാരത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോഴും വിശുദ്ധ ഖുര്‍ആന്‍ ഇതേ പദപ്രയോഗം തന്നെയാണ് നടത്തിയിരിക്കുന്നത്. ‘വ്യഭിചാരത്തിനോടടുക്കുകയേ അരുത്. അതു വളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു.’ (അല്‍-ഇസ്‌റാഅ് : 32) വ്യഭിചാരത്തിലേക്ക് നയിക്കുന്ന നോട്ടവും സംസാരവും വായനയും സമീപനവും എല്ലാം നിഷിദ്ധമാക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു : ‘നീചവൃത്തികളോട് അടുക്കാതിരിക്കുക അതു പ്രത്യക്ഷമാകട്ടെ, പരോക്ഷമാകട്ടെ.’ (അല്‍-അന്‍ആം : 151)

ഇത്തരത്തിലുള്ള വിരോധങ്ങളെ വളരെയധികം സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്കാണ് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നത്. പരലോകത്ത് ഒരു തണലും ഇല്ലാത്ത അവസ്ഥയില്‍ ഏഴ് വിഭാഗത്തിന് അല്ലാഹു തണല്‍ നല്‍കുമെന്ന് പറയുന്നു. സൗന്ദര്യവും ആഭിജ്യാത്യവും ഉള്ള ഒരു സ്ത്രീ തന്റെ ലൈംഗിക ആവശ്യത്തിന് ഒരു യുവാവിനെ ക്ഷണിച്ചപ്പോള്‍, ‘ഞാന്‍ അല്ലാഹുവെ ഭയക്കുന്നു’ എന്ന് പറഞ്ഞ് ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ച യുവാക്കളാണ് അതിലൊരു വിഭാഗം. സ്വര്‍ഗം പ്രയാസകരമായ കാര്യങ്ങള്‍ കൊണ്ടാണ് ആവരണം ചെയ്തിരിക്കുന്നത്, നരകം വികാരങ്ങള്‍ കൊണ്ടും എന്ന പ്രവാചക വചനത്തിന് നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്. വികാരങ്ങളുടെ പുറകെ പോകുന്നയാള്‍ക്ക് നരകത്തിലെത്താം. എന്നാല്‍ പ്രതികൂലമായ സാഹചര്യങ്ങളില്‍ അല്ലാഹുവിന്റെ ആജ്ഞ പാലിക്കുന്നവര്‍ക്കുള്ളതാണ് സ്വര്‍ഗം.
 

(2014 ഒക്ടോബര്‍ 17-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം.)

Related Articles