Current Date

Search
Close this search box.
Search
Close this search box.

പാപമോചനത്തിന്റെ ഫലം

prayer.jpg

ഹമ്പലി മദ്ഹബിന്റെ ആചാര്യനും പണ്ഡിതവര്യനുമായ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ തന്റെ വാര്‍ദ്ധക്യകാലത്ത് ഒരു യാത്ര പുറപ്പെട്ടു. രാത്രിയായപ്പോള്‍ താന്‍ എത്തിപ്പെട്ട പട്ടണത്തില്‍ തങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ആ പട്ടണം അദ്ദേഹത്തിന് അപരിചിതമായിരുന്നു. തന്റെ പേരുപറഞ്ഞു പരിചയപ്പെടുത്തിയാല്‍ സ്വീകരിക്കാന്‍ ധാരാളം പേര്‍ മുന്നോട്ട് വരും എന്ന് മനസ്സിലാക്കിയ ഇമാം അതിന് തയ്യാറായില്ല. അദ്ദേഹം അടുത്തുകണ്ട ഒരു പള്ളിയില്‍ തങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ഇമാം അഹ്മദിനെ മനസ്സിലാകാത്ത പള്ളി സൂക്ഷിപ്പുകാരന്‍ പള്ളിയില്‍ കിടക്കാനാവില്ലെന്ന് അദ്ദേഹത്തോട് അറിയിച്ചു. തന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ച ഇമാമിനോട് അയാള്‍ ദേഷ്യപ്പെടുകയും വലിച്ചിഴച്ച് പള്ളിക്ക് പുറത്താക്കുകയും ചെയ്തു.

എന്നാല്‍ ഇതു കണ്ടുകൊണ്ട് വന്ന ഒരു റൊട്ടി വില്‍പനക്കാരന് വൃദ്ധനായ ഇമാം ഹമ്പലിനോട് സഹതാപം തോന്നി. ഇന്ന് രാത്രി താങ്കള്‍ക്ക് എന്റെ വീട്ടില്‍ തങ്ങാമെന്ന് ആ മനുഷ്യന്‍ ഇമാമിനോട് ഭവ്യതയോടെ പറഞ്ഞു. എന്നാല്‍ താന്‍ ആതിഥ്യമരുളുന്ന വ്യക്തി ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ആണെന്ന് ആ മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ മനുഷ്യന്‍ ഇടക്കിടക്കെ പാപമോചന പ്രാര്‍ത്ഥനകള്‍ നടത്തുന്നതായി ഇമാം ഹമ്പല്‍ കണ്ടു. രാത്രിയേറെ വൈകിയിട്ടും അദ്ദേഹം ഇത് തുടരുന്നതും ഇമാം ശ്രദ്ധിച്ചു. പിറ്റേന്ന് രാവിലെ ഇമാം തന്റെ അത്ഭുതം മറച്ചുവെച്ചില്ല. അദ്ദേഹം തന്റെ ആതിഥേയനോട് ചോദിച്ചു: ”നിരന്തരമായി പാപമോചന പ്രാര്‍ത്ഥനകള്‍ നടത്തിയത് കൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ?”. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: ”അല്ലാഹു എന്റെ എല്ലാ പ്രാര്‍ത്ഥനകളും സ്വീകരിച്ചു. പക്ഷേ ഒരു പ്രാര്‍ത്ഥന ഒഴികെ.” അത് ഏത് പ്രാര്‍ത്ഥനയാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”മഹാനായ പണ്ഡിതന്‍ ഇമാം അഹ്മദുബ്‌നു ഹമ്പലിനെ കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യം തരേണമേ എന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ട്. അത് മാത്രം പൂര്‍ണമായില്ല.”

ഇതുകേട്ടപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പറഞ്ഞു: ”അല്ലാഹു താങ്കളുടെ പ്രാര്‍ത്ഥന സ്വീകരിച്ചുവെന്ന് മാത്രമല്ല ആ പണ്ഡിതനെ വലിച്ചിഴച്ച് നിങ്ങളുടെ വാതില്‍ക്കല്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.” (അല്‍-ജുമുഅ മാഗസിന്‍)

പാപമോചനം തേടുന്നതിന്റെ ഫലങ്ങള്‍ എത്ര വിശാലവും കരുത്തുറ്റതുമാണെന്ന് ഈ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.  

വിവ: അനസ് പടന്ന

Related Articles