Current Date

Search
Close this search box.
Search
Close this search box.

മനുഷ്യരുടെ സ്വഭാവചര്യയെ മാറ്റാനാവുമോ?

സാമൂഹ്യ ഘടനയും ജനങ്ങള്‍ക്കിടയിലെ ബന്ധങ്ങളും വ്യവസ്ഥപ്പെടുത്തുന്നതിന് നിയമങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അതുകൊണ്ടു മാത്രം ആളുകളുടെ സ്വഭാവസംസ്‌കരണം സാധ്യമാവുകയില്ല. കാരണം നിയമത്തിന്റ സ്വാധീനം ബാഹ്യമാത്രമാണ്. ഒരു വ്യക്തിയുടെ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ അതിനാവില്ല. അതിന്റെ വൃത്തം പൊതുഇടങ്ങള്‍ മാത്രമാണ്. സ്വകാര്യതകളില്‍ അതിന് പങ്കില്ല. കുറ്റവാളിയെ ശിക്ഷിക്കുമ്പോള്‍ നല്ലകാര്യങ്ങള്‍ ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കുന്നില്ല. നിയമത്തിലെ പഴുതുകള്‍ കണ്ടെത്തുക എളുപ്പമാണ്. അതിന്റെ വരികളെ ഇച്ഛക്കനുസരിച്ച് വ്യാഖ്യാനിക്കല്‍ സാധ്യവുമാണ്. അത് വിധിക്കുന്ന ശിക്ഷയില്‍ നിന്നുള്ള ഒളിച്ചോട്ടം പ്രയാസകരമല്ല. കുറ്റകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമം താക്കീതോ മുന്നറിയിപ്പോ ആകാത്തതുപോലെ സത്യത്തിനും സല്‍ക്കര്‍മത്തിനും പ്രേരിപ്പിക്കുന്നുമില്ല.

സത്യവും നീതിയും നടപ്പാക്കേണ്ടത് നിയമത്തിലൂടെയാണെന്ന് നാം സങ്കല്‍പ്പിച്ചാല്‍ തന്നെ അതിന് സ്വന്തം നിലക്ക് ഒരു ശക്തിയുമില്ല. അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെ ശക്തിയെ ആശ്രയിച്ചാണത് നിലകൊള്ളുന്നത്. മനസ്സുകളെ നീതിയുടെ വൃത്തത്തില്‍ നിര്‍ത്തുന്നതിന് അത് മതിയാവുകയില്ലെന്ന് ജമാലുദ്ദീന്‍ അഫ്ഗാനി പറഞ്ഞിട്ടുണ്ട്. ഭരണകൂടങ്ങളുടെ ശക്തി പ്രകടമായ അക്രമത്തെയും അനീതിയെയും തടയാന്‍ മാത്രമാണ് ഉപകരിക്കുക. എന്നാല്‍ കവര്‍ച്ച, രഹസ്യമായി ചെയ്യുന്ന തിന്മകള്‍, നന്മയുടെ മുഖംമൂടിയണിഞ്ഞ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയൊക്കെ ഇച്ഛകള്‍ക്ക് വിധേയമായി ചെയ്യുന്നവരുണ്ട്. ഭരണകൂടത്തിന് എവിടെ വെച്ചാണ് അതിനെ തടയിടാനാവുക. മറഞ്ഞുകിടക്കുന്ന കുതന്ത്രങ്ങളെയും വഞ്ചനയെയും അതിന്റെ ഉപദ്രവത്തെയും നേരിടുന്നതിന് എന്താണതിന് ചെയ്യാനാവുക?

ഭരണാധികാരികളും അവരുടെ കൂട്ടാളികളും മിക്കപ്പോഴും വ്യക്തി താല്‍പര്യങ്ങളുള്ളവരായിരിക്കും. ഏത് ശക്തിയാണ് അവരുടെ കൈക്ക് പിടിക്കുക? ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ആരാണ് അവരെ തടയുക? ദുര്‍ബലരായ പ്രജകളെയും അശരണരെയും അവരുടെ ഉപദ്രവത്തില്‍ നിന്ന് ആരാണ് സംരക്ഷിക്കുക? മുഹമ്മദ് അബ്ദുല്ലാ ദര്‍റാസ് അദ്ദേഹത്തിന്റെ ‘അദ്ദീന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. “സമൂഹത്തില്‍ അംഗങ്ങളുടെ പരസ്പര സഹകരണമില്ലാതെ ജീവിതം സാധ്യമല്ല. വ്യക്തി ബന്ധങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന നിയമങ്ങളിലൂടെ മാത്രമാണ് പരസ്പര സഹകരണം പൂര്‍ത്തിയാവുക. അവകാശങ്ങളും ബാധ്യതകളുമത് നിര്‍ണ്ണയിക്കുന്നു. അതിനെ നിയന്ത്രിക്കുന്ന ഒരു അധികാര ശക്തിയില്ലാതെ അതിന് യാതൊരുവിധ പ്രസക്തിയുമില്ല. മനസ്സുകളില്‍ ഭയവും അതുമൂലം കുറ്റകൃത്യങ്ങളില്‍ നിന്നവനെ തടയുകയും ചെയ്യുന്നതാണത്”.

മനുഷ്യനെ അവന്റെ ഉള്‍പ്രേരണയാണ് നയിക്കേണ്ടത്
മതവിശ്വാസത്തിന് തുല്യമായ ഒന്ന് ഭൂമുഖത്തില്ലെന്ന് വളരെ വ്യക്തമാണ്. നിയമത്തെ അനുസരിക്കലും സാമൂഹ്യബന്ധങ്ങള്‍ ഉറപ്പിക്കലും വ്യവസ്ഥപ്പെടുത്തലും ജനങ്ങങ്ങള്‍ക്ക് ശാന്തിയും സമാധാനവും വരുത്തേണ്ടതും അതിലൂടെയാണ്. മനുഷ്യന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യ പൂര്‍വ്വമാണെന്നതാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്ന രഹസ്യം. അവന്റെ എല്ലാ അവയവങ്ങളും അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത് അവന്റെ രക്തത്തിലോ പേശികളിലോ അല്ല, ആദര്‍ശമെന്നും ചിന്തയെന്നും വിളിക്കുന്ന ആത്മീയ വശത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മനുഷ്യനെ നയിക്കേണ്ടത് ബാഹ്യഘടകങ്ങളല്ല, ആന്തരിക ചോദനയാണ്. അവകാശങ്ങളും ബാധ്യതകളും പൂര്‍ണ്ണാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്ന ഒരു രാഷ്ട്രം നിയമവും അധികാരവും കൊണ്ട് മാത്രം സാധ്യമാവുന്നതല്ല. തടവ് ശിക്ഷയെയോ ചാട്ടവാറിനെയോ പിഴയെയോ ഭയന്ന് തെറ്റു ചെയ്യുന്നവന്‍ നിയമത്തിന്റെ കണ്ണ് വെട്ടിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കുകയില്ല.

ഡോ. അബ്ദുല്ലാ ദര്‍റാസ് പറയുന്നു: ‘ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യാപനം കൊണ്ട് മാത്രം സമാധാനവും ഐശ്വര്യവും ഉണ്ടാവുമെന്നുള്ളത് തെറ്റിദ്ധാരണയാണ്. ധാര്‍മികവും മതപരവുമായ സംസ്‌കരണവും പരിപാലനവും അതിന് ആവശ്യമാണ്. കാരണം ശാസ്ത്രം ഇരുതല മൂര്‍ച്ചയുള്ള കാര്യമാണ്. നിര്‍മ്മാണ കാര്യങ്ങള്‍ പോലെ തന്നെ സംഹാര പ്രവര്‍ത്തനങ്ങള്‍ക്കും അതുപയോഗിക്കാം. മനുഷ്യരുടെ നന്മക്കും ഭൂമിയുടെ പരിപാലനത്തിനും ഒരു ധാര്‍മ്മിക ശിക്ഷകന്‍ ആവശ്യമാണ്. പ്രസ്തുത നിരീക്ഷകനാണ് ആദര്‍ശവും വിശ്വാസവും.

( കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles