Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് : മാനവിക ഐക്യത്തിനൊരു ഉത്തമ മാതൃക

hajj7.jpg

വ്യത്യസ്ത വര്‍ണങ്ങളിലുള്ള വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള നിരവധി മനുഷ്യര്‍ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുന്ന രംഗം ഒന്ന് സങ്കല്‍പിച്ചു നോക്കൂ. അവിടെ എല്ലാവരും  നിഷ്‌കളങ്കമായ സ്‌നേഹം പരസ്പരം കൈമാറുന്നു. ആര്‍ക്കും ആരോടും ഒരു പകയോ വിദ്വേഷമോ വെറുപ്പോ ഒന്നുമില്ല. ഇങ്ങനെയൊരു സ്ഥലം ലോകത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ അത് മക്കയും മദീനയും ആയിരിക്കും. ഹിജ്‌റ കലണ്ടറില്‍ ഹജ്ജ് സീസണ്‍ ആയാല്‍ മില്യണ്‍ കണക്കിനു വിശ്വാസികള്‍ മക്കയിലേക്കുള്ള പാതയിലായിരിക്കും. എല്ലാവരുടെയും ലക്ഷ്യസ്ഥാനം ഒന്നായിരിക്കും. അവിടെ ചെന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടാനും പാപമോചനത്തിനു പ്രാര്‍ത്ഥിക്കാനും അത് വഴി ജനിച്ചു വീണ ഇളം പൈതലിന്റെ കളങ്ക രഹിതമായ മനസ്സ് സമ്പാദിക്കാനും ഓരോ വിശ്വാസിയും വെമ്പല്‍ കൊള്ളുന്നു. പ്രശസ്തനും പ്രശസ്തിയില്ലാത്തവനും, കറുത്തവനും വെളുത്തവനും, ധനികനും ദരിദ്രനും ഒരേ വസ്ത്രത്തില്‍, ഒരേ കര്‍മ്മങ്ങളില്‍ വ്യാപൃതരാവുന്ന ആ പ്രൗഢഗംഭീരമായ രംഗം. അവര്‍ ഹജ്ജിന്റെ തിരക്കിലാണ്; എല്ലാ മാനസികമായ രോഗങ്ങളില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ഗര്‍വില്‍ നിന്നും സ്വതന്ത്രരായിക്കൊണ്ട്. ഹജ്ജ് സമയത്ത് കഅ്ബയുടെ ആകാശക്കാഴ്ച നിരീക്ഷിച്ചാല്‍ വിശ്വാസികളെല്ലാം ഒരേ ദിക്കിലേക്ക് കറങ്ങുന്നത് കാണാം. ത്വവാഫു കൊണ്ട് ജനങ്ങളെ ഐക്യത്തിലേക്ക് എത്തിക്കുന്നതായി നമുക്ക് ബോധ്യപ്പെടുന്നതാണ്. അവരെല്ലാം അവരുടെ എല്ലാ വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും മറന്നു ഒരുമിച്ച് ലോക സമാധാനത്തിനായി ഐശ്വര്യത്തിനായി മുന്നോട്ട് നീങ്ങുകയാണ്. ഹജ്ജിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഫലങ്ങള്‍ നമുക്ക് കൊയ്‌തെടുക്കാനാകും. അതിലൊന്നാണ് ജനങ്ങള്‍ പരസ്പരം തങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പടുത്തുന്നത്. അതുമൂലം തങ്ങളുടെ സംസ്‌കാരത്തെയാണ് അവര്‍ കൈമാറുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ‘ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’ (അല്‍ ഹുജുറാത്ത്13). ഈ കല്‍പനക്കും വിഭാവനക്കും ജനങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങളെ നിഷ്പ്രയാസം മായ്ച്ചു കളയാന്‍ കഴിയും. 1964ല്‍ ഹജ്ജ് നിര്‍വഹിച്ച മനുഷ്യവകാശ പ്രവര്‍ത്തകനായ  മാല്‍ക്കം എക്‌സ് തന്റെ  അനുഭവങ്ങളെ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

‘ഇവിടെ ഈ പുരാതന മണ്ണില്‍, ഇബ്രാഹിം(അ), മുഹമ്മദ് (സ) തുടങ്ങി ഒട്ടനേകം പ്രവാചകന്‍മാരുടെ ദേശത്ത്  ഞാനിതുവരെ കാണാത്ത ഐക്യവും ആത്മാര്‍ഥമായ ആഥിത്യവും നിസ്തുലമായ സാഹോദര്യ ബോധവും എനിക്കനുഭവിക്കാന്‍ സാധിക്കുന്നു. എല്ലാ നിറത്തിലും വര്‍ഗത്തിലും പെട്ട മനുഷ്യരും ഒന്നാണെന്ന തിരിച്ചറിവ് നല്‍കിയ ഒരേയൊരു സന്ദര്‍ഭം. കഴിഞ്ഞ ഒരാഴ്ചയായിട്ട് എനിക്കു ചുറ്റും കാണുന്ന എല്ലാ നിറത്തിലും പെട്ട മനുഷ്യരുടെ നിഷ്‌കളങ്ക പെരുമാറ്റം എന്നെ നിശ്ശബ്ദനാക്കിക്കളഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആയിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ ഒത്തു ചേരുന്നു. നീലക്കണ്ണുകളുള്ള വെളുത്ത മനുഷ്യര്‍ മുതല്‍ കറുത്ത ചര്‍മ്മത്തോടു കൂടിയ ആഫ്രിക്കക്കാര്‍ വരെ എല്ലാ നിറത്തില്‍ പെട്ടവരും അവരിലുണ്ട്. അമേരിക്കയിലെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച വലിയ പാഠമായിരുന്നു വെളുത്തവനും കറുത്തവനും ഒന്നിച്ചു ജീവിക്കാന്‍ സാധ്യമല്ല എന്നത്. എന്നാല്‍ ഇവിടെ എനിക്കു കാണാന്‍ കഴിഞ്ഞത് നേരെ മറിച്ചാണ്. ഞങ്ങളെല്ലാം ഒരേ ആരാധനകള്‍ നടത്തുന്നു. ഒരേ വസ്ത്രം ധരിക്കുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയില്ലാത്ത പ്രദര്‍ശനമായിരുന്നു അത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്. കാരണം അവരുടെ സാമൂഹികാവസ്ഥയില്‍ നിന്നും വംശീയമായ വേര്‍തിരിവുകള്‍ പിഴുതെറിയാന്‍ സാധിക്കുന്ന ഒരു ദര്‍ശനമാണിത്’.

ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ ഇതിനു പിന്നിലുള്ള പ്രേരണ എന്താണെന്ന്?  പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനോടുള്ള പൂര്‍ണമായ സമര്‍പ്പണത്തിനാണ് ജനങ്ങള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതെന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഈ സ്വര്‍ഗീയമായ അന്തരീക്ഷം, എല്ലാ അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയതകളും മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ മനുഷ്യര്‍ക്ക് കഴിയും എന്നുള്ള ഒരു പ്രതീക്ഷ നമുക്ക് നല്‍കുന്നു. അവരുടെ സ്വാര്‍ഥ താല്‍പര്യത്തിനപ്പുറത്ത് അവര്‍ക്ക് സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാന്‍ ഹജ്ജിലൂടെ സാധിക്കുന്നു. വ്യത്യസ്ത ആവശ്യങ്ങള്‍ മാറ്റിവെച്ച് പരസ്പരം സ്‌നേഹത്തോടെ ജീവിക്കാന്‍ ഹജ്ജ് അവരെ പ്രാപ്തരാക്കുന്നു. ജനങ്ങളെ ഒന്നടങ്കം ഒരുമിപ്പിക്കാനുള്ള ഏക കര്‍മമായി ഹജ്ജിനെ പ്രഖ്യാപിക്കാന്‍ അല്ലാഹു നബി(സ) യോട് കല്‍പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു. ‘ അവരുടെ ( വിശ്വാസികളുടെ ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു’ (അന്‍ഫാല്‍63). അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

വിവ : ശഫീഅ് മുനീസ്.ടി

Related Articles