Current Date

Search
Close this search box.
Search
Close this search box.

സമയമില്ലാത്തതല്ല പ്രശ്‌നം

time.jpg

‘ഒഴിവുസമയം കിട്ടുമ്പോള്‍ ചെയ്യുന്നതിനായി നല്ല കാര്യങ്ങളെ മാറ്റിവെക്കുന്നത് അവിവേകത്തിന്റെ അടയാളമാണ്.’ എന്ന് ശൈഖ് അഹ്മദ് ബിന്‍ അതാഉല്ലാ ഇസ്‌കന്ദരി അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയായ ‘അല്‍ഹികമി’ല്‍ പറയുന്നു. ‘എനിക്ക് സമയമില്ല’ എന്നൊരു സംഗതിയേ ഇല്ല. നാം പറയുന്ന നമസ്‌കാരവും, ദിക്‌റുകളും, ദൈവസ്മരണയുമെല്ലാം സമയം ആവശ്യമുള്ള കാര്യങ്ങളാണ്. എന്തൊക്കെയായാലും ‘അവയെല്ലാം ഞാന്‍ നാളെ ചെയ്യാം, അല്ലെങ്കില്‍ അടുത്ത ആഴ്ച്ച, അടുത്ത മാസം, അടുത്ത വര്‍ഷം, അല്ലെങ്കില്‍ അടുത്ത റമദാനില്‍’ എന്നിങ്ങനെ പറഞ്ഞ് മാറ്റിവെക്കും. വിവേകമില്ലായ്മയുടെ അടയാളമായിട്ടാണ് ഈ മനോഭാവത്തെ ഇബ്‌നു അതാഇല്ലാഹ് കണക്കാക്കുന്നത്. അതായത് ആ വ്യക്തി സ്വന്തത്തോട് തന്നെ അവിവേകം പ്രവര്‍ത്തിക്കുകയാണ്. കാരണം, നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അവനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏത് സമയത്തും ചെയ്യാം. എങ്കിലും ചില മുന്‍ഗണനാക്രമങ്ങള്‍ അതില്‍ പാലിക്കേണ്ടതുണ്ട്.

നിശ്ചിത മണിക്കൂറുകളും അതില്‍ ചെയ്തുതീര്‍ക്കാനുള്ള ഒരുകൂട്ടം കാര്യങ്ങളുമായിട്ടാണ് നിങ്ങള്‍ രാവിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അവയുടെ പ്രാധാന്യമനുസരിച്ച് ഓരോ കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നു. അവശേഷിക്കുന്നവ നാളേക്ക് മാറ്റിവെച്ച് കൊണ്ട് നിങ്ങള്‍ ഇങ്ങനെ പറയുകയും ചെയ്യുന്നു.’അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്’. (അല്‍ബഖറ: 286).

ഉദാഹരണത്തിന് നിനക്ക് പത്ത് മിനുട്ട് കിട്ടുകയാണെങ്കില്‍, നമസ്‌കാരമുള്‍പ്പെടെ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍, ആദ്യം മുന്‍ഗണന കൊടുക്കേണ്ടത് നമസ്‌കാരത്തിനാണ്. ചിലപ്പോഴെല്ലാം ഭൗതികകാര്യങ്ങള്‍ക്ക് ഇന്ന് മുന്‍ഗണന നല്‍കുമ്പോള്‍ മതപരമായ കാര്യങ്ങള്‍ക്ക് നാളെ, അടുത്ത ആഴ്ച്ച, അടുത്ത മാസം എന്നിങ്ങനെ പറഞ്ഞ് പലപ്പോഴും മാറ്റിവെക്കുന്നു. അത്തരം നീട്ടിവെക്കലുകള്‍ അംഗീകരിക്കാവതല്ല. സമയത്തെ നല്ല രീതിയില്‍ ചെലവഴിക്കല്‍ എല്ലാ മുസ്‌ലിംകള്‍ക്കും മേല്‍ നിര്‍ബന്ധമാണ്. ഏത് കാര്യംചെയ്യാനും വേണ്ടുവോളം സമയമുണ്ട്. നിങ്ങള്‍ സമയത്തെ നല്ല രീതിയില്‍ ചെലവഴിക്കുകയാണെങ്കില്‍ നിങ്ങളുടെ ജോലിയെയും സമയത്തെയും അല്ലാഹു അനുഗ്രഹിക്കും. സമയം ചെലവഴിക്കുമ്പോള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് ഭൗതികകാര്യങ്ങള്‍ക്ക് മാത്രമല്ല, ആത്മീയകാര്യങ്ങളും പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്.

നിങ്ങള്‍ ദിവസവും ഒരു നിശ്ചിതസമയത്ത് സ്ഥിരമായി ഖുര്‍ആന്‍ പാരായണമോ, ദിക്‌റുകളോ ചൊല്ലുന്നവരാണെങ്കില്‍ ജോലിക്ക് വേണ്ടി പുറത്ത് പോകുമ്പോള്‍ ബസിലോ, ട്രെയിനിലോ ഉള്ള യാത്രക്കിടെ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ദൈവത്തെ സ്മരിക്കുകയും ചെയ്യാം. ജോലിക്ക് പോവുമ്പോഴോ, വീട്ടിലേക്ക് തിരിച്ച് വരുമ്പോഴോ ട്രെയിനിലോ, ബസിലോ യാത്ര ചെയ്യുന്ന സമയത്ത് ഖുര്‍ആന്‍ ഓര്‍ക്കുന്ന ഒരുപാട് സഹോദരീ സഹോദരന്മാരെ എനിക്കറിയാം. സാധാരണയായി വികസിതരാജ്യങ്ങളിലെ ജനങ്ങള്‍ പുസ്തകമോ, കഥയോ വായിക്കുന്നത് ട്രെയിനിലോ, ബസിലോ ഉള്ള യാത്രക്കിടെയാണ്. ലണ്ടനില്‍ ട്രെയിനിലിരുന്നാണ് ഞാന്‍ ഈ വരികള്‍ കുറിക്കുന്നത്. ട്രെയിനില്‍ തിരക്കാണെങ്കിലും വളരെ ശാന്തമായിരുന്നു. ട്രെയിനില്‍ എനിക്ക് ചുറ്റും നില്‍ക്കുന്ന എല്ലാവരും എഴുതുകയോ, വായിക്കുകയോ ചെയ്യുന്നവരാണ്. ഭൗതികകാര്യങ്ങള്‍ക്ക് വേണ്ടിയാണ് ജനങ്ങള്‍ സമയം ചെലവഴിക്കുന്നതെങ്കില്‍, മുസ്‌ലിംകള്‍ ആത്മീയപരമായ കാര്യങ്ങള്‍ക്ക് കൂടി താല്പര്യം കാണിക്കണം.

ഓരോരുത്തരും കാര്യങ്ങളുടെ പ്രാധാന്യങ്ങള്‍ക്കനുസരിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കുകയും, ദൈവത്തിന്റെ അവകാശങ്ങള്‍ നല്ല രീതിയില്‍ നിര്‍വഹിക്കുകയും ചെയ്യുക. ശരീഅത്ത് നിയമമനുസരിച്ച്, ദൈവത്തിന്റെ അവകാശങ്ങളേക്കാള്‍ ഊന്നല്‍ നല്‍കുന്നത് ജനങ്ങളുടെ അവകാശങ്ങള്‍ക്കും ബാധ്യതകള്‍ക്കുമാണ് എന്നത് ശരി തന്നെ. എന്നാല്‍ ജനങ്ങളുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കുമ്പോള്‍ ദൈവത്തിന്റെ അവകാശങ്ങളെ അവഗണിക്കാം എന്നതിന് അര്‍ഥമില്ല. രണ്ട് തരം അവകാശങ്ങള്‍ക്കിടിയിലും സംന്തുലിതത്വം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. പിശാചിന്റെ പ്രേരണയുടെ ഫലമാണ് നീട്ടിവെക്കല്‍. അല്ലാഹു പറയുന്നു:
‘അങ്ങനെ അവരിലൊരുവന്ന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ.’ (അല്‍മുഅ്മിനൂന്‍: 99) സമയം ഏറ്റവും നന്നായി വിനിയോഗിക്കുന്നവരില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.

വിവ: കെ.സി കരിങ്ങനാട്‌

Related Articles