Current Date

Search
Close this search box.
Search
Close this search box.

രണ്ട് കഥകള്‍, രണ്ട് പാഠങ്ങള്‍

pgf.jpg

ഒരിടത്ത് സാത്വികനായ ഒരു ഭക്തനുണ്ടായിരുന്നു. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കണിശതയോടെ, സംഘടിതമായി നിര്‍വഹിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വീഴ്ച വരുത്തിയിരുന്നില്ല. പ്രത്യേകിച്ച് പ്രഭാത നമസ്‌കാരം. ഒരിക്കല്‍ പതിവ് പോലെ അദ്ദേഹം പ്രഭാത നമസ്‌കാരത്തിനായി അകലെയുള്ള പള്ളിയിലേക്ക് പുറപ്പെട്ടു.. അല്‍പം വഴിദൂരം പിന്നിട്ടപ്പോള്‍ വഴിയരികില്‍ കെട്ടിക്കിടന്ന ചെളിവെള്ളത്തിലേക്ക് അദ്ദേഹം വീണു. ധൃതിയില്‍ എഴുന്നേറ്റ് അദ്ദേഹം വീട്ടിലേക്ക് തിരിച്ചു പോയി. വസ്ത്രങ്ങള്‍ അഴിച്ച് കഴുകാനിട്ട ശേഷം പുതിയ ജോഡി വസ്ത്രം ധരിച്ച് അദ്ദേഹം വേഗത്തില്‍ പള്ളിയിലേക്ക് തിരിച്ചു. നമസ്‌കാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഓടുന്നതിനിടെയില്‍ അദ്ദേഹം വീണ്ടും വീണു. ഇരുട്ട് ശരിക്കും നീങ്ങിയിരുന്നില്ല. വീണ്ടും ക്ഷമയോടെ എഴുന്നേറ്റ്  ആ മനുഷ്യന്‍ വീട്ടില്‍ ചെന്ന് വസ്ത്രങ്ങള്‍ മാറി കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ അരണ്ട വെളിച്ചത്തില്‍ പള്ളിയിലേക്ക് കുതിച്ചു. ഒരല്‍പം പിന്നിട്ടപ്പോള്‍ കുറച്ചകലെ ഒരാള്‍ ഒരു വിളക്കുമായി നില്‍ക്കുന്നത് അദ്ദേഹം കണ്ടു. ‘ഞാന്‍ വെളിച്ചം കാണിച്ചുതരാം’. അയാള്‍ പറഞ്ഞു. അവരിരുവരും കുശലങ്ങള്‍ പറഞ്ഞ് പള്ളിയുടെ അരികിലെത്തി. പെട്ടെന്ന്, വെളിച്ചം കാണിച്ച മനുഷ്യന്‍ പറഞ്ഞു. ‘എന്നാല്‍ ഞാന്‍ പോകട്ടെ’. അപ്പോള്‍ ആ ഭക്തന്‍ ആശ്ചര്യത്തോടെ ചോദിച്ചു. ‘നമസ്‌കരിക്കുന്നില്ലേ ?’. ‘ഇല്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ നിങ്ങളുടെ ശത്രുവായ ഇബ്‌ലീസാണ്. ഞാന്‍ താങ്കളെ നിരീക്ഷിക്കുകയായിരുന്നു. ആദ്യത്തെ തവണ നിങ്ങള്‍ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ മുഴുവനും പൊറുത്തുതന്നു. രണ്ടാമത്തെ തവണ നിങ്ങള്‍ മനം മടുത്ത് വീട്ടില്‍ വെച്ച് നമസ്‌കരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. അവിടെയും നിങ്ങളെന്നെ തോല്‍പ്പിച്ചപ്പോള്‍ അതുവഴി താങ്കളുടെ കുടുംബാംഗങ്ങളുടെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെട്ടു. മൂന്നാമതും അതാവര്‍ത്തിച്ചാല്‍ നാട്ടുകാരുടെ മുഴുവന്‍ പാപവും പൊറുക്കപ്പെടുകയും എനിക്ക് മിത്രങ്ങളില്ലാതായിത്തീരുമെന്നും ഞാന്‍ ഭയന്നു. അതു കൊണ്ടാണ് നിങ്ങളെ സുരക്ഷിതമായി ഞാന്‍ ഇവിടെ എത്തിച്ചത്’.

 

കഥ 2

 ഭൗതിക മോഹങ്ങളെല്ലാം വെടിഞ്ഞ് അല്ലാഹുവിനെ ഭയന്ന് ജീവിച്ച ഒരു മനുഷ്യന്റെ കഥയാണിത്. വിരക്തിയിലൂടെ ആത്മീയാനന്ദം കണ്ടെത്തിയ അദ്ദേഹം ഏകദൈവവിശ്വാസത്തിന് കടക വിരുദ്ധമായ ഏത് അത്യാചാരങ്ങളെയും എതിര്‍ത്തിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ ഒരിടത്ത് ജനങ്ങള്‍ ഒരു മരത്തെ വന്ദിക്കുന്ന വാര്‍ത്ത അദ്ദേഹത്തിനടുത്തെത്തി. രോഷം പൂണ്ട ആ സൂഫിവര്യന്‍ ഒരു കോടാലിയെടുത്ത് ആ മരം വെട്ടിമാറ്റാന്‍ ഇറങ്ങി പുറപ്പെട്ടു. ധൃതിയില്‍ മുന്നോട്ട് നടക്കുന്നതിനിടെ പെട്ടെന്ന് വഴിക്ക് കുറുകെ ഒരാള്‍ തടസ്സം നിന്നു. ‘മാറി നില്‍ക്കെടാ’ ് എന്ന് പറഞ്ഞു അദ്ദേഹം അയാളെ തള്ളിയപ്പോള്‍ അയാള്‍ അകലെ തെറിച്ചു വീണു. വീണിടത്തുനിന്നും എഴുന്നേറ്റ് വീണ്ടും പിറകെ ചെന്ന് പറഞ്ഞു; ‘നിങ്ങളെ ആ മരമോ, അതിന് വഴിപാടുകളര്‍പ്പിക്കുന്നവരോ ഒരു ശല്യവും ചെയ്യുന്നില്ലല്ലോ’ അത് കൊണ്ട് ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതല്ലേ നല്ലത്!. ‘ ഇല്ല ഞാന്‍ പിന്‍മാറില്ല. ഇത് ശിര്‍ക്കാണ്.’ തടസ്സം നിന്നയാള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരൂപം പൂണ്ട പിശാചായിരുന്നു. അയാള്‍ തന്ത്രം മാറ്റി. ‘എങ്കില്‍ ഒരു കാര്യം ചെയ്യാം. എല്ലാ ദിവസവും രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്നതിന് മുമ്പ് താങ്കളുടെ തലയണയുടെ അടിയില്‍ നാല് സ്വര്‍ണ്ണനാണയങ്ങള്‍ വെക്കാം. താങ്കളുടെ ജീവിത ചിലവും നടക്കും. ഇബാദത്തിന് ഒരുപാട് സമയവും ലഭിക്കും. ആദ്യം ചെറിയ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും ആ സൂഫിവര്യന് അത് നല്ലതാണെന്ന് തോന്നി. അങ്ങനെ അദ്ദേഹം ആ ഉദ്യമത്തില്‍ നിന്ന് പിന്‍മാറി. പിറ്റേന്ന് എഴുന്നേറ്റ് തലയണയുടെ താഴെ നാണയമുണ്ടോയെന്ന് പരിശോധിച്ചു. ‘ഉണ്ട്’ രാണ്ടാംദിവസവും അത് ലഭിച്ചു. മൂന്നാം ദിവസം നോക്കിയപ്പോള്‍ അയാളുടെ മുഖം കോപം കോപം കൊണ്ട് ചുവന്നു. വാഗ്ദാനം ചെയ്യപ്പെട്ട നാണയം അവിടെയില്ല! അദ്ദേഹം വീണ്ടും കോടാലിയെടുത്ത് മരം വെട്ടിമാറ്റാനായി പുറപ്പെട്ടു. പിശാച് മനുഷ്യരൂപത്തില്‍ വഴിമദ്ധ്യേ നിന്നു. ‘ഛീ മാറെടാ’ സൂഫിവര്യന്‍ അയാളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. പക്ഷെ ഇത്തവണ അകലെക്ക് തെറിച്ചുവീണത് സൂഫിവര്യനായിരുന്നു. ‘ഇതെങ്ങനെ സംഭവിച്ചു?’ അദ്ദേഹം പിശാചിനോട് ചോദിച്ചു. ‘ആദ്യം താങ്കളുടെ ഉദ്ദേശ്യശുദ്ധി കലര്‍പ്പറ്റതായിരുന്നു. അത് കൊണ്ട് ഞാന്‍ പരാജയപ്പെട്ടു. ഇത്തവണ താങ്കള്‍ സ്വര്‍ണ്ണനാണയം കിട്ടാത്തതിന്റെ രോഷത്തിലായിരുന്നു. ഇവിടെ താങ്കളുടെ ആത്മാര്‍ത്ഥത വഴിമാറി അതിനാല്‍ ഞാന്‍ ജയിച്ചു.

Related Articles