Current Date

Search
Close this search box.
Search
Close this search box.

ഭരണാധികാരികള്‍ക്ക് മുന്നില്‍ സത്യത്തിന്റെ നാവായി മാറിയവര്‍

fact.jpg

ഖലീഫ ഉമര്‍ പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു. നിര്‍ത്തൂ. താങ്കള്‍ ധരിച്ച വസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയതിന് ശേഷം സംസാരിച്ചാല്‍ മതി എന്നു പറഞ്ഞു. താന്‍ ധരിച്ച വസ്ത്രത്തിന്റെ വിശുദ്ധി പോലെ തന്നെ അത് ലഭിച്ച വഴികളും വിശുദ്ധമാണെന്ന് ഉടന്‍ ഖലീഫ തന്റെ അനുയായികളുടെ മുമ്പില്‍ തെളിയിക്കുന്ന മഹിത മാതൃകയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഉമറിന്റെ ഒരു വിധിയിലെ അബദ്ധം അലി(റ) ചൂണ്ടിക്കാണിച്ചപ്പോള്‍ യാഥാര്‍ഥ്യം ബോധ്യപ്പെട്ട ഉമര്‍ ഇപ്രകാരം പ്രതികരിച്ചു, അലി ഇല്ലായിരുന്നെങ്കില് ഉമര്‍ നശിച്ചുപോകുമായിരുന്നു. ഉമര്‍ ഒരു ദിവസം തന്റെ അനുചരന്മാരുമായി കൂടിയിരിക്കുമ്പോള്‍ ഒരാള്‍ ഉണര്‍ത്തി. ഉമറേ നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഉടന്‍ നീ അമീറുല്‍ മുഅ്മിനീനെയാണോ ഉപദേശിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ചുറ്റുമുള്ളവര്‍ അദ്ദേഹത്തിന് നേരെ കയര്‍ത്തപ്പോള്‍ ഉമര്‍ പറഞ്ഞു, അവനെ വിടൂ! അവനത് പറയട്ടെ. നിങ്ങള്‍ അത് പറയുന്നില്ലെങ്കില്‍ നിങ്ങളില്‍ ഒരു നന്മയുമില്ല. ഇദ്ദേഹം പറയുന്നത് സ്വീകരിക്കാന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ നമ്മില്‍ ഒരു നന്മയുമില്ല.

ഖലീഫ ഹാറൂന്‍ റഷീദിന്റെ ഉറ്റ സുഹൃത്തായിരുന്നു പണ്ഡിതവര്യനായിരുന്ന സുഫ് യാനുസ്സൗരി. അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഭരണം ഏറ്റെടുത്തപ്പോള്‍ സുഫ് യാനുസ്സൗരി തന്നില്‍ നിന്നും അല്‍പം അകലം പാലിക്കുന്നു എന്ന് ബോധ്യപ്പെട്ട ഹാറൂന്‍ റഷീദ് ചില സമ്മാനങ്ങളുമായി തന്റെ ഭൃത്യനെ സുഫ് യാനുസ്സൗരിയുടെ അടുത്തേക്ക് അയച്ചു. ഇതില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഖലീഫക്ക് അദ്ദേഹം ഒരു കത്തെഴുതി. ജനങ്ങള്‍ക്ക് സമ്മാനം നല്കാന്‍ എവിടെനിന്നാണ് ഹാറൂനേ നിനക്ക് ഫണ്ട്?. ഈ നാട്ടിലെ ദരിദ്രജനങ്ങള്‍ക്കും വിധവകള്‍ക്കുമുളള അവകാശമല്ലേ ഇത്! നാളെ റബ്ബിന്റെ മുമ്പില്‍ പരാതിയുമായി അവര്‍ എത്തുമ്പോള്‍ എന്തായിരിക്കും നിന്റെ മറുപടി? ഇത് വായിച്ച ഹാറൂന്‍ റഷീദ് തന്റെ പതിതാവസ്ഥ ഓര്‍ത്തു കരയാന്‍ തുടങ്ങി.

ഹാറൂന്‍ റഷീദ് ഖാദിയായ അബൂയൂസുഫിനോട് ഇസ്‌ലാമിലെ നികുതിവ്യവസ്ഥയെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒരു ഗ്രന്ഥം രചിക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് വിഖ്യാതമായ കിതാബുല് ഖറാജ് അബൂയൂസുഫ് രചിച്ചു. അതിന്റെ മുഖവുരയില്‍ ഖലീഫക്കുള്ള ഉദ്‌ബോധനമായി അബൂയൂസുഫ് എഴുതി. അല്ലാഹുവിന് സര്‍വസ്തുതിയും. താങ്കളെ ഒരു മഹത്തായ ഉത്തരവാദിത്തമാണ് അല്ലാഹു ഏല്പിച്ചത്. പ്രതിഫലം പോലെതന്നെ അതിന്റെ ശിക്ഷയും കഠിനമായിരിക്കും. ഇന്നു ചെയ്യേണ്ട ഒരു കര്‍മവും താങ്കള്‍ നീട്ടിവെക്കരുത്. നീട്ടിവെച്ചാല്‍ അത് താങ്കള്‍ക്ക് നഷ്ടമായി. മരണം അപ്രതീക്ഷിതമായി സംഭവിക്കും. പിന്നീട് ഒന്നും ചെയ്തുതീര്ക്കാന്‍ സാധ്യമല്ല. താങ്കളുടെ ഭരണം ഒരു മണിക്കൂര്‍ നേരത്തേക്കാണെങ്കിലും അതില്‍ അല്ലാഹുവിന്റെ ശാസനകള്‍ നടപ്പിലാക്കുക. താങ്കളുടെ മുമ്പില്‍ എല്ലാവരും സമന്മാരായിരിക്കണം. നീതി നടപ്പാക്കുന്നതില്‍ ഒരാളെയും താങ്കള്‍ ഭയക്കരുത്. ഈ ഗ്രന്ഥം അനുശാസിക്കുന്ന പ്രകാരം താങ്കള്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എങ്കില് മുസ്‌ലിംകളോടോ, കരാറില് ജീവിക്കുന്ന ഇതര മതസ്ഥരോടോ ഒരു അനീതിയും കൂടാതെ നികുതി പിരിച്ചെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കും. മാത്രമല്ല, സാമ്പത്തിക വിശുദ്ധിയുള്ളവരാക്കി തന്റെ പ്രജകളെ മാറ്റാനും താങ്കള്‍ക്ക് കഴിയും. നീതി നടപ്പിലാക്കാനും അനീതി ഉന്മൂലനം ചെയ്യാനും ജനങ്ങളുടെ സംസ്‌കരണവുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

സ്വാലിഹ് രണ്ടാമന്‍ ഡമസ്‌കസില്‍ ഭരണസാരഥ്യമേറ്റെടുത്തപ്പോള്‍ അയല്‍ രാജ്യമായ ഈജിപ്തിനെതിരെ ആയുധവും സമ്പത്തും നല്‍കി സഹായിക്കാന്‍ കുരിശ് സേനയുമായി കരാറിലേര്‍പ്പെട്ടു. അപ്രകാരം ഫ്രഞ്ചുകാര്‍ ആയുധം ശേഖരിക്കാനായി ഡമസ്‌കസില്‍ വന്നു. ന്യായാധിപനായ പണ്ഡിതവര്യന്‍ ഇസ്സുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം ഈ നികൃഷ്ടനടപടിയില് അത്യന്തം രോഷാകുലനായി. ഫ്രഞ്ചുകാര്‍ക്ക് ആയുധം നല്‍കുന്നത് ഹറാമാണെന്ന് അദ്ദേഹം ഫത്‌വ പുറപ്പെടുവിച്ചു. മാത്രമല്ല, വെള്ളിയാഴ്ച്ച പ്രാര്‍ഥനയിലെ ഭരണാധികാരിക്ക് വേണ്ടിയുള്ള പ്രാര്‍ഥന അദ്ദേഹം ഉപേക്ഷിച്ചു. ഭരണാധികാരിയുടെ വഞ്ചനാത്മക നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചു. ഇസ്‌ലാമിന്റെ അന്തസ്സ് ഉയര്‍ത്താനും ശത്രുക്കളെ നിന്ദ്യരാക്കാനും കെല്‍പുള്ള ഭരണാധികാരിയെ നല്‍കി അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ഥിച്ചു. ന്യായാധിപസ്ഥാനം രാജിവെച്ചുകൊണ്ട് ഈജിപ്തിലേക്ക് ഹിജ്‌റ ചെയ്യാന്‍ തയ്യാറായി.  ഗുണകാംക്ഷയോടെ സത്യത്തിനുവേണ്ടി ഏതൊരു ഭരണാധികാരിയുടെ മുമ്പിലും നിലകൊള്ളാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിക്രമികളായ ഭരണാധികാരികളോട് സന്ധിയാകുകയും അവരുടെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി മുഖസ്തുതി പാടുകയും ചെയ്യുന്ന നിരവധി കപടവിശ്വാസികളെ നമുക്ക് കാണാം. സമൂഹം കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്താന്‍ ഇത് ഇടവരുത്തും. ഏതൊരു ഘട്ടത്തിലും നീതിയുടെ സാക്ഷികളാകാനാണ് ഖുര്‍ആനിക ആഹ്വാനം. ധിക്കാരിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം ഉച്ചയിസ്ഥരം പ്രഖ്യാപിക്കലാണ് ശ്രേഷ്ടമായ ജിഹാദെന്ന പ്രവാചകാധ്യാപനവും ശ്രദ്ധേയമാണ്.

നിങ്ങളുടെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, മക്കള്‍, ഉറ്റവര്‍ തുടങ്ങിയവര്‍ സല്‍പാന്ഥാവില്‍ നിന്ന് വ്യതിചലിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടാത്തതുപോലെ ഗുണകാംക്ഷിയായി നിലകൊള്ളാന്‍ നാം സന്നദ്ധമാകണം. എന്റെ സമുദായം അക്രമിയെ നോക്കി അക്രമീ എന്നുവിളിക്കാന്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവരോട് വിടപറഞ്ഞിരിക്കുന്നു എന്ന പ്രവാചക താക്കീതും നാം ഗൗരവത്തില് ഉള്‍ക്കൊള്ളണം. അതിനാല്‍ നീ സത്യത്തിന്റെ നാവായി മാറുക. സത്യത്തിന്റെ സാക്ഷിയായി ജീവിക്കുക. അപ്രകാരം നീ ജീവിക്കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്താന്‍ നമുക്ക് സാധിക്കും. അതിന്റെ പ്രകാശത്തെ ഊതിക്കെടുത്താനോ ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാനോ ആര്‍ക്കും സാധിക്കുകയുമില്ല. അതിന് നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ കപടന്മാരെ പോലെ നിങ്ങളും അക്രമികളുടെ കയ്യിലെ കളിപ്പാവയായി അധഃപ്പതിക്കും. എല്ലാ അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും വിധ്വംസക പ്രവര്ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്യും.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles