Current Date

Search
Close this search box.
Search
Close this search box.

പ്രവാചകത്വ ആത്മീയതയും പൗരോഹിത്യ ആത്മീയതയും

beads.jpg

വഹ്‌യ് (ദിവ്യവെളിപാട്) ലഭിച്ച പ്രവാചകന്‍ പിന്നീടൊരിക്കലും മലമുകളിലേക്ക്  കയറിയിട്ടില്ല; ജനമധ്യത്തിലേക്കിറങ്ങുകയായിരുന്നു, എന്നാല്‍ ഇന്ന് ആധുനിക ആത്മീയതയുടെ വക്താക്കള്‍ ജനമധ്യത്തില്‍ നിന്നും മാറി ചില തുരുത്തുകളിലേക്ക്  ജനങ്ങളെ ഒറ്റപ്പെടുത്തി അന്ധരും ബധിതരുമാക്കുകയാണ് ചെയ്യുന്നത്. പള്ളിയില്‍ ഭജനമിരിക്കെ (ഇഅ്തികാഫ്) പ്രശ്‌നപരിഹാരത്തിനായി പ്രവാചകന്റെ അരുമ ശിഷ്യന്‍ ഇബ്‌നു അബ്ബാസ്(റ)ന്റെ മുമ്പില്‍  ജനങ്ങള്‍ എത്തിയപ്പാള്‍ പള്ളി  വിട്ടിറങ്ങിയ നിലപാടിനെ ചോദ്യം ചെയ്തവരോട് അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.  ഒരു നേരത്തെ നമസ്‌കാരത്തിന് പതിന്മടങ്ങ് പ്രതിഫലമുള്ള  മസ്ജിദുല്‍ ഹറാമില്‍ നിന്ന് പതിറ്റാണ്ടുകളോളം  നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യമുള്ളതാണ് ജനങ്ങളുടെ  പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങല്‍’,. ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന ആത്മീയതയുടെ  ഉദാത്തമായ രീതിയാണിത്. അവനവന്റെ വ്യക്തിപരമായ ആത്മീയോല്‍ക്കര്‍ഷവും ആനന്ദവുമല്ല, മറിച്ച് അപരരുടെ പ്രശ്‌നത്തിലരും പ്രയാസങ്ങളിലുമിടപെട്ടുകൊണ്ട് ഭൗതിക താല്‍പര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടുളള ആത്മീയോല്‍ക്കര്‍ഷമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആത്മീയത. എന്നാല്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച ഈ ആത്മീയതയെ അട്ടിമറിച്ചുകൊണ്ട് പൂര്‍വീക സമുദായങ്ങളെ മുസ് ലിം സമൂഹവും അന്ധമായി അനുകരിക്കുന്നത് കാണാം. പ്രവാചകന്‍ ഇതിനെ കുറിച്ച് ശക്തമായ താക്കീത് നേരത്തെ തന്നെ നല്‍കിയതായി കാണാം. ‘പൂര്‍വീക സമൂഹങ്ങളുടെ ചര്യയെ ചാണിന് ചാണായും മുഴത്തിന് മുഴമായും നിങ്ങള്‍  പിന്തുടരുക തന്നെ ചെയ്യും, എത്രത്തോളമെന്നാല്‍, അവര്‍ ഒരു ഉടുമ്പിന്‍ മാളത്തിലേക്ക് പ്രവേശിച്ചാല്‍ നിങ്ങളും കണ്ണടച്ചുകൊണ്ട് അതില്‍ പ്രവേശിക്കും’. വ്യക്തിഗതമായ ആചാരാനുഷ്ഠാനങ്ങളും ആത്മീയോല്‍ക്കര്‍ഷ പരിപാടികളും മാത്രമാണെങ്കില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒരിക്കലും പ്രവാചകന്മാരെ എതിര്‍ക്കുമായിരുന്നില്ല. മാത്രമല്ല അത്തരം  പരിപാടികളില്‍ അവരും പങ്കുചേരുമായിരുന്നു. എന്നാല്‍ വിമോചന ഉള്ളടക്കമുള്ള ഒരു പ്രത്യയശാസ്ത്രത്തെ അവതരിപ്പിച്ചതായിരുന്നു സര്‍വസന്നാഹങ്ങളുമായി അവര്‍ പ്രവാചകന്മാര്‍ക്കെതിരെ പടയൊരുക്കത്തിനിറങ്ങിയത് എന്നതാണ് യാഥാര്‍ഥ്യം.

പൗരോഹിത്യ ആത്മീയതയുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചില സാമ്യതകള്‍  കാണാം; അവ പ്രവാചക പ്രോക്തമായ ആത്മീയതയില്‍ നിന്ന് എപ്രകാരം വിട്ടുനില്‍ക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ഥ ആത്മീയതയുടെ വക്താക്കള്‍ തങ്ങള്‍ക്ക് അഭൗതികവും അമാനുഷികവുമായ കാര്യങ്ങള്‍ അറിയില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത് കാണാം. ഇത് വിശുദ്ധ ഖുര്‍ആന്‍ തന്നെ അടിവരയിട്ടുപറയുന്ന ഒരു യാഥാര്‍ഥ്യമാണ്. മാത്രമല്ല പ്രവാചക ജീവിതത്തില്‍ തന്നെ ഇതിന് മികച്ച ഉദാഹരണങ്ങള്‍ കാണാം. മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ പ്രവാചകനെ ദഫ്ഫും പാട്ടുമായി സ്വീകരിച്ച മദീനക്കാര്‍ പാടിയ ഈരടികളില്‍ നാളത്തെ കാര്യങ്ങളറിയുന്ന പ്രവാചകന്‍ എന്ന ഒരു വരിയുണ്ടായിരുന്നു. പ്രവാചകന്‍ ഉടനെ അത് തിരുത്തുകയുണ്ടായി. മാത്രമല്ല, പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ അപവാദ പ്രചാരണമുണ്ടായ കാലയളവില്‍ വിശുദ്ധ ഖുര്‍ആന്‍  മഹതിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതുവരെ പ്രവാചകന്‍ മൗനമവലംബിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പൗരോഹിത്യ ആത്മീയതയുടെ വക്താക്കള്‍  തങ്ങളുടെ  അമാനുഷികതയും അത്ഭുതസിദ്ധികളെ കുറിച്ചുളള കഥകളുമാണ് ജനങ്ങളെ ആകര്‍ഷിക്കാനായി പ്രചണ്ഡമായി പ്രചരിപ്പിക്കുന്നത്.

പ്രവാചക പ്രോക്തമായ ആത്മീയത ശാരീരികേഛകളെയും ഭൗതിക താല്‍പര്യങ്ങളെയും നിയന്ത്രിച്ചുകൊണ്ടുള്ള സംസ്‌കരണമാണ് ആവശ്യപ്പെടുന്നത്. ആത്മാവിനെ മാലിന്യങ്ങളില്‍ നിന്നും സംസ്‌കരിച്ചവര്‍ വിജയിച്ചു എന്ന ഖുര്‍ആനിക  ഉദ്‌ബോധനം  ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ലളിതമായ ജീവിതമാണ് അവരുടെ മുഖമുദ്ര. എന്നാല്‍ പൗരോഹിത്യ ആത്മീയതയുടെ വക്താക്കളെ സുഖലോലുപരായിട്ട് കാണാം. കള്ളപ്പണം, ലൈംഗിക വേഴ്ചകള്‍  മുതല്‍ കൊലപാതകം വരെയുള്ള ഞെട്ടിക്കുന്ന കഥകളാണ് ഇവിടങ്ങളില്‍  നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

പ്രവാചകത്വ  ആത്മീയത ഉന്നതമായ മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നന്മ, കാരുണ്യം, സ്‌നേഹം, ദയ, ലാളിത്യം തുടങ്ങിയ ഉത്തമ വികാരങ്ങളുടെ നിദര്‍ശനമായിരിക്കുമത്. തങ്ങളുടെ ജീവിത വിശുദ്ധിക്ക് വേണ്ടിയായിരിക്കും ജനങ്ങള്‍ അവരെ സമീപിക്കുന്നതും. എന്നാല്‍ പൗരോഹിത്യ ആത്മീയതയെ പ്രധാനമായും സമീപിക്കുന്നത് കുറ്റവാളികള്‍ തങ്ങളുടെ ചെയ്തികള്‍ പിടിക്കപ്പെടാതിരിക്കാന്‍, ശത്രു സംഹാരത്തിന്, കൂടോത്രം, രോഗം മാറാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായിരിക്കും.
നിലനില്‍ക്കുന്ന അധാര്‍മികതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരായിട്ടാണ് ചരിത്രത്തിലുടനീളം പ്രവാചക ആത്മീയതയുടെ വക്താക്കള്‍  നിലകൊണ്ടിട്ടുള്ളത്. ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ പ്രവാചകന്‍ ഹൂദ്, അളത്തത്തിലും തൂക്കത്തിലും അനീതി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്‍ ശുഐബ്, സ്വവര്‍ഗരതിക്കെതിരെ ശബ്ദമുയര്‍ത്തിയ ലൂത്വ്, പലിശക്കും മറ്റു അനീതികള്‍ക്കുമെതിരെ കലഹിച്ച പ്രവാചകന്‍ മുഹമ്മദ് തുടങ്ങിയവരുടെ ജീവിതങ്ങള്‍ ഇതിന്  മികച്ച ഉദാഹരണമാണ്. എന്നാല്‍ മര്‍ദ്ധക ഭരണകൂടവും പൗരോഹിത്യവുമാണ്  ഇതിനെതിരെ മുന്നണിയായിട്ട് ചരിത്രത്തില്‍  നിലയുറപ്പിച്ചതെന്ന്  നമുക്ക് കാണാം. പ്രവാചകന്മാര്‍ മര്‍ദ്ധിതരുടെ വിമോചനത്തിന് വേണ്ടി നിലകൊണ്ടവരാണെങ്കില്‍ പൗരോഹിത്യം അധികാരികളോടൊപ്പം അനീതികള്‍ക്ക് കൂട്ടുനിന്ന് കൊണ്ട് തങ്ങളുടെ കാര്യം സാധിച്ചെടുക്കുന്നതായി കാണാം.

Related Articles