Current Date

Search
Close this search box.
Search
Close this search box.

നന്മയില്‍ മുന്നേറുക

forward.jpg

”ഓരോരുത്തര്‍ക്കും ഓരോ ദിശയുണ്ട്. അവര്‍ അതിന്റെ നേരെ തിരിയുന്നു. അതിനാല്‍ നിങ്ങള്‍ നന്മയിലേക്ക് മത്സരിച്ചു മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ.” (അല്‍-ബഖറ: 148)

മസ്ജിദുല്‍ അഖ്‌സയില്‍ നിന്ന് കഅ്ബയിലേക്ക് ഖിബ്‌ല മാറ്റിക്കൊണ്ടുള്ള കല്‍പനയുടെ ഭാഗമായാണ് അല്ലാഹു ഈ സൂക്തവും അവതരിപ്പിച്ചത്. ആദ്യം മസ്ജിദുല്‍ അഖ്‌സയെ ഖിബ്‌ലയായി പരിചയപ്പെടുത്തുകയും ശേഷം കഅ്ബയിലേക്ക് തിരിയുകയും ചെയ്ത വിശ്വാസി സമൂഹത്തെ ശത്രുക്കള്‍ വളരെയധികം പരിഹസിച്ചിരുന്നു. ശത്രുക്കളുടെ എല്ലാ പരിഹാസങ്ങളുടെയും മുനയൊടിക്കുന്ന തരത്തിലാണ് അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചത്. വൈജാത്യം എന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ ഭാഗമാണ്. വിവിധ വര്‍ണക്കാരും ഭാഷക്കാരുമായ മനുഷ്യര്‍ ഉള്ളതുപോലെ തന്നെ മതവിശ്വാസങ്ങളിലും മനുഷ്യര്‍ വിഭിന്നരാണ് എന്ന് ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാം. എന്നാല്‍ വിശ്വാസികള്‍ നന്മയെ ലക്ഷ്യമാക്കി മുന്നേറണമെന്നാണ് അല്ലാഹു താല്‍പര്യപ്പെടുന്നത്.

മുസ്‌ലിംകള്‍ എന്ന നിലക്ക് സത്യം ഒന്നു മാത്രമാണെന്ന് മനസ്സിലാക്കി ഇസ്‌ലാമില്‍ വിശ്വസിക്കുകയും പ്രവാചകന്‍ മുഹമ്മദ് നബി(സ) അവതരിപ്പിച്ച ഖുര്‍ആന്‍ പിന്തുടരുകയും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ തങ്ങള്‍ പിന്തുടരുന്നത് സത്യമാണെന്ന് മനസ്സിലാക്കുക എന്നാല്‍ രണ്ട് തരത്തിലുണ്ട്. താന്‍ പിന്തുടരുന്നതാണ് ആത്യന്തിക സത്യമെന്ന് വിശ്വസിക്കുകയും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുക. മറുവശത്ത്, തന്റെ വിശ്വാസമാണ് ആത്യന്തിക സത്യമെന്ന് മനസ്സിലാക്കുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുക എന്നതാണ്. അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്. അത് മനുഷ്യരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമെതിരെയുള്ള കടന്നുകയറ്റമാണ്. ഒറ്റ ദിശയാണ് ശരിയെങ്കിലും പലരും പല ദിശ പിന്തുടരുന്നവരാണ്. അത് സ്വന്തം കാഴ്ചപ്പാടും അറിവും അനുസരിച്ചാണ് അവര്‍ തെരെഞ്ഞെടുക്കുന്നത്. സൂറ അല്‍-കാഫിറൂനില്‍ അല്ലാഹു പറയുന്നത് പോലെ:
”നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍” (അല്‍-കാഫിറൂന്‍: 6)

പരസ്പരം ആശയസംവാദങ്ങള്‍ നടത്താം, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാം. എന്നാല്‍ സ്വന്തം ആശയാദര്‍ശം മുറുകെ പിടിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് ഓരോരുത്തരുടെയും ലക്ഷ്യം അവരവരുടെ ലക്ഷ്യം മാത്രമാണ്. അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് തന്നെയാണ്. മുസ്‌ലിംകളെന്ന നിലക്ക് നമുക്കും പൊതുവായ ലക്ഷ്യവും നയനിലപാടുകളും ആവശ്യമാണ്. ദൈവിക മാര്‍ഗത്തിന്റെ പ്രയോക്താക്കള്‍ എന്ന നിലക്ക് അവന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനും നാം ബാധ്യസ്ഥരാണ്. ഒരേ ഖിബ്‌ലയിലേക്ക് തിരിഞ്ഞാണ് മുസ്‌ലിംകളെല്ലാവരും നമസ്‌കരിക്കുന്നതെങ്കിലും ഇസ്‌ലാമിനെ പിന്തുടരുന്ന കാര്യത്തില്‍ വൈജാത്യങ്ങള്‍ക്ക് ഇടമുണ്ട്. എന്നാല്‍ തന്റേത് മാത്രമാണ് ശരി എന്ന അന്ധമായ ധാരണയില്‍ നിന്ന് അന്യനോട് ശത്രുതയും വിദ്വേഷവും ഉണ്ടാകുന്ന തരത്തിലേക്ക് ഇത് മാറാന്‍ പാടില്ല. വിയോജിപ്പുകള്‍ മറന്നുകൊണ്ട് നാം മുന്‍ഗണന നല്‍കേണ്ടത് നന്മയിലുള്ള മുന്നേറ്റത്തിനാണ്.

രണ്ട് കാര്യങ്ങള്‍ ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, നമ്മെ വെറുക്കുന്നവര്‍ക്ക് മുന്നില്‍ സ്വയം ന്യായീകരിച്ച് സമയം കളയാതിരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളോടും തീരുമാനങ്ങളോടും നിങ്ങളുടെ രീതികളോടും എന്നും എതിര്‍പ്പുള്ളവരാണ് അവര്‍. ഇത്തരം വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും വകവെക്കാതെ നന്മ എന്ന് സ്വന്തത്തിന് തോന്നുന്ന പാതയിലൂടെ കുതിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാഹു പറയുന്നു:
”അവര്‍ ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും” (അല്‍-മാഇദ: 54)

സൂറ അല്‍-ഫലഖില്‍ അല്ലാഹു പറയുന്നു, അസൂയക്കാരന്റെ അസൂയയില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുക എന്ന്. നമ്മെ കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല. നമ്മെ കുറിച്ച് നാം എന്ത് കരുതുന്നു എന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. അഥവാ, ഇന്ന് ചെയ്തതിനേക്കാള്‍ പൂര്‍ണതയോടെ ആവണം എന്റെ പ്രവര്‍ത്തനം നാളെ എന്ന് തീരുമാനിക്കുക. ഇത് ഓരോ ദിവസവും തുടര്‍ന്നുകൊണ്ടിരിക്കുക. ആത്മവിശ്വാസം വര്‍ധിപ്പിച്ച് കര്‍മപഥത്തില്‍ കുതിക്കാന്‍ നമുക്ക് അതിതലൂടെ സാധിക്കും. മറ്റുള്ളവരോടും നമുക്ക് മത്സരിക്കാം. എന്നാല്‍ അതും നന്മയുടെ കാര്യത്തിലായിരിക്കണം എന്നു മാത്രം. വലിയ വീടോ മുന്തിയ വാഹനമോ വാങ്ങുന്ന കാര്യത്തിലല്ല നാം അന്യനോട് മത്സരിക്കേണ്ടത്. പരലോകത്ത് ബാക്കിയാകുന്ന സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൂട്ടുന്ന കാര്യത്തിലാണ്. അബൂബക്കറും ഉമറും പരസ്പരം മത്സരിച്ചിരുന്നതു പോലെ.

രണ്ടാമതായി ഞാന്‍ ഊന്നുന്നത്, നമ്മുടെ ആശയവും ആദര്‍ശവുമാണ് ശരി എന്ന ബോധ്യം നമുക്കുണ്ടെങ്കില്‍ അത് സംവാദത്തിലൂടെയോ സംഘട്ടനത്തിലൂടെയോ അല്ല തെളിയിക്കാന്‍ ശ്രമിക്കേണ്ടത്. മറിച്ച്, ആ ആദര്‍ശമോ ആശയമോ പ്രാവര്‍ത്തികമാക്കി കൊണ്ടാകണം. നാം അത് ജീവിച്ചു കാണിക്കുമ്പോള്‍ മറ്റുള്ളവരില്‍ അത് മതിപ്പുണ്ടാക്കും. നമ്മുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള അഭേദ്യമായ ബന്ധം അവരില്‍ അഗാധമായ സ്വാധീനമുണ്ടാക്കുകയും അവര്‍ നമ്മെ പിന്‍പറ്റുകയും ചെയ്യും. സ്വയം ശരിയാണെന്ന് തര്‍ക്കിക്കുന്നതിന് പകരം അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമ്പോഴാണ് അതിന് വിശ്വാസ്യതുണ്ടാകുന്നത്.

വിവ: അനസ് പടന്ന

Related Articles