Current Date

Search
Close this search box.
Search
Close this search box.

ദീന്‍ സ്വഭാവത്തിലും പ്രതിഫലിക്കണം

Muslim-man.jpg

പ്രവാചകന്‍ മുഹമ്മദ് നബിയുടെ(സ) ജനനം അനുസ്മരിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. അദ്ദേഹം വിരിച്ച തണല്‍ അനുഭവിക്കുന്നവും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരുമാണ് നാം. അതനുസരിച്ച് ജീവിതം മുന്നോട്ടു നയിക്കാന്‍ ശ്രമിക്കുന്നവരാണ് നാം. ‘ഉത്തമ ഗുണങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിലൂടെ കൊണ്ടുവരപ്പെട്ട ദൈവിക സന്ദേശത്തിന്റെ സത്തയാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ ദൈവിക ദര്‍ശനങ്ങളും ശ്രേഷ്ഠ സ്വഭാവത്തിന് പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നുണ്ട്. അവയുടെ പൂര്‍ത്തീകരണമാണ് ഇസ്‌ലാമിലൂടെ നിര്‍വഹിക്കപ്പെടുന്നത്. മൂല്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും ഉയര്‍ന്ന സ്ഥാനമാണ് ദീനിലുള്ളത്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാത്ത ഒരാള്‍ക്ക് ദീനീനിഷ്ഠ പുലര്‍ത്തുന്നവനാണെന്ന് വാദിക്കാനാവില്ല. ആരാധനാ കര്‍മങ്ങള്‍ ഒരു മനുഷ്യനും അവന്റെ സ്രഷ്ടാവിനും ഇടയിലുള്ള കാര്യമാണ്. അതേസമയം അയാളുടെ പെരുമാറ്റവും സ്വഭാവഗുണങ്ങളുമാണഅ ജനങ്ങള്‍ കാണുന്നതും അനുഭവിക്കുന്നതും.

സല്‍സ്വഭാവത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പലരിലും നാമിന്ന് കാണുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നേരെയുള്ള വാക്കുകള്‍ അതിരുവിടുന്നു. തങ്ങളുടേതില്‍ നിന്ന് ഭിന്നമായ അഭിപ്രായങ്ങളും നിലപാടുകളും വിശ്വാസവും വെച്ചുപുലര്‍ത്തുന്നവരോടുള്ള സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡികളില്‍ കാണുന്നവരാണ് നാം. ആക്ഷേപത്തിന്റെയും ശകാരത്തിന്റെയും ശൈലി സ്വീകരിക്കാതെ പലര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് നേരെ അങ്ങേയറ്റത്തെ സങ്കുചിതത്വമാണ് നമുക്ക്. അവക്ക് ചെവി കൊടുക്കാന്‍ പോലും നമ്മുടെ ചിന്തയും ബുദ്ധിയും വിശാലത കാണിക്കുന്നില്ല. അഭിപ്രായത്തില്‍ വിയോജിക്കുന്നവരോട് അതിരുവിടാന്‍ ഒരു മടിയുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്.

ഇത്തരത്തിലുള്ള പ്രതികരണം ഒരാളുടെ ഉള്ളിലുള്ളതിനെയാണ് പ്രകടിപ്പിക്കുന്നത്. ഏതൊരു പാത്രത്തിന്റെയും ഉള്ളിലുള്ളതാണല്ലോ അതില്‍ നിന്നും തുളുമ്പുക. അതുകൊണ്ടു തന്നെ മോശപ്പെട്ട ഒരാളില്‍ നിന്നും മോശപ്പെട്ട പ്രതികരണമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. എന്നാല്‍ ഞാനും മുഹമ്മദ് നബി(സ)യുടെ അനുയായിയാണെന്ന് അവന്‍ വാദിക്കുന്നുണ്ടെങ്കിലും ഇഹത്തിലും പരത്തിലും അവന്‍ മഹാനഷ്ടകാരിയായിരിക്കും.

സ്വഭാവ തകര്‍ച്ച വ്യക്തികളില്‍ പരിമിതപ്പെടുന്നില്ല. മാധ്യമ സംവിധാനങ്ങളും ആ കെണിയില്‍ അകപ്പെടുന്നതാണ് നാം കാണുന്നത്. തൊഴിലില്‍ പാലിക്കേണ്ട് ധാര്‍മികതയും മുഹമ്മദ് നബി(സ)യിലൂടെ നാം പഠിപ്പിക്കപ്പെട്ട ഇസ്‌ലാമിക മൂല്യങ്ങളും പലപ്പോഴും കാറ്റില്‍പറത്തപ്പെടുന്നു. നാം അടിയുറച്ച് വിശ്വസിക്കുന്ന ഇസ്‌ലാമിന്റെ പേരില്‍ അത്തരം അതിരുവിടലുകളില്‍ വിട്ടുനില്‍ക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ചുറ്റുപാടിലേക്ക് വലിയ സന്ദേശമാണ് നാം പകര്‍ന്നു നല്‍കുന്നത്. ഇസ്‌ലാമിന്റെ സന്ദേശം വ്യാപിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ അതിലൂടെ സാധിക്കും. പ്രസ്തുത മൂല്യങ്ങളെ അവഗണിച്ചുള്ള നമ്മുടെ ജീവിതം ഇസ്‌ലാമിനെ കുറിച്ച തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുക എന്നതും പ്രത്യേകം ഓര്‍ക്കുക.

വിവ: നസീഫ്‌

Related Articles