Current Date

Search
Close this search box.
Search
Close this search box.

ദീനാര്‍ സംസാരിക്കുന്നു

dinar.jpg

പലയിടത്തും തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ച വൃദ്ധനായ ഒരു ദരിദ്രനെ ഞാന്‍ കണ്ടു. കാഴ്ച്ചയില്‍ തന്നെ വിശപ്പും ദാഹവും അയാളില്‍ പ്രകടമാണ്. ഒരു ബാങ്കിന്റെ വരാന്തയിലാണ് അയാള്‍ കിടക്കുന്നത്. നല്ല ഉറക്കത്തിലാണയാള്‍. സൂര്യന്റെ വെളിച്ചം അടുത്ത് അടുത്ത് നെഞ്ചോളം എത്തിയിട്ടും അതിന്റെ ചൂട് അയാള്‍ അറിയുന്നില്ല. അല്‍പസമയം അവിടെ നിന്ന് ഞാന്‍ അയാളെ കുറിച്ചാലോചിച്ചു. എന്റെ മനസ്സില്‍ ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്! ഈ ദരിദ്രനും പണം സൂക്ഷിക്കുന്ന ലോക്കറിനും ഇടയിലുള്ള അകലം മീറ്ററുകള്‍ മാത്രം. തീര്‍ച്ചയായും വൈരുദ്ധ്യങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്.

ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു, അസാധാരണമായ ഒരു ചലനം എനിക്കതിനകത്ത് അനുഭവപ്പെട്ടു. അവനെ ഞാന്‍ പിടിച്ചു, ഒരു ദീനാറായിരുന്നു അത്. ഞാനതിനോട് ചോദിച്ചു: നീയെന്തിനാ എന്റെ പോക്കറ്റില്‍ കിടന്ന ചാടിക്കളിക്കുന്നത്?
ദീനാര്‍: കുറേ കാലമായി ഞാന്‍ നിന്റെ പോക്കറ്റില്‍ കിടക്കുന്നു. ഞാന്‍ സൃഷ്ടിക്കപ്പെട്ട ലക്ഷ്യത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റമല്ല താങ്കളുടേത്.
ഞാന്‍ ചോദിച്ചു: അല്ലയോ ദീനാല്‍ നീ സൃഷ്ടിക്കപ്പെട്ടതിന്റെ ലക്ഷ്യമെന്താണ്?
ദീനാര്‍: നിന്റെ കുടുംബത്തിനും ആശ്രിതര്‍ക്കും വേണ്ടി ചെലവഴിക്കല്‍, നിന്റെയും മറ്റു ജനങ്ങളുടെയും ആവശ്യം പൂര്‍ത്തീകരിക്കുകയും പ്രയാസങ്ങള്‍ നീക്കുകയും ചെയ്യുക. കടക്കെണിയില്‍ പെട്ടവനും അനാഥക്കും വേണ്ടി ചെലവഴിക്കുക തുടങ്ങി നന്മയുടെയും പുണ്യത്തിന്റെയും മുഖങ്ങളാണതിനുള്ളത്.
ഞാന്‍: നീ എങ്ങനെ എന്റെ അടുത്തെത്തി?
ദീനാര്‍: വലിയൊരു കഥയാണത്. നിരവധി പേരുടെ കൈകളിലൂടെ കറങ്ങി തിരിഞ്ഞാണ് ഞാന്‍ എത്തിയത്. ഒന്നാമന്‍ എന്നെ കൊണ്ട് ഭൂമി വാങ്ങി. രണ്ടാമന്‍ മദ്യം വാങ്ങി. മൂന്നാമന്‍ എന്നെ കൈക്കൂലിയായി നല്‍കി. നാലാമത്തെയാള്‍ താങ്കളില്‍ നിന്ന് ചരക്കുകളെടുത്ത് താങ്കള്‍ക്ക് എന്നെ നല്‍കി. ഇവരെല്ലാം ധനത്തെ പൂജിക്കുന്നവരായിരുന്നു. ഇന് താങ്കള്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല.
ഞാന്‍: അവരെല്ലാം ധനപൂജകരാണെന്ന് എങ്ങനെ നിനക്ക് മനസ്സിലായി?
ദീനാര്‍: എന്നോടുള്ള അവരുടെ പെരുമാറ്റത്തില്‍ നിന്ന് ഞാനത് മനസ്സിലാക്കി. ദൈവമാര്‍ഗത്തില്‍ അവരാരും എന്നെ ചെലവഴിച്ചില്ല. ഹസന്‍ ബസ്വരിയുടെ ഒരു വാക്കാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്. ‘എല്ലാ സമൂഹത്തിനും അവര്‍ ആരാധിക്കുന്ന വിഗ്രഹം കാണും. ഈ സമൂഹത്തിന്റേത് ദീനാറും ദിര്‍ഹമുമാണ്.’ നന്മയുടെ മാര്‍ഗത്തില്‍ നീ എന്നെ ചെലവഴിക്കുന്നില്ലെങ്കില്‍ എന്റെ പേരുകൊണ്ട് നിന്നെ ഞാന്‍ കരിച്ചു കളയും.
ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു: നിന്റെ പേരു കൊണ്ടോ!!! അതെങ്ങനെ?
ദീനാര്‍: എന്റെ പേരിന്റെ ആദ്യ ഭാഗമായ ‘ദീന്‍’ എന്നോടുള്ള നിന്റെ ദീനീ ബാധ്യത നിന്നെ ഓര്‍മപ്പെടുത്താനാണ്. അവസാന ഭാഗം ‘നാര്‍’ (തീ) നീ എന്നെ ശേഖരിച്ചു വെക്കുന്നു, അല്ലെങ്കില്‍ നിഷിദ്ധമായ കാര്യത്തിന് ചെലവഴിക്കുന്നുവെങ്കില്‍ ആ ‘നാര്‍’  നിന്നെ കരിയിച്ചു കളയും. അല്ലാഹു പറഞ്ഞത് ഓര്‍ക്കുക: ‘പൊന്നും വെള്ളിയും കൂട്ടിവെക്കുകയും ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ, വേദനയേറിയ ശിക്ഷയുടെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അതേ സ്വര്‍ണവും വെള്ളിയും നരകാഗ്‌നിയില്‍ പഴുപ്പിക്കുകയും അനന്തരം അതുകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വങ്ങളും മുതുകുകളും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ഒരു ദിനം വരുന്നുണ്ട്ഇതാകുന്നു നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ശേഖരിച്ച നിക്ഷേപം.’
ഞാന്‍ പറഞ്ഞു: വളരെ അപകടം പിടിച്ച കാര്യമാണല്ലോ നീ പറയുന്നത്!
ദീനാര്‍: നന്മയുടെ മാര്‍ഗത്തില്‍ എന്നെ ചെലവഴിക്കുന്നവന് ഞാന്‍ അനുഗ്രഹമാണ്, നിഷിദ്ധത്തില്‍ വിനിയോഗിക്കുന്നവന് നാശവും. താങ്കളുടെ മുന്നിലുള്ള ഈ ദരിദ്രനെ നോക്ക്, എന്നെ അയാള്‍ക്ക് നല്‍കൂ.. അന്ത്യദിനത്തില്‍ ഞാന്‍ താങ്കള്‍ക്ക് അനുകൂലമായി സാക്ഷി പറയും. പ്രമുഖ താബിഇയായ സുഫ്‌യാന്‍ ബിന്‍ ഉയൈനയുടെ ഉള്ളിലുണ്ടായിരുന്ന വികാരം നിങ്ങളിലുണ്ടാവട്ടെ. ഒരു ദരിദ്രന്‍ അദ്ദേഹത്തോട് സഹായം തേടി. ഒന്നും കൈവശമില്ലാത്ത അദ്ദേഹം പൊട്ടിക്കരഞ്ഞു. കരച്ചിലിന്റെ കാരണം തേടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കളില്‍ നിന്ന് ഒരാള്‍ ഒരു നന്മ പ്രതീക്ഷിക്കുകയും എന്നിട്ടത് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ ദുരന്തമെന്തുണ്ട്.’
ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്! എത്ര നൈര്‍മല്യമുള്ള ചിന്ത.
ദീനാര്‍: ഇപ്രകാരം നിന്റെ ആയുസ്സിനെ ഉപയോഗപ്പെടുത്തുക. അല്ലാഹു ഇരട്ടി പ്രതിഫലം നല്‍കുന്ന യുവത്വത്തെ നീ വെറുതെയാക്കരുത്.
ഞാന്‍: ഒരാള്‍ യൗവനത്തില്‍ ദാനം ചെയ്യുന്നതിനും വാര്‍ധക്യത്തില്‍ ദാനം ചെയ്യുന്നതിനും ഇടയില്‍ വ്യത്യാസമുണ്ടോ?
ദീനാര്‍: ഉണ്ട്. ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഏത് ദാനധര്‍മത്തിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്? നബി(സ) പറഞ്ഞു: ‘നീ ആരോഗ്യവാനും പിശുക്കനും ദാരിദ്ര്യം ഭയക്കുന്നവനുമായിരിക്കെ ചെലവഴിക്കുന്ന്.’ (യുവാക്കള്‍ പൊതുവെ പണം തനിക്ക് വേണ്ടി സൂക്ഷിച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും എന്നതാണ് ആരോഗ്യവും പിശുക്കും ഉള്ളപ്പോള്‍ എന്നതിന്റെ ഉദ്ദേശ്യം)
ഞാന്‍: അടഞ്ഞ് കിടന്നിരുന്ന ഒരു വാതിലാണ് നീ തുറന്നത്. നിനക്ക് ഏറെ നന്ദിയുണ്ട്.
ദീനാര്‍: നീയൊരിക്കലും ദീനാറിന്റെ അടിമയാകരുത്. എന്റെ മിന്നലേറ്റ് എത്രപേരാണ് വീണിരിക്കുന്നത്! നിന്റെ ഭാര്യയെയും മക്കളെയും കുടുംബത്തെയും നീ ശ്രദ്ധിക്കണം, ഒരിക്കലും അതിലൊരു പിശുക്കും കാണിക്കരുത് എന്നാണ് നിന്റെ ചെവിയില്‍ എനിക്ക് പറയാനുള്ളത്. കാരണം നീ അവര്‍ക്ക് വേണ്ടി ചെലവഴിക്കുന്ന ഓരോ ദീനാറിനും നിനക്ക് രണ്ട് പ്രതിഫലമുണ്ട്. ചെലവഴിച്ചതിന്റെയും കുടുംബ ബന്ധത്തിന്റെ പേരിലും. പട്ടിണിയും തണുപ്പും കാരണം കഷ്ടപ്പെടുന്നവരെ നീയൊരിക്കലും മറക്കരുത്. അതിലൂടെയാണ് അല്ലാഹുവിന്റെ പ്രീതി നേടാനാവുക. അല്ലാഹുവിന്റെ ഇഷ്ടത്തിനായി എന്നെ ആ ദരിദ്രനിലേക്ക് വിടൂ. താങ്കള്‍ക്ക് മേലുള്ള അല്ലാഹുവിന്റെ കോപം ശമിപ്പിക്കാന്‍ അതിനാവും. പ്രവാചകന്‍(സ) പറഞ്ഞു: ‘ദാനധര്‍മം അല്ലാഹുവിന്റെ കോപത്തെ കെടുത്തും.’

ഞാന്‍ ആ ദരിദ്രന്റെ അടുത്ത് ചെന്നിരുന്നു. എന്റെ കൈ അയാളുടെ മാറില്‍ വെച്ചു വിളിച്ചു. ഞെട്ടിയുണര്‍ന്ന അയാള്‍ കണ്ണുതുറന്നു. ഞാന്‍ പറഞ്ഞു; പേടിക്കേണ്ട, നല്ല മനുഷ്യനാണ് ഞാന്‍. നിന്റെ പ്രയാസത്തെ ഇല്ലാതാക്കാന്‍ ഈ ദീനാര്‍ നീ എടുത്തോളൂ. ആശ്ചര്യത്തോടെ എന്നെ നോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ എന്റെ കയ്യില്‍ നിന്നുമത് അയാള്‍ വാങ്ങി. അത് മുറുക്കി പിടിച്ചു കൊണ്ട് പുഞ്ചിരിയോടെ ആകാശത്തേക്കയാള്‍ നോക്കിയിരുന്നു. തെരുവില്‍ കിടന്നുറങ്ങുന്ന ഓരോ ദരിദ്രനെ കാണുമ്പോഴും എന്റെ ഭാവനയില്‍ വരുന്ന കഥയാണിത്.

മൊഴിമാറ്റം: നസീഫ്‌

Related Articles