Current Date

Search
Close this search box.
Search
Close this search box.

തെറ്റുകളുടെ വേരറുക്കാനുള്ള ഇസ്‌ലാമിക നിര്‍ദേശങ്ങള്‍

tree.jpg

ജീവിതത്തില്‍ തെറ്റുകള്‍ ചെയ്യാത്ത ആരുമില്ല. ബോധപൂര്‍വമായും അല്ലാതെയും അത് സംഭവിക്കുന്നു. കാരണം മനുഷ്യനെ തെറ്റുചെയ്യുന്ന പ്രകൃതത്തിലാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവനില്‍ നിന്ന് വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ തന്റെ തെറ്റുകളെയും വീഴ്ചകളെയും മനസ്സിലാക്കുകയാണ് അവ ചികിത്സിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം.

തെറ്റുകളില്‍ നിന്ന് മടങ്ങുന്നതിനും അതിനെ ചികിത്സിക്കുന്നതിനും വിവരമുള്ളവര്‍ ധാരാളം നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഈ വിഷയത്തെ കൈകാര്യം ചെയ്തുകൊണ്ട് ഡോക്ടര്‍ മാജിദ് ഹസന്‍ അല്‍-അമൂദി പതിനാല് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
1. ആക്ഷേപം എപ്പോഴും നന്മയായിരിക്കില്ല : ആക്ഷേപം മിക്കപ്പോഴും സദ്ഫലം ഉണ്ടാക്കില്ലെന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് തന്നെ അതുപേക്ഷിക്കാനാണ് നാം ശ്രമിക്കേണ്ടത്. പത്ത് വര്‍ഷത്തോളം പ്രവാചകന്‍(സ)യുടെ സേവകനായിരുന്നു അനസ്(റ). ഒരിക്കല്‍ പോലും നബി(സ) അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. കൊലപ്പെടുത്തുന്ന അമ്പ് പോലെയാണ് ശകാരം. മനസിന്റെ അഹങ്കാരത്തെയത് തകര്‍ക്കുന്നു. ഈ ലോകത്ത് ആരും ആക്ഷേപിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന തിരിച്ചറിവ് മാത്രം മതി അതുപേക്ഷിക്കാന്‍.

2. തെറ്റുകാരന്റെ കണ്ണ് തുറപ്പിക്കുക : തെറ്റുചെയ്യുന്നവന്‍ പലപ്പോഴും താന്‍ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിയാതിരിക്കാറുണ്ട്. താന്‍ ചെയ്തത് ശരിയെന്ന് ധരിച്ചിരിക്കുന്ന ഒരാളെ നാമെങ്ങനെ ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്യും? അവന്റെ കണ്‍മുന്നിലുള്ള മറ നീക്കി അവന്‍ തെറ്റിലാണെന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
വ്യഭിചരിക്കണം എന്നാവശ്യപ്പെട്ട് പ്രവാചകന്‍ (സ)യുടെ അടുക്കല്‍ വന്ന യുവാവിന്റെ ചരിത്രം നമുക്ക് നല്‍കുന്ന സന്ദേശം അതാണ്. നബി(സ) സഹാബിമാര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് കടന്നുവന്നു: ‘അല്ലാഹുവിന്റെ ദൂതരേ! എനിക്ക് വ്യഭിചരിക്കാന്‍ അനുമതി തരണം”. ഇത് കേട്ടപാടെ എല്ലാവരും യുവാവിനു നേരെ ചാടിയടുത്തു. അവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് നബി(സ) പറഞ്ഞു: ‘അവന്‍ അടുത്തുവരട്ടെ”. അവന്‍ അല്‍പം കൂടി നബിയോട് ചേര്‍ന്നിരുന്നു. നബി(സ) യുവാവിനോട് ചോദിച്ചു തുടങ്ങി: ‘നീ ഇപ്പോള്‍ അനുമതി ആവശ്യപ്പെട്ട ഈ കാര്യം നിന്റെ ഉമ്മയുടെ കാര്യത്തില്‍ ഇഷ്ടപ്പെടുമോ?” യുവാവ്: ‘ജനങ്ങളാരും തങ്ങളുടെ മാതാക്കളുടെ കാര്യത്തില്‍ അതിഷ്ടപ്പെടില്ല.’ നബി(സ): ‘നിന്റെ മകളുടെ കാര്യത്തില്‍ നീ അത് ഇഷ്ടപ്പെടുമോ?” യുവാവ്: ‘ഇല്ല, റസൂലേ ഇല്ല. ജനങ്ങള്‍ അവരുടെ പെണ്‍മക്കളുടെ കാര്യത്തില്‍ അതിഷ്ടപ്പെടില്ല.” നബി(സ): ‘നിന്റെ സഹോദരിയാണെങ്കിലോ?” യുവാവ്: ‘സഹോദരിയുടെ കാര്യത്തിലും ആരും അത് ഇഷ്ടപ്പെടില്ല.” നബി(സ): ‘നിന്റെ പിതൃസഹോദരി ആയാലോ?” യുവാവ്: ‘പിതൃസഹോദരിയുടെ കാര്യത്തിലും ആരും അതാഗ്രഹിക്കില്ല.” നബി(സ): ‘നിന്റെ മാതൃ സഹോദരി?” യുവാവ്: ‘മാതൃസഹോദരിയുടെ കാര്യത്തിലും ഇഷ്ടപ്പെടില്ല.” തുടര്‍ന്ന് യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് നബി(സ) പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ! ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുക്കേണമേ! അവന്റെ ഹൃദയം നീ സംശുദ്ധമാക്കേണമേ! അവന്റെ ഗുഹ്യസ്ഥാനത്തിന്റെ പരിശുദ്ധി നീ കാക്കണേ!” ഈ സംഭവത്തിന് ശേഷം ഒരു അധര്‍മചിന്തയും ആ യുവാവിന്റെ മനസ്സില്‍ ഉണ്ടായിട്ടില്ല”.

3. നൈര്‍മല്യമുള്ള വാക്കുകള്‍ ഉപയോഗിക്കുക : സംസാരത്തിന്റെ വശ്യതയെ നാം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ തെറ്റുകളെ തിരുത്തുന്നതില്‍ എന്തുകൊണ്ട് നമുക്ക് സംസാരത്തിന്റെ വശ്യത ഉപയോഗപ്പെടുത്തിക്കൂടാ? ‘നീ ഇപ്രകാരം ചെയ്യുകയായിരുന്നെങ്കില്‍ അതായിരുന്നു നല്ലത്.’ അല്ലെങ്കില്‍ ‘ഇങ്ങനെ ചെയ്യുന്നതിനെ പറ്റി എന്താണ് നിന്റെ അഭിപ്രായം?’ ‘നീ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അതായിരുന്നു നല്ലതെന്ന് ഞാന്‍ കരുതുന്നു.’ തുടങ്ങിയ ശൈലികള്‍ അതിനുദാഹരണങ്ങളാണ്.
‘സംസ്‌കാരമില്ലാത്തവനേ’, ‘നീയെന്താ പൊട്ടനാണോ?’ ‘നിനക്ക് ബുദ്ധിയില്ലേ?’ നീയെന്താ ഭ്രാന്തനാണോ? എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്.’ തുടങ്ങിയ പ്രയോഗങ്ങളേക്കാളെല്ലാം നല്ലത് മുകളില്‍ പറഞ്ഞ നൈര്‍മല്യമുള്ള ശൈലി തന്നെയാണ്. ഈ രണ്ട് ശൈലികളും തമ്മില്‍ വലിയ അന്തരമാണുള്ളത്. അയാള്‍ക്ക് നാം നല്‍കുന്ന പരിഗണനയും ആദരവും തന്റെ തെറ്റിനെ തിരിച്ചറിയുന്നവനാക്കുന്നു.

4. തര്‍ക്കം ഉപേക്ഷിക്കുക : തെറ്റുകളെ ചികിത്സിക്കുമ്പോള്‍ തര്‍ക്കത്തിന്റെ ശൈലി ഉപേക്ഷിക്കണം. തെറ്റില്‍ കൂടുതല്‍ ആണ്ടിറങ്ങുന്നതിനാണത് കാരണമാവുക. തര്‍ക്കം നഷ്ടമാണുണ്ടാക്കുകയെന്ന് നീ തിരിച്ചറിയണം. തെറ്റുകാരന്‍ തന്റെ തെറ്റിനെ മാന്യതയുമായാണ് ബന്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ മാന്യതക്കു വേണ്ടി അവന്‍ പരമാവധി പ്രതിരോധിക്കുകയും ചെയ്യും. തര്‍ക്കം തെറ്റില്‍ നിന്ന് മടങ്ങാനുള്ള വഴി അടച്ച് കളയുകയാണ് ചെയ്യുന്നത്. തെറ്റുകളെ തിരുത്തുമ്പോള്‍ അതില്‍ നിന്ന് മടങ്ങാനുള്ള വഴികള്‍ പരമാവധി തുറന്നിടുകയാണ് നാം ചെയ്യേണ്ടത്.

5. തെറ്റുകാരന്റെ സ്ഥാനത്ത് നിന്നെ നിര്‍ത്തുക : തെറ്റുകാരന്റെ സ്ഥാനത്ത് നിന്നെ നിര്‍ത്തി പരിഹാരം അന്വേഷിക്കുക. അവന്റെ സ്ഥാനത്ത് നിന്ന് നിങ്ങള്‍ ചിന്തിക്കുക. എന്നിട്ട് അവന് സ്വീകരിക്കാന്‍ പറ്റുന്ന അനുയോജ്യമായ സാധ്യതകളെ തെരെഞ്ഞെടുക്കുക.

6. നൈര്‍മല്യം അലങ്കാരമാണ് : ഏതൊരു വസ്തുവില്‍ നൈര്‍മല്യമുണ്ടോ, അത് അതിനെ അലങ്കരിക്കുകയാണ് ചെയ്യുക. നൈര്‍മല്യം കൊണ്ട് മാത്രമേ നമുക്ക് കാര്യങ്ങള്‍ നേടാനാവൂ, തെറ്റുകളെ തിരുത്താനും അതുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ. തെറ്റുകാരന്റെ മാന്യതയെ നാം സംരക്ഷിക്കേണ്ടതുണ്ട്. പള്ളിയില്‍ മൂത്രമൊഴിച്ച ഗ്രാമീണ അറബിയുടെ ചരിത്രം നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. വളരെ നൈര്‍മല്യത്തോടെയാണ് നബി(സ) വിഷയത്തെ കൈകാര്യം ചെയ്തത്. എന്നാല്‍ അതിലൂടെ താന്‍ ചെയ്തത് തെറ്റാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

7. നിങ്ങളുടെ ആശയത്തിലേക്ക് തെറ്റുകാരെ കൊണ്ടുവരിക : മനുഷ്യന് തെറ്റ് സംഭവിക്കുമ്പോള്‍ അത് തിരുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വഴി സ്വയം അത് തിരിച്ചറിയുകയാണ്. പിന്നീട് അവന്‍ തന്നെ അതിന് പരിഹാരം തേടുന്നു. ഒരാള്‍ തന്റെ തെറ്റ് മനസിലാക്കുകയും പിന്നെ പരിഹാരവും ശരിയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ അതായിരിക്കും കൂടുതല്‍ ഫലം ചെയ്യുക.

8. ശരികള്‍ എടുത്ത് പറഞ്ഞ് കൊണ്ടായിരിക്കുക തെറ്റിനെ വിമര്‍ശിക്കുന്നത് : നിങ്ങളുടെ വിമര്‍ശനത്തെ അംഗീകരിക്കുകയും തെറ്റിനെ ശരിയാക്കുകയും ചെയ്യുന്നതിന് നിങ്ങള്‍ നീതിയോടെയാണ് വര്‍ത്തിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആളുകള്‍ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തില്‍ പല നന്മകളും ഉണ്ടായിരിക്കാം. അത്തരം നന്മകളെ അവഗണിച്ചു കൊണ്ടാവരുത് അവരിലെ തിന്മകളെ കൈകാര്യം ചെയ്യേണ്ടത്.

9. മറഞ്ഞുകിടക്കുന്ന തെറ്റുകള്‍ക്കായി ചികയരുത് : ഒരാളില്‍ പരസ്യമായും പ്രകടമായും ഉള്ള തെറ്റുകളെ തിരുത്താനാണ് നാം ശ്രമിക്കേണ്ടത്. മറഞ്ഞു കിടക്കുന്ന തെറ്റുകളെ കുറിച്ച് നാം ചികയേണ്ടതില്ല. ഒരാളുടെ രഹസ്യങ്ങള്‍ പിന്തുടരുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്.

10. സന്മനസോട് കൂടി തെറ്റിന്റെ വിശദീകരണം തേടല്‍ : ഒരാള്‍ തെറ്റു ചെയ്യുന്നു എന്ന വ്യക്തമായ അറിവ് നിങ്ങള്‍ക്ക് കിട്ടിയാല്‍ സന്മനസോട് കൂടി നിങ്ങള്‍ക്കതിന്റെ വിശദീകരണം തേടാവുന്നതാണ്. അതിലൂടെ നിങ്ങള്‍ അവന്റെ മാന്യതയെയും ആദരവിനെയും അംഗീകരിക്കുകയാണ് ചെയ്യുന്നത്. തെറ്റ് ചെയ്തതില്‍ അവന് ലജ്ജ തോന്നുകയും തനിക്ക് അനുയോജ്യമല്ലാത്ത ഒന്നാണതെന്ന് മനസിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ അങ്ങനെ ചെയ്തതായി ഞാന്‍ കേട്ടിരിക്കുന്നു.. നിങ്ങളെ പോലുള്ള ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നില്ല.’ എന്ന് തോന്നുന്ന രൂപത്തിലായിരിക്കണം നമ്മുടെ പെരുമാറ്റം.

11. ചെറിയ ശരികളെ പ്രശംസിക്കുക; ശരികളെയത് അധികരിപ്പിക്കും : ഒരാളിലുള്ള ചെറിയ നന്മകളെ പ്രശംസിക്കുമ്പോള്‍ കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിനയാള്‍ക്കത് പ്രേരണ നല്‍കുന്നു. എഴുതാന്‍ പരിശീലിക്കുന്ന ഒരു കുട്ടി പ്രശംസിക്കപ്പെടുകയും അവന്റെ ശരികളെ എടുത്തുപറയുകയും ചെയ്യുമ്പോള്‍ കൂടുതല്‍ ശരിയാക്കുന്നതിന് അവന്‍ ശ്രമിക്കുന്നത് പോലെയാണത്.

12. മൂര്‍ച്ചയേറിയ കുറ്റപ്പെടുത്തലുകള്‍ക്ക് പകരം സമാനാശയമുള്ള നല്ല പദങ്ങള്‍ ഉപയോഗിക്കുക : ‘ഒരു ബാരല്‍ വിനാഗിരിക്ക് സാധിക്കുന്നതിലേറെ പാറ്റകളെ ഒരു തുള്ളി തേന്‍ കൊണ്ട് പിടിക്കാം’ എന്നൊരു പഴമൊഴിയുണ്ട്. നല്ല വാക്കുകള്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താനാകുമെന്ന് നാം തിരിച്ചറിയണം. പരുഷമായ വാക്കുകളെ ആളുകള്‍ സ്വീകരിക്കുകയില്ല.

13. തെറ്റിനെ നിസ്സാരവും ലളിതവുമാക്കി സംസ്‌കരണത്തിനുള്ള ആത്മവിശ്വാസം പകരുക : സന്തുലിതത്വം എന്നത് പ്രപഞ്ചത്തിലെ എല്ല കാര്യങ്ങളിലുമുള്ള പ്രാപഞ്ചിക ചര്യയാണ്. ഒരു തെറ്റ് കണ്ടാല്‍ അതിനെ പര്‍വതീകരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

14. ജനങ്ങള്‍ വൈകാരികമായാണ് പെരുമാറുന്നത്, അവരുടെ ബുദ്ധി കൊണ്ടല്ലെന്ന് അവരോട് പറയണം : ആളുകളിലെ തെറ്റുകളെ തിരുത്തുമ്പോള്‍ വളരെയധികം പരിഗണിക്കേണ്ട ഒന്നാണിത്. തെറ്റുകളെ ചികിത്സിക്കുന്നിടത്ത് വളരെയധികം സഹായകമായിരിക്കും ഇത്.
തെറ്റുകളെ ചികിത്സിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. അതില്‍ നാം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തുന്നതിന് ഈ തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപ്രകാരം എപ്പോഴു നമ്മിലുണ്ടായിരിക്കേണ്ട പ്രവാചകന്‍(സ)യുടെ ഉപദേശമാണ് ‘നീ കോപിക്കരുത്.’

അവലംബം: ഇസലാം വെബ്
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles