Current Date

Search
Close this search box.
Search
Close this search box.

ടെന്‍ഷനില്ലാത്ത ജീവിതം

sad-man.jpg

അബീ സഈദുല്‍ ഖുദ്‌രി(റ)വില്‍ നിന്ന് നിവേദനം :  പ്രവാചകന്‍(സ) പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അന്‍സാരികളില്‍ പെട്ട അബൂ ഉമാമ(റ)വിനെ കണ്ടു. റസൂല്‍(സ)അദ്ദേഹത്തോട് ചോദിച്ചു. നമസ്‌കാരത്തിന്റേതല്ലാത്ത സമയത്ത് താങ്കളെ എന്താണ് പള്ളിയില്‍ കാണുന്നത്? അദ്ദേഹം പറഞ്ഞു. എന്നെ ബാധിച്ച മനപ്രയാസങ്ങളും കടബാധ്യതയുമാണ് പ്രവാചകരേ ഇതിന് പ്രേരിപ്പിച്ചത്. പ്രവാചകന്‍ ചോദിച്ചു. കടബാധ്യതയില്‍ നിന്ന് നീ രക്ഷപ്പെടുകയും നിന്റെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിച്ചുതരികയും ചെയ്യുന്ന ഒരു പ്രാര്‍ഥന നിങ്ങള്‍ക്ക് ഞാന്‍ പഠിപ്പിച്ചു തന്നിട്ടില്ലയോ?  ഞാന്‍ പറഞ്ഞു. അതെ, പ്രവാചകരേ. റസൂല്‍ പറഞ്ഞു. നീ പ്രഭാതത്തിലും പ്രദോഷത്തിലും ഈ പ്രാര്‍ഥന ഉരുവിടുക. ‘ അല്ലാഹുവേ, ഭീരുത്വം, പിശുക്ക്, കടത്തിന്റെ ആധിക്യം, ജനങ്ങളുടെ അധീശത്വം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. അബൂ ഉമാമ വിവരിക്കുന്നു. ഞാന്‍ അപ്രകാരം ചെയ്തപ്പോള്‍ അല്ലാഹു എന്റെ കടബാധ്യത നീക്കിത്തരുകയും എന്റെ ടെന്‍ഷനുകള്‍ ദൂരീകരിക്കുകയും ചെയ്തു.(അബൂദാവൂദ്).

ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മാനസിക അസ്വസ്ഥതക്കും ടെന്‍ഷനും വിഷാദരോഗങ്ങള്‍ക്കും അടിപ്പെട്ടവരെയാണ്. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂണുപോലെ കൗണ്‍സിലിംങ്ങ് സെന്ററുകള്‍ വര്‍ദ്ധിച്ചുവരുന്നു. ചെറിയ കുട്ടികള്‍ വരെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ടെന്‍ഷനെ കുറിച്ചാണ്. എന്നാല്‍ ആധുനിക സമൂഹം ഇത്തരമൊരു ദുരവസ്ഥയിലേക്കെത്തിച്ചേരാന്‍ പ്രധാന കാരണമെന്താണ്?  ഇതിനെ കുറിച്ച് നാം ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്.

ജീവിതമെന്നത് പരമാവധി ആസ്വദിക്കാനുള്ളതാണ് എന്നതാണ് ഇന്ന് മനുഷ്യന്റെ ജീവിതവീക്ഷണം. മുന്തിരിച്ചാറു പോലുള്ള ഈ ജീവിതം എന്തുവന്നാലും പരമാവധി എനിക്കാസ്വദിക്കണം. അതിന് പണം വേണം. ബുദ്ധിയും സാമര്‍ഥ്യവുമല്ല, പണമാണ് മനുഷ്യന്റെ വിലയും നിലയും അളവുകോല്‍. അതിനാല്‍ തന്നെ തന്റെ ആസ്വാദനത്തിന് എളുപ്പത്തില്‍ പണം ലഭിക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മനുഷ്യര്‍. അഴിമതി, കളവ്, വഞ്ചന തുടങ്ങിയ എല്ലാ മാര്‍ഗത്തിലൂടെയും പണം കണ്ടെത്താന്‍ അവര്‍ ശ്രമിക്കും. ഒരു കൂട്ടര്‍ ഇതില്‍ പരാജയപ്പെടുകയും സമൂഹത്തിന്റെ മുമ്പില്‍ എന്നും അതിന്റെ പേരില്‍ കുറ്റവാളികളായി കഴിയേണ്ടി വരുകയും ചെയ്യുന്നു. അത് പലരെയും നിത്യനിരാശയിലാഴ്ത്തുകയും ചെയ്യു. അല്ലാത്തവര്‍ക്ക് എത്ര ലഭിച്ചാലും അതില്‍ ആനന്ദം കൊള്ളാന്‍ കഴിയായെ കൂടുതല്‍ കൂടുതല്‍ നേടിയെടുക്കാനുള്ള ദുരയുമായി നെട്ടോട്ടമോടുന്നു. ഈ മനോഗതിയെ പ്രവാചകന്‍ മനോഹരമായി ചിത്രീകരിക്കുന്നത് കാണാം. ‘ മനുഷ്യപുത്രന് സ്വര്‍ണത്താലുള്ള ഒരു താഴ്‌വര ദൈവം നല്‍കിയാലും അതുപോലുള്ള ഒന്നു കൂടി ലഭിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. മരിച്ച് മണ്ണടിയുന്നതുവരെ ഈ ചിന്ത അവനെ വിട്ടൊഴിയില്ല’.

ദൈവം എത്ര ഐശ്വര്യം നല്‍കിയാലും അത് അവ തിരിച്ചറിഞ്ഞ് അവനോട് നന്ദിപ്രകടിപ്പിക്കുന്നതിന് പകരം കൂടുതല്‍ സമ്പത്തുള്ളവരിലേക്കും അവരുടെ ഭൗതികാനുഗ്രഹങ്ങളിലേക്കുമായിരിക്കും അവര്‍ നോക്കിക്കൊണ്ടിരിക്കുക. അവരുടെ ലക്ഷ്യം അവരോടൊപ്പമെത്തിച്ചേരുക എന്നതുമായിരിക്കും. ഇത് മാനസികമായ അസ്വസ്ഥതക്കും ടെന്‍ഷനും വലിയ കാരണമാകുന്നു.

രണ്ടാമതായി തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം പരമാവധി ആസ്വദിക്കലാണ് എന്ന് ധരിച്ചു അതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചവരുടെ ജീവിതത്തില്‍ പൊടുന്നനെ വല്ല അപകടവും താഴ്ച്ചയും പരാജയവും ബിസിനസ്സിലെ നഷ്ടവുമെല്ലാം സംഭവിക്കുമ്പോള്‍ അവര്‍ മാനസികമായി തകരുന്നു. വിഷാദത്തിനും മറ്റുമടിപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാം ഇതിനു മാനസികമായ ചികിത്സ നിര്‍ദ്ദേശിക്കുന്നതായി കാണാം. പ്രവാചകന്‍ പഠിപ്പിച്ചു. ‘നിങ്ങള്‍ നിങ്ങളേക്കാള്‍ ഭൗതികാനുഗ്രഹങ്ങള്‍ കുറഞ്ഞവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ മുകളിലേക്കുള്ളവരെ നോക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് കനിഞ്ഞരുളിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കാതിരിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണിത്’.  തന്നേക്കാള്‍ ഭൗതിക വിഭവങ്ങള്‍ കുറവുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുമ്പോഴാണ് മനുഷ്യന്‍ അറിയാതെ, അല്‍ഹംദുലില്ലാഹ് അല്ലാഹു ഇത്രയും വലിയ അനുഗ്രങ്ങള്‍ എനിക്ക് നല്‍കിയല്ലോ എന്ന ബോധ്യം മനുഷ്യരില്‍ ഉടലെടുക്കുക. ആഢംഭര കാറും മോഡിപിടിപ്പിച്ച വീടും കണ്ടു മഞ്ഞളിക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിന് സ്വസ്ഥത കൈവരിക്കാന്‍ സാധിക്കുകയുമില്ല.

ഭൂമുഖത്ത് ഏറ്റവും വലിയ അനുഗ്രഹം എന്നു പറയുന്നത് മനസ്സമാധാനവും സ്വാസ്ഥ്യവുമാണ്. പൂര്‍വീകരായ ചില മഹാന്മാര്‍ ഇപ്രകാരം വിവരിക്കുന്നത് കാണാം. ‘കുടിലുകളില്‍ താമസിക്കുന്ന ചില സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന സമാധാനവും സ്വസ്ഥതയും മനശ്ശാന്തിയും ചക്രവാളങ്ങള്‍ വെട്ടിപ്പിടിച്ച ഭരരണാധികാരികള്‍ തിരിച്ചറിഞ്ഞെങ്കില്‍ അത് നേടിയെടുക്കാനായി അവരോടവര്‍ യുദ്ധം ചെയ്യുമായിരുന്നു’.  മനുഷ്യന്റെ മനസ്സമാധാനവും ഉറക്കവും കെടുത്തുന്ന ഒരു ഹാനിയാണ് കടബാധ്യത. കടത്തെ നിങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കുക! അത് രാത്രിയില്‍ നിങ്ങളുടെ ഉറക്കം കെടുത്തുകയും പകലില്‍ നിങ്ങള്‍ക്ക് നിന്ദ്യത വരുത്തുകയും ചെയ്യും എന്ന അധ്യാപനം ഇന്ന് വളരെ പ്രസക്തമാണ്. ആവശ്യം, അത്യാവശ്യം, അനാവശ്യം ഏതെന്ന് നോക്കാതെ എളുപ്പത്തില്‍ എല്ലാം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ ലോണും പലിശയുമായി കയറിയിറങ്ങുന്നവരെ കാത്തിരിക്കുന്നതും ഇത്തരത്തിലുള്ള ദുരന്തങ്ങളാണ്. അതിനാല്‍ തന്നെ ജീവിതത്തെ കുറിച്ച സന്തുലിതമായ വീക്ഷണം കെട്ടിപ്പെടുക്കുകയും ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരു മനസ്സ് രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരത്തിലുള്ള ടെന്‍ഷനുകളില്‍ നിന്നു മാനസിക അസ്വസഥതകളില്‍ നിന്നും മുക്തമാകാനുള്ള ഏക വഴി. അതോടൊപ്പം അബൂഉമാമ(റ)വിന് പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന പതിവാക്കുകയും അതിന്റെ താല്‍പര്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ ലോകത്തെ എല്ലാ ധനാഢ്യരും രാജാക്കന്മാരും കൊതിച്ചുകൊണ്ടിരിക്കുന്ന മനശ്ശാന്തിയും സ്വസ്ഥതയും നമുക്ക് നേടിയെടുക്കാന്‍ കഴിയും!

Related Articles