Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തെ പുതുക്കി പണിയാന്‍ ഇനിയും സമയമായില്ലേ?

renovation.jpg

ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാന്‍ പലപ്പോഴും മനുഷ്യര്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കത്തെ നിലവിലെ അവസ്ഥ മെച്ചപ്പെടട്ടെ, നല്ല ഒരു സ്ഥാനത്ത് എത്തട്ടെ എന്നിങ്ങനെയുള്ള അജ്ഞാതമായ കണക്കുകൂട്ടലുകളുമായിട്ടോ ജന്മദിനം, പുതുവര്‍ഷാരംഭം പോലുള്ള നിര്‍ണിതമായ തിയ്യതികളുമായിട്ടോ അവന്‍ ബന്ധിപ്പിക്കുന്നു. ആ സമയത്ത് ഏതോ ഒരു ശക്തി വരുമെന്നാണ് അവന്‍ കരുതുന്നത്. അതവനില്‍ അലസതക്ക് ശേഷം ഉന്മേഷം നിറക്കുമെന്നും നിരാശക്ക് പകരം പ്രതീക്ഷ പകരുമെന്നും അവന്‍ കരുതുന്നു. വ്യാമോഹം മാത്രമാണത്. കാരണം ജീവിതത്തിന്റെ പുതുക്കിപണിയല്‍ എല്ലാറ്റിനും മുമ്പായി മനസ്സിന്റെ ഉള്ളില്‍ നിന്നും ഉത്ഭവിക്കണം.

നിശ്ചയദാര്‍ഢ്യത്തോടെയും ഉള്‍ക്കാഴ്ച്ചയോടെയും ഐഹിക ലോകത്തെ അഭിമുഖീകരിക്കുന്ന ഒരാള്‍ അതിന് പ്രയാസം സൃഷ്ടിക്കുന്ന മോശം സാഹചര്യങ്ങള്‍ക്ക് കീഴ്‌പ്പെടാറില്ല. സാഹചര്യങ്ങള്‍ അവനെ ലക്ഷ്യത്തില്‍ നിന്നും തെറ്റിക്കുന്നില്ല. അതിനെ ഉപയോഗപ്പെടുത്തുന്ന അവന്‍ അതിന് മുമ്പില്‍ തന്റെ ഗുണങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. മാലിന്യ കൂമ്പാരത്തിനടിയില്‍ കിടക്കുന്ന പൂച്ചെടിയുടെ വിത്ത് പോലെയായിരിക്കണം. പിന്നീട് സൂര്യപ്രകാശത്തിലേക്കുള്ള വഴിവെട്ടി തുറന്നു കൊണ്ടത് സുഗന്ധം പരത്തുന്നു. ചെളിയെയും കലങ്ങിയ വെള്ളത്തെയും ശോഭനമായ നിറവും സുഗന്ധവുമാക്കി അത് മാറ്റുന്നു. അപ്രകാരം ഒരു മനുഷ്യന് സ്വന്തത്തെയും തന്റെ സമയത്തെയും നിയന്ത്രിക്കാന്‍ സാധിക്കുകയും ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ അനിഷ്ടകരമായ കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കും. മറ്റുള്ളവരുടെ സഹായം കാത്തുനില്‍ക്കാതെ താനുദ്ദേശിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവന് സാധിക്കും.

തീര്‍ച്ചയായും അന്തര്‍ലീനമായ ശക്തിയും കഴിവുകളും അനുവദനീയമായ അവസരങ്ങളും കൊണ്ട് പുതിയൊരു ജീവിതം ആരംഭിക്കാന്‍ അവന് സാധിക്കും.

നീട്ടിവെക്കലുകള്‍ക്ക് ഒരു സ്ഥാനവുമില്ല. തീര്‍ച്ചയായും സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവരുടെ നാഡികളെ ശക്തിപ്പെടുത്തുന്ന സഹായവുമായി കാലം വരും. എന്നാല്‍ ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് നടക്കാനും ഓടാനും അത് ഊര്‍ജ്ജം പകരുന്നത് അസംഭവ്യമാണ്.

ജീവിതം നിര്‍മാണത്തെ നീയൊരിക്കലും അദൃശ്യമായ വ്യാമോഹത്തിന്‍ മേല്‍ ബന്ധിപ്പിക്കരുത്. കാരണം ആ പ്രതീക്ഷ നിനക്ക് നന്മയുണ്ടാക്കില്ല. നിനക്ക് മുമ്പിലുള്ള വര്‍ത്തമാനകാല സാഹചര്യങ്ങളും അതിലെ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുമാണ് നിനക്ക് മുമ്പുള്ളത്. അവ മാത്രമാണ് നിങ്ങളുടെ ഭാവിക്ക് ജന്മം നല്‍കുന്ന ഘടകങ്ങള്‍. അതുകൊണ്ടു തന്നെ നീട്ടിവെക്കുന്നതിനും മറ്റൊരു സന്ദര്‍ഭം കാത്തുനില്‍ക്കുന്നതിനും ഒരു സ്ഥാനവുമില്ല. പ്രവാചകന്‍(സ) പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു പകല്‍ തെറ്റുകള്‍ ചെയ്തവരുടെ പശ്ചാത്താപം സ്വീകരിക്കാനായി രാത്രിയില്‍ അവന്റെ കരങ്ങള്‍ നീട്ടുന്നു, രാത്രിയില്‍ തെറ്റുകള്‍ ചെയ്തവരുടെ പശ്ചാത്താപം സ്വീകരിക്കാനായി പകലിലും അവന്‍ തന്റെ കരങ്ങള്‍ നീട്ടിവെക്കുന്നു.”

ജീവിത നവീകരണ പദ്ധതിയും കര്‍മങ്ങളുടെ സംസ്‌കരണവും നടപ്പാക്കുന്നതില്‍ വരുന്ന ഓരോ നീട്ടിവെക്കലുകളും നീ മോചനം ആഗ്രഹിക്കുന്ന ചാരം മൂടിയ അവസ്ഥയെ നീട്ടുക മാത്രമാണ് ചെയ്യുന്നത്. ഇച്ഛയുടെയും അശ്രദ്ധയുടെയും പിടിവലിക്ക് മുമ്പില്‍ പരാജിതനായി നീ അവശേഷിക്കുകയും ചെയ്യും. അതിലുപരിയായി വന്‍ പതനത്തിലേക്കുള്ള വഴിയായിരിക്കുമത്.

തെറ്റില്‍ ഖേദിക്കുന്നവന്‍ അല്ലാഹുവില്‍ നിന്നുള്ള കാരുണ്യമാണ് പ്രതീക്ഷിക്കുന്നത്, പൊങ്ങച്ചക്കാരന്‍ അവന്റെ കോപവും. ദൈവദാസന്‍മാരേ, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, ഓരോരുത്തരും തന്റെ കര്‍മങ്ങളുമായി ഹാജരാക്കപ്പെടും. താന്‍ ചെയ്ത നല്ല കര്‍മങ്ങളും ചീത്ത കര്‍മങ്ങളും കണ്ടിട്ടല്ലാതെ ഒരാളും ഈ ലോകത്ത് നിന്നും പോവുകയില്ല. കര്‍മങ്ങള്‍ അതിന്റെ അവസാനം പരിഗണിച്ചാണ്. രാത്രിയും പകലും വാഹനങ്ങളാണ്. അതുകൊണ്ട് പരലോകത്തേക്ക് അതിന്മേല്‍ നന്നായി യാത്ര ചെയ്യുക. നാളേക്ക് നീട്ടിവെക്കുന്നതിനെ നീ കരുതിയിരിക്കുക. മരണം പെട്ടന്നായിരിക്കും വരിക. സ്വര്‍ഗവും നരകവും നിങ്ങളുടെ ചെരുപ്പിന്റെ വാറിനേക്കാളും സമീപസ്ഥമാണ്. അല്ലാഹു പറയുന്നു: ”അണുഅളവ് നന്മ ചെയ്തിട്ടുള്ളവന്‍ അതവിടെ കാണും. അണുഅളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും.”

Related Articles