Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ നിന്ന് എടുക്കാനുളളത്

chess1.jpg

വലിയ കൊട്ടാരങ്ങള്‍, വിലപിടിപ്പുള്ള കാറുകള്‍, ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങള്‍, ആര്‍ഭാടമായ ജീവിതരീതി, സമ്പത്ത്, അധികാരം, കഴിവ്, ലാളിത്യം, സാന്ത്വനം… തുടങ്ങി നല്ലതെന്ന് തോന്നുന്ന എല്ലാ കാര്യങ്ങള്‍ക്കും കൂടുതലായി ആവശ്യവും ആഗ്രഹവുമുണ്ടാവുക എന്നത് മനുഷ്യസഹജമാണ്.

ഭാഗ്യവാനാവുക എന്നതും നമ്മുടെ ആഗ്രഹമാണ്. അതുപോലെ സന്തോഷകരമായ ജീവിതം, അനുഗ്രഹം, സ്‌നേഹം, സന്തോഷം, സമാധാനം, ബഹുമാനം പോലെ അവ്യക്തമായ അനുഗ്രഹങ്ങള്‍. കൂടാതെ ആരോഗ്യം, നല്ല ഛായ, ഭംഗിയുളള ഒരു വീട്, സ്‌നേഹമുള്ള കുടുംബം, ഒരുപാട് കൂട്ടുകാര്‍, പണം, നല്ല ഓദ്യോഗിക ജീവിതം തുടങ്ങിയ സൂഖങ്ങള്‍ നമ്മുടെ ജീവിതം എളുപ്പമാക്കുന്നുവെന്നും നമ്മള്‍ കരുതുന്നു.
യഥാര്‍ഥത്തില്‍ നമ്മളെല്ലാം സന്തോഷത്തോടെയും ആശ്വാസത്തോടെയും ജീവിക്കാനിഷ്ടപ്പെടുന്നവരാണ്. ക്ലേശങ്ങളില്‍ നിന്നും ദൗര്‍ഭാഗ്യങ്ങളില്‍നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവരാണ്.

നിങ്ങള്‍ക്ക് ഇതെല്ലാമുണ്ടെന്ന് കരുതുക. ഒരുനിമിഷം കണ്ണടച്ച് ശ്രേഷ്ഠവും ധര്‍മവുമുള്ള നിങ്ങളുടെ ജീവിതത്തില്‍ ഒരാള്‍ക്ക് ചോദിച്ചാല്‍ കിട്ടുന്നത്രയും എല്ലാ വസ്തുക്കളും നിങ്ങള്‍ക്ക് സ്വന്തമായുണ്ടെന്ന് സങ്കല്‍പിക്കുക.
യഥാര്‍ഥത്തില്‍ നിങ്ങള്‍ ഇതുവരെ ഒരാളും പ്രാപിക്കാത്ത വിശാലമായ ഒരു രാജ്യം ഭരിക്കുകയാണെന്ന് വിചാരിക്കുക, ഭൂമിയില്‍ നിങ്ങള്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ഏതു സ്ഥലത്തും ടിക്കറ്റോ വിസയോ ഇല്ലാതെ നിങ്ങള്‍ക്ക് സെക്കന്റുകള്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമെങ്കിലോ?

നിങ്ങള്‍ക്കെന്ത് ചെയ്യാനാവും
പ്രവാചകന്‍ ദാവൂദ് (അ)ഉം മകന്‍ സുലൈമാനും(അ) ഇത്തരം അനുഗ്രഹങ്ങളെല്ലാം ലഭിച്ചവരായിരുന്നു. അവര്‍ക്ക് രാജ്യവും രാജപദവിയും രാഷ്ട്രീയ അധികാരവും ശക്തിയും കൊട്ടാരങ്ങളും സൈന്യവും (മനുഷ്യന്റെയുംജിന്നിന്റെയും മൃഗങ്ങളുടെയും) കൂടാതെ മതപരമായും മറ്റുമുള്ള അതീവ ജ്ഞാനത്തോടൊപ്പം പ്രവാചകത്വ പദവിയുമുണ്ടായിരുന്നു. ലോകത്ത് മറ്റനേകം അനുഗ്രഹങ്ങള്‍ കൂടി പ്രദാനം ചെയ്യപ്പെട്ട ഇവരെപ്പോലുള്ള ഒരാളും ഉണ്ടായിട്ടില്ല. (ഇബ്‌നുകഥീറിന്റെ തഫ്‌സീറില്‍ നിന്ന്) എന്നിരുന്നാലും അവരുടെ പെരുമാറ്റവും അല്ലാഹുവില്‍നിന്നുള്ള അതിയായ അനുഗ്രഹവുംകൊണ്ട് എങ്ങനെയവര്‍ ജീവിച്ചുവെന്നും ഈ അനുഗ്രഹങ്ങള്‍ കൊണ്ട് അവരെന്തു ചെയ്തുവെന്നും പ്രതിപാദിക്കാതിരുന്നാല്‍ ശരിയാവില്ല.

അനുഗ്രഹങ്ങള്‍ ആശ്വാസത്തിലേക്കും വിനയത്തിലേക്കും നയിക്കുന്നു
പ്രവാചകന്‍ ദാവൂദിനെ ലോകത്തില്‍ പ്രത്യേക ശ്രേഷ്ഠതയുള്ളവനായി അംഗീകരിക്കുന്നുവെന്ന് ഖുര്‍ആനില്‍ അള്ളാഹു പറയുന്നു. പ്രവാചകന്‍ ദാവൂദ് (അ)ന് ലഭിച്ച ചില അനുഗ്രഹങ്ങള്‍ എടുത്തുപറയേണ്ടതാണ്, അദ്ദേഹം ചുറ്റുപാടുകളില്‍നിന്ന് വളരെ ഭംഗിയുളള ശബ്ദവും ഈണവുമുപയോഗിച്ച് അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് പാടിയിരുന്നു. മൃഗങ്ങളും മലകളും അതേറ്റ്പാടുമായിരുന്നു.

അല്ലാഹു ഇരുമ്പിനെ അദ്ദേഹത്തിനുവേണ്ടി മൃദുലമാക്കി. അദ്ദേഹം യുദ്ധവേളയില്‍ സൈനികര്‍ക്ക് ധരിക്കാനായി ഭംഗിയുള്ള വസ്ത്രങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. അല്ലാഹുവിന്റെ ദീന്‍ ഭൂമിയില്‍ സ്ഥാപിക്കുന്നതിനുവേണ്ടി സമരംചെയ്യുന്ന കഴിവുറ്റ പടയാളികൂടിയായിരുന്നു ദാവൂദ് (അ).
ഇബ്‌നുകഥീറിന്റെ തഫ്‌സീര്‍ പ്രകാരം പ്രവാചകന്‍ ദാവൂദിന് ഇരുമ്പ് ചുരുട്ടാനും വളക്കാനും അത് ചൂടാക്കുകയോ അടിക്കുകയോ വേണ്ടിയിരുന്നില്ല. ഒരു ചരടോ കയറോ ചുരുട്ടുന്നതുപോലെ കൈകള്‍ മാത്രമുപയോഗിച്ച് അദ്ദേഹത്തിനത് അനായാസം കഴിയുമായിരുന്നു. ഇത് അല്ലാഹുവില്‍ നിന്ന് അദ്ദേഹത്തിനുളള പ്രത്യേക സമ്മാനമായിരുന്നു.

ദാവൂദ് (അ)ന്റെ മകന്‍ സുലൈമാനും പ്രവാചകനായിരുന്നു. ചുരുങ്ങിയ സമയത്തിനുളളില്‍ ദീര്‍ഘദൂരം സഞ്ചരിക്കാനുളള പ്രത്യേക കഴിവിനാല്‍ അനുഗ്രഹീതനായിരുന്നു സുലൈമാന്‍ (അ). അല്ലാഹു അദ്ദേഹത്തിന് കാറ്റിനെ കീഴ്‌പ്പെടുത്തിക്കൊടുത്തു. പ്ലെയിനുകളും ജെറ്റുകളും റോക്കറ്റുകളും ഒരു ദിവസത്തേക്കാള്‍ കുറവ് സമയംകൊണ്ട് കനത്ത ഭാരവും വഹിച്ച് പറക്കുന്നിനേക്കാള്‍ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഇതെന്നോര്‍ക്കണം.

ഒരു ലക്ഷ്യത്തിലെത്തിച്ചേരണമെങ്കില്‍ ദിവസങ്ങളോ മാസങ്ങളോ മൃഗങ്ങളെ വാഹനമാക്കിയോ കാല്‍നടയായോ മാത്രം സഞ്ചരിച്ചിരുന്ന ആ കാലത്ത് പ്രവാചകന്‍ സുലൈമാന്‍ (അ)ന്  ഞൊടിയിട കൊണ്ട് എവിടെയും എത്താന്‍ കഴിയുമായിരുന്നു. കാരണം അദ്ദേഹത്തിന് കാറ്റിനെ നിയന്ത്രിക്കാനുളള കഴിവ് ഉണ്ടായിരുന്നു.

കൂടാതെ, സുലൈമാന്‍ (അ)ന് ജിന്നുകളുടെ സൈന്യവുമുണ്ടായിരുന്നു. അവ വലിയ വീടും അതിനുള്ളില്‍ നീര്‍ത്തടം, കുട്ടകം പോലുളളവയും രാവും പകലും വ്യത്യാസമില്ലാതെ നിര്‍മിക്കാന്‍ കെല്‍പുള്ളവരും സന്നദ്ധരുമായിരുന്നു. ഏതെങ്കിലും ജിന്ന് ജോലിയുടെ കാര്യത്തില്‍ വ്യതിചലിക്കുകയാണെങ്കില്‍ അവന് തീക്ഷ്ണമായ ശിക്ഷ അളളാഹു നല്‍കിയിരുന്നു.

അള്ളാഹു മറ്റാര്‍ക്കും നല്‍കാത്ത വിശിഷ്ടമായ ഈ അനുഗ്രഹങ്ങള്‍ നല്‍കിയത് ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്. ദാവൂദ് (അ)ന്റെ കുടുംബത്തോടും അനുയായികളോടും ഈ അനുഗ്രഹങ്ങളെ മുന്‍നിര്‍ത്തി അളളാഹുവിന് നന്ദി ചെയ്യാനും അവന്‍ കല്‍പിക്കുന്നുണ്ട്. ‘കഠിനാധ്വാനം ചെയ്യുന്ന ദാവൂദിന്റെ ആളുകളെ, എന്റെ ദാസന്മാര്‍ക്കിടയില്‍ ചിലര്‍ നന്ദിയുള്ളവരാണ്.'(34:13)

വാസ്തവത്തില്‍ അള്ളാഹു അദ്ദേഹത്തിന് നല്‍കിയ എല്ലാ പ്രത്യേക അവകാശങ്ങളും കഴിവുകളും അനുഗ്രഹങ്ങളും ഉദ്ധരിച്ചത് നമുക്ക് ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. നമുക്കിടയില്‍ ഏറെ സമ്പത്തും സ്വാധീനവുമുള്ള ആളുകളെയാണ് ജനങ്ങള്‍ വകവെക്കുന്നത്. എന്നാല്‍ ഇത്രയേറെ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും അവക്കെല്ലാം എത്രമാത്രം നന്ദിയാണ് അല്ലാഹുവോട് കാണിച്ചുകൊണ്ടിരിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
ദാവൂദ് (അ) അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചിരുന്നത് ആരാധനകള്‍ അധികരിപ്പിച്ചായിരുന്നു. അദ്ദേഹം മനോഹരമായ ശബ്ദത്തില്‍ പാട്ടുപാടി അല്ലാഹുവിന്റെ പ്രകൃതിയെ പ്രകീര്‍ത്തിക്കുമായിരുന്നു. പര്‍വതങ്ങളും പക്ഷികളും അതേറ്റ് ചൊല്ലുമായിരുന്നു. രാത്രിയില്‍ ഏറെനേരം അദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പുനോല്‍ക്കുമായിരുന്നു.

മുഹമ്മദ് നബി (സ) പറഞ്ഞതായി അബ്ദു്‌ലാഹിബ്‌നു അംറ് വിശദീകരിക്കുന്നു: അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള പ്രാര്‍ഥന ദാവൂദ് (അ)ന്റെ പ്രാര്‍ഥന ആയിരുന്നു. രാത്രിയുടെ പകുതി മാത്രമേ അദ്ദേഹം ഉറങ്ങിയിരുന്നുള്ളൂ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റ് പ്രാര്‍ഥനാ നിരതനായിരുന്നു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നോമ്പ് ദാവൂദ് (അ)ന്റെതായിരുന്നു. അദ്ദേഹം ഒന്നിടവിട്ട എല്ലാ ദിവസങ്ങളിലും നോമ്പെടുത്തിരുന്നു. അദ്ദേഹം ഒരിക്കലും യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയിരുന്നില്ല. (ബുഖാരിയും മുസ്‌ലിമും ചേര്‍ന്നുദ്ദരിച്ചത് 187)
വളരെ കൂടുതല്‍ സമ്പത്തും ശക്തിയും സ്വാധീനവും പ്രാഗത്ഭ്യവും ഉളളതോടൊപ്പം അല്ലാഹുവിലുളള ഭയവും മതബോധവും കൂടി ലിപ്തമായ ഒരാളെ സമകാലിക ലോകത്തില്‍ കണ്ടെത്താനാവുക എന്നത് വളരെ പ്രയാസകരമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അധികാരവും സമ്പത്തും പ്രശസ്തിയും ജനസ്വാധീനവും പ്രത്യേകാവകാശങ്ങളുടെ ഉടമസ്ഥതയും പോലുള്ള ഒരുപാട് പ്രത്യേകതകള്‍ കൈമുതലായുള്ള ഒരു വ്യക്തിയോ സമൂഹമോ ധാര്‍മിക അധോഗതിയിലേക്കും അഴിമതിയിലേക്കും കൂപ്പുകുത്താനുളള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ അസാധാരണക്കാരനല്ലാത്തൊരാള്‍ സമ്പത്തും  ജനസ്വാധീനവും വന്നുചേര്‍ന്നാല്‍ മതത്തില്‍നിന്നും അകന്ന്ു പോവാന്‍ സാധ്യതയേറുന്നു. ഐഹികകാരുണ്യങ്ങളുടെ പട്ടിക അല്ലാഹു അവരില്‍ നിരന്തരം വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരാധനയും അടിമത്തവും അല്ലാഹുവോടുളള നന്ദിയും വര്‍ധിപ്പിക്കുന്നതിനുപകരം ധാര്‍മിക അധപ്പതനത്തിലേക്കും പാപങ്ങളിലേക്കും അഹങ്കാരത്തിലേക്കും അവര്‍ കൂപ്പുകുത്തുന്നു.

ഇത് ശരിക്കും ദുഖപൂര്‍ണമായ ഒരു യാഥാര്‍ഥ്യമാണ്. കാരണം പ്രവാചകന്‍ ദാവൂദ് (അ)ന്റെയും സുലൈമാന്‍ (അ)ന്റെയും ഉപമകള്‍ നമുക്ക് പഠിപ്പിച്ചുതരുന്നത് അല്ലാഹു പ്രദാനംചെയ്ത ഐഹികമായ കാരുണ്യവും അനുഗ്രഹങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്തമായ ഒരു പാഠമാണ്. വിനയവും ധര്‍മവും കൈമുതലാക്കണം. അതിലുപരി എപ്പോഴും അല്ലാഹുവോട് നന്ദി കാണിക്കുന്നതില്‍ വിമുഖത ഉണ്ടാവരുത്. വ്യക്തിപരമായ ആരാധനകള്‍ അധികരിപ്പിച്ചുകൊണ്ടു മാത്രമല്ല അല്ലാഹുവോട് കൃതജ്ഞത രേഖപ്പെടുത്തേണ്ടത്, സേവനങ്ങളും ഉദ്യമങ്ങളും ലഭിച്ച മറ്റ് പ്രത്യേകാനുഗ്രഹങ്ങളും അടിസ്ഥാനമാക്കി ദൈവപ്രീതിക്കുവേണ്ടി നിലകൊള്ളുക കൂടി വേണം.

ഉദാഹരണമായി ശരീരംകൊണ്ട് ശക്തിയുപയോഗിച്ച് ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാവുന്നതും സുന്ദരശബ്ദത്തില്‍ സംസാരിക്കാനും പാടാനും കഴിയുന്നതും ഓദ്യോഗികജീവിതത്തില്‍ തുടരെയുളള വിജയവും സമ്പാദ്യവുമെല്ലാം അല്ലാഹുവില്‍നിന്നുള്ള പ്രത്യേക അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് നാം തിരിച്ചറിയണം. അനുഗ്രഹങ്ങള്‍ക്ക് പകരമായി ആരാധനകള്‍ അധികരിപ്പിക്കാനും നന്ദിപ്രകാശിപ്പിക്കാനും മടി കാണിക്കരുത്. ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ അധികാരവും സമ്പത്തും അറിവും സ്വാധീനവുമുള്ള മുസ്ലിമാകുവാന്‍ ആരാധനകളില്‍ കൂടുതല്‍ ദൃഢതയും ഉണര്‍ച്ചയും ഉണ്ടാക്കിയെടുക്കണം.

വിവ: ബിശാറ മുജീബ്

Related Articles