Current Date

Search
Close this search box.
Search
Close this search box.

Tharbiya

അല്ലാഹു കൂടെയുള്ളപ്പോള്‍ ദുഖിക്കുന്നതെങ്ങനെ?

pray1.jpg

ദുഖം പേറുന്ന എത്രയെത്ര ദരിദ്രര്‍, വേദനിക്കുന്ന എത്രയെത്ര രോഗികള്‍! അക്രമത്തിന്റെ കയ്പുനീരിനെ ഭീതിയോടെ കാണുന്ന, അതിനെ തടുക്കാന്‍ ശേഷിയില്ലാത്ത എത്രയെത്ര മര്‍ദിതര്‍! മക്കള്‍ക്ക് രോഗം ബാധിച്ചതിന്റെ പേരില്‍, അവര്‍ വഴിപിഴച്ചതിന്റെ പേരില്‍ അല്ലെങ്കില്‍ അവര്‍ തങ്ങളെ ഉപേക്ഷിച്ചതിന്റെ പേരില്‍ പ്രയാസപ്പെടുന്ന എത്രയെത്ര മാതാപിതാക്കള്‍! മറ്റുള്ളവരുടെ അവകാശങ്ങളില്‍ വീഴ്ച്ച വരുത്തിയ എത്രയെത്ര ആരാചാര്‍മാര്‍… ഇതൊക്കെയാണ് മനുഷ്യന്റെ അവസ്ഥ. ഇതിനിടയില്‍ നാമെങ്ങനെ വേദനകളെ നേരിടും? വേദനകളെ എങ്ങനെ പ്രതീക്ഷകളാക്കാം? പരീക്ഷണങ്ങളെ എങ്ങനെ ഉപഹാരങ്ങളാക്കും?

നീയൊരു വാഹനം ഇല്ലാത്തതിന്റെ പേരില്‍ ദുഖിക്കുന്നുണ്ടോ? കാലുകള്‍ തളര്‍ന്ന് ചലന ശേഷി പോലും ഇല്ലാത്ത നിരവധി പേരുണ്ടെന്ന് നീ ഓര്‍ക്കുക. നീ വേദനിക്കുന്ന രോഗിയാണെങ്കില്‍ ഓര്‍ക്കുക, വര്‍ഷങ്ങളായി വിരപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കഴിയുന്ന എത്രയോ ആളുകളുണ്ട്. പലതും ശമനം പ്രതീക്ഷിക്കാത്തതാണ്. എന്നാല്‍ അതിനേക്കാള്‍ ശക്തമായ രോഗമായിരിക്കാം ഒരു പക്ഷെ നിങ്ങളനുഭവിക്കുന്നത്. രോഗത്തില്‍ നീ ക്ഷമ കാണിക്കുകയാണെങ്കില്‍ നിന്റെ പാപങ്ങളെ അത് മായ്ച്ചു കളയുമെന്നും നന്മകള്‍ അധികരിപ്പിക്കുമെന്നും നീ മനസിലാക്കുക. നിന്റെ പദവി അതിലൂടെ ഉയരും. സഹനമവലംബിക്കുമ്പോള്‍ നീ കാരുണ്യവാന്റെ കൂട്ടുകാരനാണ്. അല്ലാഹു തന്റെ ഒരടിമയെ ഇഷ്ടപ്പെട്ടാല്‍ അവനെ പരീക്ഷിക്കുമെന്ന് നീ തിരിച്ചറിയുക.

നീ മര്‍ദിതനാണെങ്കില്‍ ക്ഷമിക്കുക, അക്രമിക്ക് കീഴൊതുങ്ങാതെ അവനെ പ്രതിരോധിക്കുക. സര്‍വശക്തനായ നിന്റെ നാഥനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. സര്‍വലോകവും അടക്കി വാഴുന്ന അവന്റെ മുന്നില്‍ മനുഷ്യരെല്ലാം നിസ്സാരരാണ്. അല്ലാഹു നിനക്ക് വേണ്ടി പ്രതിരോധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. അക്രമികളെ കുറിച്ച് അവനൊരിക്കലും അശ്രദ്ധനല്ല. ‘ഈ ധിക്കാരികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അജ്ഞനാണെന്നു നീ ധരിക്കരുത്.’ (ഇബ്‌റാഹീം : 42) മര്‍ദിതന്റെ പ്രാര്‍ഥന സ്വീകരിക്കുമെന്നും അവനെ സഹായിക്കുമെന്നതും അല്ലാഹു നല്‍കുന്ന വാഗ്ദാനമാണ്.

ഏതെങ്കിലും തരത്തില്‍ മകനെ നഷ്ടപ്പെട്ടവനാണ് നിങ്ങളെങ്കില്‍, ഒറ്റ സംഭവത്തില്‍ തന്നെ എല്ലാ മക്കളെയും നഷ്ടപ്പെട്ടവരെ കുറിച്ച് നീ ചിന്തിക്കുക. കഴിഞ്ഞ കാലം തെറ്റുകളിലും ദൈവ ധിക്കാരത്തിലുമായിരുന്നോ നിങ്ങള്‍ കഴിച്ചു കൂട്ടിയത്. അതില്‍ നിരാശപ്പെടുകയോ ഭയപ്പെടുകയോ അല്ല വേണ്ടത്. മറിച്ച് പശ്ചാതപിച്ച് അല്ലാഹുവിലേക്ക് മടങ്ങുക. നിന്റെ നാഥന്‍ അങ്ങേയറ്റം കാരുണ്യവാനും പൊറുത്തു കൊടുക്കുന്നവനുമാണ്. എല്ലാവര്‍ക്കും പൊറുത്തു കൊടുക്കുന്നവനാണവന്‍. തെറ്റു ചെയതവരോട് അതിന്റെ പേരില്‍ നിരാശരാവരുതെന്നാണ് അല്ലാഹു കല്‍പിക്കുന്നത്. ‘പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.’ (അസ്സുമര്‍ : 53)

മറ്റുള്ളവരുടെ അവകാശങ്ങളില്‍ നീ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഉടനെ ക്ഷമാപണം നടത്തുക. യാഥാര്‍ത്ഥ്യം അംഗീകരിക്കല്‍ ഒരു ശ്രേഷ്ഠഗുണമാണെന്ന് നീ തിരിച്ചറിയണം. വന്നു പോയ വീഴ്ച്ചയില്‍ ക്ഷമാപണം നടത്തില്‍ പ്രശംസനീയമായ കാര്യമാണ്. നിന്റെ വീഴച്ചക്ക് ഇരയായവരുടെ മനസിനെ അത് നന്നാക്കും. ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ അതിലൂടെ വിട്ടുവീഴ്ച്ച വളരുകയും ചെയ്യും.

സംതൃപ്തി നേടുന്നതെങ്ങനെയെന്ന് നീ പഠിക്കണം. നിന്റെ മനസിനെയും ഹൃദയത്തെയും അത് പരിശീലിപ്പിക്കണം. സംതൃപ്തിയുടെ സ്വാഭാവിക ഫലമാണ് സന്തോഷം. അശുഭപ്രതീക്ഷകള്‍ക്ക് പകരം ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവനായി മാറാന്‍ സാധിക്കണം. മനുഷ്യര്‍ ഒരു കാര്യത്തെ രണ്ട് തരത്തിലാണ് കാണുന്നത്. ഒന്നുകില്‍ ശുഭാപ്തിയോടെ അല്ലെങ്കില്‍ അശുഭാപ്തിയോടെ. കാര്യങ്ങളെ ശുഭാപ്തിയോടെ കാണുന്നവരുടെ കൂട്ടത്താലാണ് നാമുണ്ടാവേണ്ടത്. പ്രതിസന്ധികളിലെല്ലാം ഒരു അവസരം കണ്ടെത്തുകയാണ് ശുഭപ്രതീക്ഷയുള്ളവന്‍ ചെയ്യുക. എന്നാല്‍ അശുഭാപ്തിയോടെ നിരാശരായി കഴിയുന്നവര്‍ക്ക് ഒരു കാര്യവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. ദുഖത്തിലും വേദനയിലുമായിരിക്കും അവര്‍ കഴിയുക. പരാജയവും അതിന്റെ കയ്പ്പും അവര്‍ കുടിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും.

നിങ്ങള്‍ പരിഭ്രാന്തനാകരുത്, കാരണം പരിഭ്രാന്തിയും ദുഖവും വേദനയുമാണ് ഉത്കണ്ഠയും മനോസംഘര്‍ഷവും വ്യഥകളുമായി പരിണമിക്കുന്നത്. ഭൂതകാലത്തെ അത് അസ്വസ്ഥപ്പെടുത്തുന്നു, വര്‍ത്തമാന കാലത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു, ഭാവിയെ ഭീതിപ്പെടുത്തുന്നതുമാക്കുന്നു. നീ ഭയപ്പെടരുത്. ഭയവും നിരാശയും പിശാചില്‍ നിന്നും ഉണ്ടുകുന്നതാണ്. അവ രണ്ടുമാണ് ഒരാളം പരാജയത്തിലേക്കും വിഷാദത്തിലേക്കും നയിക്കുന്നത്. നീ ദുഖിക്കരുത്, അതൊരിക്കലും നഷ്ടപ്പെട്ടതിനെ വീണ്ടെത്തു തരികയില്ല. മരിച്ചവരെ അത് ജീവിപ്പിക്കുകയോ ഇല്ല. ദൈവിക വിധിയോടുള്ള വിയോജിപ്പാണത്, അതിനെ തടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ദുഖം ശത്രുക്കളെയാണ് സന്തോഷിപ്പിക്കുക. നിന്നോട് പകയും അസൂയയും വെച്ചുപുലര്‍ത്തുന്നവര്‍ അതില്‍ സന്തോഷിക്കും. മുഖത്തിന്റെ ഓജസ്സും ശോഭയും അതില്ലാതാക്കും. നിന്റെ ശരീരത്തെയും ആരോഗ്യത്തെയും മനസിനെയും അത് ദോഷകരമായിട്ട് മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ വിധിക്ക് വിപരീതമായി നിനക്ക് ഒരു ഗുണമോ ദോഷമോ വരുത്താന്‍ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാലും സാധിക്കുകയില്ലെന്ന ഉറച്ച വിശ്വസാമാണ് നമ്മിലുണ്ടാവേണ്ടത്.

ഒരു അനുഗ്രഹം നഷ്ടപ്പെടുന്നത് നിന്നെ ദുഖിപ്പിക്കാതിരിക്കട്ടെ. നിന്നെ ഇഷ്ടപ്പെടുന്നവന്‍ മാത്രമാണ് നിന്നെ പരീക്ഷിക്കുന്നത്. ഉദാരനായ അല്ലാഹുവിന്റെ സ്‌നേഹം മതി നിനക്ക്. ഈ ലോകത്തെ മുഴുവന്‍ വിഭവങ്ങളും കിട്ടിയാലും അതിന് പകരമാവില്ലെന്നത് പോയിട്ട പരസ്പരം താരതമ്യപ്പെടുത്താന്‍ യോഗ്യമല്ല. നിന്നില്‍ നിന്ന് ഒരു അനുഗ്രഹം തിരിച്ചെടുത്തിരിക്കുന്ന നാഥന്‍ എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര അനുഗ്രഹങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അല്ലാഹു തന്റെ അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നു: ‘നിങ്ങള്‍ ചോദിച്ചതൊക്കെയും അവന്‍ തന്നിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ എണ്ണാന്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കതു തിട്ടപ്പെടുത്താനാവില്ല.’ (ഇബ്‌റാഹീം : 34)

നീ അസ്വസ്ഥപ്പെടരുത്, വേദനകളും ദുഖങ്ങളും ഇല്ലാതാകും. രോഗങ്ങള്‍ സുഖപ്പെടുകയും തെറ്റുകള്‍ പൊറുക്കപ്പെടുകയും ചെയ്യും. കടങ്ങള്‍ വീട്ടപ്പെടുകയും ബന്ധിക്കപ്പെട്ടവല്‍ മോചിതരാവുകയും കാണാതായവര്‍ മടങ്ങിയെത്തുകയും ചെയ്യും. ദരിദ്രന്‍ വിഭവങ്ങള്‍ നല്‍കപ്പെട്ട് ഐശ്വര്യവാനായി മാറും. ദിവസങ്ങള്‍ മാറി മാറി വരിക തന്നെ ചെയ്യും : ‘ഇപ്പോള്‍ നിങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ ഇതിനുമുമ്പ് ശത്രുക്കള്‍ക്കും ഇതുപോലെ ക്ഷതമേറ്റിട്ടുണ്ട്. ജനത്തിനിടയില്‍ നാം താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വിജയപരാജയങ്ങളുടെ നാളുകളത്രെ അത്.’ (ആലുഇംറാന്‍ : 140) പ്രയാസമോ ഞെരുക്കമോ അനുഭവപ്പെടുമ്പോള്‍ നീ രക്ഷയുടെ കവാടങ്ങള്‍ തേടുകയാണ് വേണ്ടത്. അവയില്‍ പ്രധാനപ്പെട്ടവയാണ് തുടര്‍ന്ന് പറയുന്നത്.

1. പാപമോചനം : അല്ലാഹു അത് കൊണ്ട് നിനക്ക് നന്മയായിരിക്കും ഉദ്ദേശിച്ചത്. ഇതിനെ നീ രക്ഷയുടെ മാര്‍ഗമായി സ്വീകരിക്കുമ്പോള്‍ നിനക്കത് കൂടുതല്‍ പ്രതിഫലം നേടിത്തരുന്നു. പാപമോചനം കൂടുതല്‍ നന്മകള്‍ നിനക്ക് ലഭിക്കുന്നതിനും കാരണമാകുന്നു. ‘. ഞാന്‍ പറഞ്ഞു: ഭറബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും.’ (നൂഹ് : 10-12)
2. അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ : മത്സ്യത്തിന്റെ വയറ്റില്‍ നിന്നും യൂനുസ് നബിക്ക് മോചനം ലഭിച്ചത് ഈ മാര്‍ഗത്തിലൂടെയായിരുന്നു.
3. അല്ലാഹുവിന്റെ വിധിയുമായി ബന്ധമുള്ള ഒന്നായിട്ടാണ് പ്രാര്‍ത്ഥനയെ നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. അല്ലാഹുവിന്റെ വിധിയെ തിരുത്തുക പ്രാര്‍ത്ഥന മാത്രമാണെന്ന് ഒരു ഹദീസ് വിശദീകരിക്കുന്നുണ്ട്.
4. നിനക്ക് ചുറ്റുമുള്ള ദുരിത ബാധിതരിലേക്ക് നോക്കുക. അത് നിന്റെ ദുരിതത്തെ നിസ്സാരമാക്കും.

ദീനിന്റെയും ദൈവിക മാര്‍ഗത്തിലെ പ്രബോധനത്തിന്റെയും കാര്യത്തിലും തൗഹീദിന്റെയും സത്യത്തിന്റെയും മാര്‍ഗത്തിലായിരിക്കുന്നിടത്തോളം കാലം നീ ദുഖിക്കേണ്ട. അല്ലാഹുവും അവന്റെ ഗ്രന്ഥവും നിന്നോടൊപ്പമുള്ളപ്പോള്‍ നീയെന്തിന് ദുഖിക്കണം? അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന ഒരു നാവ് ഉള്ളപ്പോള്‍ നീയെന്തിന് അസ്വസ്ഥനാവണം? നിന്റെ മനസിനും ശരീരത്തിനും ആശ്വാസമേകാന്‍ നമസ്‌കാരമുള്ളപ്പോള്‍ നീയെന്തിന് പരിഭ്രാന്തനാകണം? നബി തിരുമേനിയും അനുയായികളും പ്രയാസങ്ങളില്‍ നിന്ന് അഭയം തേടിയിരുന്നത് നമസ്‌കാരത്തിലായിരുന്നു. എല്ലാ വഴികളും അടയുമ്പോഴും അല്ലാഹുവിന്റെ പാശ്വം അവന്റെ അടിമയില്‍ നിന്നും മുറിയുന്നില്ല.

വിവ : അഹ്മദ് നസീഫ്‌

Related Articles