Current Date

Search
Close this search box.
Search
Close this search box.

അന്ധന്‍ വഴി കാണിക്കുന്നു

light2.jpg

എന്റെ പ്രിയതമ ആദ്യമകന് ജന്മം നല്‍കുമ്പോള്‍ എനിക്ക് മുപ്പത് വയസ്സ് തികഞ്ഞിട്ടില്ല. ആ രാത്രികള്‍ ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്. പാതിരാവോളം ഏതെങ്കിലും ക്ലബ്ബുകളില്‍ കൂട്ടുകാരോടൊപ്പം… വെറും വര്‍ത്തമാനങ്ങള്‍ക്ക് പുറമെ ആളുകളെ കുറ്റം പറയലും അവരെ കുറിച്ച അനാവശ്യ വിലയിരുത്തലുകളും… അവരെയെല്ലാം ചിരിപ്പിക്കുക എന്ന പണി മിക്കപ്പോഴും ഞാനായിരുന്നു ഏറ്റെടുത്തിരുന്നത്. ഞാന്‍ ആളുകളുടെ കുറ്റങ്ങള്‍ പറയും, അത് കേട്ട് അവര്‍ ചിരിക്കും. ഇങ്ങനെ വളരെയേറെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്. അനുകരിക്കുന്നതില്‍ എനിക്ക് സവിശേഷമായ ഒരു കഴിവ് തന്നെയുണ്ടായിരുന്നു. ഒരാളെ പരിഹസിക്കാന്‍ അയാളുടേതിന് സമാനമായ ശബ്ദം തന്നെ സ്വീകരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെ പലരെയും ഞാന്‍ പരിഹസിച്ചു. എന്റെ കൂട്ടുകാര്‍ പോലും എന്നില്‍ നിന്ന് രക്ഷപ്പെട്ടിരുന്നില്ല. ചിലരെല്ലാം എന്റെ നാവില്‍ നിന്ന് രക്ഷപെടാന്‍ എന്നോട് അകലം പാലിക്കുക വരെ ചെയ്തു.

അങ്ങാടിയില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന ഒരു അന്ധനെയായിരുന്നു ആ രാത്രിയില്‍ ഞാന്‍ പരിഹസിച്ചത്. അതിലേറെ കഷ്ടം ഞാന്‍ കാല്‍വെച്ച് അയാളെ വീഴ്ത്തിയെന്നതാണ്. എന്റെ കാല്‍തട്ടി വീണ് എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും അയാള്‍ തലതിരിച്ചപ്പോള്‍ അങ്ങാടിയില്‍ അലയടിച്ചത് എന്റെ ചിരിയായിരുന്നു. പതിവുപോലെ അന്നും ഞാന്‍ വൈകി വീട്ടിലെത്തി. എന്നെ കാത്തിരിക്കുന്ന ഭാര്യയെയാണ് ഞാന്‍ കണ്ടത്. അവള്‍ ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. വിറയാര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു: റാശിദ് എവിടെയായിരുന്നു നീ?
പരിഹാസത്തോടെ ഞാന്‍ പറഞ്ഞു: ചൊവ്വയിലായിരുന്നു… കൂട്ടുകാരോടൊപ്പം.
ക്ഷീണം അവളില്‍ പ്രകടമായിരുന്നു. സൂചി കുത്തുന്ന വേദനയോടെ അവള്‍ പറഞ്ഞു: റാശിദ്, എനിക്ക് നല്ല ക്ഷീണമുണ്ട്… എന്റെ പ്രസവ സമയം അടുത്തിരിക്കുന്നു… കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ അവളെ മൗനിയാക്കി.
ഞാന്‍ വല്ലാതെ അവളെ അവഗണിച്ചിരിക്കുന്നുവെന്ന് എനിക്കും തോന്നി. ഞാന്‍ കുറച്ചു കൂടി പരിഗണന അവള്‍ക്ക് നല്‍കി രാത്രിയിലെ കൂട്ടുകെട്ടൊന്ന് കുറക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും അവള്‍ക്ക് ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുന്ന ഈ അവസ്ഥയില്‍.

ഞാന്‍ വേഗം അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. അവളെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ അവള്‍ വേദന അനുഭവിച്ചു. പ്രസവത്തിനായി അക്ഷമനായി കാത്തിരിക്കുകയാണ് ഞാന്‍. കാത്തിരുന്ന് കാത്തിരുന്ന് ഞാന്‍ മടുത്തു. സന്തോഷവാര്‍ത്തയറിയിക്കാന്‍ എന്റെ മൊബൈല്‍ നമ്പറും നല്‍കി ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഒരു മണിക്കൂറിന് ശേഷം സാലിമിന്റെ വരവിനെ കുറിച്ച് അറിയിക്കാനായി അവര്‍ എന്നെ വിളിച്ചു.

ഞാന്‍ വേഗം ആശുപത്രിയിലേക്ക് തിരിച്ചു. അവര്‍ കിടക്കുന്ന റൂം ഏതെന്ന് അന്വേഷിച്ചപ്പോള്‍ ഭാര്യയുടെ പ്രസവത്തിന് മേല്‍നോട്ടം വഹിച്ച ഡോക്ടറെ ഒന്നു കാണാനാണ് എന്നോടവര്‍ പറഞ്ഞത്. ഏത് ഡോക്ടര്‍, എനിക്ക് എന്റെ മകനെയാണ് കാണേണ്ടത് എന്നു പറഞ്ഞ് ഞാന്‍ അവരോട് കുരച്ചു ചാടി. അവര്‍ ശാന്തരായി വീണ്ടും ഡോക്ടറെ ഒന്നു കണ്ടുവരാന്‍ എന്നോട് പറഞ്ഞു.

ഞാന്‍ ഡോക്‌റുടെ അടുത്ത് ചെന്നു. പ്രയാസങ്ങളെയും ദൈവ വിധിയില്‍ തൃപ്തിപ്പെടേണ്ടതിനെ കുറിച്ചെല്ലാം പറഞ്ഞ ശേഷം അവര്‍ എന്നോട് പറഞ്ഞു: നിങ്ങളുടെ മകന്റെ കണ്ണുകള്‍ക്കെന്തോ വൈകല്യമുണ്ട്, അവന് കാഴ്ച്ചയുണ്ടാകുമെന്ന് തോന്നുന്നില്ല!!
ഞാന്‍ തലകുനിച്ചു.. കണ്ണുനീരിനെ തടഞ്ഞുവെച്ചു… ആളുകള്‍ക്കിടയില്‍ വെച്ച് ഞാന്‍ പരിഹസിച്ച ആ അന്ധനായ ആ ഭിക്ഷക്കാരന്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറി…

സുബ്ഹാനല്ലാഹ്.. ഞാന്‍ ചെയ്തതിന് എനിക്ക് തിരിച്ചു കിട്ടുന്നല്ലോ! കുറച്ച് സമയം ഞാന്‍ വളരെയധികം ദുഖിച്ചു.. എന്തുപറയണമെന്ന് എനിക്കറിയില്ല… പിന്നെയാണ് ഞാന്‍ ഭാര്യയെയും കുട്ടിയെയും ഓര്‍ത്തത്.. ഡോക്ടറുടെ അനുകമ്പക്ക് നന്ദി പറഞ്ഞ് ഭാര്യയുടെ അടുത്തേക്ക് നടന്നു.

അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്ന ഭാര്യക്ക് ദുഖമുണ്ടായിരുന്നില്ല.. അല്ലാഹുവിന്റെ വിധിയെ തൃപ്തിയോടെ അവള്‍ സ്വീകരിച്ചിരിക്കുന്നു. ആളുകളെ പരിഹസിക്കുന്നത് നിര്‍ത്തണമെന്ന് എപ്പോഴും എന്നെ അവള്‍ ഉപദേശിക്കാറുണ്ടായിരുന്നു. അവരുടെ കുറ്റവും കുറവും പറയരുതെന്ന് അവള്‍ നിരന്തരം ആവര്‍ത്തിച്ചിരുന്നു.
ഞങ്ങള്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി. ഞങ്ങളുടെ മകന്‍ സാലിമും ഒപ്പമുണ്ട്. സത്യത്തില്‍ ഞാന്‍ അവനെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. വീട്ടില്‍ അവന്‍ ഉള്ളതും ഇല്ലാത്തതും എനിക്ക് സമമായിരുന്നു. അവന്‍ വല്ലാതെ കരയുമ്പോള്‍ ഞാന്‍ സ്വീകരണ മുറിയില്‍ പോയി ഉറങ്ങും. എന്റെ ഭാര്യ അവനെ വളരെയധികം സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. സാലിം വലുതായി. അവന്‍ ഇഴയാന്‍ തുടങ്ങി… അവന്‍ ഇഴയുന്നത് തികച്ചും വ്യത്യസ്തമായ തരത്തിലായിരുന്നു. ഒരു വയസ്സാകാറായപ്പോള്‍ നടക്കാന്‍ തുടങ്ങി. അവന്‍ ഒരു മുടന്തന്‍ കൂടിയാണെന്ന് അന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെന്റെ മനസ്സിന്റെ ഭാരം ഇരട്ടിപ്പിച്ചു. അവന് ശേഷം ഉമറിനും ഖാലിദിനും അവള്‍ ജന്മം നല്‍കി.

വര്‍ഷങ്ങള്‍ പിന്നിട്ടു.. സാലിം വളര്‍ന്നു.. അവന്റെ സഹോദരങ്ങളും. വീട്ടിലില്‍ സമയം ചെലവഴിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല.. എപ്പോഴും കൂട്ടുകാരോടൊപ്പമായിരുന്നു ഞാന്‍. ശരിക്കും പറഞ്ഞാല്‍ അവരുടെ കയ്യിലെ ഒരു കളിപ്പാട്ടമായിരുന്നു ഞാനെന്ന് പറയാം. ഞാന്‍ നന്നാവാത്തതില്‍ ഭാര്യക്ക് ഒട്ടും നിരാശയുണ്ടായിരുന്നില്ല. എന്റെ സന്‍മാര്‍ഗത്തിനായി എപ്പോഴും അവള്‍ പ്രാര്‍ഥിച്ചു. എന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ അവള്‍ കോപിച്ചില്ല. എന്നാല്‍ മറ്റു രണ്ട് മക്കള്‍ക്കും നല്‍കുന്ന പരിഗണന സാലിമിന് നല്‍കാത്തത് അവളെ വളരെയധികം വേദനിപ്പിച്ചിരുന്നു. സാലിം വളര്‍ന്നു… ഒപ്പം എന്റെ ദുഖവും. അവനെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിന് എതിരു നിന്നില്ല. വര്‍ഷങ്ങള്‍ കടന്നു പോയത് ഞാനറിഞ്ഞില്ല. എല്ലാ ദിവസങ്ങളും എനിക്ക് ഒരുപോലെയായിരുന്നു… ജോലി, ഉറക്കം, ആഹാരം, കൂട്ടുകാരോടൊപ്പമുള്ള വെടിപറച്ചില്‍…

അന്നൊരു വെള്ളിയാഴ്ച്ച ദിവസം. ഉച്ചക്ക് പതിനൊന്ന് മണിക്കാണ് ഞാന്‍ എണീറ്റത്. എന്നെ സംബന്ധിച്ചടത്തോളം അത് നേരത്തെയായിരുന്നു. ഒരു കല്യാണത്തിന് പോകാനുണ്ടായിരുന്നു. വസ്ത്രം ധരിച്ച് സുഗന്ധം പൂശി പോകാനായി ഒരുങ്ങി ഞാന്‍ സ്വീകരണ മുറിയിലെത്തിയപ്പോള്‍ ആ രംഗം എന്നെ അവിടെ പിടിച്ചു നിര്‍ത്തി. സാലിം പൊട്ടിക്കരയുകയാണ്. ഇത്ര കാലത്തിനിടക്ക് ആദ്യമായിട്ടാണ് സാലിമിന്റെ കരച്ചില്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു.. അവനിലേക്ക് തരിഞ്ഞു നോക്കിയിട്ടില്ല. അവനെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. എനിക്കത് സാധിച്ചില്ല. ഞാന്‍ മുറിയിലുണ്ടായിട്ടും അവന്‍ ഉമ്മയെ വിളിക്കുന്നത് എന്റെ ചെവിയില്‍ തറച്ചു. ഞാന്‍ തിരിഞ്ഞ് അവന്റെ അടുത്ത് ചെന്നു ചോദിച്ചു: സാലിം! എന്തിനാണ് കരയുന്നത്? എന്റെ ശബ്ദം കേട്ട് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അവന്‍ കരച്ചില്‍ നിര്‍ത്തി. അവന്‍ കുഞ്ഞുകൈകള്‍ കൊണ്ട് ചുറ്റും പരതി നോക്കുന്നു.. ഞാനെന്താണ് കാണുന്നത്? എന്നില്‍ നിന്ന് അകന്ന് പോകാനാണ് അവന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. കഴിഞ്ഞ പത്തു വര്‍ഷം നീ എവിടെയായിരുന്നു എന്നവന്‍ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി. അവന്റെ പുറകെ ഞാനും മുറിയില്‍ കയറി.

കരച്ചിലിന്റെ കാരണം എന്നോട് പറയാന്‍ ആദ്യം അവന്‍ വിസമ്മതിച്ചു. അവനെ ലാളിക്കാനുള്ള ശ്രമങ്ങള്‍ പലതും ഞാന്‍ ചെയ്തു. അങ്ങനെ സാലിം തന്റെ കരച്ചിലിന്റെ കാരണം പറയാന്‍ തുടങ്ങി. ഞാന്‍ ശ്രദ്ധാപൂര്‍വം അവന്‍ പറയുന്നത് കേട്ടു. എന്തായിരുന്നു കാരണമെന്ന് നിങ്ങള്‍ക്കറിയുമോ! അവന്റെ സഹോദരന്‍ ഉമര്‍ എണീക്കാന്‍ വൈകിയിരിക്കുന്നു. സാധാരണ അവനാണ് സാലിമിനെ പള്ളിയില്‍ കൊണ്ടു പോകാറുള്ളത്. കാരണം അന്ന് വെള്ളിയാഴ്ച്ചയാണ്. തനിക്ക് ഒന്നാമത്തെ സ്വഫ്ഫില്‍ ഇടം കിട്ടുമോ എന്നതാണ് അവന്റെ ഭയം.

അവന്‍ ഉമറിനെ വിളിച്ചു, ഉമ്മയെ വിളിച്ചു അതിനൊന്നും ഒരു ഉത്തരവും കിട്ടാതിരുന്നപ്പോഴാണ് കരയാന്‍ തുടങ്ങിയത്. കാഴ്ച്ചയില്ലാത്ത ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര്‍ ഞാന്‍ നോക്കിയിരുന്നു. അവന്റെ ഇനിയുള്ള വാക്കുകള്‍ താങ്ങാനുള്ള ശേഷി എനിക്കില്ലായിരുന്നു. ഞാനവന്റെ വാ പൊത്തി കൊണ്ട് ചോദിച്ചു: ഇതിനായിരുന്നോ സാലിം നീ കരഞ്ഞിരുന്നത്? അവന്‍ പറഞ്ഞു: അതെ,
ഞാനെന്റെ കൂട്ടുകാരെ മറഞ്ഞു.. കല്യാണത്തിന് പോവാനുണ്ടെന്ന കാര്യവും. ഞാന്‍ അവനോട് പറഞ്ഞു: സാലിം, നീ വിഷമിക്കേണ്ട.. ഇന്ന് നിന്നെ ആരാണ് പള്ളിയില്‍ കൊണ്ടുപോവുകയെന്ന് നിനക്കറിയുമോ?
അവന്‍ പറഞ്ഞു: ഉമര്‍ തന്നെ.. എന്നാല്‍ അവന്‍ എപ്പോഴും വൈകും.
ഞാന്‍ പറഞ്ഞു: അല്ല.. ഇന്ന് ഞാനാണ് നിന്നെ കൊണ്ടു പോകുന്നത്.
അതുകേട്ട് സാലിം അന്ധാളിച്ചു.. അവനത് വിശ്വസിക്കാനായില്ല.. അവന്‍ വിചാരിച്ചു ഞാന്‍ അവനെ കളിയാക്കുകയാണെന്ന്. അവന്‍ വീണ്ടും കരയാന്‍ തുടങ്ങി. കണ്ണുനീരെല്ലാം തുടച്ച് ഞാന്‍ അവന്റെ കൈപിടിച്ചു. അവനുമായി കാറില്‍ പോകാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് വേണ്ടെന്ന് വെച്ച് അവന്‍ പറഞ്ഞു:  പള്ളി ഇവിടെ അടുത്താണല്ലോ.. എനിക്ക് നടന്ന് പോകണം.. അതാണ് അല്ലാഹുവിന് കൂടുതലിഷ്ടം.

അവസാനമായി ഞാനെന്നാണ് പള്ളിയില്‍ കയറിയതെന്ന് പോലും എനിക്ക് ഓര്‍മയില്ല. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി എന്റെ ഉള്ളില്‍ ഭയം തോന്നി… കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങളില്‍ ഖേദവും. പള്ളി ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും സാലിമിന് ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ ഇടം കണ്ടെത്തി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ജുമുഅ ഖുതുബ കേട്ടു. എന്റെ അടുത്ത് ഇരുന്ന് അവന്‍ നമസ്‌കരിച്ചു.. അവന്റെ അടുത്തിരുന്ന് ഞാന്‍ നമസ്‌കരിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സാലിം എന്നോട് ഒരു മുസ്ഹഫ് ചോദിച്ചു. അന്ധനായ അവന്‍ എങ്ങനെ അത് വായിക്കുമെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അവന്റെ ആവശ്യം അവഗണിക്കാനിരിക്കുകയാണ് ഞാന്‍. എന്നാല്‍ അതവന്റെ മനസ്സിനെ പ്രയാസപ്പെടുത്തുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ അവന് മുസ്ഹഫ് എടുത്തു കൊടുത്തു. അതില്‍ സൂറത്തുല്‍ കഹ്ഫ് മറിച്ചു തരാന്‍ അവന് ആവശ്യപ്പെട്ടു. തിരിച്ചും മറിച്ചും പലതവണ പേജുകള്‍ മറിച്ച അവസാനം ഞാന്‍ സൂറത്തുല്‍ കഹ്ഫ് കണ്ടെത്തി. എന്നില്‍ നിന്നും മുസ്ഹഫ് വാങ്ങി മുന്നില്‍ വെച്ച് അവന്‍ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യാന്‍ തുടങ്ങി. അവന്റെ കണ്ണുകള്‍ അടഞ്ഞു കിടക്കുകയാണ്… യാ അല്ലാഹ്!! സൂറത്തുല്‍ കഹ്ഫ് മുഴുവനായും അവന്‍ മനപാഠമാക്കിയിരിക്കുന്നു. എനിക്ക് എന്നെ കുറിച്ച് ലജ്ജ തോന്നി.. മുസ്ഹഫ് ഞാന്‍ കയ്യിലെടുത്തു.. എന്റെ ഉള്ളിലൊരു വിറയല്‍ എനിക്കനുഭവപ്പെട്ടു. ഞാന്‍ പിന്നെയും പിന്നെയും അത് വായിച്ചു.

എനിക്ക് പൊറുത്തുകിട്ടാനും സന്‍മാര്‍ഗം ലഭിക്കാനുമായി അല്ലാഹുവോട് ഞാന്‍ തേടി. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല… കുട്ടികളെ പോലെ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അപ്പോഴും സുന്നത്ത് നമസ്‌കരിച്ചു കൊണ്ട് ചില ആളുകള്‍ പള്ളിയിലുണ്ട്. അവര്‍ കാണുന്നതില്‍ എനിക്ക ലജ്ജ തോന്നി. കരച്ചിലടക്കാന്‍ ഞാന്‍ ശ്രമിച്ചു. കരച്ചില്‍ ഏങ്ങലിലേക്ക് വഴിമാറി. എന്റെ മുഖം തടവുന്ന കൈകളല്ലാത്ത മറ്റൊന്നും ഞാന്‍ അറിയുന്നില്ല. അവ എന്റെ കണ്ണുനീര്‍ തുടച്ചു. സാലിമിന്റെ കുഞ്ഞുകൈകളായിരുന്നു അത്. ഞാനവനെ നെഞ്ചോട് ചേര്‍ത്തു.. അവനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു: ‘നീയല്ല അന്ധന്‍.. നരകത്തിലേക്ക് നയിക്കുന്ന അധര്‍മികളോടൊപ്പം കൂടിയ ഞാനാണ് ശരിക്കും അന്ധന്‍.’
ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. സാലിമിന്റെ കാര്യത്തില്‍ അസ്വസ്ഥപ്പെട്ടിരിക്കുകയാണ് എന്റെ ഭാര്യ. ഞാനും സാലിമിനോടൊപ്പം നസ്‌കരിച്ചു എന്നറിഞ്ഞപ്പോള്‍ അവളുടെ ഉത്കണ്ഠ കണ്ണുനീരിന് വഴിമാറി. അതിന് ശേഷം പള്ളിയില്‍ വെച്ചുള്ള ഒറ്റ ജമാഅത്ത് നമസ്‌കാരവും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല.

ചീത്ത കൂട്ടുകെട്ട് ഞാന്‍ ഉപേക്ഷിച്ചു. പള്ളിയില്‍ വെച്ച് പരിചയപ്പെട്ട നല്ല ആളുകളായി എന്റെ പുതിയ കൂട്ടുകാര്‍. അവരോടൊപ്പം ഞാന്‍ ഈമാനിന്റെ മധുരം നുകര്‍ന്നു. ഈ ലോകത്ത് എന്നെ അലട്ടിയിരുന്ന പലതിനും ഉത്തരം ഞാന്‍ അവരില്‍ നിന്ന് കണ്ടെത്തി. അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകളോ വിത്‌റ് നമസ്‌കാരമോ അതിന് ശേഷം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. മാസത്തില്‍ ഒന്നിലേറെ ആവര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്തു. എന്റെ നാവിനെ ദിക്‌റ് കൊണ്ട് ഞാന്‍ സജീവമാക്കി. എന്റെ പരദൂഷണവും പരിഹാസവും അല്ലാഹു അതിലൂടെ അല്ലാഹു പൊറുത്തേക്കാം. ഞാന്‍ കുടുംബത്തോട് കൂടുതല്‍ അടുത്തായി എനിക്ക് തന്നെ അനുഭവപ്പെട്ടു. ഭാര്യയുടെ കണ്ണുകളില്‍ എപ്പോഴുമുണ്ടായിരുന്ന ഭയവും സഹതാപത്തിന്റെയും നോട്ടം മറഞ്ഞു. സാലിമിന്റെ മുഖത്തും എപ്പോഴും പുഞ്ചിരി വിടര്‍ന്നു നിന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ പേരില്‍ അവനെ ഏറെ സ്തുതിച്ചു.

ഒരിക്കല്‍ എന്റെ നല്ല കൂട്ടുകാര്‍ ദൂരെ ഒരിടത്ത് പ്രബോധന പ്രവര്‍ത്തനത്തിന് പോകാന്‍ തീരുമാനിച്ചു. പോകണോ വേണ്ടയോ എന്ന ആശങ്കയായിരുന്നു എന്നില്‍. തീരുമാനമെടുക്കാന്‍ അല്ലാഹുവോട് സഹായം തേടി.. ഭാര്യയോട് കൂടിയാലോചിച്ചു. അവള്‍ അത് അംഗീകരിക്കില്ലെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്… എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. അവള്‍ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. മുമ്പ് എല്ലാ തോന്നിവാസങ്ങള്‍ക്കും ഇറങ്ങി പോകുമ്പോള്‍ ഒരു വാക്കുപോലും ചോദിക്കാത്ത എന്നെയാണവള്‍ കണ്ടിട്ടുള്ളത്. സാലിമിന്റെ അടുത്ത് ചെന്ന് അവനോടും യാത്രയെ കുറിച്ച് പറഞ്ഞു. അവന്റെ കുഞ്ഞുകൈകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് എന്നെയവന്‍ യാത്രയയച്ചു.

മൂന്നര മാസത്തോളം വീട്ടില്‍ നിന്ന് അകന്ന് നിന്നു. അതിനിടയില്‍ അവസരം കിട്ടുമ്പോഴെല്ലാം ഭാര്യയും മക്കളുമായി സംസാരിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അവരെ കാണാന്‍ എന്റെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും സാലിമിനെ കാണുന്നതിന്. അവന്റെ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ ഏറെ കൊതിച്ചു. ഞാന്‍ യാത്ര തിരിച്ചതിന് ശേഷം അവന്‍ മാത്രമാണ് എന്നോട് സംസാരിക്കാതിരുന്നത്. ഞാന്‍ വിളിക്കുമ്പോള്‍ അവന്‍ ഒന്നുകില്‍ സ്‌കൂളിലായിരിക്കും, അല്ലെങ്കില്‍ പള്ളിയില്‍ പോയതായിരിക്കും. അവനെ കാണാനുള്ള ആഗ്രഹം പറയുമ്പോള്‍ സന്തോഷം കൊണ്ട് എന്റെ പ്രിയതമ ചിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ പ്രതീക്ഷിച്ചിരുന്ന ആ ചിരി ഞാന്‍ കേട്ടില്ല. അവളുടെ ശബ്ദത്തിനെന്തോ മാറ്റം.. ഞാന്‍ പറഞ്ഞു: സാലിമിനോട് എന്റെ സലാം പറയണം.. ഇന്‍ശാ അല്ലാഹ്.. എന്നു മാത്രം അവള്‍ പറഞ്ഞു.

യാത്ര കഴിഞ്ഞ് ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി.. വാതിലില്‍ മുട്ടി.. വാതില്‍ തുറക്കുന്നത് സാലിമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ നാല് വയസ്സ് തികയാത്ത ഖാലിദാണ് വാതില്‍ തുറന്നത്. അവനെ ഞാന്‍ കൈകളില്‍ വാരിയെടുത്തു… വീട്ടില്‍ കയറിയപ്പോള്‍ എന്റെ ഹൃദയമിടിപ്പ് ശക്തമായത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ അഭയം തേടി. ഭാര്യ എന്റെ അടുത്തേക്ക് വന്നു… അവളുടെ മുഖത്തെന്തോ ഭാവമാറ്റമുണ്ട്. അവള്‍ സന്തോഷം നടിക്കുകയാണെന്ന് എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു: എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? പ്രത്യേകിച്ചൊന്നുമില്ല എന്നായിരുന്നു അവളുടെ മറുപടി.

പെട്ടന്നാണ് സാലിമിനെ ഞാന്‍ ഓര്‍ത്തത്.. സാലിം എവിടെയെന്ന് ഞാന്‍ ചോദിച്ചു. അതിന് മറുപടിയൊന്നും നല്‍കാതെ അവള്‍ തലകുനിച്ചു. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി. ‘എവിടെ എന്റെ സാലിം?’ എന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. അക്ഷരങ്ങള്‍ ശരിക്കുച്ചരിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലാത്ത ഖാലിദാണ് അതിനുത്തരം പറഞ്ഞത്. ‘ഉപ്പാ.. സാലിം അല്ലാഹുവിന്റെ അടുത്ത് സ്വര്‍ഗത്തിലെത്തിയിരിക്കുന്നു.’ ആ രംഗം കണ്ടു നില്‍ക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല… പൊട്ടിക്കരഞ്ഞു കൊണ്ട് ഞാന്‍ മുറിക്ക് പുറത്ത് കടന്നു. ഞാന്‍ വരുന്നതിന് രണ്ടാഴ്ച്ച മുമ്പ് അവന് പനി ബാധിച്ചിരുന്നു. എന്റെ ഭാര്യ അവനെ ആശുപത്രിയിലെത്തിച്ചെങ്കിലും പനി ശക്തമായി തുടര്‍ന്നു. വിട്ടുമാറാത്ത പനി അവന്റെ ശരീരത്തില്‍ നിന്ന് ജീവന്‍ വിടപറഞ്ഞതിന് ശേഷം മാത്രമാണ് അവനെ വേര്‍പിരിഞ്ഞത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.

മൊഴിമാറ്റം : നസീഫ്‌

Related Articles