Current Date

Search
Close this search box.
Search
Close this search box.

അതുകഴിഞ്ഞ് കുട്ടിയുടെ വയറില്‍ തട്ടി ‘നിന്റെ പിതാവാരാണെന്ന്’ അദ്ദേഹം ചോദിച്ചു

നബിയുടെ കൂടെ - 2

ഇമാം ബുഖാരിയും  മുസ്‌ലിമും നിവേദനം ചെയ്യുന്നൊരു ഹദീസില്‍ നബി (സ) പറയുന്നു:’ആബിദായൊരു (ആരാധനകള്‍ ധാരാളമായുള്ള) മനുഷ്യനായിരുന്നു ജുറൈജ്. അദ്ദേഹം ഒരു സത്രം നിര്‍മിക്കുകയും അതിനകത്തുവച്ച് ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹം നമസ്‌കാരത്തിലായിരിക്കെ മാതാവ് അവിടെ വന്ന് മകനെ വിളിച്ചു. റബ്ബേ, എന്റെ മാതാവിനെയാണോ നമസ്‌കാരത്തെയാണോ ഞാന്‍ പരിഗണിക്കേണ്ടതെന്നാലോചിച്ച അദ്ദേഹം നമസ്‌കാരം തുടരുക തന്നെ ചെയ്തു. മാതാവ് മറുപടിയൊന്നും ലഭിക്കാതെ തിരിച്ചുപോയി. രണ്ടാം ദിവസവും മാതാവ് വന്നുവിളിച്ചപ്പോള്‍ മകന്‍ നമസ്‌കാരത്തിലായിരുന്നു. അദ്ദേഹം മാതാവിന്റെ വിളിക്ക് മറുപടി കൊടുത്തതുമില്ല. അന്നും മാതാവ് തിരിച്ചുപോയി. മൂന്നാമത്തെ ദിവസവും അതുതന്നെ സംഭവിച്ചു. അന്നാ മാതാവ് പ്രാര്‍ഥിച്ചു: അല്ലാഹുവേ, വേശ്യകളുടെ മുഖത്തു നോക്കുന്നതുവരെ ഇവനെ നീ മരിപ്പിക്കല്ലേ!’.
ജുറൈജിന്റെയും അദ്ദേഹത്തിന്റെ ആരാധനയുടെയും കഥ ബനൂ ഇസ്‌റായീല്യര്‍ക്കിടയില്‍ വര്‍ത്തമാനമായി. വേശ്യയായി നടന്നിരുന്നൊരു സ്ത്രീയുണ്ടായിരുന്നു അക്കൂട്ടത്തില്‍. ജുറൈജിനെ ഞാന്‍ വഴിപിഴപ്പിക്കാമെന്ന് ശട്ടംകെട്ടിയ അവള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ മുന്നില്‍ചെന്ന് തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിച്ചു. അദ്ദേഹമത് തിരിഞ്ഞു നോക്കിയതു പോലുമില്ല. ശേഷം അദ്ദേഹത്തിന്റെ സത്രത്തില്‍ ചെല്ലാറുണ്ടായിരുന്നൊരു ആട്ടിടയനെ അവള്‍ സമീപിക്കുകയും അയാളെ വശീകരിച്ച് അവര്‍ തമ്മില്‍ സന്ധിക്കുകയും ചെയ്തു. അതോടെ അവൾ ഗര്‍ഭിണിയായപ്പോള്‍ ‘ഇത് ജുറൈജില്‍ നിന്നുണ്ടായ കുട്ടിയാണെന്ന്’ അവള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ജനങ്ങളെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ സത്രം തകര്‍ക്കുകയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു.
കാര്യമറിയാതെ തന്നെ പ്രഹരിച്ച ആള്‍ക്കാരോട് അദ്ദേഹം കുട്ടിയെ ഹാജരാക്കാന്‍ പറഞ്ഞു. ശേഷം അദ്ദേഹം നമസ്‌കരിക്കുകയും അതുകഴിഞ്ഞ് കുട്ടിയുടെ വയറില്‍ തട്ടി ‘നിന്റെ പിതാവാരാണെന്ന്’ ചോദിക്കുകയും ‘ഇന്നാലിന്ന ആട്ടിയടയാണെന്ന്’ കുട്ടി മറുപടി പറയുകയും ചെയ്തു. അതോടെ അതുവരെ പ്രഹരിച്ച ആള്‍ക്കാരൊക്കെയും അദ്ദേഹത്തെ ചുംബിക്കാനും കൈപിടിച്ച് അനുഗ്രഹം വാങ്ങാനും തുടങ്ങി. തകര്‍ത്തതിനു പകരമായി സ്വര്‍ണത്തിന്റെ കൂടാരം നിങ്ങള്‍ക്കു പണിതുതരാമെന്നവര്‍ പറഞ്ഞപ്പോള്‍ ‘അതുവേണ്ട, ആദ്യം ഉണ്ടായതുപോലെ മണ്ണിന്റേതു മതിയെന്ന്’ അദ്ദേഹം പറയുകയും അവരത് അനുസരിക്കുകയും ചെയ്തു.
ഗുണപാഠം 1
അല്ലാഹുവിന്റെ ഖദ്‌റ് നമ്മുടെ സംസാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആയതിനാല്‍ ഒരിക്കലും മക്കള്‍ക്കെതിരായി ദുആ ചെയ്യരുത്, പ്രാര്‍ഥന സ്വീകരിക്കപ്പെടുന്ന സമയവുമായി അതൊത്തുവന്നാല്‍ ഖേദമാകും ഫലം. കയ്യിന് പക്ഷാഘാതം സംഭവിച്ചൊരു വൃദ്ധനെ ഉമര്‍(റ) ഒരിക്കല്‍ കാണാനിടയായി. എന്തുപറ്റിയതാണെന്നു ചോദിച്ചപ്പോള്‍ ‘ജാഹിലിയ്യാ കാലത്ത് അലി(റ) അപ്രകാരം ദുആ ചെയ്തപ്പോള്‍ സംഭവിച്ചതായിരുന്നു’ എന്നായിരുന്നു അയാളുടെ മറുപടി. ഇത് ജാഹിലിയ്യാ കാലത്തെ പിതാക്കന്മാരുടെ ദുആ ആണെന്നും ഇസ്‌ലാമില്‍ ഇങ്ങനെയൊന്നില്ലെന്നും ഉമര്‍(റ) പറയുകയും ചെയ്തു.
ആര്‍ക്കെങ്കിലും എതിരെ ദുആ ചെയ്യുന്നതില്‍ നിന്നുമാറി ആരുടെയെങ്കിലും ഉപകാരത്തിനുവേണ്ടി ദുആ ചെയ്യാന്‍ നാം സ്വന്തത്തെ ശീലിപ്പിക്കണം. ഒരു ചെറിയ പെണ്‍കുട്ടി ഒരു പാത്രം പൊട്ടിച്ചാല്‍ ‘അല്ലാഹു നിന്റെ ഹൃദയം പൊട്ടിക്കട്ടെ’ എന്ന് പലപ്പോഴും നാം പ്രാര്‍ഥിക്കുന്നു! ആ പ്രാര്‍ഥന ദുആ സ്വീകരിക്കപ്പെടുന്ന ഒരു സമയത്തോടു ചേര്‍ന്നുവന്നാലുണ്ടാവുന്ന അവസ്ഥ ആലോചിച്ചുനോക്കൂ! ഒരു പാത്രം ഒരു ഹൃദയത്തിനു തുല്യമാണോ?! ‘അല്ലാഹു നിനക്ക് നല്ലതുവരുത്തട്ടെ’യെന്ന് എന്തുകൊണ്ട് നാം പ്രാര്‍ഥിക്കുന്നില്ല! സഹോദരീസഹോദരന്മാര്‍ തര്‍ക്കിക്കുന്ന സമയത്ത് ദേഷ്യത്തോടെ മാതാവ് ‘അല്ലാഹു നിങ്ങളോട് പ്രതികാരം ചെയ്യട്ടെ’ എന്ന് പ്രാര്‍ഥിക്കുന്നത് ദുആ സ്വീകരിക്കുന്ന സമയത്തോട് ഒത്തുവന്നാല്‍ എന്താവും സ്ഥിതി? നമ്മളിലാര്‍ക്കാണ് അല്ലാഹുവിന്റെ ശിക്ഷ താങ്ങാനാവുക!? എന്തുകൊണ്ട് ‘അല്ലാഹു നിങ്ങളുടെ മനസ്സില്‍ നല്ലതു തോന്നിക്കട്ടെ’ എന്ന് നാം പ്രാര്‍ഥിക്കുന്നില്ല. ശാപവാക്കുകള്‍ക്കെല്ലാം പകരം നല്ലവാക്കുകള്‍ നമുക്കുപയോഗിക്കാം. നമ്മുടെ നാവുകൊണ്ട് മക്കള്‍ നശിച്ചുപോവും മുമ്പ് വാക്കുകള്‍ നന്നാക്കാന്‍ നമുക്ക് ശീലിക്കാം.
ഗുണപാഠം 2
വ്യഭിചാരി ആഗ്രഹിക്കുക ജനങ്ങളെല്ലാം അതു ചെയ്തിരുന്നെങ്കിലെന്നാണ്. പുരുഷവേഷം കെട്ടുന്ന സ്ത്രീയും എല്ലാവരും അപ്രകാരം ചെയ്‌തെങ്കിലെന്നാണ് ആഗ്രഹിക്കുക. കള്ളന്റെയും ആഗ്രഹം ജനങ്ങളെല്ലാം മോഷണം ശീലിക്കണമെന്നുമാവും. തെറ്റുകാര്‍ എപ്പോഴും അങ്ങനെയാവും, നന്മയുടെ ആള്‍ക്കാര്‍ അവരെ എപ്പോഴും അസ്വസ്ഥപ്പെടുത്തും. കള്ളനായൊരു മനുഷ്യനുള്ള പ്രഹരമാണ് വിശ്വസ്തനായൊരു മനുഷ്യന്‍. വ്യഭിചാരിക്കുള്ളൊരു വെല്ലുവിളിയാണ് ചാരിത്ര്യം കാത്തുസൂക്ഷിക്കുന്നവന്‍. കൈക്കൂലിക്കാരനായ ജോലിക്കാരനന്റെ മനസ്സാക്ഷിക്കു നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നുണ്ട് മാന്യനായ ജോലിക്കാരന്‍. നന്മയുടെ വാക്താക്കള്‍ തിന്മയുടെ വാക്താക്കളെ അവരുടെ ന്യൂനതകള്‍ എപ്പോഴും പറയാതെതന്നെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു.
ബനൂ ഇസ്‌റാഈലിലെ തെമ്മാടികള്‍ക്ക് ആരാധനയില്‍ മുഴുകിയ ജുറൈജ് അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് ഒരു വ്യഭിചാരിണിയെ അവരദ്ദേഹത്തിലേക്ക് അയച്ചത്. അന്നത്തെ മുശ്രിക്കുകള്‍ക്ക് ഇബ്‌റാഹിം നബിയുടെ ഏകദൈവവിശ്വാസം അലോസരം സൃഷ്ടിച്ചപ്പോഴാണവര്‍ അദ്ദേഹത്തെ അഗ്നികുണ്ഠത്തിലേക്കെറിഞ്ഞത്. ലൂത്വ് നബിയുടെ സമൂഹത്തിലെ ചിലര്‍ക്ക് അദ്ദേഹത്തിന്റെ നല്ലനടപ്പ് സഹിക്കാതെ വന്നപ്പോഴാണ് ‘ലൂത്വിന്റെ ആളുകളെ നാട്ടില്‍ നിന്നു പുറത്താക്കുക! അവര്‍ വിശുദ്ധി സൂക്ഷിക്കുന്നവരാണത്രെ’ എന്ന് പരിഹസിച്ചത്.
ഗുണപാഠം 3
വിശ്വാസിയായൊരു മനുഷ്യന്‍ വിപത്തുകള്‍ വല്ലതും സംഭവിച്ചാല്‍ നമസ്‌കാരത്തിലാണ് അഭയം തേടുക! ഭൂമിയിലെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആകാശലോകത്താണെന്ന് അവനറിയുന്നതു കൊണ്ടാണത്! ജുറൈജെന്നവരെ തന്നെ നോക്കൂ. പരീക്ഷണങ്ങള്‍ എത്രയാണ് അദ്ദേഹത്തിനുനേര്‍ക്ക് ഒരുമിച്ചുവന്നത്. വ്യഭിചാരാരോപണം, അതിലൂടെ ഒരു സന്താനമുണ്ടായെന്ന ആരോപണം. ആ സമയത്ത് ‘ഞാനൊന്നു നമസ്‌കരിക്കട്ടെ!’ എന്നുമാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. ആ രണ്ടു റക്അത്ത് നമസ്‌കാരത്തോടെ ഭൂമിയിലെ ഗൂഢാലോചന ആകാശത്തുനിന്ന് തകര്‍ക്കുകയായിരുന്നു. ഖുറൈശികള്‍ ബന്ദിയാക്കിവച്ച ഖുബൈബ് ബ്ന്‍ അദിയ്യി(റ)നെ വധിക്കാനവര്‍ ഒരുങ്ങിയപ്പോള്‍ ‘ഞാനൊന്നു നമസ്‌കരിക്കട്ടെ!’ എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അതിലും മനോഹരമായ മറ്റൊരു കര്‍മവുമില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു! നബി(സ)യിലേക്ക് നോക്കൂ. നമസ്‌കാര സമയമായാല്‍ ‘നമസ്‌കാരം കൊണ്ട് നമ്മെയൊന്ന് ആശ്വസിപ്പിക്കൂ ബിലാലേ’ എന്ന് ഹസ്‌റത്ത് ബിലാലി(റ)നോട് പറയുമായിരുന്നു. നമസ്‌കാരം കൊണ്ട് ആശ്വാസം കണ്ടെത്തുന്നവരും നമസ്‌കാരം ഒഴിവാക്കി ആശ്വാസം കണ്ടെത്തുന്നവരും തമ്മിലുള്ള അന്തരമെത്ര വലുതാണ്!
ഗുണപാഠം 4
തെളിവില്ലാത്ത ഒരാരോപണവും ഒരിക്കലും വിശ്വസിക്കരുത്! പരസ്പരം വല്ലതും ആരോപിക്കുകയെന്നത് ജനങ്ങളുടെ ശീലംതന്നെ. ആയതിനാല്‍ വഞ്ചന നടത്തുന്നതായി നീ കാണാത്തൊരു മനുഷ്യന്റെ വിശ്വാസ്യതയില്‍ സംശയിക്കുകയോ വല്ലവരും പറഞ്ഞതിന്റെ പേരില്‍ ഒരു പെണ്ണിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുകയോ അരുത്. ‘മനുഷ്യന് ദോഷമായി ഒന്നുമില്ലെങ്കിലും കേള്‍ക്കുന്നതെല്ലാം പറയുക എന്ന സ്വഭാവംമാത്രം മതി!’ എന്നാണല്ലോ ഹദീസ്. മനുഷ്യനെന്നാല്‍ അഭിമാനമാണ്, ആ അഭിമാനം തകര്‍ക്കുകയെന്നാല്‍ മനുഷ്യരക്തം ചിന്തുന്നതിനു തുല്യവും.
ഇനി ഒരു മനുഷ്യനെതിരായ ആരോപണത്തിന് തെളിവുകളൊക്കെയും ഉണ്ടെന്നുതന്നെ വെക്കുക, അപ്പോഴും രഹസ്യങ്ങളൊക്കെ മറച്ചു വെക്കാനിഷ്ടപ്പെടുന്ന അല്ലാഹുവാണ് നിന്റെ നാഥനെന്ന് നീയോര്‍ക്കുക. പ്രത്യേകിച്ചൊരു ഉപകാരമോ ഫലമോ പ്രതീക്ഷിക്കപ്പെടാത്തപക്ഷം ഒരു മനുഷ്യന്റെയും ന്യൂനതകള്‍ മറ്റുള്ളവരോട് പറയാതിരിക്കുക. നേരെതിരിച്ച്, സദുപദേശബുദ്ധ്യാ അതേക്കുറിച്ച് ചോദിക്കപ്പെടുന്നപക്ഷം അറിയുന്ന കാര്യം പറയാതിരിക്കലും വഞ്ചനതന്നെ. രഹസ്യം മറച്ചുവെക്കലും ചാരിത്ര്യശുദ്ധിയുള്ള മനുഷ്യര്‍ നീ കാരണം പരീക്ഷിക്കപ്പെടലും രണ്ടും രണ്ടു കാര്യങ്ങളാണ്!
ഗുണപാഠം 5
അല്ലാഹുവിനൊപ്പമുണ്ടാവുക, അല്ലാഹു നിന്നോടൊപ്പവുമുണ്ടാകും! നബി (സ)മക്കയില്‍ നിന്ന് രക്ഷപ്പെട്ടത് ഇരുട്ടിന്റെ മറവില്‍ ഒളിച്ചുംപാർത്തുമായിരുന്നു. പിന്നെ അവിടേക്ക് തിരിച്ചു പ്രവേശിച്ചതോ, പ്രഭാതത്തിന്റെ മൂര്‍ധന്യദശയില്‍ ആരവങ്ങളോടെയും! യൂസുഫ് നബി അക്രമിക്കപ്പെട്ടവനായ സ്ഥിതിയിലായിരുന്നു ജയിലിലടക്കപ്പെട്ടത്. അവിടെ നിന്ന് പുറത്തിറങ്ങിയതോ, മിസ്‌റിന്റെ നായകനായിട്ടും! ഗുഹാവാസികളായ ചെറുപ്പക്കാന്‍ തങ്ങളുടെ ദീനും കൊണ്ട് മലമുകളിലേക്ക് രക്ഷപ്പെട്ടവരായിരുന്നു. അല്ലാഹു അവരെ കാലങ്ങളോളം ഉറക്കിക്കിടത്തുകയും ചെയ്തു. പിന്നീട് ഉണര്‍ത്തി സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ ജനങ്ങളൊക്കെയും അവരുടെ ദീനിന്റെ ആളുകളായി മാറിയിരുന്നു! അല്ലാഹുവിന്റെ കരുതലില്ലാതെ ഒരുപകാരം ചെയ്യാനോ ഒരുപദ്രവം ചെയ്യാനോ ഒരിക്കലും കഴിയാത്തൊരു വര്‍ഗമാണ് മനുഷ്യന്‍. സ്വന്തത്തിനു തന്നെയുള്ള വക കണ്ടെത്താന്‍ സാധിക്കാത്തവന്‍ എങ്ങനെയാണ് മറ്റുള്ളവരുടേത് കണ്ടെത്തുക! സ്വന്തം മരണത്തിന്റെ കാര്യം തന്നെ കൈവശമില്ലാത്തവനോട് എങ്ങനെയാണ് ജീവിതം ചോദിക്കുക! ആയതിനാല്‍ ഹൃദയത്തെ അല്ലാഹുവുമായി ബന്ധിക്കുക!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles