Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ പറഞ്ഞ ആണൊരുത്തൻ

{مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُم مَّن قَضَى نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلاً}.

(സത്യവിശ്വാസികളിലുണ്ട് ചിലയാളുകൾ: തങ്ങള്‍ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവര്‍ നിറവേറ്റി സത്യമാക്കി. അങ്ങനെ, അവരില്‍ ചിലര്‍ തന്‍റെ നേര്‍ച്ച നിറവേറ്റിയവരുണ്ട്‌; അവരില്‍ മറ്റു ചിലര്‍ അതിന്നവസരം പാര്‍ത്തു കൊണ്ടിരിക്കുന്നവരുമുണ്ട്. അവര്‍ ഉടമ്പടിക്ക് യാതൊരു വിധ മാറ്റവും വരുത്തുകയും ചെയ്തില്ല. 33:23)

എന്ന സൂക്തം പാരായണം ചെയ്യുമ്പോഴെല്ലാം തിന്നു തുടങ്ങിയ ഈത്തപ്പഴം വലിച്ചെറിഞ്ഞ് ‘ദാ ഉഹ്ദിൻ്റെ ഭാഗത്ത് നിന്നും സ്വർഗത്തിൻ്റെ മണം ‘ എന്ന് പറഞ്ഞു രക്തസാക്ഷിത്വത്തിലേക്ക് ഓടിയടുത്ത ഒരു സ്വഹാബിയുടെ മുഖമാണ് തെളിഞ്ഞു വരുന്നത്. സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ ഭാവനയിൽ കാണാൻ കഴിയില്ല എന്ന ധാരണ ശരിയല്ല. അശ്വാരൂഢനായ ആ ഖസ്റജീ യുവാവിനെ അറബി ഇഖാലോ ഖൻതൂറയോ ധരിച്ചല്ല, ഹാജിമാർ ധരിക്കുന്ന സാധാരണ വസ്ത്രത്തിലാണ് ആ മുഖത്തിൻ്റെ ചിത്രം ഫാൻറസിയായി തെളിഞ്ഞു വരൽ.  യാഥാർഥ്യത്തോട് അതെത്രമാത്രം അടുത്തു വരുന്നു എന്ന് കുറിപ്പുകാരനറിയില്ല.

നബി (സ) കൊല്ലപ്പെട്ടു എന്ന നുണപ്രചാരണം ചില സ്വഹാബികൾ വിശ്വസിച്ചിരുന്നതിനാൽ ഉസ്മാൻ ബിൻ അഫ്ഫാൻ അടക്കമുള്ള പലരും നിഷ്ക്രിയരായി ആത്മവിശ്വാസം നഷ്ടപ്പെട്ട് ഉഹ്ദ് മലയുടെ ഒരു ഭാഗത്ത് പോയി ഇരുന്നു. ഇത് കണ്ടപ്പോഴാണ് നമ്മുടെ കഥാനായകൻ അനസുബ്നു നദ്ർ (റ) അവരോട് ചോദിച്ചത്: എന്തിനാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്? അവർ സങ്കടത്തോടെ പറഞ്ഞു: നബി (സ) വഫാത്തായെന്ന് പറയപ്പെടുന്നു ? ഇനിയെന്ത് യുദ്ധം? അനസ് (റ) പറഞ്ഞു: അങ്ങനെയെങ്കിൽ യുദ്ധം ചെയ്യാതെ ഇനി നിങ്ങൾ ജീവിക്കുന്നതിനെന്ത് ഫലം ? നബി (സ) മരണപ്പെട്ടതുപോലെ മരിക്കാൻ തയ്യാറാകൂ . തുടർന്ന് സഅ്ദുബ്നു മുആദിനെ കണ്ടുമുട്ടിയ അനസ് (റ) പറഞ്ഞതാണ് നേരത്തെ സൂചിപ്പിച്ച “ഉഹ്ദിന്റെ താഴ് വരയിൽ സ്വർഗവാസന വീശുന്നതായി എനിക്കനുഭവപ്പെടുന്നു ” എന്ന ധീര പ്രഖ്യാപനം. താമസിയാതെ അനസുബ്നു നദ്ർ (റ) അവിശ്വാസികളുമായി ഏറ്റുമുട്ടി . എൺപതിൽ പരം വെട്ടും അമ്പുകളും ശരീരത്തിലുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ സഹോദരി റുബയ്യി ആയിരുന്നു എന്ന് ചരിത്രം പറയുന്നു. കൈവിരലുകളുടെ തെല്ലുകൾ നോക്കിയാണ് അവർ ആളെ കണ്ടെത്തിയത് .

ബനൂ അദിയ്യി ബിൻ നജ്ജാറിൽ നിന്നുള്ള അൻസാരിയായ ആ ചെറുപ്പക്കാരന് പ്രവാചകനോടൊപ്പം ബദർ യുദ്ധത്തിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം വളരെ ദുഃഖിതനായി നബിയോട് പറഞ്ഞിരുന്നു : “താങ്കളുടെ കൂടെ ഒരു യുദ്ധ രംഗം കാണിച്ചുതന്നാൽ ഞാനവിടെ നിർബന്ധമായുമുണ്ടാവും. പിന്നീട്, ഞാൻ എന്തുചെയ്യുമെന്ന് റബ്ബ് താങ്കൾക്ക് കാണിച്ചുതരും.” തൊട്ടടുത്ത വർഷം ഉഹുദ് യുദ്ധം വരുന്നതുവരെ അദ്ദേഹം ജിഹാദിനും ശഹാദത്തിനും കൊതിച്ച് ജീവിക്കുകയായിരുന്നു എന്നാണ് മനസ്സിലാവുന്നത്.

ഉഹ്ദ് യുദ്ധം ക്രി.വ.625 മാർച്ച് 19ന് (ഹിജ്റ 3-ാം വർഷം ശവ്വാൽ 3ന്) പ്രവാചകൻറെ നേതൃത്വത്തിൽ മദീനയിലെ മുസ്ലിം സമൂഹവും അബൂ സുഫിയാനിന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈശികളും തമ്മിൽ നടന്ന യുദ്ധമായിരുന്നു അത്.

മക്കക്കാർ അബു സുഫിയാന്റെ നേതൃത്വത്തിൽ 3000 കാലാൾപടയും 200 അശ്വഭടന്മാരും അടങ്ങുന്ന സൈന്യവുമായി മദീനയെ ലക്ഷ്യമാക്കി നീങ്ങി.മദീനയുടെ പ്രാന്തപ്രദേശമായ ഉഹ്ദ് മലയടിവാരത്തിൽ 1000 കലാൾപടയടങ്ങുന്ന പ്രവാചകസൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നിൽ നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹ്ദ് മലയുടെ മുകളിൽ വിന്യസിച്ചു,എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്ന് കല്പ്പിക്കുകയും ചെയ്തു. ശവ്വാൽ 3ന് യുദ്ധം ആരംഭിച്ചു. തുടക്കത്തിൽ മുസ്ലിംകൾക്കായിരുന്നു വിജയം.ഖുറൈശികൾ പിൻവാങ്ങിത്തുടങ്ങി.മലമുകളിൽ നിലയുറപ്പിച്ച അമ്പെയ്ത്തുകാരിൽ ഭൂരിഭാഗവും യുദ്ധമുതൽ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് താഴെ ഇറങ്ങി.

ഇതു കണ്ട ഖുറൈശി പടനായകൻ ഖാലിദ് ബിൻ വലീദ് മക്കക്കരെയും കൂട്ടി ഉഹ്ദ് മലയുടെ പിന്നിലൂടെ കറങ്ങി വന്ന് മുസ്ലിംകളെ പിന്നിൽ നിന്ന് ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ മുസ്ലിം സൈന്യം ഛിന്നഭിന്നമായി. മുസ്ലിം നാകയകൻ ഹംസ ബിൻ താലിബ് (റ) വധിക്കപ്പെടുകയും, പ്രവാചകന് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവാചകൻ വധിക്കപ്പെട്ടു എന്നുള്ള കിംവദന്തിയും പരന്നത്. പിന്നീട് മുസ്ലിംകൾ ഖുറൈശികളെ തുരത്തിയെങ്കിലും മുസ്ലിംകൾക്ക് 70ഓളം മുസ്ലിംകൾ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു.  അക്കൂട്ടരിൽ പേരുകൊണ്ട് ഞാനെന്നും ഓർക്കുന്ന പോരാളി അനസ് ബിൻ നദ്ർ (റ) തന്നെ.

റഫറൻസ്
1- ابن الجوزي: صفة الصفوة.
2- د سيد بن حسين العفاني: فرسان النهار من الصحابة

Related Articles