Current Date

Search
Close this search box.
Search
Close this search box.

ചാവാലി ഒട്ടകം

{أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى﴾٣٦ سورة القيامة
മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്‍ വെറുതെയങ്ങു ഉപേക്ഷിക്കപ്പെടുമെന്നു?! ( 75 : 36 )

വൃഥാ ,പാഴിൽ , നിഷ്ഫലമായി എന്നെല്ലാം പൊതുവെ പരാവർത്തനം നടത്തുന്ന എന്നാൽ പലപ്പോഴും നമ്മിൽ പലരും ആശയം മനസ്സിലാക്കാതെ പോവുന്ന ഒരു പ്രയോഗമാണ് ഖുർആൻ ഉപയോഗിച്ച സുദാ. ഖുർആനിലീ പദം ഒരിക്കലേ വന്നിട്ടുള്ളൂ.
അറബി സംസ്കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണിത്. പണ്ട് അറബികൾ ഒട്ടകം പ്രായമായി പാലും കുട്ടികളും ഉണ്ടാകില്ലെന്നു പറയുന്ന ഘട്ടത്തിലെത്തുമ്പോൾ , എല്ലും തോലുമായ ഒട്ടകത്തെ അറുത്താൽ മാംസം പോലും രസകരമാവില്ലെന്ന് ഉടമക്ക് തോന്നുമ്പോൾ ഏതെങ്കിലും ഒഴിഞ്ഞ മരുഭൂമിയിൽ കൊണ്ടുപോയി വളരെ ചെറിയ കെട്ടിട്ട് അവിടെ ഉപേക്ഷിച്ച് തടി സലാമത്താക്കും. കെട്ട് സാവധാനം അഴിഞ്ഞ ആ ചാവാലി മരുഭൂമി മുഴുവൻ കറങ്ങിത്തിരിഞ്ഞ് എവിടെയെങ്കിലും പോയി ചത്തൊടുങ്ങും. ഈ മുങ്ങൽ തിരിയണമെങ്കിൽ ഒട്ടകത്തിന്റെ ജീവിത രീതിയും മറ്റും പ്രാഥമികമായി മനസ്സിലാക്കണം …

ഒരൊട്ടകം എത്ര വയസുവരെ ജീവിക്കും? 30-35 വയസു വരെ എന്നാണ് ശരാശരി കണക്ക്. അങ്ങനെ അച്ചട്ടായ കണക്കൊന്നുമല്ല. ഈ കണക്കു വരെയൊന്നും ഒട്ടകത്തെ സംരക്ഷിച്ചു നിര്‍ത്താറില്ല. പത്തും പതിനഞ്ചും വയസാവുമ്പോഴേക്കും ചാവാലിയെന്ന പേരുദോഷം കേള്‍പ്പിക്കും ചില ഒട്ടകങ്ങൾ. എല്ലും തോലുമായ ഈ ഒട്ടകങ്ങളെ കശാപ്പിനു കൊടുക്കാനാവില്ലെങ്കില്‍ പിന്നെന്തു ചെയ്യും? അണ്‍ ഫിറ്റ് ആയ മൃഗങ്ങളെ, എന്നു വച്ചാല്‍ ചാവാലി ഒട്ടകത്തെയടക്കം കന്നുകാലി ചന്തയില്‍ വില്‍ക്കാന്‍ പോലും അറബി സംസ്കാരം അനുവദിക്കുന്നില്ല. അപ്പോള്‍ പിന്നെ എന്തു ചെയ്യും? ഒട്ടകത്തെ തീറ്റിപ്പോറ്റുന്നവരെ സംബന്ധിച്ച് അത് ചെറിയൊരു ചോദ്യമല്ല, കുറെയധികം കണക്കുകള്‍ അടങ്ങിയ വലിയ സമസ്യയാണത്.

ഒരൊട്ടകത്തിന് പ്രതിദിനം അതിന്റെ തൂക്കത്തിന്റെ പത്തു ശതമാനത്തിനു തുല്യമായ അളവില്‍ തീറ്റ വേണമെന്നാണ് കണക്ക്. ഒരൊട്ടകത്തിന് തന്നെ മുന്നൂറു മുതല്‍ നാനൂറു കിലോഗ്രാം വരെ തൂക്കമുണ്ടാവും. 300 കിലോഗ്രാം തൂക്കമുള്ള ഒട്ടകത്തിന് ഏറ്റവും കുറഞ്ഞത് 30 കിലോഗ്രാം ഒട്ടകത്തീറ്റ നല്‍കണം. പുല്ലു കിട്ടാനില്ലെങ്കില്‍ പത്തു കിലോ കച്ചി നല്‍കിയാലും മതി. അതിനും ക്ഷാമമെങ്കില്‍ പത്ത് കിലോ ഈത്തപ്പഴം നല്‍കണം.

അതായത് പാലു തരാത്ത ചാവാലി ഒട്ടകത്തെ പോറ്റാന്‍ ഉടമസ്ഥൻ /കര്‍ഷന്‍ പ്രതിദിനം അന്‍പതു രിയാലോളം മുടക്കണം. മാസം 1500 രിയാൽ. വര്‍ഷം പതിനെണ്ണായിരം രിയാൽ. ഇങ്ങനെ എത്രനാള്‍? ഒട്ടകം അതിന്റെ ആയുസ്സൊടുങ്ങി ചാവുന്നതുവരെ. അപ്പോള്‍ പിന്നെ ഉടമസ്ഥൻ എന്തു ചെയ്യും? ലളിതമാവും ഉത്തരം. പ്രായമായ ഒട്ടകത്തെ മരുഭൂമിയിലെവിടെയെങ്കിലും ഉപേക്ഷിക്കുക. ഇങ്ങിനെ അലക്ഷ്യമായി ഒട്ടകത്തെ ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് സുദാ.

ഈ ആയതിനെ വിശദീകരിച്ച് ഖുർതുബി,മുജാഹിദ്,സുദ്ദി എന്നിവർ പറയുന്നത് : ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെയും ഉയിർത്തെഴുന്നേൽക്കപ്പെടാതെയും ഇങ്ങനെ വെറുതെ ഉപേക്ഷിക്കപ്പെടുമെന്ന് മനുഷ്യൻ കരുതുന്നുണ്ടോ?
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപരിസൂചിത ഖുർആനിക സൂക്തം ഒന്നുകൂടി വായിക്കുക. തുടർന്ന്
താഴെ കാണുന്ന ഹദീസും …

അബൂ ബർസയില്‍(റ) നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.

1. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
2. തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്.
3. തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
4. തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles