കാക്കത്തൊളായിരം പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ മനുഷ്യമനസ്സ് അസ്വസ്ഥമാകുമ്പോള്‍ തെല്ലൊരു ആശ്വാസം ലഭിക്കാന്‍ ഹൃദയ_വിശാലത അനിവാര്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഹൃദയം വിശാലമാകുന്നത് മനസ്സുകളുടെ വിശാലതയുടെ ഫലമാണ്. സ്നേഹം, കരുണ, സഹാനുഭവം, സമൃദ്ധി, സംസ്കാരങ്ങളുടെ അടിസ്ഥാനത്തിൽ ഹൃദയം വിശാലമാവാം. ഹൃദയവിശാലത നമുക്ക് മാനസിക സുഖം, ശാന്തി, സമൃദ്ധി, സന്തോഷം എന്നീ ഗുണങ്ങൾ നൽകുന്നു. വളരെ സുന്ദരമായ അനുഭവമാണ് ഹൃദയവിശാലത. പല സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ഈ വിഷയം കൈകാര്യം ചെയ്തത് ഖുര്‍ആനില്‍ പലയിടത്തായി പരാമര്‍ശിക്കുന്നുണ്ട്.
ചില ഉദാഹരണങ്ങൾ :
അൻആം 125
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ
എന്നാല്‍, ഏതൊരുവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനു അവന്‍ ‘ഇസ്ലാമി’ലേക്കു വികാസം നല്‍കുന്നു. ഏതൊരുവനെ വഴി പിഴവിലാക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനെ അവന്‍ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു; അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ. അതുപോലെ, വിശ്വസിക്കാത്തവരുടെ മേല്‍ അല്ലാഹു ശിക്ഷ ഏര്‍പ്പെടുത്തുന്നതാണ്.
നഹ്ൽ 106
مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَـٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَـٰنِ وَلَـٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
ആരെങ്കിലും തന്റെ വിശ്വാസത്തിനുശേഷം, അല്ലാഹുവില്‍ അവിശ്വസിച്ചാല്‍, സത്യവിശ്വാസംകൊണ്ടു തന്റെ ഹൃദയം അടങ്ങിയിരിക്കുന്നവനായിക്കൊണ്ടിരിക്കെ നിര്‍ബ്ബന്ധത്തിനു് വിധേയനായവന്‍ ഒഴികെ – പക്ഷേ, ആര്‍ അവിശ്വാസംകൊണ്ട് നെഞ്ച് വികാസപ്പെട്ടുവോ, എന്നാല്‍ അവരുടെമേല്‍ അല്ലാഹുവിങ്കല്‍ നിന്നും കോപമുണ്ടായിരിക്കും; അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
സുമർ 22
أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّهِ أُولَٰئِكَ فِي ضَلَالٍ مُّبِينٍ
അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ , എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ
ഇൻശിറാഹ് 1
أَلَمْ نَشْرَحْ لَكَ صَدْرَكَ
(നബിയേ) നിന്റെ ഹൃദയം നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!
ഉപരി സൂചിത ഹൃദയ വിശാലത ആര്‍ക്കാണോ ലഭ്യമായത് അവര്‍ സൗഭാഗ്യവാന്മാരാണ് എന്നാണ് ഉപരി സൂചിത സൂക്തങ്ങൾ വ്യക്തമാക്കുന്നത്.
ഹൃദയ വിശാലത കൈവരാൻ ഇങ്ങനെ പ്രാര്‍ത്ഥിക്കുവാനാണ് മൂസാ (അ ) ക്ക് കിട്ടിയ നിർദ്ദേശം
ത്വാഹ 25
رَبِّ اشْرَحْ لِى صَدْرِي وَيَسِّرْ لِى أَمْرِي وَاحْلُلْ عُقْدَةً مِّنْ لِسَانِي يَفْقَهُوا قَوْلِي
(എന്റെ രക്ഷിതാവെ, എന്റെ ഹൃദയം വിശാലമാക്കുകയും കാര്യങ്ങള്‍ എളുപ്പമാക്കുകയും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വിധം എന്റെ ഭാഷണത്തെ വ്യക്തമാക്കുകയും ചെയ്യേണമേ )
സത്യത്തിന്റെ പക്കാ എതിരാളിയായ ഫിർഔനോട് ഹൃദയ വിശാലമായി സംസാരിക്കാനുള്ള കഴിവ് കിട്ടാനാണ് മൂസാ (അ) പ്രാർഥിച്ചതെങ്കിൽ, ഇന്ന് സ്വന്തം സമുദായത്തിലെ മറ്റേ പാർട്ടിക്കാരനെ ,അവന്റെ ആചാരങ്ങളും വേഷഭൂഷകളും ഉൾകൊള്ളാൻ ഞാനും നിങ്ങളുമടങ്ങുന്ന വിശ്വാസി സമൂഹത്തിനാവുന്നില്ലായെന്ന് മനസ്സിലാക്കി നാമും ഉപരിസൂചിത ദുആ ജീവിതത്തിന്റെ ഭാഗമാക്കുക.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW