Current Date

Search
Close this search box.
Search
Close this search box.

Quran

ഭിന്നത രണ്ടുവിധം

ഈ വിഷയകമായി സംഭവ്യമായ രണ്ടു രൂപങ്ങളിൽ ഒന്ന് ഇതാണ്: ദൈവത്തിനും ദൈവദൂതന്നുമുള്ള അനുസരണത്തിൽ സമുദായാംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരിക്കുന്നു. നിയമങ്ങൾക്ക് അടിസ്ഥാനങ്ങളായി ഖുർആനും സുന്നത്തും സർവസമ്മതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനന്തരം, ഏതെങ്കിലുമൊരു ശാഖാപ്രശ്‌നത്തിന്റെ പഠനനിരീക്ഷണത്തിൽ രണ്ടു പണ്ഡിതന്മാർ-അഥവാ, ഒരു കേസിന്റെ വിധിയിൽ രണ്ടു ന്യായാധിപന്മാർ-പരസ്പരം വിയോജിക്കുന്നു. പക്ഷേ, ഇവരിലൊരാളുംതന്നെ ആ പ്രശ്‌നത്തെയും തത്‌സംബന്ധമായ തന്റെ അഭിപ്രായത്തെയും ദീനിന്റെ അടിസ്ഥാനമായി വ്യാഖ്യാനിക്കുകയോ തന്നോട് വിയോജിക്കുന്നവർ ദീനിൽനിന്ന് പുറത്താണെന്ന് ധരിക്കുകയോ ചെയ്യുന്നില്ല. രണ്ടുപേരും അവനവന്റെ തെളിവുകൾ സമർപ്പിച്ചുകൊണ്ട് തങ്ങളെ സംബന്ധിച്ചേടത്തോളം ഗവേഷണബാധ്യത നിറവേറ്റുന്നു എന്നുമാത്രം. രണ്ടിൽ ഏതഭിപ്രായം സ്വീകരിക്കണം. അഥവാ രണ്ടും സ്വീകാര്യമാണോ എന്ന പ്രശ്‌നം പൊതുജനഹിതത്തിന്- കോടതിക്കാര്യമാണെങ്കിൽ നാട്ടിലെ അന്തിമനീതിപീഠത്തിനും സാമൂഹികപ്രശ്‌നമാണെങ്കിൽ സംഘടനക്കും-വിട്ടുകൊടുക്കുകയും ചെയ്യുന്നു.

ദീനിന്റെ അടിസ്ഥാനങ്ങളിൽത്തന്നെ അഭിപ്രായഭിന്നത പ്രകടമാക്കുകയത്രേ രണ്ടാമത്തെ രൂപം. അല്ലെങ്കിൽ, അല്ലാഹുവും റസൂലും ദീനിന്റെ അടിസ്ഥാനമായി അംഗീകരിച്ചിട്ടില്ലാത്ത ഒരുപ്രശ്‌നത്തിൽ ഏതെങ്കിലും ‘ആലി’മോ ‘സ്വൂഫി’യോ ‘മുഫ്തി’യോ ‘മുതവല്ലി’യോ ‘ലീഡറോ’ ഒരഭിപ്രായം സ്വീകരിക്കുന്നു. അതിനെ അനാവശ്യമായി വലിച്ചുനീട്ടി ദീനിന്റെ മൗലികപ്രശ്‌നമാക്കുന്നു. അതിലദ്ദേഹത്തോട് വിയോജിക്കുന്നവരെ മതഭ്രഷ്ടരും സമുദായഭ്രഷ്ടരുമായി മുദ്രകുത്തുകയും തന്നോട് കൂറുള്ളവരുടെ ഒരു സംഘം രൂപവത്കരിച്ച്, ഇവരാണ് സാക്ഷാൽ മുസ്‌ലിം സമുദായമെന്നും മറ്റുള്ളവരെല്ലാം നരകപാപികളാണെന്നും വാദിക്കുകയും, മുസ്‌ലിമാണെങ്കിൽ ഈ സംഘത്തിൽ വന്നുകൊള്ളണെമന്നും അല്ലാത്തവരൊന്നും മുസ്‌ലിമല്ലെന്നും ഘോഷിക്കുകയും ചെയ്യുക!

എവിടെയൊക്കെ ഖുർആൻ ഭിന്നതയെയും കക്ഷിമാത്സര്യത്തെയും എതിർത്തിട്ടുണ്ടോ അവിടെയൊക്കെ ഈ രണ്ടാമത്തെ ഭിന്നതയാണുദ്ദേശിച്ചിട്ടുള്ളത്. ആദ്യം പറഞ്ഞതരം ഭിന്നതകളാകട്ടെ- നബിതിരുമേനിയുടെ സന്നിധിയിൽത്തന്നെ അതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ വന്നിരുന്നതാണ്- തിരുമേനി അതിനെ അനുവദിക്കുകയുണ്ടായെന്നു മാത്രമല്ല അനുമോദിക്കുകകൂടിചെയ്തു. കാരണം, സമുദായത്തിൽ ചിന്താശക്തിയും ഗവേഷണതൃഷ്ണയും പഠനപാടവവും ഉണ്ടെന്നാണത് കുറിക്കുന്നത്. സമുദായത്തിലെ ബുദ്ധിജീവികൾക്ക് തങ്ങളുടെ ദീനിലും ദീനിന്റെ നിയമങ്ങളിലും താൽപര്യമുണ്ടെന്ന് അത് തെളിയിക്കുന്നു. ജീവിതപ്രശ്‌നങ്ങളുടെ പരിഹാരം ദീനിനകത്തുതന്നെ കണ്ടെത്താൻ അവരുടെ ബുദ്ധിശക്തി ശ്രമിക്കുന്നതിന്റെ ലക്ഷണമാണത്. അങ്ങനെ, അടിസ്ഥാനങ്ങളിൽ യോജിക്കുകവഴി സമുദായത്തിന്റെ ഏകീഭാവം നിലനിർത്തുകയും അതേസമയം, ന്യായമായ പരിധിക്കുള്ളിൽ പണ്ഡിതന്മാർക്കും ചിന്തകൻമാർക്കും ഗവേഷണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പുരോഗതിക്കുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്ന വിലപ്പെട്ട തത്ത്വം സമുദായം പൊതുവെ അംഗീകരിക്കുന്നു. ഇതത്രേ ശരിയായ മാർഗം! هذا ما عندي والعلم عند الله عليه توكلت واليه أنيب

( അവസാനിച്ചു)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles