Current Date

Search
Close this search box.
Search
Close this search box.

മഹാവൃത്താന്തം

resurrection.jpg

عمّ يَتَسَاءلون، عمَّഎന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന അധ്യായമാണ് സൂറത്തുന്നബഅ്. മക്കിയായ അധ്യായമാണിതെന്നതില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു. ഇതിലെ വിഷയവും ശൈലിയും അതാണ് സൂചിപ്പിക്കുന്നത്. ഇവിടെ മക്കയിലവതരിച്ചത് എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് ഹിജ്‌റക്ക് മുമ്പ് അവതരിച്ചത് എന്നാണ്.

ഏതൊരു കാര്യത്തെ കുറിച്ചാണ് അവര്‍ പരസ്പരം ചോദിക്കുന്നത് എന്നാണ് സൂറത്ത് ആരംഭിക്കുന്നത്. تَساءل എന്ന ക്രിയാ രൂപം سؤال ധാതുവിന്റെ تفاعل  രൂപമാണ്. അവരില്‍ ചിലര്‍ ചിലരോട് ചോദിക്കുന്നു എന്നര്‍ത്ഥം. അതായത് അക്കാര്യം മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം അവരുടെ ശ്രദ്ധ തെറ്റിച്ചിരിക്കുന്നു, അതിനെ കുറിച്ച് മാത്രമാണ് അവര്‍ പരസ്പരം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ ‘അവര്‍ പരസ്പരം ചോദിക്കുന്നു’ എന്നതിലെ ബഹുവചന രൂപം മക്കാമുശ്‌രിക്കുകളെയാണ് കുറിക്കുന്നത്. ഈ സൂക്തത്തില്‍ മക്കാ മുശ്‌രിക്കുകള്‍ എന്നത് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അവരുടെ അഭാവത്തിലും അവരുടെ സാന്നിദ്ധ്യമാണ് അവിടെ സജീവമായിട്ടുള്ളത്. പ്രവാചകന്റെ ആദര്‍ശ പോരാട്ടം ഈ ഘട്ടത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതും അവരോടായിരുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും പൊതുവായും അവരിലേക്ക് സവിശേഷമായും നിയോഗിക്കപ്പെട്ട ദൈവദൂതനാണ് മുഹമ്മദ്(സ) എന്ന പ്രഖ്യാപനത്തിന് ശേഷം അതങ്ങനെയായിരുന്നു.

ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത് അവര്‍ പരസ്പരം ചോദിക്കുന്നു എന്നതിലെ പ്രത്യയം ബഹുദൈവ വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ ബാധകമാണെന്നതാണ്.

എന്നാല്‍ ഞാന്‍ മുന്‍ഗണന നല്‍കുന്നത് ഇവിടെയുള്ള പരാമര്‍ശം ‘ബഹുദൈവ വിശ്വാസികളാണ്’ എന്ന അഭിപ്രായത്തിനാണ്. കാരണം മുസ്‌ലിംകള്‍ ഈ പരസ്പര ചോദ്യത്തില്‍ പങ്കാളികളായിട്ടില്ലെന്ന് തുടര്‍ന്ന് വരുന്ന താക്കീതിന്റെ ആശയമുള്ള ‘വേണ്ട അവര്‍ പിന്നീട് അറിയും, അവര്‍ പിന്നീട് അറിയുക തന്നെ ചെയ്യും’ സൂക്തം തെളിയിക്കുന്നു.

മഹാവൃത്താന്തം
ഇവിടെ വൃത്താന്തം എന്നത് ഭാഷാപരമായി എന്തോ പ്രത്യേക പ്രാധാന്യമുള്ള വാര്‍ത്ത എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. عَظيم എന്ന വിശേഷണ പദം ‘അലിഫ് ലാം’ ചേരാതെ ‘പ്രത്യേകമായ ഒന്ന്’ എന്ന വിശേഷണമില്ലാതെ പറയുമ്പോള്‍ തന്നെ ‘മഹത്തായ’ എന്ന ആശയത്തെ ദ്യോതിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ കൂടെ النبأ العظيم എന്ന് ‘അലിഫ് ലാം’ ചേര്‍ത്ത് പറയുമ്പോള്‍ അതിന്റെ പ്രാധാന്യം എത്ര വലുതാണ്.

ഏത് മഹാവൃത്താന്തമാണിത്? ജനങ്ങള്‍ തങ്ങളുടെ മറ്റ് ഭൗതിക വ്യവഹാരങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന് മുഴുസമയം മുഴുകിയിരുന്ന് പരസ്പരം അന്വേഷണം നടത്തുന്ന ഈ ‘മഹാവാര്‍ത്ത’ എന്താണ്? അത് സത്യമോ, കള്ളമോ? യാഥാര്‍ത്ഥ്യമോ മിഥ്യയോ? പൂര്‍ണമായും ശരിയോ അതല്ല യഥാര്‍ത്ഥ്യത്തിന്റെ ഏഴലയത്തു പോലുമെത്താത്ത കേവല ഊഹമോ?

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏകോപിച്ച് പറഞ്ഞ അഭിപ്രായം അത് മക്കാവാസികളും അറബികളൊന്നടങ്കവും നിഷേധിച്ച മരണാനന്തരമുള്ള പുനര്‍ജീവിതമാണ് എന്നാണ്. ഖുര്‍ആന്‍ അതിനെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ടല്ലോ? ‘അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെയും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?’ (17:49)
‘നമുക്കുദാഹരണങ്ങള്‍ ചമയ്ക്കുന്നു. സ്വന്തം ജനനത്തെ അവന്‍ മറന്നുകളഞ്ഞു. ഭദ്രവിച്ചുകഴിഞ്ഞ അസ്ഥികളെ ജീവിപ്പിക്കുന്നവനാര് എന്നവന്‍ ചോദിക്കുന്നു.’ (36:78)

ഈ അഭിപ്രായമാണ് ശരിയായത് എന്നതിലേക്കുള്ള സൂചനയാണ് അല്ലാഹുവിന്റെ ശക്തി വൈഭവത്തിന്റെയും കഴിവിന്റെയും പ്രകടരൂപങ്ങളെ വിവരിച്ച് കൊണ്ട് മക്കാ മുശ്‌രിക്കുകള്‍ക്ക് തുടര്‍ന്ന് അല്ലാഹു നല്‍കുന്ന മറുപടി. അതായത് അല്ലാഹുവിന് സൃഷ്ടിച്ച് ഒരു വസ്തു പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടു പോവുക അത് തുടങ്ങിയതിനേക്കാള്‍ വളരെ നിസ്സാരമാണ് എന്ന അവന്റെ കഴിവിന്റെ പ്രകടനമാണ് വിവരിക്കുന്നത്. അല്ലാഹു പറയുന്നു:
‘ഭൂമിയെ നാം ഒരു വിരിപ്പാക്കിയിട്ടില്ലയോ? പര്‍വതങ്ങളെ ആണികളെന്നോണം ഉറപ്പിച്ചിട്ടുമില്ലയോ? നിങ്ങളെ (സ്ത്രീപുരുഷ) ജോടികളായി സൃഷ്ടിച്ചില്ലയോ?…… (78:6-8)

ചിലര്‍ ഇവിടെ പരാമര്‍ശിച്ച ‘മഹാവൃത്താന്ത’ത്തെ കുറിച്ച് അത് അല്ലാഹുവിന്റെ ഏകത്വത്തെ (തൗഹീദ്) കുറിച്ചാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ ‘ഏകദൈവത്വ സിദ്ധാന്തം’ അവരുടെ പൂര്‍വപിതാക്കളില്‍ നിന്ന് അനന്തരമായി ലഭിച്ച ബഹുദൈവ വിശ്വസമോ അല്ലെങ്കില്‍ വിഗ്രഹ പൂജയോ ആയിട്ടുള്ള അവരുടെ പൂര്‍വമതത്തിന്റെ നേരെ എതിരായിട്ടുള്ള ഒന്നാണ്. അത് അല്ലാഹു ഇങ്ങനെ പറയുന്നു: ‘അവര്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെ.’ (38:5)

ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ‘ആ മഹാസംഭവം’ വിശുദ്ധ ഖുര്‍ആനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ല, അത് പ്രവാചകന്റെ പ്രവാചകത്വം (നുബുവ്വത്ത്) ആയിരിക്കാമെന്നും അല്ലെങ്കില്‍ പ്രവാചകന് അവതീര്‍ണമാകുന്ന ‘ദിവ്യബോധന’ മായിരിക്കുമെന്നും അവര്‍ പറയുന്നു. (തുടരും)

വിവ: ഷംസീര്‍ എ.പി.

ദിവ്യബോധനമാണ് ആ മഹാവൃത്താന്തം

Related Articles