Current Date

Search
Close this search box.
Search
Close this search box.

Quran, Shari'ah

‘ഫഇന്നീ ഖരീബ്‌’; ഞാനവരുടെ തൊട്ടടുത്തുണ്ട് !

allah.jpg

കരുണാമയന്റെ കാരുണ്യം കരകവിഞ്ഞൊഴുകുന്ന പ്രഖ്യാപനം.. മനുഷ്യ ഹൃദയത്തെ അള്ളാഹു അവന്റെ സംരക്ഷണം കൊണ്ടും, പ്രണയം കൊണ്ടും പൊതിയുന്നു.. എല്ലാവിധ കരുതലും അവന്റെ അടിമകളെ പുൽകുന്നു.. മനുഷ്യത്മാവ് പരലോകത്തെ ചുംബിക്കുന്നു.. അവന്റെ ദൃഷ്ടികൾ നാഥനിലേക്കെത്താൻ കൊതിക്കുന്നു.. കണ്ണുകൾ അതിനെ ആശ്ലേഷിക്കുന്നു.. ശരീരം അതിനെ ആവാഹിക്കുന്നു.. രക്തധമനികൾ പുതിയ രൂപമണിയുന്നു.. മനുഷ്യനിലെങ്ങും പ്രപഞ്ച നാഥന്റെ കരുതൽ കതിർവട്ടം ചൊരിയുന്നു..! ഒരു സത്യവിശ്വാസിക്ക് കരുത്തും ഊർജ്ജവും നൽകുന്ന ഖുർആനിക വചനം. അവന്റെ മുഷിപ്പും പ്രതിസന്ധികളും മാറ്റുന്ന വിളംബരം. ദുഃഖത്തിലും പ്രയാസത്തിലും അള്ളാഹു കൂടെയുണ്ടെന്ന മാനസിക ശക്തി വിശ്വാസിയെ എന്തിനും പോന്നവനാക്കി തീർക്കുന്നു.

മനുഷ്യന്റെ കാഴ്ചപ്പാടുകളെ അങ്ങനെതന്നെ പുനർ നിർവ്വചിക്കുകയായിരുന്നു ഈ ഖുർആനിക വചനം. മഹാനായ ഇബ്നുല്‍ ഖയ്യിം (റ) ഇപ്രകാരം പറഞ്ഞതായി കാണാം: “قال الإمام ابن القيم رحمه الله: ‏فمن أراد أن ينال محبة الله عز وجل فليلهج بذكره” ആരെങ്കിലും അല്ലാഹുവിന്‍റെ ഇഷ്ടം കരസ്‌ഥമാക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ ശീലമാക്കിക്കൊള്ളട്ടെ (الوابل الصيب :٤٢).

പ്രാർത്ഥനയുടെ ഏറ്റവും മൂർത്തരൂപം മൃഗതുല്യരായി ജീവിച്ചുപോന്ന ഒരു ജനതക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു. ചിന്തിക്കുന്ന ഗവേഷണ ബുദ്ധികളെ പിടിച്ചിരുത്തുന്നതായിരുന്നു ഈ വചനം. സർവ ലോകങ്ങളും അടക്കി ഭരിക്കുന്ന സൃഷ്ടാവായ പടച്ച തമ്പുരാൻ മനുഷ്യനെന്ന കൊച്ചുജീവിക്ക് അടുത്തുണ്ടെന്നോ!! സാഹിത്യത്തെയും അറേബ്യൻ സാമ്രാജ്യത്തെയും വാരിപ്പുണർന്ന പ്രഖ്യാപനം. ഭൌതികമായും ആത്‍മീയമായും റമദാനിൽ വറ്റിവരണ്ട ഒരു ജനതക്ക്മേൽ ദാഹം മാറ്റലായിരുന്നു പ്രപഞ്ച നാഥന്റെ ഉദ്ദേശം.

ഈ വചനത്തിന്റെ അനിതരസാധാരണമായ ഭംഗി നമുക്കൊന്ന് നോക്കാം.., ആയത്തിന്റെ ആദ്യഭാഗത്തിലേക്ക് നാം വരുമ്പോൾ കാണുന്നത് : وَإِذَا سَأَلَكَ عِبادِي ‘ എന്റെ അടിമകൾ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാൽ ‘ ഇവിടെ ‘ലക്ക’ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകൻ (സ) യെ ആണ്. സ്വാഭാവികമായും ഉത്തരം കൊടുക്കേണ്ടതും നബി (സ) യിലൂടെ തന്നെയാണ്. അതുകൊണ്ട് തന്നെ നാം പ്രതീക്ഷിക്കുന്ന ആയത്തിന്റെ രൂപം:
وإذا سألك عبادي عني فقل له إن الله قريب.. ഈ രൂപത്തിലാണ് ആയത്ത് വരേണ്ടിയിരുന്നത്. കാരണം ഈ രീതിയിലുള്ള നിരവധി ചോദ്യങ്ങൾ പ്രവാചകനോട് സ്വാഹാബക്കൾ ചോദിച്ചതായി വിശുദ്ധ ഖുർആനിൽ കാണാം.

അവയിൽ മാസ്‌തിഷ്കത്തെ കുഴക്കുന്ന ശാസ്ത്ര സംബന്ധിയായ ചോദ്യം പോലും വന്നിട്ടുണ്ട് : അതാണ് ” ഉദയബിന്ദുക്കളെക്കുറിച്ച് നിന്നോടവർ ചോദിക്കുന്നു”, “ആത്മാവിനെക്കുറിച്ച് നിന്നോടവർ ചോദിക്കുന്നു”, “ആർത്തവത്തെക്കുറിച്ചും നിന്നോടവർ ചോദിക്കുന്നു”, “യുദ്ധമുതലുകളെക്കുറിച്ചും നിന്നോടവർ ചോദിക്കുന്നു”, തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം തന്നെ അല്ലാഹു ഉത്തരം നൽകിയത് പ്രവാചകനിലൂടെ ആയിരുന്നു. പക്ഷെ സുബ്ഹാനല്ലാഹ്!! പ്രാർത്ഥനയുമായി ബന്ധപ്പെട്ട ഈ പരാമർശത്തിൽ സൃഷ്ടാവ് സൃഷ്ടിക്ക് നേരിട്ടാണ് ഉത്തരം നൽകുന്നത്.

“ഞാനിതാ നിങ്ങളുടെ തൊട്ടടുടത്തുണ്ട്” അല്ലാഹുവിന്റെ സാമിപ്യം തൊട്ടറിഞ്ഞപോലെ നമുക്കനുഭവപ്പെടുന്നു. സൂറത്ത് ഖാഫിലൂടെയും അല്ലാഹു സമാന പരാമർശം നടുത്തുന്നുണ്ട്: وَنَحْنُ أَقْرَبُ إليه مِنْ حَبْلِ الْوَرِيدِ ” ഞാൻ നിങ്ങളുടെ ഖണ്ഡനാഡിയെക്കാൾ അടുത്തവനാണ്”.

അടിമകളോട് പടച്ചവൻ എന്തിനും നിങ്ങൾ എന്നെ സമീപിക്കുകയെന്ന ഒരു ആഹ്വനം കൂടിയാണ് ഈ വചനങ്ങളിലൂടെ പഠിപ്പിക്കുന്നത്. ആയത്തിന്റെ അവസാന ഭാഗവും ശ്രദ്ധിച്ചു കഴിഞ്ഞാൽ മനസ്സിലാകും അല്ലാഹു ആദ്യം ഉത്തരം നൽകുമെന്നാണ് പറഞ്ഞുവെക്കുന്നത്. ആത്മവീര്യം ആടിയുലയുന്ന ഈ കാലത്ത് ദൈവം കാണിച്ച വാത്സല്യ വായ്‌പിൽ ചിറകടിക്കുകയാണ് യഥാർത്ഥത്തിൽ മനുഷ്യർ ചെയ്യേണ്ടത്. ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങൾ പോലും തങ്ങളുടെ നാഥൻ തങ്ങളോടൊപ്പം തന്നെ ഉണ്ടെന്ന ബോധ്യത്തിൽ ഏത് ഭരണ കൂടത്തിനെതിരെയും ചെറുത്ത് നിൽക്കുന്ന കാഴ്ച നാം ലൈവായി കണ്ടുകൊണ്ടിരിക്കുന്നു. ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്ന ഈ മാനക്കരുത്തിന്റെ പേരാണ് യഥാർത്ഥത്തിൽ വിശ്വാസം. സൃഷ്ടാവുണ്ടെന്ന ബോധ്യം അവർ നിരന്തരം ലോകത്തോട് വിളിച്ചു പറയുന്നു.!

Related Articles