Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ കുടുംബാന്തരീക്ഷം എങ്ങനെ മെച്ചപ്പെടുത്താം

ഇന്നത്തെ രക്ഷിതാക്കള്‍ മക്കളെ കുറിച്ച് വളരെ കരുതലുള്ളവരാണ്. അവരുടെ ഭക്ഷണ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എന്നുതുടങ്ങി മക്കള്‍ വളരുന്ന ചുറ്റുപാടിനെ കുറിച്ചും അതില്‍ നിന്നും അവര്‍ കൈവരിക്കുന്ന മൂല്യങ്ങളെ കുറിച്ചുമെല്ലാം അതീവ ശ്രദ്ധയാണ് മാതാപിതാക്കള്‍ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ മക്കളുടെ ധാര്‍മികമായ കാര്യത്തില്‍ അതിലൂടെ അവര്‍ സ്വായത്തമാക്കേണ്ടുന്ന ഉന്നത മൂല്യങ്ങളെ കുറിച്ചും കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശേഷി നേടുന്നതിനെ കുറിച്ചും ജാഗ്രതയുള്ള രക്ഷിതാക്കള്‍ നന്നേ കുറവാണ്.

പരിശുദ്ധ റമദാന്‍ മാസം കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാനുള്ള നല്ലൊരു സാധ്യതയാണ്. നീണ്ട മുപ്പത് പകലിരവുകളിലൂടെ അവരുടെ സ്വഭാവ ശൈലികളില്‍ വളരെ മികച്ച മാറ്റമുണ്ടാക്കാന്‍ റമദാനിലൂടെ കഴിയും. മക്കളില്‍ ഇത്തരം മാറ്റമുണ്ടാക്കുന്നതില്‍ കുടുംബങ്ങളുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. എന്നാലും നേരത്തെ സൂചിപ്പിച്ചത് പോലെ പലരും അതിനെ ഗൗനിക്കാറില്ല എന്നതാണ് വസ്തുത.

ഈ വിഷയത്തില്‍ ഇമാം ഇബ്്‌നുല്‍ ജൗസി അദ്ദേഹത്തിന്റെ ‘സ്വയ്ദുല്‍ ഖാതിര്‍’ എന്ന ഗ്രന്ഥത്തില്‍ നോമ്പെന്നത് മുസ്്‌ലിം ജീവിതാനുഭവങ്ങളില്‍ അത്രമേല്‍ ഇഴുകിച്ചേര്‍ന്നു എന്ന് ഇബ്്‌നുല്‍ ജൗസി (റ) നിരീക്ഷിക്കുകയാണ്. ഒരുപക്ഷേ ചെറുപ്പത്തില്‍ തന്നെ വീടകങ്ങളില്‍ നിന്ന് നോമ്പിനെ കുറിച്ചും അതിന്റെ മാഹാത്മ്യത്തെ കുറിച്ചും അതിലൂടെ കരഗതമാവുന്ന മൂല്യങ്ങളെ കുറിച്ചെല്ലാം ബോധ്യമുള്ളത് കൊണ്ടാവാം.

ജര്‍മ്മനിയിലെ മുസ്്‌ലിം ചിന്തകന്‍ മുറാദ് ഹോഫ്മന്‍ തന്റെ ‘ജേര്‍ണി ടു മക്ക’ എന്ന ഗ്രന്ഥത്തില്‍ റമദാനിലെ നോമ്പ് ഒരു വേരാഴ്ത്തുന്ന സംസ്‌കാരമായി മാറുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ‘നോമ്പ് യഥാര്‍ത്ഥത്തില്‍ മുസ്്‌ലിംകളെ ഒന്നാകെ മതപരമായ അതിന്റെ പ്രാധാന്യത്തിലേക്ക് നയിക്കുന്നു. അത് മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഒരു വിശ്വാസിയെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കുന്നു.

ഒരാളുടെ ശീലങ്ങള്‍/ആചാരങ്ങള്‍ അയാളുടെ സ്വത്വബോധം നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാവാം മതേതരത്വം മതപരമായ ആചാരങ്ങളെ അടുപ്പിക്കാത്തത്. എന്നാല്‍ മതം ആചാരങ്ങളെ കൃത്യമായി പരിഗണിക്കുന്നത് കാണാം. നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായ പ്രകാരം ആചാരങ്ങളുടെ ലക്ഷ്യം പരസ്പര ബന്ധങ്ങള്‍ വളര്‍ത്തുക എന്നതാണ്.

കുടുംബവും ആചാരങ്ങളുമായുള്ള അതിന്റെ ബന്ധവും ഏറെ ശ്രദ്ധേയമാണ്. ആചാരങ്ങളെ സമീപിക്കുന്നിടത്ത് മാതാപിതാക്കളുമായുള്ള ബന്ധം കുട്ടികളില്‍ വളരെയധികം സ്വാധീനം ചെലുത്തും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മാതാപിതാക്കള്‍ കുട്ടികളില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. രക്ഷിതാക്കളുടെ സ്വഭാവശൈലിയാണ് അതില്‍ കുട്ടികളെ ഏറ്റവുമധികം സ്വാധീനിക്കുക. അതിനാല്‍ തന്നെ റമദാനില്‍ മാതാപിതാക്കള്‍ നോമ്പിന് നല്‍കുന്ന ആത്മീയമായ പ്രാധാന്യം കുട്ടികളില്‍ ചെലുത്തും എന്നതില്‍ സംശയമില്ല.

ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ മതനിഷ്ഠയുടെ ആദ്യപാഠങ്ങള്‍ നേടുന്നത് അയാളുടെ വീട്ടില്‍ നിന്നാണ്. കുട്ടികളോട് വൈകാരികമായി സംവദിക്കുന്ന രീതിയിലുള്ള വളര്‍ത്തുശൈലി ഉണ്ടാക്കിയെടുത്താല്‍ അവരില്‍ പോസിറ്റീവായ രൂപത്തിലുള്ള മതചിട്ട ഉണ്ടാവുമെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ വിശദീകരിക്കുന്നുണ്ട്. അമേരിക്കയിലെ 81% കൗമാരക്കാരും കുടുംബത്തോടൊപ്പം ആയിരിക്കുമ്പോള്‍ ദീനീനിഷ്ഠകളില്‍ ആവേശം കാണിക്കുന്നതായും ഏറെ സന്തുഷ്ടരാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എണ്‍പതുകളില്‍ നടന്ന ഒരു പഠനത്തില്‍ മതചിട്ട പുലര്‍ത്തുന്നത് ശാരീരികാരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നുണ്ട്.

ഉപവാസമനുഷ്ഠിക്കുന്നത് സന്തോഷം പ്രദാനം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണവും സ്വഭാവവും തമ്മില്‍ ബന്ധമുള്ളത് കൊണ്ട് റമദാനില്‍ ഭക്ഷണ പാനീയങ്ങള്‍ വര്‍ജ്ജിക്കുന്നതിലൂടെ സാമൂഹ്യബന്ധങ്ങള്‍ ശക്തമാവുമെന്ന് പഠനങ്ങളുണ്ട്. സാധാരണ വിശന്നാല്‍ ആഹാരത്തോട് പ്രിയമേറുമ്പോള്‍ റമദാനില്‍ കാര്യം നേരെ തിരിച്ചാണ്. ത്യാഗം, ദാനധര്‍മ്മം പോലുള്ള ഉദാത്തമായ മൂല്യങ്ങള്‍ നോമ്പുകാലത്ത് ഒരു വ്യക്തി കൈവരിക്കുന്നു.

വ്യത്യസ്തങ്ങളായ ആത്മീയ പരിശീലനങ്ങളാണ് റമദാനില്‍ ഒരു വ്യക്തി ശീലിക്കുന്നത്. ആത്മ സംയമനം, ഭക്ഷണ നിയന്ത്രണം, കഴിക്കുന്നത് ഹലാലാവണമെന്ന നിര്‍ബന്ധം, കുടുംബ ബന്ധം ഊട്ടിയുറപ്പിക്കല്‍, ഖുര്‍ആന്‍ പാരായണം, അനാവശ്യ സംസാരങ്ങളില്‍ നിന്നുള്ള വിടുതല്‍ എന്നിങ്ങനെ നീണ്ട മുപ്പത് ദിനരാത്രങ്ങളിലൂടെ വൈവിധ്യങ്ങളായ സ്വഭാവ സംസ്‌കരണ പദ്ധതിയില്‍ അയാള്‍ ഏര്‍പ്പെടുകയാണ്. അതുകൊണ്ട് തന്നെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈയൊരു ദീര്‍ഘമായ പരിശീലനക്കളരിയില്‍ വ്യക്തിപരവും സാമൂഹികവുമായ അധ്യാപനങ്ങള്‍ മക്കളെ ശീലിപ്പിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള മര്യാദകളും അധ്യാപനങ്ങളും ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ചില്ലെങ്കില്‍ അത് മക്കളുടെ മതപരമായ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ വലുതായാല്‍ യാതൊരു ഫലവും ചെയ്യില്ലെന്നും ഇബ്്‌നുല്‍ ജൗസി നിരീക്ഷിക്കുന്നത് കാണാം.

ശൈഖ് ഗസാലി ഉണര്‍ത്തുന്നതിങ്ങനെ: ‘സത്യസന്ധത വീട്ടില്‍ നിന്ന് പഠിച്ചില്ലെങ്കില്‍ അവന്‍ പിന്നെ എവിടുന്ന് പഠിക്കാനാണ്?. മാതാപിതാക്കളില്‍ നിന്നും സ്‌നേഹവും വിശ്വസ്തതയും അനുഭവിച്ചില്ലെങ്കില്‍ പിന്നെ എവിടുന്നാണത് കിട്ടുക?. ഭക്ഷണമൊരുക്കല്‍ മാത്രമാണോ വീടുകളുടെ പണി’?

 

വിവ: മുഖ്താർ നജീബ്

Related Articles