അവിടന്നും കിട്ടി ഉരിയരി
ഇവിടന്നും കിട്ടി ഉരിയരി
എല്ലാം കൂടി കഞ്ഞി വെച്ച്
എന്നു തുടങ്ങുന്ന ഒരു കളി ചെറുപ്പത്തിൽ കളിച്ചതോർമയുണ്ട്.
അവിടന്നും ഇവിടന്നുമെല്ലാം പെറുക്കി കൂട്ടി കഞ്ഞി വെച്ച് കഴിച്ച് സാങ്കല്പികമായി സുഭിക്ഷമായി കഴിയുന്ന രീതിയിലുള്ള ,കുട്ടികൾ തന്നെ വികസിപ്പിച്ച കളിയായിരുന്നു അത്.
എന്നാൽ ഇന്നും കർമശാസ്ത്ര വിഷയങ്ങളിൽ അവിടന്നും ഇവിടന്നും പെറുക്കികൂട്ടി കഞ്ഞി വെച്ച് കളിക്കുന്ന രീതി ചിലരിൽ കണ്ടുവരുന്നുണ്ട്. രണ്ടു ഖുല്ലത്തിൽ താഴെയുള്ള ബക്കറ്റിൽ കയ്യിട്ട് വുദു ചെയ്ത് , നാല്പതു പേരിൽ കുറവുള്ള പള്ളിയിൽ ഖുതുബ നടത്തി , ജുമുഅ നമസ്കാരം കഴിഞ്ഞ് ഒറ്റക്ക് അസ്വർ നമസ്കാരം ജംആക്കി , തറാവീഹ് നമസ്കാരം പതിനൊന്നു നമസ്കരിച്ച് , സുബഹിക്ക് ഖുനൂത് ഓതാതെ നിർവഹിച്ച് , ശാഫി മദ്ഹബുകാരനായത് കൊണ്ട് ബിസ്മി ഒച്ചയിലോതും എന്നു പറയുന്ന ഒരു ചെറുപ്പക്കാരൻ ഇമാമിനെ ഈയിടെ പരിചയപ്പെട്ടു. ശാഫിഈ മദ്ഹബിന്റെ മുഖല്ലിദാണ് എന്ന് വാദിക്കുന്നതോടൊപ്പം തന്നെ അയാൾ എല്ലാ മദ്ഹബുകളിലൂടെയും ഒരേ സമയം കയറി ഇറങ്ങുന്നുണ്ട്. ഇത്തരം പെറുക്കിയെടുക്കൽ എങ്ങനെയാണിവർ ന്യായീകരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. കർമശാസ്ത്രത്തിൽ തല്‍ഫീഖ് എന്നറിയപ്പെടുന്ന ഈ പെറുക്കികൂട്ടലിന് യാതൊരു അടിസ്ഥാനവുമില്ല.
ഇപ്പോൾ പറഞ്ഞതിനെ നികാഹുമായി ബന്ധപ്പെടുത്തി ഒന്നു ചിന്തിച്ചു നോക്കൂ… ശാഫി മദ്ഹബ് പ്രകാരം മഹർ പറയൽ സുന്നത്താണ് . ഹനഫി മദ്ഹബ് പ്രകാരം കന്യകയല്ലാത്ത പെണ്ണിന് സ്വയം നികാഹിതയാവാം. ഹമ്പലി മദ്ഹബ് പ്രകാരം രണ്ടു സാക്ഷികൾ നിർബന്ധമില്ല. ഈ മൂന്നു മദ്ഹബുകളെയും താന്താങ്ങളുടെ സൗകര്യത്തിനെടുത്ത് വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ലൗ മാരേജുകൾ കൂടും. ആയതിനാൽ ന്യൂ ജനറേഷൻ പണ്ഡിതന്മാർ ഈ പെറുക്കിയെടുക്കല് പരിപാടിക്കെതിരെ ശക്തമായ ഉദ്ബോധനം നടത്തുകയും തഖ്ലീദിനെ മോശമായി ചിത്രീകരിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ തയ്യാറാവുകയും വേണം .
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU