Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളും തഖ് ലീദും

ചോദ്യം: മദ്ഹബുകളുടെ നാല് ഇമാമുമാരെ തഖ്‌ലിദ് ചെയ്യുന്നതിനെ സംബന്ധിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്? അതായത്, ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ഏതെങ്കിലും വിധത്തിൽ അനുവദനീയമാണെന്ന് താങ്കൾ കരുതുന്നുണ്ടോ? അനുവദനീയമാണെന്നാണ് താങ്കളുടെ നിലപാടെണ്ടിൽ അത് എത്രത്തോളമാകാം എന്നാണ് താങ്കൾ മനസ്സിലാക്കുന്നത്? എന്റെ അറിവ് വെച്ച് താങ്കൾ വിശാലമായി ചിന്തിക്കുന്ന ഒരു മുഖല്ലിദാണ്?

മറുപടി: യാഥാർഥത്തിൽ വിവരമുള്ള ഒരു പണ്ഡിതൻ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് തന്നെ വിധിവിലക്കുകൾ കണ്ടെത്താൻ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം. വിധിവിലക്കുകൾ കണ്ടെത്തുന്നതിനായി നടത്തുന്ന ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും പൂർവ്വിക പണ്ഡിതന്മാരുടെ വിദഗ്ധ അഭിപ്രായങ്ങളെയും അത്തരമൊരു പണ്ഡിതന് അവലംബിക്കാവുന്നതാണ്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് പഴുതുള്ള വിവാദ വിഷയങ്ങളിൽ എല്ലാ മുൻവിധികളിൽ നിന്നും പക്ഷപാതാത്തത്തിൽ നിന്നും അദ്ദേഹം മുക്തനായിരിക്കണം. കൂടാതെ മുജ്തഹിദുകളായ ഇമാമുകളിൽ ഖുർആനുമായും സുന്നത്തുമായും ഏറ്റവും യോജിക്കുന്നതും പൊരുത്തപ്പെടുന്നതും ഏതെന്ന് തുറന്ന മനസ്സോടെ അന്വേഷിക്കുകയും ചെയ്യണം. അതിന് ശേഷം ഏറ്റവും ശരിയെന്ന് ബോധ്യപ്പെടുന്നതാണ് നടപ്പിലാക്കേണ്ടത്.

അഹ്‌ലെ ഹദീസിന്റെ എല്ലാ നിലപാടുകളും അതിന്റെ വിശദാംശങ്ങളോടെ ശരിയാണെന്ന് ഞാൻ കണക്കാക്കുന്നില്ല. എന്നാൽ ഞാൻ ഒരു ഹനഫി മദ്ഹബുകാരനോ ശാഫിയോ അല്ല താനും. മാത്രവുമല്ല, ജമാഅത്തെ ഇസ്‌ലാമിയിൽ പ്രവർത്തിക്കുന്ന ഒരാൾ, കർമ്മശാസ്ത്ര നിലപാടുകൾ സ്വീകരിക്കുമ്പോൾ അത് എന്റെ വീക്ഷണങ്ങൾക്ക് അനുസരിച്ചിയിരിക്കണമെന്നോ അതിന് വിധേയമായിരിക്കണമെന്നോ എന്ന യാതൊരു നിബന്ധനയുമില്ല. എന്നാൽ അവർ എല്ലാതരത്തിലുള്ള വിഭാഗീയ മുൻവിധികളിൽ നിന്നും മുക്തരായി നിലകൊള്ളുന്നവരായിരിക്കണം. സത്യം സ്വന്തം പക്ഷത്ത് മാത്രം പരിമിതപ്പെടുത്താനുള്ള താൽപര്യങ്ങളും അവർക്ക് ഉണ്ടാകാൻ പാടില്ല. ഈ അടിസ്ഥാനത്തിൽ, ഹനഫിയോ ശാഫിഈയോ അഹ്‌ലെ ഹദീസോ മറ്റേതെങ്കിലും കർമ്മശാസ്ത്ര സരണി പിന്തുടരുന്നവരോ ആരാണെങ്കിലും അവർക്ക് സംതൃപ്തിയോടെ ഈ പ്രസ്ഥാനത്തിൽ അവരവരുടെ ഫിഖ്ഹീ നിലപാടുകളുമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.

ചോദ്യം: മദ്ഹബിന്റെ ഇമാമുമാരെ തഖ്‌ലീദ് ചെയ്യൽ ഹറാമും ശിർക്കുമായി “അഹ്‌ലെ ഹദീസ്” വക്താക്കൾ കണക്കാക്കുന്നു. അത് ശരിയാണോ? സത്യത്തിൽ മുഖല്ലിദുകളായ മുസ്‌ലിംകളും ഹദീസിന്റെ അഹ്‌ലുകാർ തന്നെയല്ലേ? യഥാർത്ഥത്തിൽ എന്താണ് തഖ്ലീദ്? അത് ഒരാളുടെ ജീവിതത്തിൽ ആവശ്യമാണോ?

ഉത്തരം: യഥാർഥത്തിൽ ഇസ്‌ലാമിൽ അല്ലാഹുവിന്റെ ദൂതനെ (സ) അല്ലാതെ മറ്റാരെയും തഖ്ലീദ് (അനുകരിക്കാൻ) ചെയ്യാൻ അനുവാദമില്ല. എന്നല്ല, അല്ലാഹുവിന്റെ റസൂൽ (സ) പറയുന്നതും ചെയ്യുന്നതും അല്ലാഹുവിന്റെ അനുവാദവും കൽപ്പനയും അനുസരിച്ചാണ് എന്ന ഉപാധിയോടെയാണ് നബി തിരുമേനി (സ)യെ പോലും അനുകരിക്കേണ്ടത്. കാരണം യഥാർഥത്തിൽ അനുസരിക്കപ്പെടേണ്ടവനും നിയമദാതാവും അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നതാണ് വസ്തുത.

വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിൽ നിന്നും നബി(സ)യുടെ സുന്നത്തിൽ നിന്നും അല്ലാഹുവും റസൂലും കൽപ്പിച്ച, മുസ്‌ലിം സമൂഹം ആരാധനകളിലും ഇടപാടുകളിലും ഇടപെടലുകളിലും പാലിക്കേണ്ട നിയമ വ്യവസ്ഥകൾ നിർദ്ദാരണം ചെയ്തെടുത്തു എന്നത് മാത്രമാണ് ഇമാമുകൾ ചെയ്ത ദൗത്യം. ആ അളവിൽ മാത്രമാണ് അവരെ പിന്തുടരുന്നതിൽ പ്രസക്തിയുള്ളൂ. ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നും ഭാഗികമായ വിധികൾ മാത്രമാണ് അവർ നിർദ്ദാരണം ചെയ്തത്. അതിനാൽ, അവർ നിരുപാധികം കൽപിക്കുന്നവരും വിലക്കുന്നവരുമല്ല. അവർ സ്വയം അനുസരിക്കപ്പെടേണ്ടവരും പിൻപറ്റപ്പെടേണ്ടവരുമല്ല.

എന്നാൽ അറിവില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്തരം ഇമാമുകൾ വിശ്വസനീയമായ അറിവും അവലംബവുമാണ്. ഒരാൾ വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലും പറഞ്ഞ കാര്യങ്ങൾ കാര്യഗൗരവത്തിൽ കണ്ടെത്താൻ കഴിയാത്തവനോ ഇസ്‌ലാമിന്റെ ഉസൂലുകളിൽ നിന്നും നിയമങ്ങൾ നിർദ്ദാരണം ചെയ്തെടുക്കാൻ കഴിവില്ലാത്തവനോ ആണെങ്കിൽ പിന്നെ അത്തരമൊരാൾക്ക് പണ്ഡിതന്മാരിലും ഇമാമുകളിലും ഏറ്റവും വിശ്വസനീയമായി ബോധ്യപ്പെടുന്നവരെ തന്റെ ഇമാമായി തിരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടാകുകയില്ല. അത്തരം സന്ദർഭങ്ങളിൽ ഇമാമുമാർ നിർദ്ദാരണം ചെയ്തെടുത്ത വഴിയിലൂടെ സഞ്ചരിക്കേണ്ടതായി വരും. ഈ വസ്തുത മനസ്സിലാക്കിയാൽ ഒരാൾ ഏതെങ്കിലുമൊരു ഇമാമിനെ തഖ്ലീദ് ചെയ്യുന്നതിനെ ഒരിക്കലും എതിർക്കേണ്ടതില്ല. എന്നാൽ താൻ തഖ്ലീദ് ചെയ്യുന്ന ഇമാമിനെ നിരുപാധികം വിധിവിലക്കുകളുടെയും ശരിതെറ്റുകളുടെയും ഉറവിടമായി കണക്കാക്കുകയോ മദ്ഹബിന്റെ ഇമാമുമാരിലൊരാൾ നിർദ്ദേശിച്ച വഴിയിൽ നിന്ന് വ്യതിചലിക്കുന്നത് സത്യദീനിൽ നിന്ന് തന്നെ വ്യതിചലിക്കുന്നതായി കണക്കാക്കപ്പെടുകയോ ചെയ്യുന്നതും വ്യക്തമായ ഖുർആനിക സൂക്തത്തിലൂടെയോ ഖണ്ഡിതമായ ഹദീസിലൂടെയോ സ്ഥാപിതമായ ഒരു കാര്യത്തിനെതിരാണ് താൻ പിന്തുടരുന്ന ഇമാമിന്റെ പ്രസ്തുത വിഷയത്തിലുള്ള നിലപാടെന്ന് ബോധ്യപ്പെട്ടതിന് ശേഷവും, അവൻ തന്റെ ഇമാമിനെ പിന്തുടരാൻ ശഠിക്കുകയോ ചെയ്താലും നിസ്സംശയം അതെല്ലാം ശിർക്ക് ആയിരിക്കും.

(തർജുമാനുൽഖുർആൻ: ഹിജ്റ 1363 റജബ്, ശവ്വാൽ (ജൂലൈ, ഒക്‌ടോബർ 1944 ഹിജ്റ)

വിവ. അബ്ദുൽ ഹകീം നദ് വി

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles