Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലെ കച്ചവട മര്യാദകള്‍

ആധുനിക കാലത്ത് മതപരമായ മൂല്യങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഐഹിക പ്രമത്തതയും സമ്പത്തിനോടുള്ള താല്‍പര്യവുമാണ് ദീനില്‍ നിന്നുമവരെ അകറ്റിയത്. സമ്പത്തിനോടുള്ള അതിയായ താല്‍പര്യം വഞ്ചനയിലേക്കും പൂഴ്ത്തിവെപ്പിലേക്കും വ്യാജമായ മറ്റു പ്രവര്‍ത്തനങ്ങളിലേക്കുമാണവരെ എത്തിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരും അംഗീകരിക്കുകയില്ലെങ്കിലും ഇവര്‍ കച്ചവട രംഗത്ത് സൃഷ്ടിക്കുന്ന അപകടകരമായ മല്‍സര പ്രവണതകള്‍ മറ്റു കച്ചവടക്കാരില്‍ വലിയ പ്രത്യാഘാതങ്ങള്‍ തീര്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അല്ലാഹു കച്ചവട വിനിമയ രാഗത്ത് പാലിക്കേണ്ട മര്യാദകള്‍ വ്യക്തമായി നിര്‍ണയിച്ചിട്ടുണ്ട്. അതില്‍ ചിലത് കല്‍പന രൂപത്തില്‍ വന്നിട്ടുള്ളവയാണ്.

സത്യസന്ധത പുലര്‍ത്തുക:

വില്‍പന, വാങ്ങല്‍, മറ്റു ഇടപാടുകള്‍ എന്നിവയിലെല്ലാം സത്യസന്ധത കൈക്കൊള്ളല്‍ വളരെ അനിവാര്യമാണ്. രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം:അദ്ദേഹം പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ ! തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മുദി)

ഇടപാടുകാരോട് സത്യസന്ധത പുലര്‍ത്തുകയും ഇടപാടുകളില്‍ നന്മ വെച്ചുപുലര്‍ത്തുക എന്നതുമാണ് നാഥന്റെ കല്‍പന. പ്രവാചകന്‍(സ) ഇടപാടുകളില്‍ സത്യസന്ധതക്ക് പ്രേരണ നല്‍കുകയുണ്ടായി. ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം:നബി(സ) പറഞ്ഞു: തീര്‍ച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും, നന്മ സ്വര്‍ഗത്തിലേക്ക് എത്തിക്കും. ഒരാള്‍ സത്യസന്ധത നിരന്തരമായി പുലര്‍ത്തുകയും അവസാനം സത്യസന്ധനായി അറിയപ്പെടുകയും ചെയ്യും. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കും. അധര്‍മം നരകത്തിലേക്ക് എത്തിക്കും. ഒരാള്‍ നിരന്തരമായി കളളത്തരത്തിലേര്‍പ്പെടുകയും ഒടുവില്‍ അല്ലാഹുവിങ്കല്‍ കള്ളനായിട്ട് അയാള്‍ രേഖപ്പെടുത്തുകയും ചെയ്യും.(ബുഖാരി)

വഞ്ചനയും മായവും ഇല്ലാതിരിക്കുക:

തന്റെ ഇടപാടുകാരോട് ഇടപാടുകളില്‍ വഞ്ചനയും മായവും ചേര്‍ക്കാതിരിക്കുക എന്നത് കച്ചവടത്തിന്റെ മര്യാദകളില്‍ പെട്ടതാണ്. അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം:പ്രവാചകന്‍(സ) ഭക്ഷണക്കൂമ്പാരത്തിന്റെ അടുത്തു കൂടി നടക്കുകയായിരുന്നു. തന്റെ കൈ കൂമ്പാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ നനവ് അനുഭവപ്പെട്ടു. കച്ചവടക്കാരനോട് ഇതെന്താ എന്ന് ചോദിച്ചു, മഴപെയ്ത് നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു:ജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ആ ഭാഗം മുകളിലാക്കരുതോ! വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.(മുസ്‌ലിം) മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തമായതാണ് എന്ന രീതിയില്‍ മറച്ചുവെച്ചത് വഞ്ചനയാണ്, അത് അവരുടെ ആരോഗ്യത്തിന് ദോഷവും ധനത്തിന് നഷ്ടം വരുത്തിത്തീര്‍ക്കുന്നതുമായതിനാല്‍ അല്ലാഹു നിരോധിച്ചിരിക്കുന്നു.

സുതാര്യത:

വില്‍ക്കുന്ന വസ്തുവിനെ കുറിച്ച് വ്യക്തത നല്‍കേണ്ടതുണ്ട്. ന്യൂനതകള്‍ മറച്ചുവെക്കാന്‍ പാടില്ല. ഉഖ്ബതു ബിന്‍ ആമിര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു:ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. തന്റെ സഹോദരന് ന്യൂനതയുള്ള സാധനങ്ങള്‍ വ്യക്തമാക്കിക്കൊടുക്കാതെ കച്ചവടം ചെയ്യല്‍ അനുവദനീയമല്ല.(ഇബ്‌നു മാജ) അബീ സിബാഇല്‍ പറഞ്ഞു: ഞാന്‍ വാഇലതു ബിന്‍ അസ്ഖഇന്റെ വീട്ടില്‍ നിന്നും ഒരു ഒട്ടകം വാങ്ങി. ഞാനതു കൊണ്ടു പുറപ്പെട്ടപ്പോള്‍ നീ അതു വാങ്ങിയതാണോ എന്നൊരാള്‍ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ അതെന്തിനുള്ളതാണെന്ന് നിനക്കറിയാമോ എന്നു ചോദിച്ചു. അയാള്‍ പറഞ്ഞു. ഇത് നല്ല തടിയുള്ള ഒട്ടകമാണെന്ന് മാത്രം എനിക്കറിയാം. താങ്കള്‍ യാത്രയാണോ മാംസമാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ യാത്രയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞു. എന്നാല്‍ ഇത് ഉടമക്കു തിരിച്ചു കൊടുക്കുക എന്ന് പറഞ്ഞു. അതിന്റെ ഉടമയോട് പറഞ്ഞു. ഞാന്‍ ഇതുപോലത്തെ ഒന്നല്ല ഉദ്ദേശിച്ചത്. നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തെങ്കിലും വില്‍പന നടത്തുമ്പോള്‍ അത് എന്തിനാണെന്ന് വ്യക്തമാക്കാതെ വില്‍പന നടത്തല്‍ അനുവദനീയമല്ല. അത് എന്തിനാണെന്ന് അറിഞ്ഞവന്‍ അത് വ്യക്തമാക്കുകയും വേണം.(സഹീഹുത്തര്‍ഗീബ്)

ഇടപാടുകളില്‍ വഞ്ചന കാണിക്കാതിരിക്കുക:

പട്ടണവാസി ഗ്രാമീണവാസിയില്‍ നിന്ന് ചുരുങ്ങിയ വിലക്ക് വാങ്ങി വില്‍ക്കുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഗ്രാമീണവാസിയില്‍ നിന്നും പട്ടണവാസി കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ വിഭവവുമായിട്ട് ജനങ്ങളെ വിട്ടേക്കുക. നിങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവരാണ് (ഇബ്‌നുമാജ). ഇത്തരം കച്ചവടത്തിലൂടെ ഗ്രാമീണവാസിക്കര്‍ഹമായ മാര്‍ക്കറ്റ് വില ലഭിക്കുന്നതില്‍ നിന്ന് തടയപ്പെടുന്ന രീതിയിലുള്ള വഞ്ചനയുണ്ടാകുന്ന കാരണത്താലാണ് ഇത് നിരോധിച്ചത്. ഇബ്‌നു അബ്ബാസ്(റ)വിനോട് പ്രസ്തുത ഹദീസിനെ പറ്റി ചോദിച്ചപ്പോള്‍ പട്ടണവാസി ഗ്രാമീണവാസിയുടെ ഇടനിലക്കാരനാകരുത്. അപ്രകാരം ചരക്ക് പട്ടണത്തിലെത്തുന്നതിന് മുമ്പ് വഴിയില്‍ വെച്ച് വില്‍ക്കുന്നതിന്റെയും വിധി തഥൈവ. അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങള്‍ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെച്ച് കച്ചവടം ചെയ്യരുത്. അപ്രകാരം കച്ചവടം ചെയ്യുന്നത് മാര്‍ക്കറ്റിലെ മുതലാളി കണ്ടാല്‍ അയാള്‍ക്ക് ആ കച്ചവടം ദുര്‍ബലപ്പെടുത്താനുള്ള അവകാശമുണ്ട്. (മുസ്‌ലിം). ഇതിലെ നിരോധം രണ്ടു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അജ്ഞത ചൂഷണം ചെയ്യുന്നതിലെ നിരോധമാണ് ഇതില്‍ ഒന്നാമത്തേത്. ജനങ്ങളുടെ ആവശ്യങ്ങള്‍ തടഞ്ഞു നിര്‍ത്തി ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന ചൂഷണമടങ്ങിയതാണ് രണ്ടാമത്തെ രീതി.

ജനങ്ങള്‍ക്കാവശ്യമുള്ള ചരക്കുകള്‍ പൂഴ്ത്തിവെക്കാതിരിക്കുക:

ജനങ്ങള്‍ക്ക് അത്യാവശ്യമായ വസ്തുക്കള്‍ പൂഴ്ത്തിവെച്ച് ജനങ്ങള്‍ക്ക് ഞെരുക്കവും പ്രയാസവും വരുത്തിത്തീര്‍ക്കുന്നത് ഇസ്‌ലാം നിരോധിച്ചു. മുഅമ്മര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫുദാലയില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നത് ഞാന്‍ കേട്ടു. കുറ്റവാളിയല്ലാതെ പൂഴ്ത്തിവെക്കുകയില്ല(മുസ്‌ലിം). ഉമര്‍(റ) വില്‍ നിന്ന് നിവേദനം; നബി(സ) പറഞ്ഞു. മുസ്‌ലിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് വല്ലതും പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ മേല്‍ ദാരിദ്ര്യവും കുഷ്ടവും ഇറക്കുന്നതാണ്(തര്‍ഗീബ് വ തര്‍ഹീബ്). അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ)വില്‍ നിന്ന് നിവേദനം. ആരെങ്കിലും നാല്‍പത് രാവുകള്‍ ഭക്ഷണം പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവനില്‍ നിന്നും, അവന്‍ അല്ലാഹുവില്‍ നിന്നും ഒഴിവായിരിക്കുന്നു. വല്ലവരും ഇതുമൂലം വിശന്നുവലയുകയാണെങ്കില്‍ അല്ലാഹു അവരില്‍ നിന്നും ഒഴിവായിരിക്കുന്നു.(തര്‍ഗീബ് വ തര്‍ഹീബ്) മനുഷ്യരുടെയും ജീവജാലങ്ങളുടെയും വിഭവങ്ങള്‍ പൂഴ്ത്തിവെക്കുന്നത് ഹറാമാണെന്നാണ് ഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. മാലിക്കികളുടെ അഭിപ്രായത്തില്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാ വസ്തുക്കളും പൂഴ്ത്തിവെക്കുന്നത് നിഷിദ്ധമാണ്. ഈ പൂഴ്ത്തിവെപ്പില്‍ കെട്ടിടോപകരണങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്.

ചരക്ക് വിറ്റൊഴിക്കുന്നതിന് കള്ളസത്യം ചെയ്യാതിരിക്കുക:

അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അവരോട് അന്ത്യനാളില്‍ സംസാരിക്കുകയില്ല, കാരുണ്യത്തോടെ അവരിലേക്ക് തിരിഞ്ഞുനോക്കില്ല, സംസ്‌കരിക്കുകയുമില്ല. അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. പരാജിതരും നഷ്ടകാരികളുമായ ആ വിഭാഗം ആരാണെന്ന് പ്രവാചകനോട് ഞാന്‍ ചോദിച്ചു. നബി(സ) പറഞ്ഞു. വസ്ത്രം താഴ്ത്തിയിടുന്നവന്‍, ഉപകാരങ്ങള്‍ എടുത്തുപറയുന്നവന്‍, വ്യാജസത്യം ചെയ്തു ചരക്ക് വിറ്റഴിക്കുന്നവന്‍(ഇബ്‌നുമാജ). അപ്രകാരം തന്നെ അന്യരുടെ ധനം അന്യായമായി എടുക്കുന്നതും വിരോധിച്ചിരിക്കുന്നു. ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം. നബി(സ)പറഞ്ഞു. ആരെങ്കിലും സത്യം ചെയ്യുകയും മറ്റൊരു മുസ്‌ലിമിന്റെ ധനം അപഹരിക്കാന്‍ വേണ്ടി അതില്‍ അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അല്ലാഹു കോപിഷ്ടനായാണ് അവനെ കണ്ടുമുട്ടുക.(ബുഖാരി)

ഐഹികതയില്‍ നിന്ന് ജാഗ്രത പുലര്‍ത്തുക:

കച്ചവടക്കാരന്റെ കയ്യിലില്ലാത്തത് അവന്റെ ഉടമയിലില്ലാത്തതാണ്. തന്റെ ഉടമയിലില്ലാത്തത് വില്‍ക്കല്‍ ഒരാള്‍ക്ക് അനുവദനീയമല്ല. യൂസുഫ് ബിന്‍ ഹകീമില്‍ നിന്ന് നിവേദനം. ഹകീം ബിന്‍ ഹുസാം ചോദിച്ചു. ഒരാള്‍ എന്റെയടുത്ത് വന്നു എന്റെ കൈവശമില്ലാത്തത് വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ ഞാന്‍ അവന് വേണ്ടി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി നല്‍കാമോ! നബി(സ) പറഞ്ഞു. നിന്റെ അടുത്തില്ലാത്തത് നീ വില്‍ക്കരുത്. (അബൂദാവൂദ്). വില്‍പനക്കാരന് തന്റെ ഉടമയിലില്ലാത്തത് വില്‍പന നടത്തല്‍ നിഷിദ്ധമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

പലിശയില്‍ നിന്ന് ജാഗ്രത പാലിക്കുക;

പലിശ ഇടപാടുകള്‍ ഹറാമാണെന്നതിനെ കുറിക്കുന്ന നിരവധി തെളിവുകള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. അല്ലാഹു പറഞ്ഞു;വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! ‘നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും.'(അല്‍ ബഖറ.278-279) .’അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു.'(അല്‍ബഖറ;275).

മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കുക:

കച്ചവടക്കാരന് മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തുക എന്ന ലക്ഷ്യത്തോടെ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് കച്ചവടം ചെയ്യല്‍ അനുവദനീയമല്ല. ഉമര്‍(റ) മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ഉപദ്രവം വരുത്തുന്നതില്‍ നിന്നും കച്ചവടക്കാരെ വിരോധിച്ചിരുന്നു. മറ്റുള്ളവര്‍ വില്‍ക്കുന്നതില്‍ നിന്നും കുറഞ്ഞ വിലക്ക് ചരക്ക് വില്‍ക്കുന്നതിലൂടെയുള്ള ഉപദ്രവമാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. സഈദു ബിന്‍ മുസയ്യബില്‍നിന്ന് ഉദ്ധരിക്കുന്നു. മാര്‍ക്കറ്റില്‍ ഉണങ്ങിയ മുന്തിരി വില്‍ക്കുന്ന ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയുടെ അടുത്ത് കൂടെ നടന്നു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു. ഒന്നുകില്‍ നിനക്ക് വില അല്‍പം കൂട്ടാം, അല്ലെങ്കില്‍ ഇവിടെ നിന്നും കച്ചവടം മാറ്റാം.(ബൈഹഖി). ഇവിടെ കമ്പോള നിലവാര വ്യവസ്ഥയില്‍ ഇടര്‍ച്ച വരാതിരിക്കാനാണ് ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയോട് ഇപ്രകാരം ചെയ്യാന്‍ ആവശ്യപ്പെട്ടത്.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles