Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ മനസിലാക്കാൻ ഖുർആൻ കയ്യിലെടുക്കുന്ന അമേരിക്കന്‍ യുവത 

മേഗന്‍ ബി റൈസിന് വായന വളരെ ഇഷ്ടമാണ്. അവള്‍ തത്സമയ മെസേജിങ് ആപ് ആയ ‘ഡിസ്‌കോര്‍ഡി’ല്‍ ഒരു റൊമാന്‍സ് നോവല്‍ ക്ലബ് ആരംഭിക്കുകയും ടിക്‌ടോക്കില്‍ പുസ്തക നിരൂപണങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മുപ്പത്തിനാലുകാരിയായ റൈസ് ചിക്കാഗോയിലാണ് താമസിക്കുന്നത്. തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴി ഗസ്സയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് അവള്‍ സംസാരിച്ചു. 

‘ഫലസ്തീന്‍ ജനതയുടെ വിശ്വാസത്തെക്കുറിച്ചും അത് എത്രത്തോളം ശക്തമാണ് എന്നതിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, സര്‍വ്വതും നഷ്ടമായാലും ദൈവത്തിന് നന്ദി പറയുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്’ അവള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നിശ്ചയദാർഢ്യത്തെ കുറിച്ചറിയാൻ ഇസ്‌ലാമിന്റെ മതഗ്രന്ഥമായ ഖുര്‍ആന്‍ വായിക്കുന്നത് നന്നാവുമെന്ന് അവളുടെ ചില മുസ്‌ലിം ഫോളോവേഴ്‌സ് നിർദേശിച്ചു. റൈസ് മതപരമായി അത്ര വളര്‍ന്നിട്ടില്ലായിരുന്നു. അതിനാല്‍, വിവിധ പശ്ചാത്തലത്തിലുള്ള ആളുകള്‍ക്ക് അവളോടൊപ്പം ഖുര്‍ആന്‍ പഠിക്കാന്‍ വേണ്ടി ഡിസ്‌കോര്‍ഡില്‍ ‘വേള്‍ഡ് റിലീജിയന്‍ ബുക്ക് ക്ലബ്’ അവര്‍ സംഘടിപ്പിച്ചു.

ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയതോടെ അതിലെ വാചകത്തിന്റെ ഉള്ളടക്കങ്ങള്‍ അവളുടെ അടിസ്ഥാന വിശ്വാസ വ്യവസ്ഥയുമായി ചേര്‍ന്നു നിൽക്കുന്നതായി അവർക്ക് തോന്നി. ഖുര്‍ആന്‍ ഉപഭോഗപരതക്കും അടിച്ചമര്‍ത്തലിനും എതിരാണെന്നും  ഫെമിനിസത്തെ പിന്തുണക്കുന്നുവെന്നും അവർ മനസിലാക്കി. തുടര്‍ന്ന് ഒരു മാസത്തിനകം റൈസ് ശഹാദത്ത് ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അവര്‍ ഹിജാബ് ധരിക്കാന്‍ ആരംഭിച്ചു. 

ഖുര്‍ആന്‍ അനുഭവിച്ചറിയാൻ ആഗ്രഹമുള്ളവരിൽ റൈസ് മാത്രമല്ല ഉള്ളത്, പാശ്ചാത്യ മാധ്യമങ്ങള്‍ വളരെക്കാലമായി അപകീര്‍ത്തിപ്പെടുത്തുന്ന ഒരു മതത്തെക്കുറിച്ച് ശരിക്കറിയാനും ഗസ്സയിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നിരവധി യുവാക്കള്‍ ടിക് ടോകിലൂടെ ഖുർആൻ വായിക്കുകയാണ്. 

‘quranbookclub” എന്ന ഹാഷ്ടാഗിന് കീഴിൽ തങ്ങൾ പുതുതായി വാങ്ങിയ ഖുർആൻ പ്രതികൾ കാണിക്കുകയും അത് പാരായണം ചെയ്യുകയും ചെയ്യുന്ന അവരുടെ വീഡിയോകള്‍ക്ക് 1.9 ദശലക്ഷം കാഴ്ചക്കാരുണ്ട്. മറ്റുള്ളവര്‍ ഓണ്‍ലൈൻ  പതിപ്പുകള്‍ അന്വേഷിക്കുകയോ, അല്ലെങ്കില്‍ ഖുർആൻ കേള്‍ക്കുകയോ ചെയ്യുന്നു. ടിക് ടോകില്‍ ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ആളുകളും സ്ത്രീകളല്ല, എന്നാല്‍ ബുക് ടോക് എന്ന കമ്മ്യൂണിറ്റിയില്‍ പുസ്തകചര്‍ച്ചകായി ഒത്തുകൂടുന്നതില്‍ കൂടുതലും സ്ത്രീകളാണ്.

യേലെയിൽ അസോസിയേറ്റ് പ്രൊഫസറായ സറീന ഗ്രെവാള്‍ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും അമേരിക്കന്‍ സംസ്‌കാരത്തിലെ മതപരമായ സഹിഷ്ണുതയെക്കുറിച്ചുമുള്ള ഒരു പുസ്തകം തയാറാക്കുകയാണ്. ടിക് ടോകിനോടുള്ള താല്‍പ്പര്യം അഭൂതപൂര്‍വമായ ഒന്നല്ലെന്നാണ് അവര്‍ പറയുന്നത്. 

9/11 ന് ശേഷം ഖുര്‍ആന്‍ യു.എസില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി ഖുർആൻ പ്രശസ്തിയാര്‍ജിച്ചു. അക്രമാസക്തത  അന്തര്‍ലീനമായി കിടക്കുന്ന മതമെന്ന ഇസ്‍ലാമിനെ കുറിച്ച തങ്ങളുടെ മുൻധാരണ ഉറപ്പിക്കാനാണ് പല അമേരിക്കക്കാരും അന്ന് അത് വാങ്ങിയത്. എന്നാൽ ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണം മനസ്സിലാക്കാന്‍ ആളുകള്‍ ഖുര്‍ആനിലേക്ക് തിരിയുന്നില്ല. ഗ്രെവാള്‍ പറയുന്നു: “മുസ്‌ലിം ഫലസ്തീനികളില്‍ കാണുന്ന നിശ്ചയദാര്‍ഢ്യമുള്ള പ്രതിരോധശേഷി, വിശ്വാസം, ധാര്‍മ്മിക ശക്തി, സ്വഭാവം എന്നിവ മനസ്സിലാക്കാനാണ് ഇത്തവണ അവര്‍ ഖുര്‍ആനിലേക്ക് തിരിയുന്നത്”. 

ഫ്ളോറിഡയിലെ ടാമ്പയില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരിയായ നെഫെര്‍താരി മൂണിനെ തന്റെ ഭര്‍ത്താവിൻറെ ഖുര്‍ആന്‍ എടുക്കാന്‍ പ്രേരിപ്പിച്ചത് അതാണ്. മൂണ്‍ സ്വയം ആത്മീയതയുള്ളവളായി കരുതി, എന്നാല്‍ മതവിശ്വാസിയായില്ല. തന്റെ ഭര്‍ത്താവിനെ ഒരു നോണ്‍ പ്രാക്ടീസിങ് മുസ്ലീം ആയും അവര്‍ വിശേഷിപ്പിച്ചു. “മരണമുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍  അല്ലാഹുവിനെ വിളിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്തെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു,’ഓരോ ഭാഗം വായിക്കുമ്പോഴും അത് എന്നിൽ വലിയ പ്രതിധ്വനികളുണ്ടാക്കി, തുടര്‍ന്ന് വൈകാരികമായ ഒരു അടുപ്പം എനിക്കതിനോട് തോന്നിത്തുടങ്ങി”. അവർ പറഞ്ഞു. തുടർന്ന് മൂണ്‍ ശഹാദത്ത് ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു.

“ഖുര്‍ആന്‍ വായിക്കുന്നതിലൂടെ ലഭിക്കുന്ന അവാച്യമായ ഒരു സമാധാനമുണ്ട്, എനിക്ക് അതിലെ പ്രകാശത്തെ അനുഭവിക്കാന്‍ കഴിയുന്നു, എന്നെ കാത്തിരിക്കുന്ന എന്തോ ഒന്നിലേക്ക് മടങ്ങിയെത്തുമ്പോലെ തോന്നുകയാണ്” മൂണ്‍ പറയുന്നു.  

പാകിസ്ഥാനി-അമേരിക്കന്‍ എഴുത്തുകാരിയും പോഡ്കാസ്റ്റ് ഹോസ്റ്റുമാണ് മിഷ യൂസഫ്. ഖുര്‍ആനിന്റെ പുരോഗമനപരമായ വ്യാഖ്യാനങ്ങള്‍ പഠിക്കുകയും 2020 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമായി ഖുര്‍ആന്‍ ബുക്ക് ക്ലബ് സീരീസ് നടത്തിപ്പോരുകയും ചെയ്യുന്നു.  ഖുര്‍ആനിലെ ചില ആശയങ്ങള്‍ യുവാക്കളുടെയും ഇടത് ചായ്‌വുള്ള അമേരിക്കക്കാരുടെയും മൂല്യങ്ങളുമായി യോജിക്കുന്നുവെന്ന് അവര്‍ പറയുന്നു. “ഖുര്‍ആന്‍ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ നിറഞ്ഞതും പരിസ്ഥിതി പ്രവര്‍ത്തകനാകാന്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ്”, മിഷ യൂസഫ് പറയുന്നു. 

ഖുആൻ അനുസരിച്ച്, പുരുഷന്മാരും സ്ത്രീകളും ദൈവദൃഷ്ടിയില്‍ തുല്യരാണ്. റൈസും മറ്റു ടിക് ടോക്ക് താരങ്ങളും ഫെമിനിസ്റ്റ് തത്വങ്ങളെ പിന്തുണയ്ക്കുന്ന വാചകത്തിന്റെ വ്യാഖ്യാനങ്ങള്‍ പറയുന്നു. സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങളും ബിഗ്ബാങ് സിദ്ധാന്തങ്ങളും മറ്റുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു.”സാധാരണയായി, ശാസ്ത്രത്തിനെതിരെ പോരാടുന്ന മതസമൂഹവുമായി ഞങ്ങള്‍ വളരെ പരിചിതരാണ്, എന്നാൽ ഇവിടെ ശാസ്ത്രത്തെ അംഗീകരിക്കുകയും അതിനെ പിന്തുണക്കാൻ വിശുദ്ധ വാക്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വേദഗ്രന്ഥം ഞങ്ങൾ കാണുകയാണ്”, റൈസ് പറഞ്ഞു.

9/11 ന് ശേഷം മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെയും മാധ്യമങ്ങളിലെ വിദ്വേഷ ഭാഷയുടെയും വര്‍ദ്ധിക്കുന്ന കാലത്ത് ബിരുദ വിദ്യാർഥിയായിരുന്നു സില്‍വിയ ചാന്‍ മാലിക്.  ”അക്കാലത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച വളരെ താല്‍പ്പരയായിരുന്നു ഞാൻ, പേള്‍ ഹാര്‍ബറിനു ശേഷം ജാപ്പനീസ് അമേരിക്കക്കാരുടെ ചരിത്രവുമായി അതിനെ താരതമ്യപ്പെടുത്തി ആലോചിക്കാറുണ്ടായിരുന്നു, തുടര്‍ന്ന് യഥാര്‍ത്ഥ മുസ്ലിംകളെ സമീപിച്ച് ഞാന്‍ സ്വന്തമായി ഇസ്ലാമിനെക്കുറിച്ചുള്ള പഠനം തുടങ്ങി, അതെന്നെ കീഴടക്കി കളഞ്ഞു”. അവർ പറയുന്നു. പിന്നീട് ചാന്‍-മാലിക് ഇസ്ലാം സ്വീകരിച്ചു. റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറാണ് അവരിന്ന്. യു.എസിലെ ഇസ്ലാമും ഇസ്ലാമോഫോബിയയും എന്നതാണ് അവരുടെ ഗവേഷണ വിഷയം. 

”ടിക് ടോക്കില്‍ ഇപ്പോള്‍ സംഭവിക്കുന്നതിന് സമാനമായ അനുഭവം എനിക്കന്നുണ്ടായി, വാര്‍ത്തകളില്‍ കേൾക്കുന്നതിൽ നിന്നും ഞാന്‍ കണ്ടുമുട്ടിയ മുസ്ലീംകളെല്ലാം ഏറെ വ്യത്യസ്തരായിരിക്കുന്നുവെന്നത് എന്നെ വല്ലാതെ അത്ഭുതപെടുത്തി കളഞ്ഞു. പൊതുബോധവും സത്യവും തമ്മില്‍ ഇത്രയും വലിയ അകലം ഉള്ളത് അന്നുവരെ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു ” അവർ പറയുന്നു.

മുസ്ലിം അമേരിക്കക്കാരെ ലക്ഷ്യമാക്കിയുള്ള ഇസ്ലാമോഫോബിയയെയും വിവേചനത്തെയും തള്ളിക്കളയുകയാണെന്ന് 9/11 ന്റെ പശ്ചാതലത്തില്‍ വളര്‍ന്ന റൈസ് പറയുന്നു. ‘ഒരു കറുത്തവര്‍ഗ്ഗക്കാരി എന്ന നിലയില്‍ ഞങ്ങളെ കുറിച്ച് പുറത്തുള്ള ആളുകള്‍ക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള അപകടകരമായ സ്റ്റീരിയോടൈപ്പുകള്‍ അമേരിക്കന്‍ ഭരണകൂടം പ്രചരിപ്പിക്കുന്നത് എനിക്ക് വലരെ പരിചിതമാണ്’, അവർ പറയുന്നു. 

9/11 ന് ശേഷം മുസ്ലീം സമുദായത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട സ്റ്റീരിയോടൈപ്പുകളില്‍ ഞാന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പ്രചരണങ്ങളിൽ പലതും എന്നെയും സ്വാധീനിച്ചിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്.കാരണം, ഇസ്ലാം വളരെ കഠിനമോ കര്‍ക്കശമോ ആയ മതമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. 

ഗസ്സയിലെ ഇരകളായ ജനതയോടുള്ള  സഹാനുഭൂതിയുടെ ഭാഗമായാണ് റൈസ് ഖുര്‍ആന്‍ വായന ആരംഭിച്ചത്. ഇപ്പോള്‍, അതവളുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഖുര്‍ആന്‍ എല്ലാവര്‍ക്കും സത്യം മനസിലാക്കിത്തരരണമെന്നില്ല. “നിങ്ങളുടെ മതപശ്ചാത്തലം ഏതുമായിക്കൊള്ളട്ടെ, ഒരു കൂട്ടരുടെ വിശ്വാസം ഉള്‍പ്പെടെ അവർക്കേറ്റവും പ്രിയപ്പെട്ടതിനെ പഠിക്കുന്നതിലൂടെ അവരോടുള്ള സഹാനുഭൂതി നിങ്ങള്‍ക്ക് പ്രകടിപ്പിക്കാൻ കഴിയും”, അവർ പറയുന്നു.

വിവ: അസ്‌ന ദില്‍ഷാദ് 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles